ഭിക്ഷാടകർക്കെതിരായ പരിശോധന ശക്തമാക്കി ദുബായ് പൊലീസ്; റമദാനിലെ ആദ്യ 10 ദിവസത്തിനിടെ അറസ്റ്റിലാത് 33 പേർ

'ബോധമുള്ള സമൂഹം യാചകരില്ലാത്ത സമൂഹം' എന്ന ക്യാംപെയ്ന്റെ ഭാഗമായിട്ടാണ് അറസ്റ്റ് നടപടി

dot image

ദുബായ്: എമിറേറ്റില്‍ റമദാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍ 33 ഭിക്ഷാടകരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. 'ബോധമുള്ള സമൂഹം യാചകരില്ലാത്ത സമൂഹം' എന്ന ക്യാംപെയ്ന്റെ ഭാഗമായിട്ടാണ് അറസ്റ്റ് നടപടി. ക്യാംപെയ്ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ റമദാനിലെ ആദ്യ ദിനത്തില്‍ ഒന്‍പത് ഭിക്ഷാടകരെയാണ് പിടികൂടിയത്. അതില്‍ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഇതിൽ ഉള്‍പ്പെടുന്നു.

യുഎഇയില്‍ ഭിക്ഷാടനം ഗുരുതരപ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. 5000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷ യാചിക്കുന്നതിനായി വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതോ ആയവര്‍ക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും ലഭിക്കും. കൂടാതെ പെര്‍മിറ്റില്ലാതെ ഫണ്ട് സ്വരൂപിക്കുന്നതിന് 500,000 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ഭിക്ഷാടനത്തില്‍ കുട്ടികളെയും രോഗികളെയും ദൃഢനിശ്ചയമുള്ള ആളുകളെയു ചൂഷണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രീതികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉപയോഗിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഭിക്ഷാടനം നടത്തിയത് സംബന്ധിച്ച് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റമദാന്‍ മാസത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാചകര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഭിക്ഷാടനത്തെ ചെറുക്കുന്നതിനായി സമഗ്രമായ സുരക്ഷാ പദ്ധതിയാണ് വികസിപ്പിച്ചിരിക്കുന്നത്. റമദാന്‍ മാസത്തില്‍ പൊതുജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്ത് സഹതാപം നേടാന്‍ ശ്രമിക്കുന്ന യാചകര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ക്കെതിരെ നഗരത്തിലുടനീളമുള്ള താമസക്കാര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Dubai: 33 beggars arrested during first 10 days of Ramadan; exploitative methods revealed

dot image
To advertise here,contact us
dot image