
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൻ്റെ 'ദി ബിഗ് വിൻ' മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാഗ്യശാലികൾക്ക് സമ്മാനം. ബിഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബിഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർഗീസ് (90,000 ദിർഹം), ഇന്ത്യൻ സ്വദേശി അക്ഷയ് ടണ്ടൺ ( 90,000 ദിർഹം), ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അസീസ് ജബാൽ (90,000 ദിർഹം), കാനഡയിൽ നിന്നുള്ള ഖാൽദൂൺ സൗമു (90,000 ദിർഹം) എന്നിവരാണ് ഭാഗ്യം സ്വന്തമാക്കിയത്.
2009 മുൽ ദുബായിലെ പ്രവാസിയാണ് റോബിൻ വർഗീസ്. സുഹൃത്തുക്കൾ വഴിയാണ് ബിഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. കൂട്ടുകാരോടൊപ്പം ഓരോ മാസവും റോബിൻ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 2016 മുതൽ എല്ലാ നറുക്കെടുപ്പിലും റോബിൻ ടിക്കറ്റെടുത്തിരുന്നു. ബിഗ് ടിക്കറ്റ് സമ്മാനാർഹനായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ ആരെങ്കിലും പറ്റിക്കാനായി വിളിക്കുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പത്ത് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം. 90,000 ദിർഹമാണ് സമ്മാനമായി ലഭിച്ച തുക. സമ്മാനം അവർക്കൊപ്പം പങ്കുവെക്കും. ഭാര്യയ്ക്ക് പുതിയ ഫോൺ വാങ്ങുമെന്നും റോബിൻ പറഞ്ഞു.
എട്ട് വർഷക്കാലമായി ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അക്ഷയ് ടണ്ടൺ സോഷ്യൽ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. സഹപ്രവർത്തകൻ സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്നത് കണ്ടതോടെയാണ് അക്ഷയും ടിക്കറ്റെടുക്കാൻ തുടങ്ങിയത്. വിജയിയാണെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അക്ഷയ് പറഞ്ഞു. ഈ മാസത്തേക്കുള്ള ടിക്കറ്റും അക്ഷയ് വാങ്ങിക്കഴിഞ്ഞു. ഗ്രാൻഡ് പ്രൈസ് നേടാനാകും എന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.
ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ അസീസ് ജബാറാണ് മറ്റൊരു വിജയി. 45 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 1995 മുതൽ അദ്ദേഹം അബുദാബിയിലുണ്ട്. ഡ്രൈവറായി ജോലി ചെയ്യുകയാണ്. കാനഡയിൽ നിന്നുള്ള 47 വയസ്സുകാരനായ സൗമു ആണ് മറ്റൊരു ബിഗ് ടിക്കറ്റ് വിജയി. 25 വർഷമായി ദുബായിൽ താമസിക്കുന്ന സൗമു 2010 മുതൽ സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
Content Highlights: 4 expats who won in latest Big Ticket draw in UAE