പ്രളയ രക്ഷാ പ്രവർത്തനം; ഇന്ത്യൻ പൗരനെ ആദരിച്ച് ദുബായ് പൊലീസ്

വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തിയ ഖാനെ അടുത്തിടെയാണ് ദുബായ് പൊലീസ് ആസ്ഥാനത്ത് വെച്ച് ആ​ദരിച്ചത്.

dot image

ദുബായ്: കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിൻ്റെ ഭാ​ഗമായി ധീരത കാണിച്ചതിന് ഇന്ത്യൻ പ്രവാസിയ്ക്ക് ദുബായ് പൊലീസിൻ്റെ ആദരം. ഷഹവേസ് ഖാൻ (28) എന്ന യുവാവിനാണ് പൊലീസ് മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകി ആദരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന എസ് യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തിയ ഖാനെ അടുത്തിടെയാണ് ദുബായ് പൊലീസ് ആസ്ഥാനത്ത് വെച്ച് ആ​ദരിച്ചത്.

കമ്മ്യൂണിറ്റി ഹാപ്പിനസ് ആക്ടിം​ഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരി മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു. യുവാവിന്റെ ധീരമായ പ്രവർത്തിയെ പ്രശംസിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ ആരും ചെയ്യേണ്ട കാര്യമാണ് താൻ ചെയ്തതെന്ന് യുവാവ് പറഞ്ഞു. ദുബായ് പൊലീസിൽ നിന്ന് തനിക്ക് കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയി. മെഡൽ സ്വീകരിച്ച് അവിടെ നിൽക്കുന്നത് ഒരു സ്വപ്നം പോലെ തോന്നിയെന്നും യുവാവ് പ്രതികരിച്ചു.

വിവരം അറിഞ്ഞപ്പോൾ തന്നെ കുടുംബത്തേയാണ് വിളിച്ചറിയിച്ചത്. അവർക്ക് വളരെയധികം സന്തോഷമായി. 'അന്ന് നീ വളരെയധികം ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ ഇന്ന് നിന്നെയോർത്ത് ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു', എന്നുമാണ് ഉമ്മ പറഞ്ഞതെന്ന് യുവാവ് പറയുന്നു.

യുവാവിന്റെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വെള്ളത്തിൽ മുങ്ങിയ ട്രക്കിനുള്ളിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്താന്‍ ഖാൻ എസ്‌യുവിയുടെ മുകളിലേക്ക് കയറുന്നതും, ഒരു ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് മേൽക്കൂര തകർക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ വൈറലായതോടെയാണ് ഖാൻ്റെ ധീരത പുറംലോകം അറിഞ്ഞത്. 'കഴിഞ്ഞ വർഷം ഏപ്രിൽ 16ന് ദുബായിയുടെ ചില ഭാ​ഗങ്ങളിൽ കനത്ത മഴ പെയ്തു, വൈകുന്നേരത്തെ പ്രാർത്ഥന കഴിഞ്ഞ് പോകവെ കൊക്കകോള അരീനയക്ക് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മഞ്ഞ എസ് യുവി കണ്ടു. മറ്റൊന്നും ചിന്തിക്കാതെ 20 അടി താഴ്ചയിലേക്ക് ചാടി. സമീപത്തുണ്ടായിരുന്ന ഒരു തൊഴിലാളിയുടെ കയ്യിൽ നിന്ന് ചുറ്റിക വാങ്ങി കാറിൻ്റെ മേൽക്കൂര തകർത്തു. തകർന്ന ​ഗ്ലാസിൽ തട്ടി പരിക്കുകളുണ്ടായിട്ടും വാഹനത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി രക്ഷിച്ചു', ഷഹവേസ് ഖാൻ പറഞ്ഞു.

കാറിനുള്ളിലുണ്ടായിരുന്നവരുടെ മുഖങ്ങൾ ഇപ്പോഴും ഓർക്കുന്നുവെന്നും ഖാൻ പറഞ്ഞു. പരിഭ്രാന്തരായ അവർ ജനാലകളിൽ ഇടിക്കുന്നുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ നേരം ചിന്തിക്കാൻ സമയമില്ലായിരുന്നു, പ്രവർത്തിക്കാൻ മാത്രമേ സമയമുണ്ടായിരുന്നുള്ളൂവെന്നും ഖാൻ പറഞ്ഞു.

തകർന്ന ചില്ലി‍ൽ നിന്ന് പരിക്കേറ്റിട്ടും വീഴ്ചയുടെ ആഘാതത്തിലുള്ള വേദന വകവയ്ക്കാതെയായിരുന്നു ഷാവേസിൻ്റെ ധീരപ്രവൃത്തി. രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യക്കാരൻ, ഒരു ഫിലിപ്പീൻസ് വനിത എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അവരെ ഉടൻ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഷാവേസിന്റെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

Content Highlights: Dubai Police honour expat who saved 5 from sinking SUV during floods last year

dot image
To advertise here,contact us
dot image