
ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റമദാന്‍ മാസത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയ്ക്ക് പിന്തുണയുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പദ്ധതിയ്ക്കായി 47.50 കോടിയോളം രൂപയാണ് (രണ്ട് കോടി ദിര്‍ഹം) യൂസഫലി നല്‍കിയത്. വിശുദ്ധമാസത്തില്‍ പിതാക്കന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ആദരമാണിതെന്ന് യുസഫലി പറഞ്ഞു.
ലോകമെങ്ങും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും അര്‍ഹരായവരുടെയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും യൂസഫലി പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യമാണ് ഫാദേഴ്‌സ് എന്‍ഡോവമെന്റ് പദ്ധതിയെന്നും ഈ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമെന്നും യുസഫലി കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയാണ് എം എ യൂസഫലി.
പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനുമാണ് ഷെയ്ഖ് മുഹമ്മദ് 2500 കോടിയുടെ മൂല്യമുള്ള ഒരു സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്‌സ് എന്‍ഡോവ്മന്റെ് റമദാനില്‍ പ്രഖ്യാപിച്ചത്. റമദാൻ മാസത്തിൽ ജീവകാരുണ്യ മാനുഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഫാദേഴ്സ് എൻഡോവ്മെൻ്റ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പരിശുദ്ധമാസത്തില്‍ പ്രഖ്യാപിച്ച ഈ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതായണ് ലഭിക്കുന്നത്.
Content Highlights: M A Yusuf ali donates 20 million dhirham rs 47 crore to father endowment project