
അബുദാബി: യുഎഇ ലോട്ടറിയിൽ ഒരു മില്യൺ ദിർഹം നേടി ഫിലിപ്പീൻസിൽനിന്നുള്ള പ്രവാസി. കാർഗോ ലോജിസ്റ്റിക്സ് ജീവനക്കാരൻ ബ്യൂർഗാർഡ് ലിമിനാണ് ഒരു മില്യൺ ദിർഹം (ഏകദേശം 2.35 കോടി രൂപ) സമ്മാനമായി ലഭിച്ചത്. യുഎഇ ലോട്ടറി ആരംഭിച്ചതിന് ശേഷം രണ്ടാമത്തെ മില്യൺ ദിർഹം ജേതാവാണ് ലിം.
2004 മുതൽ യുഎഇയിലാണ് ലിം താമസിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ലോട്ടറിയെക്കുറിച്ച് അറിഞ്ഞാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. ലോട്ടറി അടിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ലിം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താൻ നിരാശനായിരുന്നുവെന്നും കുടുംബത്തോട് സഹായം ചോദിക്കാനിരിക്കെയാണ് ലോട്ടറിയടിച്ചതെന്നും ലിം പറഞ്ഞു. 'എനിക്ക് ഉള്ളിൽ തോന്നിയിരുന്നു ഞാൻ തന്നെ ഒരു വഴികണ്ടെത്തണമെന്ന്. ആ രാത്രി സ്വപ്നത്തിൽ അമ്മ എന്നെ നോക്കി പുഞ്ചിരിക്കുന്നതായി കണ്ടു. പിന്നീട്, ഞാൻ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് അഭിനന്ദങ്ങൾ അറിയിച്ച് കൊണ്ടുള്ള നോട്ടിഫിക്കേഷനാണ്. എനിക്ക് അത് വിശ്വസിക്കാനായില്ല, നമ്പറുകൾ കൃത്യമാണോ എന്ന് ഞാനും ഭാര്യയും രണ്ട് തവണ പരിശോധിച്ചു. അത് യാഥാർത്ഥ്യമാണെന്ന് ഉറപ്പിച്ചു', ലിം പറഞ്ഞു.
സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ലിം. ഈ തുക കൊണ്ട് കുടുംബത്തെ സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. കുടുംബത്തിന് ആവശ്യമുണ്ടായപ്പോൾ എല്ലാം അതേറ്റെടുത്തിരുന്ന തനിക്ക് കയ്യിലെ പണം തീർന്നപ്പോൾ ആവശ്യങ്ങൾക്ക് മുൻപിൽ മുഖം തിരിക്കേണ്ട അവസ്ഥയുണ്ടായി. ഇനി അതുണ്ടാകില്ലെന്നാണ് ലിം പറയുന്നത്.
ഒരു മില്യൺ ദിർഹം നേടിയതോടെ മകന് വേണ്ടി ബസിനസിൽ പണം നിക്ഷേപിക്കാനാണ് അദ്ദേഹത്തിൻ്റെ പദ്ധതി. ഈ സമ്മാന തുക തനിക്ക് സമാധാനമാണ് നൽകുന്നതെന്നും വർഷങ്ങളായി താൻ അനുഭവിച്ച സമ്മർദ്ദം ഇപ്പോൾ ഇല്ലാതായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Filipino expat wins dh1 million in the uae lottery