വിദേശത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്രം; കൂടുതല്‍ യുഎഇയില്‍

രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശ രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ തടവുകാരുടെ വിശദമായ കണക്ക് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പുറത്തുവിട്ടു

dot image

വിദേശരാജ്യങ്ങളില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. വിദേശജയിലുകളില്‍ മലയാളികൾ ഉൾപ്പെടെ അമ്പതോളം ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ഉയർന്ന ചോദ്യത്തിനാണ് വിദേശ രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ തടവുകാരുടെ വിശദമായ കണക്ക് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അവതരിപ്പിച്ചത്. യുഎഇയിൽ വധശിക്ഷ നേരിടുന്ന ഇന്ത്യക്കാരുടെ എണ്ണം 25 ആണെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ചു.

മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വിദേശ ജയിലുകളിൽ വിചാരണ തടവുകാർ ഉൾപ്പെടെ 10,152 ഇന്ത്യൻ തടവുകാരുണ്ടെന്ന് സിംഗ് പറഞ്ഞു. ഇതില്‍ അമ്പതോളം പേര്‍ വധശിക്ഷ കാത്തുകഴിയുകയാണ്. യുഎഇയിൽ 25 പേരും സൗദി അറേബ്യയിൽ 11 പേരും മലേഷ്യയിൽ ആറ് പേരും കുവൈറ്റിൽ മൂന്ന് പേരും ഇന്തോനേഷ്യ, ഖത്തർ, യുഎസ്, യെമൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണുള്ളത്.

വിദേശ ജയിലുകളിലുള്ളവർ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് സർക്കാർ ഉയർന്ന മുൻഗണന നൽകുന്നുവെന്നും സിംഗ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ അപ്പീലുകൾ സമർപ്പിക്കൽ, ദയാഹർജികൾ തുടങ്ങിയ നിയമപരമാ പരിഹാരങ്ങൾ തേടാൻ അവരെ സഹായിക്കുന്നതിനുൾപ്പെടെ ഇന്ത്യൻ സർക്കാർ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ രാജ്യങ്ങളായ മലേഷ്യ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വധശിക്ഷകൾ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2024-ൽ കുവൈറ്റിലും സൗദി അറേബ്യയിലും മൂന്ന് ഇന്ത്യക്കാരെയും സിംബാബ്‌വെയിൽ ഒരാളെയും വധശിക്ഷയ്ക്ക് വിധേയരാക്കി. 2023-ൽ കുവൈറ്റിലും സൗദി അറേബ്യയിലും അഞ്ച് ഇന്ത്യക്കാരെ വീതവും മലേഷ്യയിൽ ഒരാളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വിദേശത്തുള്ള മിഷനുകളിൽ നിന്നുള്ള ഔപചാരിക വിവരങ്ങൾ അനുസരിച്ച് 2020നും 2024നും ഇടയിൽ യുഎഇയിൽ ഒരു ഇന്ത്യക്കാരനേയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് വ്യക്തിയുടെ സമ്മതം ആവശ്യമുള്ള കർശനമായ സ്വകാര്യതാ നിയമങ്ങൾ കാരണം ചില രാജ്യങ്ങളിലെ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഒരു ഇന്ത്യൻ പൗരന്റെ അറസ്റ്റോ തടങ്കലോ സംബന്ധിച്ച് വിവരം ലഭിച്ചാൽ, കോൺസുലാർ ആക്സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും കേസിൻ്റെ വസ്തുതകൾ വിലയിരുത്തുന്നതിനും ഇന്ത്യൻ മിഷനുകൾ ഉടനടി ബന്ധപ്പെട്ട വിദേശ അധികാരികളുമായി ബന്ധപ്പെടുന്നതാണ് രീതിയെന്നും അദ്ദേഹം പറ‍ഞ്ഞു.

2025ൽ നടപ്പിലാക്കിയ വധശിക്ഷ

2025 ഫെബ്രുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിനിയായ ഷഹ്സാദി ഖാൻ്റെ വധ ശിക്ഷ യുഎഇയിൽ നടപ്പിലാക്കിയത്. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നായിരുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷഹ്സാദി ഖാന് ശിക്ഷ വിധിച്ചത്.

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷയും നടപ്പാക്കിയിരുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് റിനാഷ് എ, കാസർകോട് സ്വദേശിയായ മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ വിവരം യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിനാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിനെ ശിക്ഷിച്ചത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇരുവരുടെയും കുടുംബത്തെ വിവരം അറിയിച്ചുവെന്നും സംസ്കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാൻ്റെ വധശിക്ഷ നടപ്പിലാക്കിയ ദിവസം തന്നെ ഇരുവരുടെയും വധശിക്ഷ നടപ്പിലാക്കിയെന്നാണ് വിവരം.

Content Highlights: 25 Indians awarded death sentence in UAE, judgement yet to be implemented: Govt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us