
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാൻ മാസത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് അഞ്ച് മില്യൺ (11.78 കോടി) സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പദ്ധതിയിൽ പങ്കാളിയായതിന് ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആദരിച്ചു.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി യുഎഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ഫണ്ടിലേക്കുള്ള ബുർജീലിൻ്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷി പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു. നേരത്തെ ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും പദ്ധതിയിലേക്ക് സംഭവാന നൽകിയിരുന്നു. പദ്ധതിയ്ക്കായി 47.50 കോടിയോളം രൂപയാണ് (രണ്ട് കോടി ദിർഹം) യൂസഫലി നൽകിയത്. വിശുദ്ധമാസത്തിൽ പിതാക്കന്മാർക്ക് നൽകുന്ന ഏറ്റവും വലിയ ആദരമാണിതെന്നുമായിരുന്നു യൂസഫലി പ്രതികരിച്ചത്.
Content Highlights: Dr Shamsheer Vayalil donated 5 million dhirhams to the fathers endowment project