
ദുബായ്: യുഎഇ ദിർഹത്തിന് ഇനി മുതൽ പുതിയ ചിഹ്നം. യുഎഇ സെൻട്രൽ ബാങ്കാണ് ദിർഹത്തിന് പുതിയ ചിഹ്നം പുറത്തിറക്കിയത്. ഇംഗ്ലീഷ് അക്ഷരമായ ഡിയിൽ നിന്നാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. 'ഡി' അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. ഇനി അച്ചടിക്കാൻ പോകുന്ന ദിർഹത്തിന്റെ കറൻസി ഡിജിറ്റൽ രൂപങ്ങളിൽ പുതിയ ചിഹ്നം സ്ഥാനംപിടിക്കും.
യുഎഇ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചിഹ്നം ഡിസൈൻ ചെയ്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചിഹ്നം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദിർഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്ന രണ്ട് രേഖകൾ അടങ്ങുന്നതാണ് പുതിയ ചിഹ്നമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു.
Content Highlights: New symbol revealed for UAE dirham in physical, digital forms