
അബുദാബി: നാലു പതിറ്റാണ്ട് കാലത്തോളം യുഎഇയിൽ ഫോട്ടോ ജേണലിസ്റ്റായിരുന്ന തൃശ്ശൂർ സ്വദേശി അന്തരിച്ചു. തൃശ്ശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എൺ കെ അബ്ദുൽറഹ്മാൻ (70) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
യുഎഇയുടെ ഔദ്യോഗിക പരിപാടികളിലും സാമൂഹിക, സാംസ്കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന അബ്ദുറഹ്മാൻ ഭരണാധികാരികളുമായും വ്യവസായികളുമായും കലാസാംസ്കാരിക സംഘടനാ ഭാരവാഹികളുമായും നല്ല ബന്ധം പുലർത്തിയിരുന്നു. 1976 ഏപ്രിലിൽ മുംബൈയിൽ നിന്ന് കപ്പൽ മാർഗമാണ് ദുബായിലെത്തിയത്. ദെയ്റ സബ്ഖയിലെ അൽ അഹ്റം സ്റ്റുഡിയോ ആൻഡ് ഷോപ്പ്സിൽ ഫോട്ടോഗ്രാഫറായായാരുന്നു യുഎഇയിലെ തുടക്കം.
പിന്നീട് അൽ-ഇത്തിഹാദ് സ്റ്റുഡിയോയിലേക്ക് മാറി. 1978 ഡിസംബറിൽ അൽ നഫാഖ് സ്റ്റുഡിയോയിൽ പങ്കാളിയും സീനിയർ ഫോട്ടോഗ്രാഫറുമായി. 1982 ആഗസ്റ്റ് എട്ടിന് ഗൾഫ് ന്യൂസിൻ്റെ അബുദാബി ഓഫീസിൽ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു.
ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രണ്ട് മാസം മുൻപ് സന്ദർശന വിസയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച മടങ്ങാനിരിക്കെയാണ് മരണം. കബറടക്കം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് ബനിയാസ് കബർസ്ഥാനിൽ നടക്കും.ഭാര്യ: നസീമ, മക്കൾ: ഫാസിൽ, ഫാഇസ, മരുമക്കൾ: ഷിഫാന, ഷെഹീർ.
Content Highlights: Photo Journalist died of heart attack in abu dhabi