ഭ​ഗവാന്റെ മരണം കന്നഡയിലേക്ക്; ഒരു കടം വീട്ടിയ സമാധാനം എന്ന് കെ ആർ മീര

ഭഗവാന്റെ മരണം ആണ് കന്നഡയിലെ തന്റെ ആദ്യ പുസ്തകം എന്നത് അവിശ്വസനീയമായ ഒരു ആക്സ്മികതയാണെന്ന് കെ ആർ മീര

dot image

കെ ആർ മീരയുടെ പുസ്തകം ഭ​ഗവാന്റെ മരണം കന്നഡയിലേക്ക്. ഭഗവന്തന സാവ് എന്ന പേരിൽ വിക്രം കാന്തികരെ ആണ് നോവൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പത്രപ്രവർത്തകനും കന്നഡ നാടകരംഗത്തെ പ്രധാനമുഖവുമായ ജി എൻ. മോഹൻ , മുൻ പത്രപ്രവർത്തക ശ്രീജ വി എൻ എന്നിവർ ആരംഭിച്ച ബഹുരൂപി ആണു പുസ്തകത്തിന്റെ പ്രസാധകർ. ഭഗവാന്റെ മരണം ആണ് കന്നഡയിലെ തന്റെ ആദ്യ പുസ്തകം എന്നത് അവിശ്വസനീയമായ ഒരു ആക്സ്മികതയാണെന്ന് കെ ആർ മീര പറയുന്നു. ഈ കഥയ്ക്കുള്ള പ്രേരണ ഡോ എം എം കൽബുർഗിയുടെ കൊലപാതകം ആയിരുന്നു. ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ‌ ഇന്ന് തന്റെ പുസ്തകം ഏറ്റുവാങ്ങിയേനെ. ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷിനെ കാണാൻ പോയി. Assassin കോപ്പിയും ഭഗവന്തന സാവും അമ്മയ്ക്കും‌ ഗൗരിയുടെ സഹോദരി കവിത ലങ്കേഷിനും‌ നൽകി. ഒരു കടം വീട്ടിയ സമാധാനമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

ഇംഗ്ലീഷ് പരിഭാഷകൾ വായിച്ചു പല വായനക്കാരും ബാംഗ്ലൂരിലും മൈസൂരുവിലും നിന്നു പതിവായി വിളിക്കാറുണ്ടെങ്കിലും എന്റെ പുസ്തകങ്ങൾ ഇതു വരെ കന്നഡയിൽ വന്നിട്ടില്ല. എന്റെ നിർബന്ധബുദ്ധി തന്നെയാണ് കാരണം‌. പരിഭാഷ ഇറങ്ങിയില്ലെങ്കിലും‌ കുഴപ്പമില്ല, പക്ഷേ പ്രസിദ്ധീകരിക്കുന്നെങ്കിൽ ഏറ്റവും മികച്ച പരിഭാഷ തന്നെയാകണം എന്ന നിർബന്ധം‌.

അങ്ങനെ വിക്രം കാന്തികരെയുടെ മികച്ച പരിഭാഷയിൽ‌ എന്റെ ആദ്യ പുസ്തകം‌ ഭഗവന്തന സാവ് ഇന്നു പുറത്തിറങ്ങുന്നു.
പത്രപ്രവർത്തകനും കന്നഡ നാടകരംഗത്തെ പ്രധാനമുഖവുമായ ജി എൻ. മോഹൻ , മുൻ പത്രപ്രവർത്തക ശ്രീജ വി എൻ എന്നിവർ ആരംഭിച്ച ബഹുരൂപി ആണു പ്രസാധകർ. ജനാധിപത്യം ഒരു പാഴ് വിശ്വാസമായി മാറിയ കാലത്തിന്റെ ഇരുട്ടിൽ പ്രകാശം ചൊരിയുന്ന അപൂർവം കലാകാരന്മാരിൽ‌ അഗ്രഗണ്യനായ പ്രകാശ് രാജ് ആണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. ഇന്നു വൈകിട്ട് അഞ്ചു മണിക്ക് ചിത്രകലാപരിഷത് ഹാളിലെ പ്രകാശനത്തിലേക്കു നിങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു.

ഭഗവന്തന സാവ് എന്നാൽ‌ ഭഗവാന്റെ മരണം. ഭഗവാന്റെ മരണം ആണു കന്നഡയിലെ എന്റെ ആദ്യ പുസ്തകം എന്നത് അവിശ്വസനീയമായ ഒരു ആക്സ്മികതയാണെനിക്ക്. ഈ കഥയ്ക്കുള്ള പ്രേരണ ഡോ എം എം കൽബുർഗിയുടെ കൊലപാതകം ആയിരുന്നു. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 71 വയസ്സ്. അതിനു മുൻപേ നടന്ന പൻസാരെയുടെയും ധബോൽക്കറുടെയും കൊലപാതകങ്ങളുടെ തുടർച്ചയായിരുന്നു കൽബുർഗിയുടെ വധം. അതിനു മുൻപേ അവരുടെ പേരുകൾ ഉൾപ്പെടുന്ന ഹിറ്റ്ലിസ്റ്റ് ഒരു തീവ്ര ഹിന്ദുത്വ സംഘടന പ്രസിദ്ധീകരിച്ചിരുന്നു.
ആ ലിസ്റ്റിലെ പേരുകൾ ഗിരീഷ് കർണാട്, ഡോ കെ എസ്‌ ഭഗവാൻ, ഗൗരി ലങ്കേഷ് എന്നിങ്ങനെ നീളുന്നുണ്ടായിരുന്നു. ഡോ കൽബുർഗി‌ സാധാരണക്കാരൻ ആയിരുന്നില്ല. കന്നഡ കണ്ട ഏറ്റവും വലിയ ധൈഷണികരിൽ ഒരാൾ. വചന സാഹിത്യ കടലിന്റെ ആഴവും പൊരുളും അറിഞ്ഞയാൾ.അക്കാരണത്താൽ ഭഗവാന്റെ മരണം എഴുതും മുൻപു‌ ഞാൻ വചനങ്ങൾ വിശദമായി വായിച്ചു. ബസവണ്ണയെ കുറിച്ചു പ‌‌ഠിച്ചു.

വചനങ്ങളുടെ രൂപകങ്ങൾ ഉപയോഗിച്ചാണ് ഞാൻ ആ കഥ എഴുതിയത്. ജെ ദേവിക അതു മനോഹരമായി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. The Caravan അതു പ്രസിദ്ധീകരിച്ചു. ഡോ കെ എസ്‌ ഭഗവാൻ അതു കന്നഡയിലേക്കു പരിഭാഷപ്പെടുത്തി ഗൗരി ലങ്കേഷിനു നൽകി. ഗൗരി ലങ്കേഷ് അതു തന്റെ ഗൗരി ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ചു. അതു വായിച്ചു ഗൗരി കരഞ്ഞു എന്നും കന്നഡയിൽ എഴുതപ്പെടേണ്ടതായിരുന്നു ആ കഥ എന്നും പറഞ്ഞതായി ഡോ കെ എസ്‌ ഭഗവാൻ അന്നു പറഞ്ഞിരുന്നു. ഭഗവാന്റെ മരണം ഉൾപ്പെടുന്ന സമാഹാരം ഡി സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം ഇറങ്ങുമ്പോൾ ഞാൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽ വേനിയയുടെ വിസിറ്റിങ് സ്കോളർ ആയി അമേരിക്കയിലാണ്. ആ ദിവസങ്ങളിലൊന്നിൽ രാവിലെ ആദ്യം വായിച്ച വാർത്ത ഗൗരി ലങ്കേഷിന്റെ കൊലപാതകം ആയിരുന്നു.


അതെന്നെ എത്രയേറെ ബാധിച്ചു എന്നു‌ പറഞ്ഞറിയിക്കാൻ സാധ്യമല്ല. അതിനു ശേഷം ഞാൻ എഴുതിയ. ഘാതകൻ‌ എന്ന നോവലും അതിന്റെ ഇംഗ്ലീഷ് പരിഭാഷ. Assassin - ഉം ( ജെ ദേവിക) സമർപ്പിച്ചതു ഗൗരി ലങ്കേഷിനാണ്. ഇന്നും ആ സംഭവത്തിന്റെ ആഘാതം എന്നെ വിട്ടു പോകുന്നില്ല.


ഏഴു കൊല്ലം കഴിഞ്ഞു. കർണാടകയിലെ ഗവണ്മെന്റ് മാറി. കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടു. 2014 - നു ശേഷം രാജ്യത്തു മിക്കവാറും ഇടങ്ങളിൽ പതിവ് അനുഷ്ഠാനമായിത്തീർന്നതുപോലെ, സ്ത്രീ പീഡന കേസ് പ്രതികൾക്കു നൽകിവരുന്ന ആഘോഷ സ്വീകരണം ഈ പ്രതികൾക്കും ലഭിച്ചു.

കെ ആര്‍ മീര ഗൗരി ലങ്കേഷിന്‍റെ അമ്മയുടെ  ഒപ്പം
കെ ആര്‍ മീര ഗൗരി ലങ്കേഷിന്‍റെ അമ്മയുടെ ഒപ്പം

ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ‌ ഇന്ന് എന്റെ പുസ്തകം ഏറ്റുവാങ്ങിയേനെ. അതു കൊണ്ടു രാവിലെ ഞാൻ ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷിനെ കാണാൻ പോയി. Assassin കോപ്പിയും ഭഗവന്തന സാവും അമ്മയ്ക്കും‌ ഗൗരിയുടെ സഹോദരി കവിത ലങ്കേഷിനും‌ നൽകി. ഒരു കടം വീട്ടിയ സമാധാനം.

Content Highlights: bhagavante maranam by kr meera published in kananda as bhagavanthana sav

dot image
To advertise here,contact us
dot image