വരുന്നൂ 'പശി കാതൽ പിത്ത്'; സന്തോഷം പങ്കുവച്ച് മുഹമ്മദ് അബ്ബാസ്

'ഇനി ഞാൻ നന്ദി പറയേണ്ടത് ഈ പുസ്തകത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നവരോടും, തെറി വിളിക്കുന്നവരോടും, എന്തിനെന്നില്ലാതെ എന്നോട് പക സൂക്ഷിക്കുന്നവരോടുമാണ്.'

dot image

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ലളിതമായ എഴുത്തിലൂടെ വായനക്കാരിലെത്തിച്ച് ജനപ്രിയനായ എഴുത്തുകാരനാണ് മുഹമ്മദ് അബ്ബാസ്. അദ്ദേഹം ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലായിരുന്നു. എട്ടാംക്ലാസു വരെ മാത്രം പഠിച്ച ഒരു തമിഴൻ കുട്ടി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന വാർത്തയാണ് ആരാധകരെ തേടിയെത്തിയിട്ടുള്ളത്. എഴുത്തുകാരൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

പശി കാതൽ പിത്ത് എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത് വംശി ബുക്സ് ആണ്. കെ വി ശൈലജയാണ് വിവർത്തക. തമിഴ് നാട്ടിൽ ജനിച്ച്, തമിഴ് പഠിച്ച്, കേരളത്തിലെത്തി മലയാളം പഠിച്ചവന്റെ ഒരു പുസ്തകം തമിഴിലേക്ക് മൊഴി മാറ്റപ്പെടുമ്പോൾ ആദ്യം നന്ദി പറയേണ്ടത് ,
ആ പുസ്തകത്തിലെ മുഴുവൻ കുറിപ്പുകളും ഫേസ്ബുക്കിലൂടെ ആദ്യം വായിച്ചവരോടാണെന്ന് മുഹമ്മ​ദ് അബ്ബാസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….

പ്രിയപ്പെട്ടവരേ….. ചെറുതല്ലാത്ത ഒരു സന്തോഷം നിങ്ങളുമായി പങ്കിടാനാണ് ഈ കുറിപ്പ്.
"വിശപ്പ് പ്രണയം ഉന്മാദം " എന്ന പുസ്തകം തമിഴിൽ , "പശി കാതൽ പിത്ത് " എന്ന പേരിൽ പുറത്തിറങ്ങുകയാണ്. ചുള്ളിക്കാടിന്റെ ചിദംബര സ്മരണകളും, എം.ടി.യുടെ വിലാപയാത്രയും ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങളും മറ്റനേകം മലയാള പുസ്തകങ്ങളും തമിഴിലേക്ക് എത്തിച്ച "വംശി " ബുക്സാണ് പ്രസാധകർ. ആ പുസ്തകങ്ങളൊക്കെ വിവർത്തനം ചെയ്ത, കെ. വി .ശൈലജ തന്നെയാണ് ഇതും വിവർത്തനം ചെയ്തിട്ടുള്ളത് .
അവർ നോവലിസ്റ്റും വിവർത്തകയും ആക്ടിവിസ്റ്റുമാണ്. തമിഴ്നാട് സർക്കാരിൻ്റെ പുരസ്കാരം ഒന്നിലധികം തവണ നേടിയിട്ടുള്ള കെ.വി.ശൈലജ തമിഴിലെ പ്രശസ്ത നോവലിസ്റ്റ് ബവ ചെല്ലദുരയുടെ ഭാര്യ കൂടിയാണ്.

തമിഴ് നാട്ടിൽ ജനിച്ച്, തമിഴ് പഠിച്ച്, കേരളത്തിലെത്തി മലയാളം പഠിച്ചവന്റെ ഒരു പുസ്തകം തമിഴിലേക്ക് മൊഴി മാറ്റപ്പെടുമ്പോൾ ആദ്യം നന്ദി പറയേണ്ടത് ആ പുസ്തകത്തിലെ മുഴുവൻ കുറിപ്പുകളും ഇവിടെ എഫ്.ബി.യിലൂടെ ആദ്യം വായിച്ച നിങ്ങളോടാണ്. നിങ്ങളിൽ പലരും എന്റെ അക്ഷരത്തെറ്റുകളടക്കം തിരുത്തി തന്നിട്ടുണ്ട്. ഓരോ കുറിപ്പ് കഴിയുമ്പോഴും, അടുത്തത് എഴുതാൻ നിങ്ങളെനിക്ക് പ്രചോദനവും ആത്മവിശ്വാവും തന്നിട്ടുണ്ട്.

പ്രവദ ബുക്സാണ് ഇത് ആദ്യം പുറത്തിറക്കിയത്. അവരോടും നന്ദി പറയേണ്ടതുണ്ട്. പത്താളെങ്കിലും എന്നെ വായിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാലത്ത് 500 കോപ്പികൾ പുറത്തിറക്കിയ അവരെയും ,അതിൻ്റെ എഡിറ്ററും എഴുത്തുകാരനുമായ നൗഫലിനെയും ഞാൻ എങ്ങനെ മറക്കാനാണ് ?
ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിലേക്ക് നല്ല വാക്കുകൾ എഴുതിത്തന്ന സുധീറേട്ടനോടുള്ള ( Sudheer NE ) നന്ദി വളരെ വളരെ വലുതാണ്.
500 കോപ്പിയിൽ മുരടിച്ചു നിന്ന ഒരു പുസ്തകത്തെ സന്തോഷത്തോടെ സ്വീകരിച്ച് ഈ നിലയിലെത്തിച്ച മാതൃഭൂമി ബുക്സിനോടും എഡിറ്റർ നൗഷാദ് പാപ്പിയോണിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ പുസ്തകത്തിലെ ഓരോ കുറിപ്പ് എഴുതുമ്പോഴും എൻ്റെ കടലാസിലേക്ക് കണ്ണീര് വീണിട്ടുണ്ട്. എന്തിനെന്നില്ലാതെ അലറി കരഞ്ഞിട്ടുണ്ട്. ഉന്മാദത്തിന്റെ ചിരി ചിരിച്ചിട്ടുമുണ്ട്. അതൊന്നും വെറുതെയായില്ലെന്ന് ഒരിക്കൽ കൂടി ബോധ്യമാവുന്നു. കെ .വി .ശൈലജയ്ക്ക് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്, നീലേശ്വരത്തെ രാജൻ മാഷാണ്. അദ്ദേഹം ഈ പുസ്തകം കാഴ്ചയ്ക്ക് പരിമിതിയുള്ളവരുടെ ശ്രവ്യമെന്ന ഗ്രൂപ്പിലെ അംഗങ്ങൾക്ക് തൻ്റെ മനോഹരമായ ശബ്ദത്തിൽ വായിച്ചു കൊടുത്തിട്ടുമുണ്ട്. നന്ദി പറയേണ്ട മനുഷ്യർ ഇനിയും അറ്റമില്ലാതെ നീണ്ടു പോവുകയാണ്. അവർക്കൊക്കെയും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

ചില സാങ്കേതിക കാരണങ്ങളാൽ തമിഴ് പതിപ്പിന്റെ പ്രകാശനം, വംശി ബുക്സിനും ശൈലജയ്ക്കും മൂന്നിലധികം തവണ മാറ്റി വെയ്ക്കേണ്ടി വന്നിട്ടുണ്ട് .( അതിനെ കുറിച്ച് ഇനിയൊരിക്കൽ എഴുതാം. )ഒടുക്കം ഈ മാസം മുപ്പതാം തീയതി പശിയും കാതലും പിത്തും തമിഴിൽ റിലീസാവുകയാണ്. കാലം കരുതി വെച്ച കനിവിന്റെ ഈ വിനാഴികത്തുമ്പിലേക്ക് എന്നെ വിരൽ പിടിച്ച് നടത്തിച്ച മുഴുവൻ മനുഷ്യരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ അറിയാത്ത ദേശങ്ങളിലെ അറിയാത്ത പാതകളിലൂടെ സ്വബോധമില്ലാതെ ഉടുതുണി പോലുമില്ലാതെ ഭ്രാന്തനായി ഞാനിപ്പോൾ അലയേണ്ടി വന്നേനെ.

ഇനി ഞാൻ നന്ദി പറയേണ്ടത് ഈ പുസ്തകത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നവരോടും, തെറി വിളിക്കുന്നവരോടും, എന്തിനെന്നില്ലാതെ എന്നോട് പക സൂക്ഷിക്കുന്നവരോടുമാണ്. നിങ്ങളില്ലായിരുന്നെങ്കിൽ ഞാനെൻ്റെ പരിമിതികളെ മനസ്സിലാക്കുമായിരുന്നില്ല. വാശിയോടെ കൂടുതൽ എഴുതുമായിരുന്നില്ല. സ്നേഹവും വെറുപ്പും ഇഷ്ടവും അസൂയയും ആനന്ദവും കുശുമ്പും ചേർത്തു പിടിക്കലും അലിവും കരുണയും അരിഞ്ഞിട്ട് വേവിച്ച അവിയലിന്റെ പേരാണ് എഴുത്ത് ജീവിതമെന്ന് ഞാൻ മനസ്സിലാക്കുമായിരുന്നില്ല .

Content Highlights: Muhammad Abbas' book vishap pranayam unmadam is being translated into Tamil

dot image
To advertise here,contact us
dot image