'തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ്', ഇത് വെറുമൊരു പരസ്യവാചകമല്ലെന്ന് തെളിയിച്ച KSRTCയുടെ പടക്കുതിരയാണ് 'മിന്നൽ'. ആനവണ്ടി പ്രേമികൾക്കിടയിൽ ഒരു പ്രത്യേക ഫാൻ ബേസുള്ള സർവീസാണ് മിന്നൽ. 2017ൽ സർവീസ് ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് മിന്നൽ ജനപ്രിയമായതും KSRTCയുടെ നട്ടെല്ലായി മാറിയതും. മിന്നലിന്റെ ചില അറിയപ്പെടാത്ത കഥകളിലൂടെ നമുക്കൊരു 'മിന്നൽ' സഞ്ചാരം ആയാലോ.
മിന്നലിന്റെ ചരിത്രം ചികയുമ്പോൾ സിൽവർ ലൈൻ ജെറ്റ് സർവീസിനെ കുറിച്ച് കൂടി പറയേണ്ടി വരും. കാരണം ഈ സർവീസിന്റെ പതനത്തിൽ നിന്നുമാണ് മിന്നലിന്റെ കഥ ആരംഭിക്കുന്നത്. 2015ലാണ് കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സ്റ്റോപ്പുകൾ പരമാവധി കുറച്ച് സിൽവർ ലൈൻ ജെറ്റ് സർവീസിന് തുടക്കമിടുന്നത്. തുടക്കത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന ഓമനപ്പേരും ചാർത്തി. കാലക്രമേണ സ്റ്റോപ്പുകൾ വർദ്ധിപ്പിക്കുകയും ബസ് ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയും ചെയ്തതോടെ യാത്രക്കാർ കയ്യൊഴിഞ്ഞു. ഇതോടെ മാനേജ്‌മെന്റും സിൽവർ ലൈൻ ജെറ്റ് സർവീസ് പൂർണമായും ഉപേക്ഷിച്ചു. ഈ പോരായ്മകൾ പരിഹരിച്ചാണ് മിന്നൽ സർവീസിന് തുടക്കം കുറിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ 2017 ജൂൺ 28നാണ് മിന്നൽ സർവീസ് ആരംഭിക്കുന്നത്. അന്നത്തെ KSRTC മാനേജിങ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തിന്റെ ആശയമായിരുന്നു പിന്നീട് മിന്നൽ എന്ന പേരിൽ സാക്ഷാത്കരിക്കപ്പെട്ടത്. അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ ചുമതല വഹിച്ചിരുന്ന ജി അനിൽകുമാറിന്റെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. സ്റ്റോപ്പുകൾ പരിമിതപ്പെടുത്തി രാത്രി മാത്രം സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ക്ലാസ് ഗണത്തിൽപ്പെട്ട അതിവേഗ സർവീസുകൾ ആരംഭിക്കണമെന്നായിരുന്നു എം ജി രാജമാണിക്യത്തിന്റെ നിർദേശം.
ലൈറ്റനിംഗ് എക്സ്പ്രസ് എന്ന പേരിൽ സർവീസ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ എം ജി രാജമാണിക്യത്തിന്റെ നിർദേശപ്രകാരം സർവീസിന് 'മിന്നൽ' എന്ന് നാമകരണം ചെയ്യുകയായിരുന്നു. നാം ഇന്ന് കാണുന്ന മിന്നലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു മിന്നൽ ബസിന്റെ ആദ്യ രൂപകൽപ്പന. നീല നിറത്തിലുള്ള ലിവറി ഉപയോഗിച്ചായിരുന്നു ബസ് ഡിസൈൻ ചെയ്തിരുന്നത്. പിന്നീട് KSRTC സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ആർട്ട് ഡിസൈനറായ എ കെ ഷിനു ആണ് നാം ഇന്ന് കാണുന്ന രീതിയിൽ മിന്നൽ ബസിന്റെ ഡിസൈൻ പരിഷ്‌ക്കരിച്ചത്.
കുറവ് സ്റ്റോപ്പുകൾ, സമയകൃത്യത പാലിക്കൽ എന്നീ സവിശേഷതകൾ തന്നെയാണ് മിന്നലിനെ ചുരുങ്ങിയ നാളുകൾ കൊണ്ട് ജനപ്രിയമാക്കിയത്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് മിന്നലിന് സ്റ്റോപ്പ്. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും രാത്രി സമയങ്ങളിൽ പൊതുവേ ഗതാഗതക്കുരുക്ക് കുറവായതിനാലും ട്രെയിനുകളെക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം ഏറ്റെടുക്കാനുള്ള പ്രധാനകാരണങ്ങൾ.
തീവണ്ടിയെക്കാൾ വേഗതയുള്ള ബസ് സർവീസ് എന്ന പരസ്യവാചകം വെറുതെയല്ലെന്നും KSRTC മിന്നലിലൂടെ തെളിയിച്ചു. റണ്ണിംഗ് ടൈമിൽ അമൃത എക്സ്പ്രസ് ട്രെയിനിനെയാണ് തിരുവനന്തപുരം-പാലക്കാട് മിന്നൽ സർവീസ് മലർത്തിയടിച്ചത്. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മിന്നൽ പുലർച്ചെ 4ന് പാലക്കാട് എത്തും. ഇതേ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന അമൃത എക്സ്പ്രസ് ആകട്ടെ രാത്രി 8.30ന് പുറപ്പെട്ട് പുലർച്ചെ നാലിനാണ് പാലക്കാട് എത്തുന്നത്.
നിലവിലുള്ളവയ്ക്ക് പുറമേ പുതിയ മിന്നൽ സർവീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്. കാലപ്പഴക്കം കാരണം മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെയാണ് മിന്നൽ ബസുകൾ നവീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന നിലയില്ലാ കയത്തിൽ നിന്നും കെഎസ്ആർടിസിയെ കരകയറ്റാൻ മിന്നൽ വഹിച്ച പങ്ക് ചെറുതല്ലെന്ന് നിസംശയം പറയാം.
Content Highlights: KSRTC's Minnal defeated Amrita Express