എല്ലാ മനുഷ്യരും അവളുടെ പിന്നാലെയാണ്. കാണാൻ അതി മനോഹരി. പ്രായം നാൽപ്പതു കടന്നിട്ടും അവിവാഹിത. തുടുത്ത ദേഹത്തെ മുലകൾക്ക് മാത്രം വലിപ്പമില്ല. അവൾക്ക് കാമുകന്മാർ ഇല്ല എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അങ്ങനെയെങ്കിൽ അവരൊന്നും അവളെ അർഹിക്കും വിധം തഴുകിയിട്ടില്ല എന്നെന്റെ മനസ്സ് കഥകളെഴുതി.
"ഞാനൊരു സ്വാതന്ത്ര്യയായ പക്ഷിയാണ് ഡെന്നി. ആഗ്രഹിക്കുന്ന ഇടങ്ങളിലേക്കൊക്കെ പറന്നു ഞാൻ ഈ ജീവിതം ആസ്വദിക്കുകയാണ്."
എല്ലാ ആറുമാസത്തിലും അവൾ ജന്മനാട്ടിലേക്ക് മടങ്ങി പോകാറുണ്ട് എന്ന് ഞാനറിഞ്ഞപ്പോഴേ എനിക്കുറപ്പായിരുന്നു, അവിടെയൊരു കാമുകനോ ഭർത്താവോ നിശ്ചയമായും ഉണ്ട്. കവിളുകളിലെ ചുവപ്പും കണ്ണുകളിലെ തിളക്കവും അവളൊരു പ്രണയത്തിലാണെന്ന് എന്നോട് സാക്ഷി പറയുകകൂടി ചെയ്തു.
കൈകളിലെ നനുത്ത രോമങ്ങൾ വെളുത്ത നിറത്തെ എടുത്തു കാട്ടി. അഴിച്ചിട്ട മുടി അലസമായി കെട്ടി വെക്കുമ്പോഴൊക്കെ അവളുടെ ഭംഗി അധികമെന്നെനിക്കു തോന്നി, അതഴിഞ്ഞു പോകുമ്പോഴും. കോടമഞ്ഞ് പോലെയാണവൾ. ഓള് ഡ്യൂട്ടിയിൽ ഉള്ളപ്പോഴൊക്കെ ഡിപ്പാർട്മെന്റിൽ ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു. ആരെയും അനുസരിക്കില്ല. മറ്റാരേക്കാളും ജോലി ചെയ്യും. കൂട്ടത്തിൽ മടിച്ചിരുന്ന മനുഷ്യരെ യാതൊരു മടിയുമില്ലാതെ പരിഹസിക്കും. ആരെങ്കിലും നീ സുന്ദരിയായിട്ടുണ്ടല്ലോ എന്ന് കൊഞ്ചാൻ ചെന്നാൽ മറ്റുള്ളവരൊക്കെ അങ്ങനെയല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നൊരു പൊളിറ്റിക്കൽ കറക്റ്റ്‌നസ്സ് കുത്തുന്നത് പോലെയുള്ള ചോദ്യങ്ങൾകൊണ്ടു മുഖത്തടിക്കുന്നതു കൂടിയാവുമ്പോൾ പരിചയക്കാരാരും നേരിട്ട് ഓളോട് മുട്ടാനും നിൽക്കൂല്ല.
രോഗികൾ അവളോട് ശൃംഗരിക്കാൻ പോകുമ്പോഴൊക്കെ ഞങ്ങൾ അടക്കം പറയും 'ഇപ്പൊ കിട്ടും'.
ആദ്യം മുതൽക്കേ അയാൾ ഇന്ത്യക്കാരോട് പ്രത്യേക സ്നേഹമുണ്ട്. മിസ്റ്റർ മസിൽ എന്നെന്റെ മസിലുകളെ അവൾ'അഭിസംബോധന കൂടി ചെയ്തതോടെ ഞാൻ ഒൻപതാം നമ്പർ മേഘത്തിൽ എത്തുക കൂടി ചെയ്തിരുന്നു.
ഒരു വെള്ളിയാഴ്ച്ച. നാൽപ്പത്തി നാലാം നമ്പർ മുറിയിൽ അവളും ഞാനും ആയിരുന്നു ഡ്യൂട്ടി. 12 മണിക്ക് ഞാൻ ചെന്ന് കയറുമ്പോൾ അതുവരെ അവളുടെ കൂടെയുണ്ടായിരുന്ന സ്റ്റാഫ് ലഞ്ച് ബ്രെക്കിനു പോയി. ഇനി വൈകിട്ട് അഞ്ചു വരെ ഞങ്ങളൊന്നിച്ചാണ് ഈ റൂമിൽ.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും കരയില്ലെന്നു വാശിയുള്ളതുപോലെ കണ്ണുകൾ മിഴിച്ചും കോണുകൾ തുടച്ചും അവളൊരു കടലിനെ വഴിമാറ്റി വിട്ടു. എങ്കിലും ശാന്തമായ നദിയുടെ ഉള്ളൊഴുക്കുകളെ ഞാൻ കണ്ടു.
"നീ ഓക്കെയാണോ ലേഡി ?"
"അല്ല ഡെന്നി നീ നോക്ക്, രാവിലെ മുതൽ ഞാൻ കഷ്ടപ്പെടുകയാണ്. ഈ കൂടെ ജോലി ചെയ്ത മനുഷ്യൻ ഇരിക്കുന്ന ഇരുപ്പിൽ അപ്രത്യക്ഷമാകും. ഞാൻ ഈ തിരക്കിനിടയിൽ പെടാപാട് പെടുന്നു. നീയാണ് ഉച്ചക്ക് ശേഷം എന്റെ കൂടെ എന്നറിഞ്ഞതു മുതൽ ഞാൻ ആശ്വസിക്കുകയായിരുന്നു. നിനക്കറിയാമല്ലോ എന്റെ സ്വഭാവത്തിന് ഞാൻ എടുത്തടിച്ച് അവനോട് ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറയേണ്ടതാണ്. പക്ഷേ ഇങ്ങനെ കൊള്ളരുതാഴികകളോട് പ്രതികരിച്ചു പ്രതികരിച്ച് ഞാനൊരു പന്നത്തിയാണ് എന്ന് ആളുകൾ അടക്കം പറയുന്നത് ഞാൻ അറിയുന്നുണ്ട്.
ആത്മാർഥതയില്ലാത്ത മനുഷ്യർക്കിടയിൽ എനിക്ക് ശ്വാസം മുട്ടുന്നു ഡെന്നി. ഞാനൊരു കൊള്ളരുതാത്ത മനുഷ്യനാണോ ?"
കണ്ണ് ഇനിയും ചേർത്തു പിടിക്കാൻ ആവതില്ലാതൊരു തുള്ളിയെ തീരത്തേക്കയച്ചു.
എനിക്ക് അവളെ ചേർത്തു പിടിക്കാൻ തോന്നി. ഞാൻ കൈകൾ വിരിച്ചു. ആഗ്രഹിച്ചിരുന്നത് പോലെ അവളെന്റെ തോളിൽ തലചായ്ച്ചു.
:നീ വിഷമിക്കരുത്. മറ്റാരേക്കാളും നിന്നെ എനിക്ക് മനസിലാകും. കാരണം ഇത്തരം വേദനകളെ ഞാനും ഇതേ തീവ്രതയോടെ അനുഭവിച്ചിരുന്നു. നിനക്കറിയുമോ, നാട്ടിൽ പോകുമ്പോൾ ഒരു യാത്ര പോയാൽ വഴിയിൽ കാണുന്ന മനുഷ്യരോടൊക്കെ ഞാൻ വഴക്കിടും എന്ന് പറഞ്ഞ് വീട്ടുകാർ എന്നെകൊണ്ട് പൊറുതി മുട്ടിയിട്ടുണ്ട്. നീയിത് പറയുമ്പോൾ ഞാൻ മനസ് കൊണ്ട് സന്തോഷിക്കുകയാണ്. ഞാനിതാ എന്നെപ്പോലെ മറ്റൊരാളെ കണ്ടെത്തിയിരിക്കുന്നു."
"നിന്നെപ്പോലെ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ട് പോലുമുണ്ട്. ഇന്നിങ്ങനെ കാണും വരെ നീ കരയുമെന്നു പോലും എനിക്ക് സങ്കൽപ്പിക്കാൻ ആവുമായിരുന്നില്ല. കരുത്തുള്ള പെണ്ണെ, വിഷമിക്കാതിരിക്കു. മനഃസാക്ഷിയുള്ളവരൊക്കെ സദാ ഹൃദയം മുറിയും വിധം പടച്ചു വച്ചിരിക്കുന്നൊരു ലോകമാണിത്. മുറിവുണ്ടായില്ലെങ്കിലേ നാമൊക്കെ വേദനിക്കേണ്ടതുള്ളൂ."
"ശേ, എനിക്ക് നിന്റെ മുന്നിലിരുന്നു കരഞ്ഞതിൽ ലജ്ജ തോന്നുന്നു. ഇനി ഞാൻ ഒരു കരുത്തുള്ള പെണ്ണെന്നു നീയൊരിക്കലും കരുതുകയില്ല അല്ലേ ?"
"ഇവിടെ ഏറ്റവും മനോഹരമായി ചിരിക്കുന്ന പെണ്ണേ, നിന്നോടുള്ള ആരാധനയും നിന്നെക്കുറിച്ചുള്ള ധാരണകളും ഒരു വിധത്തിലും മാറിയിട്ടില്ല. ആരാധകരുടെ എണ്ണത്തെപ്പറ്റി നിനക്ക് കൃത്യമായ കണക്കുകൾ പോലും ഉണ്ടാവുകയില്ല എന്നെനിക്കറിയാം.
നീ നിന്റെ പ്രണയങ്ങളെപ്പറ്റി പറയു. ഈ സങ്കടകഥകൾ നമുക്ക് കുറച്ചു നേരത്തേക്ക് മാറ്റിവെക്കാം."
ഇതാ ഒരു പുതിയ കഥ എന്നെ തിരഞ്ഞു വരുന്നു. ഇവിടുത്തെ ഏറ്റവും സുന്ദരിപ്പെണ്ണിന്റെ പ്രണയം. അവളുടെ യാത്രകളിലെ മനുഷ്യർ. കാമുകന്റെ കാത്തിരിപ്പുകൾ. ഒന്നുചേരാൻ അനുവദിക്കാത്ത ലോകം. ഞാൻ അവളുടെ വാക്കുകൾക്കു കാതോർത്തു.
"16 ആം വയസ്സിലാണ് എന്റെ അപ്പൻ എനിക്കൊരു രോഗം പകർന്നു തന്നിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നത് . അതെന്റെ ജനിതകത്തിന്റെ ഏണികളിൽ ജനനത്തോടെ ചേർത്തു വെക്കപ്പെട്ടിരുന്നു. പിതാവിന് ബ്രെസ്റ് ക്യാൻസറായിരുന്നു. എന്തുകൊണ്ട് നിന്റെ നീലക്കണ്ണുകൾക്ക് പകരം ഈ ക്യാൻസർ എന്ന് ഞാൻ അദ്ദേഹത്തോട് കളിപറയാറുണ്ട്. ഒടുക്കം എന്റെ ശരീരത്തിൽ അതിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
എനിക്ക് മുലകളില്ല ഡെന്നി. ഇനിയെന്നാണ് മറഞ്ഞു നിൽക്കുന്ന ക്യാൻസർ ഏണികളിൽ നിന്നിറങ്ങി മറ്റൊരു ശരീരഭാഗം തിന്നു തീർക്കാൻ എത്തുന്നതെന്ന കാത്തിരിപ്പിലാണ് എന്റെ ജീവിതം. എല്ലാ ആറുമാസവും അതിനുവേണ്ടിയുള്ള കുറെ ടെസ്റ്റുകൾക്കു വേണ്ടിയാണ് ഞാൻ യാത്ര പോകുന്നത്. എനിക്ക് എന്റെ നാട്ടിലെ ഡോക്ടർമാരെയാണ് വിശ്വാസം."
എന്റെ തകർന്നുപോയ ഹൃദയത്തിന്റെ പൊട്ടുകൾ അവളെക്കാണാതെ ഒളിപ്പിക്കാൻ ഞാൻ കുറെ കഷ്ടപ്പെട്ടു. സഹതാപവും അഭിനന്ദനവും കൊണ്ട് വേദനിപ്പിക്കേണ്ട സമയം അവൾ ഇതിനോടകം കടന്നുപോയിട്ടുണ്ട്. മനുഷ്യൻ കടന്നു പോകുന്ന അവസ്ഥകൾ സങ്കൽപ്പിക്കാൻ കഴിയാത്ത വിധം വ്യത്യസ്തമായ ജീവിതാനുഭവങ്ങളുടെ സങ്കലനമാണ്. അത് കൊണ്ടാണ് ഇത്രയും നൂറ്റാണ്ടുകളായി എഴുതിയിട്ടും കഥകൾ അവസാനിക്കാത്തത്. പുതിയൊരു കഥാകാരൻ ജനിക്കുന്നത്. അങ്ങനെയൊരു തിരിച്ചറിവുണ്ടാകുമ്പോൾ നാം മനുഷ്യരെ വിലയിരുത്തുന്നത് അവസാനിപ്പിക്കും.
എന്തായാലും ഞാനൊരു കഥയെഴുതാൻ പോകുന്നു. കാമുകിയുടെ മുലകളെ തിന്നു തീർക്കുകയും മറ്റാരെക്കാളും മരണം വരെ അവളെ പ്രണയിക്കുകയും ചെയ്യുന്നൊരു ഭ്രാന്തനായ കാമുകന്റെ കഥ. കഥയ്ക്ക് കരുത്തുവരാൻ ഞാൻ അയാളുടെ പേര് അവസാനം വരെ മറച്ചു വെക്കും. മുലകളുടെ വലിപ്പത്തെപ്പറ്റി മാത്രം വാചാലനാകും.