വലിയ ആശുപത്രികൾ, വിദ​ഗ്ധരെന്ന് പ്രശസ്തരായവർ, എന്നിട്ടും; ഇവരൊക്കെയാണോ ഡോക്ടർമാർ? ഒരു കാൻസർബാധിതയുടെ കുറിപ്പ്

ഡോക്ടർമാരുടെ ശ്രദ്ധക്കുറവും പിടിവാശിയും കാരണം അറിയാൻ വൈകിപ്പോയ കാൻസർബാധയെക്കുറിച്ച്, നേരിട്ട ദുരിതങ്ങളെക്കുറിച്ച് ഒരു യുവതിയുടെ കുറിപ്പ്.

dot image

എഴുതിയത്: ആനന്ദജ്യോതി കണ്ണൂർ (അധ്യാപിക, മോഡൽ, പൊതുപ്രവർത്തക)

MVR Cancer Centre, Kozhikkod നിന്ന് കീമോയ്ക്ക് മുമ്പുള്ള അവസാന രാത്രി…(20.11.2024)

കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് മാനസികമായി ചെറിയ ഞെട്ടലും സാമ്പത്തികമായി വലിയ ഞെട്ടലും തന്നു കൊണ്ട് ക്യാൻസർ നാലാം ഘട്ടവും കടന്ന് പല ആന്തരികാവയവങ്ങളെയും പിടികൂടിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്.പക്ഷേ ഞാൻ തിരിച്ചു വരും,വന്നേ പറ്റൂ. എൻ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ മാത്രമേയുള്ളൂ.. അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം.. അവർക്കൊരോ ജോലിയാകും വരെയെങ്കിലും കൂടെ ഞാനുണ്ടാകണം. പിന്നെ സ്നേഹവും പ്രാർഥനയും ഇപ്പോൾ ഏറ്റവും ആവശ്യമുള്ള സാമ്പത്തിക സഹായവും ചെയ്യാൻ സന്നദ്ധരായി എനിക്ക് ആത്മവിശ്വാസം തന്നു കൊണ്ട് പറന്നു പോയ്ത്തുടങ്ങിയ ജീവനെ പിടിച്ചു നിർത്തുന്ന പ്രിയപ്പെട്ട സഹപാഠികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ. എൻ്റെ ചിന്മയ വിദ്യാലയം. ഞാനങ്ങനെ പോകില്ല കൂട്ടരേ..

ഇതൊരു വൈകാരികമായ കുറിപ്പാകാതെ നോക്കുന്നത് മറ്റു ചില കാര്യങ്ങൾ കൂടി നിങ്ങളെ അറിയിക്കണം എന്നതുകൊണ്ടാണ്. അത് ചികിത്സാ സംബന്ധമായി വലിയ ധാരണയില്ലാതിരുന്ന എന്നെപ്പോലുള്ളവരും പൊതു സമൂഹവും അറിയണമെന്നു വെച്ചാണ്.

ചില അറിവില്ലാത്ത ഡോക്ടർമാർ കാരണം കഴിഞ്ഞ 6 മാസം ശാരീരികമായി അതിഭയങ്കരമായ വേദനയും പണച്ചെലവും നേരിട്ട് ആകെ തളർന്ന് ഒടുവിലാണ് ഇത് ക്യാൻസർ ആണെന്ന് തിരിച്ചറിയുന്നത്. ചെറുതായി തുടങ്ങിയ നടുവേദനയിലാണ് തുടക്കം.. പുറത്തും നടുവിനുമൊക്കെ വായു കുടുങ്ങിയ പോലെ. തളാപ്പിൽ പ്രാക്ടീസ് ചെയ്യുന്ന ഗ്യാസ്ട്രോ എൻ്റമോളജിസ്റ്റായ ഒരു ലേഡീ ഡോക്ടറെയാണ് ആദ്യം കാണിച്ചത്. 450 രൂപ ഫീസ് വാങ്ങിയിട്ട് രോഗിക്ക് 2 മിനിറ്റ് പോലും അനുവദിക്കാതെ രോഗവിവരം പകുതി പറയും മുമ്പ് ഒരു മാസത്തേക്ക് കുറേ മരുന്നെഴുതിത്തന്നു.. കുട്ടികൾ പദ്യംകാണാതെ പഠിച്ച് ചൊല്ലുംപോലെ കുറേ ഭക്ഷണം കഴിക്കേണ്ടാത്തതും കഴിക്കേണ്ടതും.. ഒന്നും എൻ്റെ ചെവിക്കു പോലും പിടിച്ചെടുക്കാനായില്ല.. അവർക്ക് ഇഷ്ടമാകുന്നില്ലെന്നറിഞ്ഞിട്ടും ഇറങ്ങും മുമ്പ് ഞാൻ പറയാൻ ശ്രമിച്ചു. ഇത് ഗ്യാസ് ആണോ മറ്റെന്തേലുമാണോ? ടെസ്റ്റ് വല്ലതും? നിങ്ങളോട് ഒരു മാസം മരുന്ന് കഴിച്ച് വരാനല്ലേ പറഞ്ഞത് എന്നവർ അസഹിഷ്ണുതയോടെ പറഞ്ഞ് പുറത്തിറങ്ങാൻ ആംഗ്യം കാണിച്ചു. വിഷമത്തോടെ അപമാനം അനുഭവിച്ച് ഇറങ്ങി. എന്തായാലും വില കൂടിയ മരുന്ന് മുഴുവൻ വാങ്ങി. രണ്ടാഴ്ച കഴിച്ചു, ഒരു മാറ്റവുമില്ല.

പിന്നൊരു ന്യൂറോളജിസ്റ്റിനെ കാണിച്ചു. നല്ല പെരുമാറ്റം. രോഗിയെ ക്ഷമയോടെ കേട്ടു. വലിയ ഫീസ്, വില കൂടിയ മരുന്നുകൾ.സ്കാൻ ചെയ്തു നോക്കണോ എന്നു ഞാൻ അങ്ങോട്ടു ചോദിച്ചു. വേണ്ട, ഒരുമാസം മരുന്നു കഴിക്കൂ എന്നദ്ദേഹവും പറഞ്ഞു. വീണ്ടും നിരാശ, വേദന കൂടുതൽ. ഇതിനു മുമ്പ് കാര്യമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന,കളരി, കരാട്ടെ, ഡാൻസ്, യോഗ തുടങ്ങി പറ്റുന്നതിലൊക്കെ കേറി നിരങ്ങുന്ന, കഴിഞ്ഞ രണ്ടു വർഷം വീടുപണിക്ക് പണിക്കാർക്കൊപ്പം കഠിനാധ്വാനം ചെയ്തിരുന്ന, ഹെൽത്തി ഫുഡ് കഴിക്കാൻ ശ്രദ്ധിച്ചിരുന്ന എനിക്ക് അസുഖങ്ങളെക്കുറിച്ചോ ഡോക്ടർമാരെക്കുറിച്ചോ ആശുപത്രികളെക്കുറിച്ചോ വലിയ ധാരണ ഉണ്ടായിരുന്നില്ല. ആശുപത്രികളുടെയും ഡോക്ടർ കൂട്ടായ്മകളുടെയും പരിപാടികളുടെ ആങ്കർ എന്ന നിലയിൽ ചില ഡോക്ടർ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും.

ചില സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം രണ്ട് വൈദ്യന്മാരെയും സമീപിച്ചു. മർമ്മ ചികിത്സയ്ക്ക് ആത്മപ്രശംസ മേമ്പൊടി ചേർത്ത് എൻ്റെ നടുവേദന ഇരട്ടിയാക്കിയതേയുള്ളൂ. ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. യൂറോപ്യൻ ക്ലോസറ്റ് ഉപയോഗം പോലും ഭീകര വേദന. സ്കൂളിൽ മിക്കവാറും ലീവ്,ശമ്പളമില്ല. ഇതിനിടയിൽ വേദന കടിച്ചമർത്തി രണ്ട് ആങ്കറിങ്ങ് ചെയ്തു,പൈസയ്ക്കു വേണ്ടി മാത്രം. വരുമാനം ആകെ ചുരുങ്ങി, വേദന മാത്രം..

പലരും പല ചികിത്സ പറയുന്നു. ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാൻ ചെയ്തു. കണ്ണൂർ ചാലയിലെ അറിയപ്പെടുന്ന രണ്ട് ഹോസ്പിറ്റലുകളിലൊന്നിൽ മറ്റ് ഒരിടത്തുമില്ലാത്തത്ര കൂടിയ റേറ്റിൽ. സ്കാൻ ചെയ്ത യുവാവ് നിങ്ങൾ വളരെ ഉയരത്തിൽ നിന്നും വീണിരുന്നോ എന്നു ചോദിച്ചു,ഇല്ലെന്നു ഞാൻ പറഞ്ഞു. എന്നിട്ടും അവർ വീണു എന്ന് റിപ്പോർട്ടിൽ എഴുതി. ഇനിയാണ് എനിക്കിപ്പോഴും അമർഷവും സങ്കടവും തീരാത്ത കാര്യങ്ങളുണ്ടാകുന്നത്.

സ്കാനിങ്ങിൽ നട്ടെല്ലിനൊരു ക്രാക്കും ഡിസ്ക് ബൾജും കാണുന്നു. വേറെയും ഗുരുതര പ്രശ്നങ്ങൾ. സ്പൈൻ സ്പെഷലിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത് എന്നൊരു സുഹൃത്ത് നിർദ്ദേശിച്ചിട്ടാണ് കണ്ണൂർ ബേബി മേമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. സന്ദേശ്പാച്ചയെ സ്കാനിങ്ങ് റിപ്പോർട്ടുമായി ചെന്നു കാണുന്നത്. വീണിരുന്നോ എന്നു ചോദ്യം,ഇല്ല വീണിട്ടില്ല എന്ന് മറുപടി. രണ്ടു തവണയാണ് ഇദ്ദേഹത്തെ ഞാൻ കൺസൾട്ടിങ്ങിനായി കാണാൻ ചെല്ലുന്നത്. രണ്ടു തവണയും ഇദ്ദേഹം അസ്വസ്ഥനും തിരക്കുള്ളവനും ആയിട്ടാണ് പെരുമാറിയത്. കുറേ മരുന്നുകളെഴുതി. സ്കാനിങ് ഫിലിം ശരിക്കു നോക്കിയോ എന്നു പോലും സംശയം. കാരണം പിന്നീട് കണ്ടെത്തിയ നട്ടെല്ലിനുള്ള സങ്കോചം ഇന്നുകൂടി MVRലെ ഡോക്ടർ ആ ഫിലിമിൽ ചൂണ്ടി പറഞ്ഞു. അന്നിത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്ര ഗുരുതരമാകുമായിരുന്നില്ല. വീഴ്ചയോ മറ്റു ബാഹ്യമായ കാരണങ്ങളോ ഇല്ലാതെ നട്ടെല്ലിനും മറ്റും ഉണ്ടായിട്ടുള്ള ഗുരുതരാവസ്ഥയ്ക്ക് മറ്റുകാരണങ്ങൾ തേടാനുള്ള വിവരം ഇല്ലാതെയാണ് ഈ ഡോക്ടർ BMH പോലെ നല്ല സൗകര്യങ്ങളുള്ള ഹോസ്പിറ്റലിൽ ഓപ്പറേഷന് ഇരകളെ പിടിക്കാൻ ഇരിക്കുന്നത്.( BMH നെക്കുറിച്ച് എനിക്കിപ്പോഴും നല്ല അഭിപ്രായമേയുള്ളൂ.. വേറെ നല്ല ഡോക്ടർമാരും നല്ല സിസ്റ്റവും അവിടുണ്ട്..ഈ ഡോക്ടർ ചതഞ്ഞരഞ്ഞ മലയാളത്തിൽ പരസ്യം പറയുന്നത് സഹിക്കാനാവാതെ ഫേസ്ബുക്കിൽ ബ്ലോക് ചെയ്യേണ്ടി വന്നു )

വേദന ഒട്ടും കുറയാതെ രണ്ടാമത് കാണാൻ ചെന്നപ്പോൾ നിങ്ങൾക്ക് ഓപ്പറേഷൻ വേണം അല്ലെങ്കിൽ ഫിസിയോ തെറപ്പി ചെയ്തു നോക്കൂ എന്ന് മറുപടി. അന്ന് അദ്ദേഹത്തിൻ്റെ വർത്തമാനം കേട്ട് ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ വേണ്ടി വരുന്ന ലക്ഷങ്ങൾ, വേദന, മറ്റു ഭവിഷ്യത്തുകൾ. എന്നിട്ടും ക്യാൻസർ കണ്ടു പിടിക്കാൻ കഴിയാത്ത അവസ്ഥ. എന്തായാലും ഞാൻ ഓപ്പറേഷൻ ചെയ്യാൻ പോയില്ല. ജൂലൈ മാസത്തിലാണിത്.
വീടിനടുത്തുള്ള ഒരു ഫിസിയോതെറപ്പി സെൻററിൽ ഫിസിയോ തെറപ്പിക്ക് പോയിത്തുടങ്ങി. നല്ല സൗഹൃദത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന ലേഡി. പക്ഷേ അവരുടെ അമിതമായ ആത്മവിശ്വാസവും എന്നെ ഈ അവസ്ഥയിൽ എത്തിച്ചു. പല പ്രാവശ്യം ഞാൻ ചോദിച്ചു. ഒന്നൂടെ സ്കാൻ ചെയ്തോട്ടെ? ന്യൂറോളജിസ്റ്റിനെ കാണിച്ചോട്ടെ? ഏയ് വേണ്ടെന്നു മറുപടി.. ന്യൂറോ സപ്ലിമെൻ്റ് കഴിച്ചാൽ മതീന്ന്.. ( ഇക്കാര്യം നേരിട്ടു പറഞ്ഞു.. അവരുടെ നല്ല മനസ്സിനെ സ്നേഹിച്ചു കൊണ്ടു തന്നെ)

അവരെക്കൊണ്ട് വേദന കുറയില്ലെന്നായപ്പോൾ ഓർത്തോസ്പെഷ്യലിസ്റ്റിനെ കാണാൻ അവർ തന്നെ പറഞ്ഞു. പറഞ്ഞയച്ച ഫിസിയോ തെറാപ്പിസ്റ്റിനെയടക്കം പുച്ഛിച്ച് കുറേ മരുന്നു തന്ന ആ ഡോക്ടറുടെ മരുന്നുകളും വേദന കൂട്ടിയേയുള്ളൂ. അദ്ദേഹത്തോടും ചോദിച്ചു. ഒന്നൂടെ സ്കാൻ ചെയ്തോട്ടെ? വേണ്ട എന്നയാളും. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.. വേദന തിന്ന് എൻ്റെ രൂപം തന്നെ മാറി. കുഞ്ഞുങ്ങളുടെ സ്നേഹം കാണാൻ കൊതിച്ചും ജീവിക്കാൻ വഴി വേണല്ലോ വിചാരിച്ചും പറ്റുമ്പോഴൊക്കെ സ്കൂളിൽ പോയി. ഒഴിവു സമയത്ത് ഫെറ്റിക് റൂമിൽ കിടക്കും. പലപ്പോഴും കുഞ്ഞുങ്ങൾ വന്ന് താങ്ങിപ്പിടിച്ചാണ് ക്ലാസിൽ കൊണ്ടുപോയിരുത്തുക. ഇരുന്നും ചാരി നിന്നുമൊക്കെ ക്ലാസെടുക്കും.. അവരുടെ സ്നേഹവും തമാശകളും കൂടാതെ വയ്യായിരുന്നു.

ഒരു ജ്യേഷ്ഠസഹോദരൻ നല്ല ഉദ്ദേശ്യത്തോടെ തളിപ്പറമ്പ് കുറുമാത്തൂരെ ഒരു ആയുർവേദാശുപത്രിയിൽ അഡ്മിറ്റായി ചികിത്സിച്ചാൽ മാറുമെന്ന് നിർബന്ധിച്ചു. അങ്ങനെ അവിടെ 16 ദിവസത്തെ ചികിത്സ. വളരെ സ്നേഹത്തോടെയും സൗമ്യമായും പെരുമാറുന്ന ഡോക്ടറും സഹപ്രവർത്തകരും. പക്ഷേ ചികിത്സ ഫലിക്കാത്തപ്പോഴും മറ്റൊരു ടെസ്റ്റിനോ സ്കാനിങ്ങിനോ അദ്ദേഹവും സമ്മതിച്ചില്ല പല പ്രാവശ്യം ചോദിച്ചിട്ടും. നിങ്ങൾ ചികിത്സയിൽ വിശ്വസിക്കൂ എന്ന് മോട്ടിവേഷൻ.( അമർഷവും വേദനയുമുണ്ട് ഡോക്ടർ). മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. വീട്ടിൽ വന്ന ശേഷവും കഷായങ്ങൾ, മരുന്നുകൾ, പത്തിയിടൽ ,മുതിരക്കിഴി.. ഹോ.. ഓർക്കാൻ വയ്യ.. കഠിന വേദന സഹിച്ച് മൂന്നാഴ്ചയോളം എന്നെക്കൊണ്ടിതൊക്കെ ചെയ്യിച്ചത്. വലിയ സാമ്പത്തിക നഷ്ടങ്ങളും. നടുവിൽ നിന്ന് വേദന ഇടതു വശം മുഴുവനുമായി. ഇടതുകാൽ നിലത്തൂന്നാൻ വയ്യാത്ത അവസ്ഥയിലെത്തിയപ്പോൾ ന്യൂറോളജിസ്റ്റിനെ കാണിക്കു എന്ന് പറഞ്ഞു കിട്ടി. നമ്മൾ ഏറ്റവും നിസ്സഹായാവസ്ഥയിൽ ദൈവത്തെപ്പോലെ വിശ്വസിക്കുന്ന ഡോക്ടർമാർ നമ്മെക്കൊണ്ടെത്തിക്കുന്ന അവസ്ഥ. രോഗി ആവശ്യപ്പെട്ടാലെങ്കിലും ടെസ്റ്റുകളോ രണ്ടാമതൊരു സ്കാനിങ്ങോ ചെയ്യാൻ സമ്മതിക്കണ്ടേ.

ഈ മാസങ്ങളിലൊക്കെയും ക്യാൻസർ ഉള്ളിൽ പടർന്നുകൊണ്ടിരുന്നു. ഫിസിയോ തെറപ്പി സെൻററിൽ വീണ്ടും. അവരും സ്കാനിങ്ങ് വേണ്ട എന്ന് പറഞ്ഞു. കൈയ്യിലുള്ള സപ്ലിമെൻ്റ് തന്നെയേ ഡോക്ടർ തരൂ എന്ന്. അവരുടെ ആത്മവിശ്വാസത്തിൽ വീണ് വീണ്ടും വിഡ്ഢിയായി ഞാൻ. ഒടുവിൽ ന്യൂറോളജിസ്റ്റിനെ കാണണമെന്ന് നിർബന്ധം പറഞ്ഞപ്പോൾ പലരും പറഞ്ഞ നല്ലൊരു പേര് അവരും നിർദ്ദേശിച്ചു. BMH ലെ തന്നെ ഡോ. മോഹനൻ. പക്ഷേ രണ്ടു മാസത്തേക്ക് ടോക്കൺ ഇല്ല. BMH ലെ നല്ല സുഹൃത്തായ PRO മധുസൂദനൻ സാറിൻ്റെ സഹായവും പത്രത്തിൽ നിന്നൊരു കാളും ഒക്കെ കൊണ്ട് രണ്ടാഴ്ച കൊണ്ട് ടോക്കൺ കിട്ടി. ഇന്ന് ഞാൻ ജീവിക്കാനൊരു സാധ്യതയെങ്കിലും ബാക്കിയാക്കി അദ്ദേഹം സ്കാനിങ്ങ് , ബ്ലഡ് ടെസ്റ്റുകൾ എല്ലാം ചെയ്യിച്ചപ്പോൾ മൾട്ടിപ്പിൾ മൈലോമ എന്ന് റിപ്പോർട്ട്. നാളെത്തന്നെ വന്ന് ബയോപ്സി ചെയ്യണം പറഞ്ഞു..ഡോ. സന്ദേശ് പാച്ചയാണ് ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ ഞാനാ വഴിക്കില്ലെന്ന് ഉറപ്പിച്ചു.

മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളേജ് സുഹൃത്തുക്കൾ നിർദേശിച്ച പ്രകാരം പോയി,അഡ്മിറ്റായി. അപ്പോഴേക്ക് വേദന തിന്ന മാസങ്ങൾ അഞ്ചു കഴിഞ്ഞു. ഓർത്തോ സ്പെഷലിസ്റ്റ് ഡോ. ആത്മാനന്ദ. എന്തു മിടുക്കനായ ഡോക്ടർ. എന്തു നല്ല പെരുമാറ്റം. പിന്നെല്ലാം വേഗത്തിൽ. ചെന്ന അന്നു തന്നെ അത്യാവശ്യം വേണ്ട ടെസ്റ്റുകൾ. അതിൻ്റെ റിസൾട്ട് അറിയാതെ ഒരു ഗുളിക പോലും വെറുതെ കഴിപ്പിക്കുന്നില്ല. വേദന കുറയ്ക്കാനുള്ള സംവിധാനങ്ങൾ. ആശ്വാസം. ആദ്യമേ ഇതു പോലുള്ളിടത്ത് എത്തിയില്ലല്ലോ എന്ന് പല തവണ തോന്നി. അന്നു തന്നെ നട്ടെല്ലിൻ്റെ എക്സ് റേ എടുത്തു. വെർട്ടിബ്രാ രണ്ടെണ്ണം ചുരുങ്ങിപ്പോയിരിക്കുന്നു.. അദ്ദേഹം ചിത്രം വരച്ച് കുട്ടികളോടെന്ന പോലെ വിശദീകരിച്ചു. 3 ആരോമാർക്കിട്ടു. സാധാരണ ഗതിയിൽ എല്ലുകൾക്ക് തകരാറുണ്ടാകില്ല.. ബോൺ വീക്നെസ്, കൂടിയ തോതിലുള്ള ഇൻഫെക്ഷൻ, ക്യാൻസർ, ടി.ബി പോലുള്ളവ. ക്യാൻസർ സാധ്യത കണ്ടതിനാൽ ഓങ്കോളജിസ്റ്റ് ഡോ. സാനിയോ ഡിസൂസ കൂടി ട്രീറ്റ്മെൻ്റ് ടീമിലെത്തി. മികച്ച ഡോക്ടർ,
വീണ്ടും ടെസ്റ്റുകൾ,ബോൺമാരോ എടുത്തു, ക്യാൻസർ ബാധിത ഏരിയകൾ കണ്ടെത്താൻ പെറ്റ് സ്കാൻ. ഡോ. സാനിയോ ഒരു ചെറിയ വേദന പോലും അറിയിക്കാതെ ബോൺമാരോ എടുത്തതൊക്കെ ഉണ്ടാക്കിയ ആശ്വാസം. കൂടെ ഇതേക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ ആകെ പകച്ച് മോൻമാത്രം.ഒറ്റക്കാണെന്ന തോന്നൽ….സങ്കടങ്ങൾ….തലച്ചോറ് തകരാതെ നോക്കി, സ്കൂളിൽ നിന്നുള്ള സ്നേഹാന്വേഷണങ്ങളും കൂട്ടായി.അപ്പോൾ മറ്റു കൂട്ടുകാർ അറിഞ്ഞിരുന്നില്ല.

പക്ഷേ അവിടത്തെ ചെലവുകൾ, ടെസ്റ്റുകളുടെയും മറ്റും ഭീമമായ തുകകൾ ചികിത്സ അവിടെ തുടരാൻ എന്നെക്കൊണ്ട് സാധിക്കില്ലെന്നു തിരിച്ചറിഞ്ഞു..( റിലയൻസ് ഏറ്റെടുത്ത ശേഷമാണ് രോഗികളോട് കരുണയില്ലാത്ത ഫീസ് വർദ്ധന എന്നറിയുന്നു. സത്യമോ? ) ഇടതു നെഞ്ചിൽ നിന്ന് തുടങ്ങി നട്ടെല്ലിലും മജ്ജയിലും മറ്റവയവങ്ങളിലേക്കും ക്യാൻസർ പടർന്നു എന്ന് പെറ്റ് സ്കാൻ റിപ്പോർട്ട്. കണ്ണൂരിലെ ചികിത്സകർ എന്നെക്കൊണ്ടെത്തിച്ചത്…അവരുടെ വിവരക്കേടിൽ കടന്നു പോയ ആറു മാസം…ബയോപ്സിക്കു മുമ്പുതന്നെ 6 ദിവസം കൊണ്ട് അവിടെ 2 ലക്ഷത്തിനടുത്ത് ചെലവ്. ഡിസ്ചാർജ്ജിനപേക്ഷിച്ചു. കോഴിക്കോട് എം.വി.ആർ. ക്യാൻസർ സെൻററിനെക്കുറിച്ച് അവിടെ വെച്ചാണറിയുന്നത്. സ്കൂളിലെ ഒരു സ്നേഹസമ്പന്നയായ ടീച്ചർ ഇവിടെ ചികിത്സ നടത്തിയിരുന്നു. അവരും മിടുക്കനായ ഭർത്താവും വലിയ പിന്തുണയുമായി ഈ നിമിഷം വരെയുമുണ്ട്. ഇപ്പോൾ കുറേപ്പേരും. പേരെടുത്തു പറഞ്ഞാൽ തീരില്ല. സ്നേഹം തിരിച്ചു കൊടുത്താലും തീർക്കാനാവാത്തത്ര, പല മേഖലയിലെ സുഹൃത്തുക്കളും.

ഒരാഴ്ച മുമ്പ് എം.വി.ആറിൽ നട്ടെല്ലിന് അഞ്ച് റേഡിയേഷൻ. അത് ഉണ്ടാക്കിയ ക്ഷീണം മാറിയിട്ടില്ല. പക്ഷേ കാലിൻ്റെ വേദന വളരെ കുറഞ്ഞു. കീമോയ്ക്കു ശേഷം നട്ടെല്ലിന് ഓപ്പറേഷൻ വേണ്ടി വരും. ഇവിടെയും പൈസ ഒട്ടും കുറവല്ല. ബയോപ്സി റിസൾട്ട് വന്നപ്പോൾ കീമോയ്‌ക്കൊപ്പം യു. എസിൽ നിന്നുള്ള മരുന്നു കൂടി വേണ്ടിവരുമത്രേ. ആറു കീമോ ഉടൻ ചെയ്യണം. ഒന്നിനു ചെലവ് മൂന്നു ലക്ഷം, പിന്നെ സർജറി, റേഡിയേഷൻ. ശരീരം തളർന്നാലും മനസ്സു തളർന്നിട്ടില്ല,തളരില്ല. പക്ഷേ, സാമ്പത്തികം വലിയൊരു ചോദ്യചിഹ്നം തന്നെയാണ്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു വീടുണ്ടാക്കിക്കഴിഞ്ഞയുടനാണീ ആഘാതം. ആ സാമ്പത്തിക ഞെരുക്കത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പോലും പറ്റാഞ്ഞത് അതിലേറെ തിരിച്ചടിയായി.

വലിയ ഈശ്വരവിശ്വാസിയാണു ഞാൻ. വഴി തുറക്കാതിരിക്കില്ല. അസുഖങ്ങൾ വരുമ്പോൾ ആരെ കാണിക്കണം എത്രത്തോളം വിശ്വസിക്കണം എന്നുകൂടി ചിന്തിക്കാൻ ഈ കുറിപ്പ് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ.. കൃത്യമായ ടെസ്റ്റുകൾ ചെയ്യിച്ച ശേഷം മരുന്നു കച്ചവടം നടത്തുന്ന ഡോക്ടർമാരെ കാണാനെങ്കിലും തോന്നട്ടെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us