കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഹാരി പോട്ടർ. ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ കെ റൗളിങിന്റെ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. മാന്ത്രികത പഠിപ്പിക്കുന്ന ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളുടെ ഇതിവൃത്തം. മാന്ത്രികരുടെയും സാധാരണ മനുഷ്യരുടെയും ലോകത്തെ കീഴടക്കാനുള്ള ശ്രമങ്ങൾക്കിടെ ദുഷ്ടമാന്ത്രികനായ വോൾഡർമോർട്ടും ഹാരി പോട്ടറും തമ്മിലുള്ള പോരാട്ടമാണ് ഏഴ് പുസ്തകങ്ങളിലൂടെ റൗളിങ് വായനക്കാരിലേക്കെത്തിച്ചത്. ഇപ്പോഴിതാ ഹാരി പോട്ടറിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി.
കഥാവസാനം ഹാരി പോട്ടർ റോൺ വീസ്‌ലിയുടെ സഹോദരി ജിന്നിയെയും റോൺ വീസ്‍ലി ഹെർമയോണിയെയുമാണ് വിവാഹം ചെയ്യുന്നത്. റോണും ഹെർമിയോണും തമ്മിലുള്ള പ്രണയം തന്റെ ആഗ്രഹ പൂർത്തീകരണമായി എഴുതിയതാണെന്നും അത് ആരാധകരെ നിരാശപ്പെടുത്തിയതിൽ പശ്ചാത്താപമുണ്ടെന്നുമാണ് ജെ കെ റൗളിങ് ഇപ്പോൾ പറയുന്നത്. "ഞാൻ എന്താണ് പറയുക, ഹെർമിയോണും റോണും തമ്മിലുള്ള ബന്ധം അങ്ങനെ എഴുതിയത് എന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന്റേതായാണ്. അങ്ങനെയാണ് അത് ഞാൻ വിഭാവനം ചെയ്തത്. കഥാപശ്ചാത്തലങ്ങളും അതിനനുസരിച്ചാണ് ഞാൻ തയ്യാറാക്കിയത്." റൗളിംഗ് വിശദീകരിച്ചു. എമ്മ വാട്സൺ ആണ് ഹാരി പോട്ടറിന്റെ ചലച്ചിത്രഭാഷ്യത്തിൽ ഹെർമയോണിയെ അവതരിപ്പിച്ചത്. റോണ്‍ ആയി റൂപർട്ട് ഗ്രിൻ്റ് വേഷമിട്ടു.
"ആരാധകർ ക്ഷമിക്കണം, എനിക്കറിയാം, അത് നിങ്ങളിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്, എന്നോട് ദേഷ്യവുമുണ്ടാവും. പക്ഷേ ഞാൻ സത്യസന്ധമായി പറയുന്നു, അങ്ങനെയാണ് ആ കഥ രൂപപ്പെട്ടത്. ഇത് വളരെ വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ നടത്തിയ ഒരു തിരഞ്ഞെടുപ്പാണ്, അതുമാത്രമല്ല എന്റേതായ വിശ്വാസ്യതയുടെ ചില ഘടകങ്ങളും അതിനു കാരണമായി" വണ്ടർലാൻഡ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ റൗളിങ് പറഞ്ഞു. ആരാധകരോട് ക്ഷമ ചോദിക്കുന്നതായും റൗളിങ് പറഞ്ഞു. "ഇത് പറഞ്ഞ് ഞാൻ ആളുകളുടെ ഹൃദയം തകർക്കുകയാണോ? എനിക്കറിയില്ല, അങ്ങനെയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല." അവർ കൂട്ടിച്ചേർത്തു. ഹാരി പോട്ടർ സിനിമകളിൽ ഡാനിയൽ റാഡ്ക്ലിഫ് ആണ് പ്രധാന കഥാപാത്രമായ ഹാരിയെ അവതരിപ്പിച്ചത്. ഹെർമിയോണി പ്രണയിക്കേണ്ടിയിരുന്നതെന്ന് ഹാരിയെയാണെന്ന് ആരാധകർക്കിടയിൽ നിന്ന് പല കാലത്തും ശക്തമായ അഭിപ്രായങ്ങളുയർന്നിരുന്നു.
Content Highlights: J.K. Rowling Regret Hermione’s Romance in Harry Potter