മഹാഭാരതത്തിലെ ഭീമൻ്റെ ആത്മാംശത്തെ എംടി രണ്ടാമൂഴത്തിൽ സാംശീകരിച്ചിരിക്കുന്ന ക്രാഫ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മഹാഭാരതത്തിൽ പറയുന്ന ഭീമനെന്ന അതിമാനുഷിക ശരീരത്തിൻ്റെ ഉപരിവിപ്ലവമായ കസർത്തുകളാൽ സ്വാധീനിക്കപ്പെടാതെ, ആരായിരുന്നു ഭീമനെന്നുള്ള എംടിയുടെ തേടലാണ് രണ്ടാമൂഴം. രണ്ടാമൂഴം പിറവിയെടുത്തതിനെക്കുറിച്ച് എംടി പറഞ്ഞിട്ടുണ്ട്. ഡോ. സുധാ ഗോപാലകൃഷ്ണന് കൊടുത്ത അഭിമുഖത്തിലാണ് എം ടി രണ്ടാമൂഴത്തിനായി ഭീമൻ എന്ന കഥാപാത്രത്തിൻ്റെ വ്യത്യസ്ത കാഴ്ചകൾ രൂപപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചത്.
'മഹാഭാരതം വീണ്ടും വായിക്കാൻ തുടങ്ങിയതോടെ അത് പൂർണ്ണമായും ശരിയല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. കരുത്ത് ഭീമന് ഒരേ സമയം ശാപവും അനുഗ്രഹവുമാണ്. ഭീമനാൽ യുദ്ധം വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം മൂത്തസഹോദരനായ യുധിഷ്ഠിരനുണ്ടായിരുന്നു. ഭീമൻ നിർണ്ണായകഘട്ടങ്ങളിൽ ആക്രമണങ്ങളുടെ ഭാരമേറ്റുവാങ്ങി ശക്തമായി ഉറച്ച് നിന്നു. ഫുട്ബോളിലെ ഹാഫ് ബാക്കിനെപ്പോലെയാണ് ആക്രമണങ്ങളെ നേരിട്ടത്. ഭീമൻ എല്ലാത്തിനും തയ്യാറായി. ആ നിമിഷം മുതൽ ഞാൻ എപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അഭിമന്യുവെന്ന സഹോദരപുത്രനെ ഭീമൻ പ്രിയപുത്രനെപ്പോലെ സ്നേഹിച്ചു. ആയുധ വിദ്യയിലുള്ള അഭിമന്യുവിൻ്റെ കഴിവിൽ ഭീമൻ അഭിമാനിച്ചു. എന്നാൽ ഒടുവിൽ അഭിമന്യു കൊല്ലപ്പെട്ടു. ഭീമൻ ഉൾപ്പെടെ പാണ്ഡവരെല്ലാം അഭിമന്യുവിന് വേണ്ടി വിലപിച്ചു.
പിന്നീട് സ്വന്തം പുത്രനായ ഘടോത്കചൻ കൊല്ലപ്പെട്ടുവെന്ന വാർത്ത സൈനികതാവളത്തിൽ ഇരിക്കുമ്പോഴാണ് ഭീമനെ തേടിയെത്തുന്നത്. പാണ്ഡവരുടെ ആദ്യപുത്രൻ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് യുധിഷ്ഠിരനാണ് വിലപിക്കുന്നത്. കൃഷ്ണൻ ഇത് കേൾക്കുകയും എന്തുകൊണ്ടാണ് എല്ലാവരും ദുഃഖിതരായിരിക്കുന്നതെന്ന് ചോദിക്കുകയുമാണ്. ഘടോത്കചൻ കൊല്ലപ്പെട്ടുവെന്ന മറുപടി കേട്ട് വിഡ്ഢികളെ നിങ്ങൾ ഇത്കേട്ട് സന്തോഷിക്കുകയാണ് വേണ്ടത് വിലപിക്കുകയല്ല എന്നാണ് കൃഷ്ണൻ പറയുന്നത്. കൃഷ്ണൻ പറയുന്നത് കേട്ട് വലതുവശത്ത് ഭീമൻ നിൽക്കുന്നുണ്ട്. ഇങ്ങനെ പലകാര്യങ്ങളുണ്ട്. എല്ലാവർക്കും ഭീമൻ്റെ ശക്തി വേണ്ടിയിരുന്നു പക്ഷെ ഒരാളും അവൻ്റെ ഹൃദയം കണ്ടില്ല, വേദന കണ്ടില്ല. ദ്രൗപതി പോലും. ഇത്തരത്തിൽ നമുക്ക് ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരാം. നമുക്ക് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാട് ഉണ്ടെങ്കിൽ.'
Content Highlights: m t vasudevan nair describe about the back story of randamoozham