എം ടിയെ കരയിപ്പിച്ച ആത്മകഥാംശം; 'നിൻ്റെ ഓർമ്മയ്ക്ക്' എന്ന ഹൃദയാക്ഷരം

ഒരു കഥ എഴുതി കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞ് പോയതെന്ന് എംടി പറഞ്ഞിട്ടുണ്ട്

dot image

ഒരു കഥ എഴുതി കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞ് പോയതെന്ന് എംടി പറഞ്ഞിട്ടുണ്ട്. നിൻ്റെ ഓർമ്മയ്ക്ക് എഴുതിയ അനുഭവത്തെക്കുറിച്ചാണ് എം ടി പിന്നീട് ഇങ്ങനെ ഓർമ്മിച്ചത്. നിൻ്റെ ഓർമ്മയ്ക്ക് എന്ന കഥയിലെ ലീലയെന്ന കഥാപാത്രം സ്വന്തം സഹോദരിയാണെന്നും എം ടി പറഞ്ഞിരുന്നു. നിൻ്റെ ഓർമ്മയ്ക്ക് എന്ന കഥയെഴുതിയ പശ്ചാത്തലത്തെക്കുറിച്ച് എംടി മനസ്സ് തുറന്നതിങ്ങനെയാണ്.

'എൻ്റെ അച്ഛൻ കുറേകാലം സിലോണിലായിരുന്നു. അച്ഛനൊപ്പം നിരവധിയാളുകൾ വേലക്കാരൊക്കെയായി സിലോണിലേയ്ക്ക് പോയിരുന്നു. ലീല എൻ്റെ അച്ഛൻ്റെ മകളാണെന്ന കിംവദന്തി ഇവർ പ്രചരിച്ചിരുന്നു. ഇത് വീട്ടിൽ വലിയ വിഷയമായി. എൻ്റെ മാതാപിതാക്കൾ തമ്മിൽ അതിൻ്റെ പേരിൽ വഴക്ക് കൂടി. ഒടുവിൽ അച്ഛൻ ലീലയെക്കൂട്ടി സിലോണിലേയ്ക്ക് മടങ്ങി. ഇതെൻ്റെ മനസ്സിലുണ്ടായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലേയ്ക്ക് യാത്ര പോകുമ്പോഴും ഞാൻ എപ്പോഴും സിലോണിലേയ്ക്ക് പോകാനാണ് ആ​ഗ്രഹിച്ചത്. അതിനോട് ചേർന്ന് കിടക്കുന്ന മദ്രാസ് ഞാൻ ഇടയ്ക്ക് സന്ദർശിക്കുമായിരുന്നു. പക്ഷെ എനിക്ക് അവിടെ പോകാൻ സാധിച്ചില്ല.

എൻ്റെ അച്ഛൻ ശ്രീലങ്കയിൽ താമസിച്ചിരുന്നത് കടുഗണ്ണാവ എന്ന സ്ഥലത്തായിരുന്നു. പിന്നീടൊരിക്കൽ അവിടെയെത്തിയപ്പോൾ പക്ഷെ അദ്ദേഹം നേരത്തെ അവിടെ ഉപേക്ഷിച്ച് പോയതൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല. മനസ്സിൽ പൂത്തുലയുന്ന ഈ സാങ്കൽപ്പിക ആഖ്യാനങ്ങൾ യാഥാർത്ഥ്യമായി രൂപാന്തരപ്പെടുന്ന രീതി വളരെ ഹൃദയസ്പർശിയാണ്. ഞാൻ കൊളംമ്പോയിലെത്തി ശ്രീലങ്കയുടെ വിവിധ ഭാ​ഗങ്ങളിലൂടെ സഞ്ചരിച്ചു. എൻ്റെ മനസ്സിൽ അ‍ച്ഛൻ ജീവിച്ചിരുന്ന സ്ഥലം കടുഗണ്ണാവ ആയിരുന്നു. അച്ഛനുമായി ബന്ധപ്പെടാൻ കയ്യിലുണ്ടായിരുന്ന മേൽവിലാസം ടി എൻ നായർ, കടുഗണ്ണാവ എന്നത് മാത്രമായിരുന്നു. നമ്മൾ എന്താണ് ചിന്തിക്കേണ്ടിയിരുന്നത്? കടുഗണ്ണാവ എന്ന ചെറിയ സ്ഥലത്ത് പോകുമ്പോൾ അവിടെ അച്ഛനെ അറിയുന്നവർ ഉണ്ടാവും എന്നല്ലെ? പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല, ആരും. വർഷങ്ങൾ കഴിഞ്ഞിരുന്നു. ഇവിടെ ഒരു നായർ കച്ചവടം നടത്തിയിരുന്നോ? ആ‍ർക്കും ഓർമ്മയില്ല. ലീലയും അച്ഛനോടൊപ്പം ഉണ്ടായിരിക്കണം, പക്ഷേ അവളെക്കുറിച്ചും ആ‍ർക്കും അറിയില്ല. ഇതെല്ലാം യഥാർത്ഥ സംഭവങ്ങളാണെങ്കിലും വർഷങ്ങൾ കടന്നുപോയപ്പോൾ സ്ഥിതി മാറി. തലമുറകൾ കടന്നുപോയി. കേരളത്തിൽ നിന്നുള്ള ടി എൻ നായർ എന്ന ഒരു വ്യാപാരിയെക്കുറിച്ച് അറിയാവുന്ന ആരും അവിടെയില്ല.'

ഒരു സുപ്രഭാതത്തിൽ ജീവിതത്തിലേയ്ക്ക് കയറി വന്ന് പെട്ടെന്നൊരു ദിനം ഇറങ്ങിപ്പോയ സഹോദരിയെന്ന് ബോധ്യമുള്ള ലീലയെക്കുറിച്ചുള്ള ഉള്ളുരുകുന്ന വേദനയാണ് എം ടിയുടെ നിൻ്റെ ഓർമ്മയ്ക്ക്.

നിൻ്റെ ഓർമ്മയ്ക്ക് എം ടി എഴുതി അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്;

"അച്ഛൻ ആദ്യം മുത്തശ്ശിയോട്‌ യാത്ര പറഞ്ഞു. പിന്നെ ഞങ്ങളോടും.
ഏട്ടനും ബാലേട്ടനും കണ്ണുതുടച്ചു.
അച്ഛൻ അതു കണ്ടില്ലെന്നു തോന്നുന്നു. മുറ്റത്തിറങ്ങി, വലിയ കൊളമ്പുകുട കൈത്തണ്ടയിലിട്ട്‌ അച്ഛൻ വിളിച്ചു.
“ലീലാ…”
“ദാദീ….”

അവൾ യാത്രക്കൊരുങ്ങിയ നിലയിൽ പുറത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കൾ വരഞ്ഞ ഗൌണാണിട്ടിട്ടുള്ളത്‌. അരയിൽ നീലിച്ച പട്ടുനാടകൊണ്ട്‌ ഒരു കെട്ടും. കൈയിൽ ആ റബ്ബർ മൂങ്ങയുമുണ്ട്‌.
കോലായിൽ തൂണും ചാരിനിൽക്കുന്ന എന്നെ നോക്കി അവൾ മന്ദഹസിച്ചു. ഞാൻ ചിരിച്ചില്ല. എന്റെ അടുത്തുവന്ന്‌ ആ റബ്ബർ മൂങ്ങ വെച്ചുതന്നപ്പോൾ ഞാൻ അത്ഭുതംകൊണ്ടു സ്‌തബ്‌ധനായി. ഒരിക്കൽകൂടി മന്ദഹസിച്ചുകൊണ്ട്‌, എന്തോ പതുക്കെ പിറുപിറുത്തു. അവൾ കൊച്ചു കുടയും കുലുക്കി മുറ്റത്തിറങ്ങി.
അച്ഛൻ മുന്നിലും ലീല പുറകിലുമായി പടിയിറങ്ങി…. നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവർ നടന്നകലുകയാണ്‌. അവർ പോവുകയാണോ?….

ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും കാഴ്‌ചപ്പാടിൽ നിന്നു മറഞ്ഞു.
പന്തീരാണ്ടിനുശേഷം ഞാനിന്ന്‌ ലീലയെക്കുറിച്ച്‌ ഓർത്തുപോയി.
പ്രിയപ്പെട്ട സഹോദരീ, നാഴികകൾക്കപ്പുറത്തുനിന്ന്‌, ഞാൻ മംഗളം നേരുന്നു….
നിന്റെ ഓർമ്മയ്‌ക്കു വേണ്ടി ഞാനിത്‌ കുറിക്കട്ടെ."

Content Highlights: Backstory behind M T Vasudevan Nair Ninte Ormakku

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us