ചവറുകൂനയിലെറിയാന്‍ മാറ്റിവച്ച പുസ്തകത്തിന് ലേലത്തില്‍ ലഭിക്കാന്‍ പോകുന്നത് നാല്‍പതിനായിരം പൗണ്ട് അതായത് 42 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ഞെട്ടിയോ? ചവറുകൂനയിലെറിയാന്‍ തുടങ്ങിയ പുസ്തകമേതാണെന്നല്ലേ ചിന്തിക്കുന്നത്. ഒരുകാലത്ത് ലോകത്തെ കുട്ടികളെല്ലാവരും ഒരേ മനസ്സോടെ, ആവേശത്തോടെ സ്വീകരിച്ച ബെസ്റ്റ് സെല്ലറുകളിലൊന്നായ ഹാരി പോട്ടര്‍ സീരീസിലെ ആദ്യ പുസ്തകമായ ഹാരി പോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണാണ് ആ പുസ്തകം. ഹാരി പോട്ടറല്ലേ അത്രയ്‌ക്കൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് ചിന്തിക്കുന്നതെങ്കില്‍ കഥ മുഴുവന്‍ അറിയണം. ആദ്യ എഡിഷനില്‍ സംഭവിച്ച അക്ഷരപ്പിശകുകളാണ് ലേലത്തില്‍ പുസ്തകത്തിന്റെ മൂല്യം വര്‍ധിപ്പിക്കുക. ആദ്യം അച്ചടി പൂര്‍ത്തിയായ 500 പുസ്തകങ്ങളില്‍ അക്ഷരത്തെറ്റുകളുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇത്തരത്തില്‍ കണ്ടെത്തിയ പുസ്തകം വിറ്റത് 42 ലക്ഷം രൂപയ്ക്കാണ്.
പാഴ്‌വസ്തുക്കള്‍ ലേലം നടത്തുന്ന ഡാനിയല്‍ പിയേഴ്‌സ് എന്നയാളാണ് ബ്രിക്‌സ്ഹാമിലെ ഒരാളുടെ ശേഖരത്തില്‍ നിന്ന് പുസ്തകം കണ്ടെത്തുന്നത്. അയാള്‍ മരണപ്പെട്ടതിന് ശേഷം ശേഖരത്തില്‍ വിലപിടിപ്പുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരയുന്നതിന് ഇടയിലാണ് പുസ്തകം ലഭിക്കുന്നത്. 'ഞങ്ങളുടെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു അത്. കുടുംബത്തിനും വലിയ സന്തോഷമായി. അവരത് പ്രതീക്ഷിച്ചതേ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം ആ പണത്തിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി അവരുടെ അലമാരയില്‍ ഇരിക്കുകയായിരുന്നു ഈ പുസ്തകം. ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലെന്ന് എല്ലാവരും ആഗ്രഹിക്കും. എന്തെങ്കിലും വിലപിടിപ്പുള്ള ഒന്ന് ലഭിക്കുമെന്ന് കരുതിയാണ് പലരുടെയും സ്വത്ത് നാം പരിശോധിക്കുന്നത്.'ഡാനിയല്‍ പിയേഴ്‌സ് പറഞ്ഞു.
വീട്ടുകാര്‍ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിനായി മാറ്റിവച്ച വസ്തുക്കള്‍ക്കിടയില്‍ നിന്നാണ് പിയേഴ്‌സ് പുസ്തകം കണ്ടെത്തിയത്. പുസ്തകത്തിന്റെ ആദ്യമിറങ്ങിയ പതിപ്പില്‍ 200 എണ്ണം പുസ്തകശാലകളിലേക്കും 300 എണ്ണം ലൈബ്രറികളിലേക്കുമാണ് പോയത്. ലൈബ്രറികളിലേക്ക് പോയ 300ല്‍ ഒന്നാണ് ഈ പുസ്തകം.
പുസ്തകം തിരിച്ചറിഞ്ഞത് എങ്ങനെ?
പുസ്തകത്തിന്റെ ആദ്യ പേജില്‍ തന്നെ തെറ്റ് അടയാളപ്പെടുത്തിയ ഒരു പെന്‍സില്‍ അടയാളം ഉണ്ടായിരുന്നു. പുസ്തകത്തിന്റെ പുറകുവശത്ത് ഫിലോസഫേഴ്‌സ് എന്ന് അച്ചടിച്ചതിലും അക്ഷരപ്പിശക് ഉണ്ടായിരുന്നു.
Content Highlights: A rare first edition of Harry Potter is expected to sell for up to £40,000