നിത്യവും സാരി ധരിക്കുന്നത് കാന്‍സറിന് കാരണമാകുമോ? സാരി പ്രിയരെയെല്ലാം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ബിഎംജെ റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. വളരെ മുറുക്കി അരക്കെട്ടില്‍ ചുറ്റുന്ന സാരി ചര്‍മാര്‍ബുദത്തിന് വഴിയൊരുക്കിയേക്കാം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പുതിയ ചര്‍മാര്‍ബുദത്തിന് അവര്‍ ഒരു പേരുമിട്ടു സാരി കാന്‍സര്‍/ പെറ്റിക്കോട്ട് കാന്‍സര്‍. നിത്യവും സാരി ഉടുത്ത രണ്ടു പ്രായമായ സ്ത്രീകളുടെ അനുഭവവും റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പങ്കുവച്ചിട്ടുണ്ട്.
ഗവേഷകര്‍ സാരി കാന്‍സര്‍ അല്ലെങ്കില്‍ പെറ്റിക്കോട്ട് കാന്‍സര്‍ എന്നുപേരിട്ട അര്‍ബുദത്തെ വൈദ്യശാസ്ത്രത്തില്‍ മാജോലിന്‍ അള്‍സര്‍ എന്നാണ് പറയുന്നത്. സാരിയുടക്കുന്നതിനായി ഉള്‍വസ്ത്രങ്ങള്‍ വളരെയധികം മുറുക്കി കെട്ടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇപ്രകാരത്തില്‍ മുറുക്കി വസ്ത്രം ധരിക്കുന്നത് ചര്‍മം ഉരഞ്ഞുപൊട്ടുന്നതിനും ചര്‍മത്തില്‍ സമ്മര്‍ദമുണ്ടാകുന്നതിനും കാരണമാകും. തന്നെയുമല്ല സ്ഥിരമായി അരക്കെട്ടിലെ ഒരുഭാഗത്തുതന്നെ കെട്ടുവരുന്നത് ആ ഭാഗത്തെ ചര്‍മം ഉരഞ്ഞുപൊട്ടി വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും.
നിത്യവും സാരി ധരിക്കുന്നവരില്‍ അപൂര്‍വമായി കണ്ടുവരുന്നതാണ് ചര്‍മാര്‍ബുദമെന്ന് അര്‍ബുദ രോഗവിദഗ്ധനായ ഡോ.ദര്‍ശന റാണെ പറയുന്നു. 'ചര്‍മാര്‍ബുദം അരക്കെട്ടിലാണ് കണ്ടുവരുന്നത്. സാരിയുടുക്കുന്നതിനായി സ്ത്രീകള്‍ പൊതുവെ അടിപ്പാവാട വല്ലാതെ വരിഞ്ഞുമുറുക്കി കെട്ടാറുണ്ട്. ഇത് ചര്‍മത്തിലേല്‍പ്പിക്കുന്ന ക്ഷതമാണ് പിന്നീട് വ്രണങ്ങളായി മാറുകയും അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്. വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് ഇക്കാര്യം.' ഡോക്ടര്‍ പറഞ്ഞു.
അടുത്തിടെ 70 വയസ്സായ സ്ത്രീക്ക് സാരി പെറ്റിക്കോട്ട് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ അരക്കെട്ടിലെ ചര്‍മം ഇരുണ്ടനിറമായിരുന്നു എന്നുമാത്രമല്ല വലതുഭാഗത്തായി വ്രണമുണ്ടായിരുന്നു. 'ഞാന്‍ സ്ഥിരമായി സാരി ധരിക്കുമായിരുന്നു. അത് എന്റെ ശരീരത്തെ ഇങ്ങനെ ബാധിക്കുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. ചര്‍മത്തില്‍ നിറം മാറ്റത്തോടെയാണ് അസുഖം ആരംഭിച്ചത്. അത് പിന്നീട് മാറാത്ത വേദനയിലേക്ക് നയിച്ചു. ഇത് വലിയൊരു വ്രണമായി മാറി. ചികിത്സിച്ചെങ്കിലും ഇത് ഉണങ്ങുന്നുണ്ടായില്ല. പിന്നീടാണ് ചര്‍മാര്‍ബുദമാണെന്ന് രോഗനിര്‍ണയം നടത്തുന്നത്.' രോഗം സ്ഥിരീകരിച്ച വയോധിക ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
2014ല്‍ സമാനമായ കേസുകള്‍ ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി സൂചനയുണ്ട്. 2020ല്‍ മുംബൈയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഈ അസുഖം സ്ത്രീകളില്‍ മാത്രമല്ല സ്ഥിരമായി ധോത്തി ധരിക്കുന്ന പുരുഷന്മാരിലും കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. സാരിയെ വെറുതെ കുറ്റപ്പെടുത്തരുത് ചര്‍മത്തില്‍ അമിതമായി സ്ഥിരമായി ഏല്‍ക്കുന്ന സമ്മര്‍ദമാണ് അര്‍ബുദത്തിന് കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു. ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഇതില്‍ പങ്കുള്ളതായി വിദഗ്ധര്‍ പറയുന്നു. ചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വിയര്‍പ്പും ഈര്‍പ്പവും ഇറങ്ങി ഇത് കൂടുതല്‍ വഷളാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്.
ഒഴിവാക്കാന്‍ എന്തുചെയ്യാം
അരക്കെട്ടില്‍ വസ്ത്രങ്ങള്‍ മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക
വായുസഞ്ചാരം ഉറപ്പുവരുത്തുക
ശുചിത്വമുള്ളവരായിരിക്കുക
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക
സ്ഥിരമായി ഒരു സ്ഥലത്തുതന്നെ വസ്ത്രങ്ങള്‍ മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക
Content Highlights: What is Saree and Petticoat Cancer? Is this for real?