സാമൂഹിക മാധ്യമത്തില്‍ തുറന്ന പോരുമായി കെ.ആര്‍.മീരയും ബെന്യാമിനും. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മീററ്റില്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ആദരിച്ചുവെന്ന പത്രവാര്‍ത്ത പങ്കുവച്ച് മീര ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇവര്‍ തമ്മിലുള്ള പരസ്യമായ വാക്‌പോരിലേക്ക് എത്തിയത്. തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപതുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ എന്നായിരുന്നു മീരയുടെ പോസ്റ്റ്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കന്മാരും എഴുത്തുകാരും മീരയെ വിമര്‍ശിച്ച് രംഗത്തെത്തി.
മീരയുടെ പോസ്റ്റിനെ വിവരമില്ലായ്മയെന്നാണ് ബെന്യാമിന്‍ വിശേഷിപ്പിച്ചത്. ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണമെന്നുമുള്ള വിവരമില്ലായ്മയാണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടം എന്നായിരുന്നു ബെന്യാമിന്‍ മീരയെ വിമര്‍ശിച്ച് എഴുതിയത്. എന്നാല്‍ ബെന്യാമിന്റെ വിമര്‍ശനത്തില്‍ പ്രകോപിതയായ മീര ബെന്യാമിന്റെ അതേ ഭാഷയില്‍ മറുപടി പറയുന്നുവെന്ന് കുറിച്ച് രംഗത്തെത്തുകയായിരുന്നു. 'ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല. മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എഴുത്തുകാര്‍ തമ്മില്‍ പരസ്യമായി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ ഇരുവരെയും പരിഹസിച്ച് വി.ടി.ബല്‍റാമും രംഗത്തെത്തി. 'എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തില്‍ സംഭവിക്കുന്നത്! ഈ പ്രമുഖ മലയാള നോവലിസ്റ്റുകള്‍ ഇതെന്ത് ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും സംഘ് പരിവാറിന് വിദൂരമായിപ്പോലും വിജയ സാധ്യതയില്ലാത്ത തൃത്താല പോലുള്ള ഏതെങ്കിലും മണ്ഡലങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ളവരാണ് നിങ്ങള്‍ എന്ന് മറന്നുപോവരുത്. 2026 ഇങ്ങ് അടുത്തെത്താനായി. വിജയന്‍ ഫാന്‍സ് പാര്‍ട്ടിയുടെ സാംസ്‌ക്കാരിക ബ്രാഞ്ച് കമ്മിറ്റി അടിയന്തരമായി ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിപ്പിക്കണം.' എന്നായിരുന്നു ബല്‍റാം കുറിച്ചത്.
കോണ്‍ഗ്രസിനോളം ഗാന്ധി വിരുദ്ധരല്ല ഹിന്ദുമഹാസഭക്കാരെന്ന മീരയുടെ സര്‍ട്ടിഫിക്കറ്റ് ആപത്ക്കരമെന്നാണ് ഡോ.ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'കെ ആര്‍ മീരയുടേത് രാഷ്ട്രീയാഭിപ്രായമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ചരിച്ചത് ഗാന്ധിയുടെ പാതയിലായിരുന്നില്ല എന്നോ അതിനു നേര്‍ വിപരീതമായിട്ടായിരുന്നുവെന്നോ അവര്‍ കരുതുന്നു. കോണ്‍ഗ്രസ്സിനു ഗാന്ധിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പിന്നെയാണോ ഹിന്ദുമഹാസഭക്ക് കഴിയുക? എന്നു ചോദിക്കുമ്പോള്‍ ഹിന്ദുമഹാസഭക്ക് അനുകൂലമായ വാക്യമല്ല അതെന്നു തോന്നാം.
കോണ്‍ഗ്രസ്സിനോളം ഗാന്ധിവിരുദ്ധരല്ല ഹിന്ദുമഹാസഭക്കാര്‍ എന്ന സര്‍ട്ടിഫിക്കറ്റാണ് അതെന്നു വരുമ്പോള്‍ അത് ചരിത്രവിരുദ്ധവും ആപത്കരവുമാകുന്നു. അങ്ങനെയൊരു വാക്യം പക്ഷേ, കേരളത്തിലെ പിണറായി നയിക്കുന്ന സി പി എമ്മിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണ്. സംഘപരിവാരങ്ങളെക്കാള്‍ എതിര്‍ക്കപ്പെടേണ്ടത് കോണ്‍ഗ്രസ്സാണ് എന്ന നിലപാടിന്റെ സാംസ്‌കാരിക രംഗത്തെ വിപുലീകരണമാണത്.
ബന്യാമിനെ ക്ഷോഭിപ്പിക്കാന്‍ മാത്രം അതിലെന്തിരിക്കുന്നു എന്നാണ് മനസ്സിലാകാത്തത്. കേരളത്തിലെ ഭരണരാഷ്ട്രീയത്തെ പിന്തുണയ്ക്കാന്‍ അശോകന്‍ ചരുവിലിനോട് മത്സരിക്കുന്ന രണ്ടുപേര്‍ അന്യോന്യം കാണിക്കുന്ന അസഹിഷ്ണുത ഞെട്ടിക്കുന്നതാണ്.' ആസാദ് എഴുതി.
മീരയെ വിമര്‍ശച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖും രാജു പി നായരും രംഗത്തെത്തിയിരുന്നു. മീരയുടെ ഫിക്ഷന്‍ എഴുതാനുള്ള കഴിവ് പോസ്റ്റിലും കാണുന്നുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. പിണറായിസ്റ്റ് ആകാനുള്ള അശ്രാന്ത പരിശ്രമം ഇത്തരം അപടകടങ്ങളില്‍ എത്തിക്കുമെന്നും ആര്‍എസ്എസിനെ ചേര്‍ത്തുനിര്‍ത്തിയിരുന്ന പാരമ്പര്യമാണെങ്കിലും അവസാനഘട്ടത്തില്‍ സീതാറാം യെച്ചൂരിക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍ വിമര്‍ശിച്ചു.
മലയാളത്തിലെ മികച്ച എഴുത്തുകാര്‍ സോഷ്യല്‍ മീഡിയയില്‍ കവല ചട്ടമ്പികളെ പോലെ അടികൂടുന്നതിന് പിന്നില്‍ ഗാന്ധിവധത്തെ കുറിച്ചുളള ചര്‍ച്ചയല്ല കക്ഷി രാഷ്ട്രീയമാണെന്നും രണ്ടുപേരുടെയും പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മൂപ്പിളമ തര്‍ക്കമാണെന്നും വിമര്‍ശിച്ച് വായനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഏറെ ബഹുമാനിക്കുന്ന രണ്ടു എഴുത്തുകാര്‍ തമ്മില്‍ വളരെ മോശമായ ഭാഷയില്‍ നടത്തുന്ന വാക്‌പോരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചേരിതിരിഞ്ഞുള്ള പോര്‍വിളികളും രൂക്ഷമാണ്. ഭരണകൂടത്തെ പിന്തുണയ്ക്കുകയാണ് എഴുത്തുകാരുടെ ധര്‍മമെന്ന എം.മുകുന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തേ ടി.പത്മനാഭന്‍ രംഗത്തുവന്നിരുന്നു. സമാനമായ പോര്‍വിളികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.