മരണം അല്ലാതെ മുന്നില്‍ മറ്റൊന്നും ഇല്ലെന്ന് പറഞ്ഞവള്‍ ഫീനിക്സായി പറന്നുയര്‍ന്ന 'കത'

വേരുകള്‍ പടര്‍ന്ന് ഫ്‌ലഷ് ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലുള്ള ടോയ്‌ലറ്റ് ഉള്ള വാടക വീട്ടില്‍ അവളുടെ ഗര്‍ഭകാല ജീവിതം പോയി കണ്ടിട്ടുണ്ട്., കഴിക്കാന്‍ വൃത്തിയുള്ള ഒരു പ്ലേറ്റ് അവിടെ ഇല്ലെന്ന് കണ്ടു പുതിയ പ്ലേറ്റ് വാങ്ങി കൊടുത്ത് തിരിച്ചു വന്നിരുന്നു കരഞ്ഞിട്ടുണ്ട്..

dot image

'ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുപെണ്ണുങ്ങളുടെ കത' അസാധാരണ ജനപ്രീതി നേടിയ ഈ പുസ്തകത്തിന്റെ രചയിതാവിനെ നമ്മള്‍ മറക്കാനിടയില്ല, ആര്‍. രാജശ്രീ. ഫെയ്‌സ്ബുക്കിലെഴുതിത്തുടങ്ങിയ 'കത' നോവലായതും ആര്‍.രാജശ്രീ എന്ന എഴുത്തുകാരി ജനപ്രിയത നേടുന്നതും വളരെ പെട്ടെന്നായിരുന്നു. ഇപ്പോഴിതാ രാജശ്രീ കടന്നുപോയ കഠിനവഴികളെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് രാജശ്രീയുടെ സഹോദരി ദിവ്യശ്രീ. രാജശ്രീയെ കുറിച്ച് ദിവ്യശ്രീ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് അതിവേഗമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായത്.

ദിവ്യശ്രീയുടെ കുറിപ്പ് വായിക്കാം

'എത്രയൊക്കെ സ്വയം നിയന്ത്രിച്ചാലും,കാണെക്കാണെ കണ്ണു നിറഞ്ഞുപോകുന്ന ചില ചിരികളുണ്ട്.. ഈ ദിവസത്തെ, ഏറ്റവും മനോഹരമായ ഒന്നെന്നു മനസ്സില്‍ അടയാളപ്പെടുത്തിയിട്ടാണ് ഈ കുറിപ്പെഴുതുന്നത്.. അന്താരാഷ്ട്ര വനിതാ ദിനത്തില്‍, മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍, ചേച്ചിയെ കുറിച്ച് ഒരു വാര്‍ത്തയും ചിത്രവും ഉണ്ടായിരുന്നു. അത് വായിച്ചു സന്തോഷം കൊണ്ട് ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന അമ്മയിലേക്കാണ് ഞാന്‍ ഉണര്‍ന്നെഴുന്നേറ്റ് ചെല്ലുന്നത്. ചെറുതെന്ന് ലോകത്തിനു തോന്നുന്ന ചില സന്തോഷങ്ങള്‍ ചിലര്‍ക്ക് സമാനതകള്‍ ഇല്ലാത്തതാവും. പഠിക്കുന്ന ക്‌ളാസുകളില്‍ എല്ലാം, എഴുതുന്ന പരീക്ഷകളില്‍ എല്ലാം, കഥാമത്സരങ്ങളിലെല്ലാം, എവിടെയും ഒന്നാം സ്ഥാനക്കാരിയായിരുന്നൊരു പെണ്‍കുട്ടി, അതിന്റെ തുടര്‍ച്ചയെന്നോണം വളരെ എളുപ്പത്തില്‍ നടന്നു കയറിയതല്ല ഈ ചിരിയിലേക്ക്..

'അവളെ കണ്ടു പഠിക്കൂ ' എന്ന് മാത്രം കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്നിട്ടും, ഈ സമൂഹം വരച്ചു വച്ച എല്ലാ ചട്ടക്കൂടുകള്‍ക്കും അകത്ത്, വീട് - ടൈപ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പറഞ്ഞതുപോലെ അടങ്ങി ഒതുങ്ങി ജീവിച്ചൊരു പെണ്‍കുട്ടിയെ..അവളുടെ വിവാഹശേഷം, കണ്ടാല്‍ തിരിച്ചറിയാനാവാത്തത്ര ക്ഷീണിച്ച്, മരണം അല്ലാതെ എന്റെ മുന്‍പില്‍ ഇനി ഒന്നും ഇല്ല.. അതിനു വഴി ഞാന്‍ കണ്ടിട്ടുണ്ട് എന്ന് കരഞ്ഞു വീര്‍ത്ത കണ്‍പോളകളോടെ, പഠിപ്പിക്കുന്ന സ്‌കൂളിലെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ ഇരിക്കെ ഞാന്‍ പോയി കണ്ടിട്ടുണ്ട്.

'എത്ര വിരുന്നുകാര്‍ വന്നാലും അവള്‍ ഒറ്റയ്ക്ക് നോക്കിക്കോളും' എന്ന പ്രസ്താവന ഒരു കോംപ്ലിമെന്റ്‌റ് അല്ല എന്ന് അക്കാലത്ത് എനിക്കറിയില്ലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഇരുന്നു പുസ്തകം വായിക്കുന്ന, ചേച്ചിയുടെ ചിത്രം എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും എനിക്ക് സാധിക്കില്ല. പക്ഷേ അവള്‍ക്കൊട്ടും ഇഷ്ടമല്ലാതിരുന്ന നിറത്തിലുള്ള, പലവട്ടം ഇട്ടു പഴകിയ നൈറ്റി ഇട്ട് എപ്പോള്‍ ചെന്നാലും അടുക്കളയില്‍ മാത്രം നിന്ന് സംസാരിക്കുന്ന ചേച്ചി ഇപ്പോഴും വ്യക്തമായി ഓര്‍മയില്‍ ഉണ്ട്. വണ്ണം കൂടുതല്‍ ആയതുകാരണം ഗര്‍ഭിണി ആവുന്നില്ലെന്നു പറഞ്ഞു നിരന്തരം കുറ്റപ്പെടുത്തല്‍ കേട്ട്, തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലേക്ക് സ്വയം മാറ്റിയെടുത്തത് കണ്ടിട്ടുണ്ട്. സ്വന്തമായി സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നിട്ടും, വേരുകള്‍ പടര്‍ന്ന് ഫ്‌ലഷ് ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലുള്ള ടോയ്‌ലറ്റ് ഉള്ള വാടക വീട്ടില്‍ അവളുടെ ഗര്‍ഭകാല ജീവിതം പോയി കണ്ടിട്ടുണ്ട്., കഴിക്കാന്‍ വൃത്തിയുള്ള ഒരു പ്ലേറ്റ് അവിടെ ഇല്ലെന്ന് കണ്ടു പുതിയ പ്ലേറ്റ് വാങ്ങി കൊടുത്ത് തിരിച്ചു വന്നിരുന്നു കരഞ്ഞിട്ടുണ്ട്.. അങ്ങനെ എന്തൊക്കെ…
എല്ലാ സമരങ്ങളും അടുക്കളയില്‍ നിന്ന് തുടങ്ങുന്നു എന്നവള്‍ പറഞ്ഞത് വെറുതെയല്ല…

വര്‍ഷങ്ങള്‍ക്കിപ്പുറം, ഞങ്ങളുടെ വീട്ടില്‍, ഈ രാത്രിയില്‍ ഞാനിതിരുന്നെഴുതുമ്പോള്‍ അവള്‍ IMAയുടെ വനിതാദിനാഘോഷത്തില്‍ അതിഥിയായി സംസാരിക്കുകയാണ്. അനുഭവങ്ങളുടെ കനലില്‍ ചവിട്ടിയാണ് അവള്‍ എഴുത്തിലേക്കും ജീവിതത്തിലേക്കും തിരികെ നടന്നു കയറിയത്. 'എങ്കിലും കുടുംബം..' എന്ന് പറഞ്ഞു തീച്ചൂളയിലേക്ക് തിരികെ തള്ളിയിടാന്‍ ഞാന്‍ അടക്കം ശ്രമിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ജീവിതം കൊണ്ട്, അവളായിരുന്നു ശരി എന്ന് അവള്‍ പറഞ്ഞുതന്നു. ആരുമില്ലാതിരുന്നപ്പോഴും നല്ല സൗഹൃദങ്ങള്‍ അവളെ ചേര്‍ത്തു പിടിച്ചു.. സോഷ്യല്‍ മീഡിയയിലെ എഴുത്തുകള്‍ വായിച്ചു അക്ഷരങ്ങള്‍ക്കൊപ്പം ആളുകള്‍ ആ എഴുത്തുകാരിയെ സ്‌നേഹിച്ചു തുടങ്ങി.. ഒരു പ്രസാധകര്‍ അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.. ആ മടങ്ങിവരവില്‍ തന്റെ ആദ്യത്തെ നോവലിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തേടിയെത്തി…

ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ജീവിതം, മനുഷ്യര്‍, സമൂഹം ഒക്കെ മാറിക്കൊണ്ടിരിക്കും എന്നറിയാം. അതുകൊണ്ട് തന്നെ ചെറുതെങ്കിലും ഓരോ നേട്ടവും ഞങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കാറുണ്ട്… ഇഷ്ടമുള്ള പുസ്തകങ്ങളുമായി പുതിയ സാരികളൊക്കെ വാങ്ങി, വീട്ടിലെ കുട്ടികള്‍ക്കുള്ള പലഹാരങ്ങളുമായി ജോലി കഴിഞ്ഞു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് അവള്‍ വീട്ടില്‍ വരും.
ആ കാഴ്ച തന്നെ എന്ത് ഭംഗിയാണെന്നോ !

ഒന്നും അവസാനിക്കുന്നില്ല.. മറ്റൊരു രൂപത്തില്‍ മാറ്റി നിര്‍ത്തലുകള്‍, കുറ്റപ്പെടുത്തലുകള്‍, പരിഹാസങ്ങള്‍ ഒക്കെ ജീവിച്ചിരിക്കുന്ന കാലത്തോളം മനുഷ്യരെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും എന്നറിയാം. പക്ഷേ മനസ്സുകൊണ്ട് തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു പെണ്ണിനെ ആരെന്തു ചെയ്യാനാണ്?! അവള്‍ അങ്ങനെ ചിരിക്കട്ടെ.. ഒപ്പം ഞങ്ങളും..

Content Highlights: Divyasree writes about R Rajasree

dot image
To advertise here,contact us
dot image