
ബലാത്സംഗം ചെയ്ത യുവതിയെ മൂന്നുമാസത്തിനുള്ളില്‍ വിവാഹം ചെയ്യണമെന്ന നിബന്ധനയില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി വിരല്‍ ചൂണ്ടുന്നത് ഇന്നും നീതിന്യായ വ്യവസ്ഥയില്‍ വേരുറപ്പിച്ച പാട്രിയാര്‍ക്കിയിലേക്കാണ്. സ്ത്രീകളെ കുറിച്ച് മുന്‍വിധിയോടെയുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിനായി ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മാര്‍ഗരേഖയാക്കാവുന്ന കൈപ്പുസ്തകമിറക്കിയ സുപ്രീം കോടതിയുടെ നടപടി വളരെയധികം ശ്ലാഘിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ത്രീകളെ സമഭാവനയോടെ കാണുന്ന അവരുടെ അന്തസ്സിന് മങ്ങലേല്‍പ്പിക്കാത്ത അനുകൂല വിധികളും പഴയകാലത്തില്‍ നിന്ന് ഭിന്നമായി കോടതികളില്‍ നിന്നുണ്ടായി. എന്നാലിപ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെയെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് അലഹാബാദ് ഹൈക്കോടതി ചെയ്തത്. ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയുമായെത്തിയ സ്ത്രീയോട് നിങ്ങള്‍ താലിമാലയും സിന്ദൂരവുമണിഞ്ഞില്ലെങ്കില്‍ ഭര്‍ത്താവിന് എങ്ങനെയാണ് നിങ്ങളോട് താല്പര്യമുണ്ടാകുക എന്ന് പുണെയിലെ ജില്ലാ കോടതി ചോദിച്ചത് അടുത്തിടെയാണ്. പുരുഷമേധാവിത്വമൂല്യങ്ങളെ ഉപേക്ഷിക്കാനുള്ള വിമുഖത മാത്രമാണ് ഇത്തരം സമീപനങ്ങള്‍.
അലഹാബാദ് ഹൈക്കോടതി വിധിക്ക് ആധാരമായ കേസില്‍ രാജസ്ഥാനിലെ സികര്‍ ജില്ലക്കാരനായ പ്രതി കോച്ചിങ് സെന്ററില്‍ വച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത് 2024 ഫെബ്രുവരിയിലാണ്. പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പെണ്‍കുട്ടിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ഇവരില്‍ നിന്ന് 9 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. യുവതിയുടെയും വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 21ന് പ്രതിയെ അറസ്റ്റുചെയ്യുകയും ജയിലിലടയ്ക്കുകയുമായിരുന്നു. ജാമ്യാപേക്ഷയുമായി പ്രതി മുന്നോട്ടുനീങ്ങിയെങ്കിലും ആഗ്ര സെഷന്‍സ് കോടതി ഒക്ടോബറില്‍ അപേക്ഷ തള്ളി. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയെ പ്രതി സമീപിക്കുന്നത്. ഹൈക്കോടതിയാകട്ടെ നാട്ടുകൂട്ടം കല്പിക്കുന്നതുപോലെ കുറ്റാരോപിതന് മൂന്നുമാസത്തിനുള്ളില്‍ അതിജീവിതയെ വിവാഹം ചെയ്യണമെന്ന നിബന്ധനയോടെ ജാമ്യം നല്‍കി. ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ആ വിധിയില്‍ ജസ്റ്റിസ് കൃഷ്ണന്‍ പഹാല്‍ മറ്റൊരു നിരീക്ഷണം കൂടി മുന്നോട്ടുവച്ചു.' ഭരണഘടനയിലെ അനുച്ഛേദം 21 പ്രകാരം ഒരു വ്യക്തിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് തെളിയപ്പെടുന്നത് വരെ കുറ്റാരോപിതനാണെന്ന കാരണത്താല്‍ അവകാശത്തെ നിഷേധിക്കാനാവില്ല.' പ്രതിയുടെ മൗലികാവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അവിടെ ഉയരുന്ന ചോദ്യം ജാമ്യവ്യവസ്ഥയിലെ നിബന്ധനയാണ്. ബലാത്സംഗത്തിനുള്ള നീതി വിവാഹമാണോ? പഴയകാല ഖാപ് പഞ്ചായത്തുകളായി തുടരുകയാണോ ഈ നൂറ്റാണ്ടിലെ കോടതികള്‍ ചെയ്യേണ്ടത്?
'നിങ്ങള്‍ക്ക് അവളെ വിവാഹം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാകും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി നഷ്ടപ്പെടുകയും ജയിലിലേക്ക് പോകേണ്ടി വരികയും ചെയ്യും.നീ അവളെ വിവാഹം ചെയ്യുമോ?' പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്ത മോഹിത് സുഭാഷ് ചവാന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ശരദ് അരവിന്ദ് ബോബ്‌ഡെ ചോദിച്ച ചോദ്യം രാജ്യത്തുണ്ടാക്കിയ അലയൊലികള്‍ ചെറുതായിരുന്നില്ല. ചീഫ് ജസ്റ്റിന്റെ രാജി ആവശ്യപ്പെട്ടുയര്‍ന്ന മുറവിളികള്‍ക്കൊപ്പം രാജി ആവശ്യപ്പെട്ട് 5200 പേര്‍ ഒപ്പിട്ട ഹര്‍ജിയും അന്ന് സമര്‍പ്പിക്കപ്പെട്ടു. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു. 'അതിജീവിതയോട് പ്രതിയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതിലൂടെ അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ച പീഡകന്റെ കൈകളാല്‍ ജീവിതകാലം മുഴുവന്‍ ബലാത്സംഗം ചെയ്യപ്പെടാനാണ് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ നിങ്ങള്‍ വിധിച്ചിരിക്കുന്നത്.'
നേരത്തേ പറഞ്ഞതുപോലെ ബലാത്സംഗത്തിന്റെ നീതി വിവാഹമാണെന്ന് കോടതി ആവര്‍ത്തിക്കുമ്പോള്‍ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയങ്ങളുണ്ട്. അതിജീവിതയുടെ ക്ഷേമം ഉറപ്പുവരുത്തുകയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന സ്റ്റേറ്റിന്റെ കടമയാണ് ഒന്നാമത്തേത്. തന്നെയുമല്ല ഇത്തരമൊരു ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്താന്‍ കോടതിക്ക് സാധിക്കുമോ? ഒരു കുറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികള്‍ ആരംഭിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കപ്പെടുകയുമാണ് ചെയ്യേണ്ടത്. വിചാരണപോലും പൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ മുന്‍ധാരണയോടെ ഇത്തരം ജാമ്യവ്യവസ്ഥകള്‍ പുറപ്പെടുവിക്കുമ്പോള്‍ അത് വിചാരണ നടപടികളെ ഉള്‍പ്പെടെ ബാധിക്കും. അതിജീവിതയുമായി ബന്ധപ്പെടാന്‍ കുറ്റാരോപിതന്‍ ശ്രമിക്കരുതെന്ന വിധി 2021ല്‍ അപര്‍ണ ഭട്ട് v/s സുപ്രീം കോടതി കേസില്‍ സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. പീഡനം അതിജീവിതയില്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതം ചില്ലറയല്ല. നീതി തേടി നിയമത്തെ സമീപിക്കുക എന്ന തീരുമാനത്തിലെത്തിയ ശേഷം സമൂഹത്തിന്റെ വെര്‍ബല്‍ റേപ്പുള്‍പ്പെടെ അവള്‍ കടന്നുപോകേണ്ട വഴികള്‍ നിസ്സാരവുമല്ല. അതിനാല്‍ അതിജീവിതയുടെ മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമീപനങ്ങളാണ് കോടതിയില്‍ നിന്ന് ഉണ്ടാകേണ്ടത്. കോടതിയുടെ ഒരു തീരുമാനവും മറ്റൊരു ട്രോമയിലേക്ക് അവരെ തള്ളിയിടുന്നതാകരുത്!
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അയാള്‍ക്കും അവകാശപ്പെട്ട നീതി മുന്നില്‍കണ്ടുകൊണ്ടുതന്നെയാകണം. ജാമ്യ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതില്‍ ജസ്റ്റിസുമാര്‍ക്ക് നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയുമാകാം 2017ലെ തിവാരി v/s സ്റ്റേറ്റ് ഓഫ് ബിഹാര്‍ വിധിയില്‍ അക്കാര്യം പരാമര്‍ശിക്കുന്നുമുണ്ട്. പക്ഷെ അതുപോലെ പ്രധാനമാണ് ലിംഗാടിസ്ഥാനത്തിലുള്ള മുന്‍ധാരണകളോടെയോ, പാട്രിയാര്‍ക്കിയുടേയോ സ്വാധീനത്തില്‍ മാത്രമാകരുത് ആ നിബന്ധനകളെന്നുള്ളതും. ബലാത്സംഗത്തിനുള്ള പ്രതിവിധി വിവാഹമാണെന്ന ധ്വനിയാണ് ഇത്തരം ജാമ്യവ്യവസ്ഥകള്‍ വീണ്ടും സമൂഹത്തില്‍ ഉയര്‍ത്തുക. അതിജീവിതയുടെ അഭിമാനത്തെയും അവളുടെ ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കാനുള്ള അവകാശത്തെയും അത് ചോദ്യം ചെയ്യുന്നുണ്ട്. അവള്‍ക്കുള്ള നീതി നിഷേധിക്കപ്പെടുകയാണിവിടെ. വിചാരണ നടപടികളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടും. താല്പര്യമില്ലെങ്കില്‍ കൂടി ഭര്‍ത്താവിനെ സംരക്ഷിക്കുന്നതിനായി പെണ്‍കുട്ടി മൊഴിമാറ്റി പറയുന്നതിന് നിര്‍ബന്ധിതയായേക്കാം. വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ അവരുടെ വ്യക്തിബന്ധം എത്രത്തോളം ഊഷ്മളമായിരിക്കും? വിവാഹം കഴിഞ്ഞ് ജീവിതം ആരംഭിച്ച ശേഷം പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പിന്നീടുള്ള അവരുടെ ജീവിതം വീണ്ടും ഒരു ചോദ്യചിഹ്നമാകുകയല്ലേ?
നീതി ഉറപ്പാക്കേണ്ട കോടതിയുടെ സമീപനങ്ങള്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും മാധ്യമ വിചാരണകള്‍ക്കും വിധേയമാകുന്നുണ്ടെങ്കില്‍ പോലും ഊര്‍ജിതമായ എന്ത് തിരുത്തല്‍ നടപടികള്‍ നാം സ്വീകരിച്ചുവെന്ന ചോദ്യം മുഴച്ചുതന്നെ നില്‍ക്കുന്നുണ്ട്. കോടതിയും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ പ്രതിഫലനങ്ങള്‍ കോടതി വിധികളിലും കണ്ടേക്കാമെന്ന പതിവുമറുപടികള്‍ മാത്രം പോര നമുക്ക്. സ്ത്രീകളെ കുറിച്ചുള്ള മുന്‍ധാരണകളെ തിരുത്തുന്ന കൈപ്പുസ്തകം പോലെ വിധിന്യായങ്ങളെ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് മുന്‍ധാരണകളോടെ സമീപിക്കരുത് എന്നത് സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണം.
Content Highlights: Marry a Survivor, Get Bail;Verdicts Echo Khap Panchayat's Regressive Ruling