കടലില്‍ രണ്ട് തൂണുകള്‍, അവയ്ക്ക് മേലെയൊരു രാജ്യം; ഇത് സീലാന്‍ഡ്, ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

സീലാൻഡ് പ്രിൻസിപ്പാലിറ്റി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും, മിക്ക രാജ്യങ്ങളും സീലാൻഡിനെ അന്താരാഷ്ട്ര നിയമപ്രകാരം പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്നില്ല.

dot image

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം എന്ന് കേൾക്കുമ്പോൾ വത്തിക്കാനെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വത്തിക്കാനെക്കാളും ചെറിയ വലുപ്പമുള്ള രാജ്യം ഉണ്ടെന്ന് പറഞ്ഞാലോ? അതെ, സീലാൻഡ് ആണ് ആ രാജ്യം. വെറും 0.004 സക്വ. കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ ജനസംഖ്യ 50 ആണ്. ഇത് ഔദ്യോഗികമായി "പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്" എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ മാത്രം അകലെയാണ് ഈ രാജ്യം. ലോകത്തിലെ ഇരുന്നൂറിന് അടുത്ത് വരുന്ന രാജ്യങ്ങളിൽ ഒന്നാണ് "പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്". ഈ കുഞ്ഞൻ രാജ്യത്തിന് സ്വന്തമായി സൈന്യവും പതാകയും കറൻസിയും എല്ലാം ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. രണ്ടാം ലോകയുദ്ധ സമയത്ത് ജർമ്മൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഈ സ്ഥലം ഉപയോഗിച്ചയായി പറയപ്പെടുന്നു.

സീലാൻഡ് എങ്ങനെ ഉണ്ടായി?

രണ്ടാം ലോകയുദ്ധ സമയത്താണ് സീലാൻഡിനെ ബ്രിട്ടീഷുകാർ നിർമ്മിച്ചത്. ആ കാലത്ത് സൈന്യത്തിൻ്റെയും നാവികസേനയുടെയും കോട്ടയായി സീലാൻഡ് ഉപയോഗിച്ചിരുന്നു. യുകെ അതിർത്തിക്ക് പുറത്താണ് സീലാൻഡ് സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് യുകെ ഗവൺമെൻ്റിൻ്റെ മൗൺസെൽ കോട്ടകളുടെ ഭാഗമായ എച്ച്എം ഫോർട്ട് റഫ്സ് നിർമ്മിച്ചു. ഗൈ മൗൺസെൽ രൂപകൽപ്പന ചെയ്ത രണ്ടാം ലോക യുദ്ധത്തിലെ നിരവധി ഇൻസ്റ്റാളേഷനുകളിൽ ഒന്നാണ് എച്ച്എം ഫോർട്ട് റഫ്സ്. സമീപത്തെ അഴിമുഖങ്ങളിലെ പ്രധാന ഷിപ്പിംഗ് പാതകളെ സംരക്ഷിക്കുന്നതിനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഈ മൗൺസെൽ കോട്ടകൾ 1956-ൽ നിർത്തലാക്കപ്പെട്ടു. അങ്ങനെ ഡീകമ്മീഷൻ ചെയ്ത റഫ്സ് ടവർ പാഡി റോയ് മുൻ ബ്രിട്ടീഷ് ആർമി മേജറായ റോയ് ബേറ്റ്സും കുടുംബവും വാങ്ങുകയുണ്ടായി. ആദ്യം അത് ഒരു പൈറേറ്റ് റേഡിയോ സ്റ്റേഷനായി ആരംഭിക്കുകയും പിന്നീട് റോയ് ബേറ്റ്സ് അതിനെ ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയുമായിരുന്നു. തൻ്റെ ഭാര്യയെ സീലാൻഡിൻ്റെ രാജ്ഞിയായും തന്നെ രാജാവായും റോയ് പ്രഖ്യാപിച്ചു.

സീലാൻഡിലെ ഭരണം

അങ്ങനെയിരിക്കെ 1968-ൽ ബ്രിട്ടീഷ് സ‌ർക്കാർ റേഡിയോ സ്റ്റേഷന് പൊളിച്ച് മാറ്റാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് ബേറ്റ്‌സും മകൻ മൈക്കിളും പൊളിച്ച് നീക്കാനെത്തിയ തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ബ്രിട്ടീഷ് അതിര്‍ത്തിക്ക് പുറത്ത് നടന്നതിനാൽ കോടതി സീലാൻഡിനെതിരെ കേസ് എടുത്തിരുന്നില്ല, ഇത് സീലാൻഡിൻ്റെ പരമാധികാര രാജ്യ പദവിയെ അനുകൂലിക്കുന്നതാണെന്ന് അന്ന് പ്രസ്താവനകൾ ഉണ്ടായി. എന്നാൽ നിയമവിദഗ്ധർ ഇതിനെ പലപ്പോഴായി എതിർത്തിരുന്നു. പിന്നീട് പലപ്പോഴും ആക്രമണങ്ങൾ നേരിട്ടെങ്കിലും ​അതിനെയെല്ലാം സീലാൻഡ് നേരിട്ടു.

പിന്നീട് 2012-ൽ റോയ് രാജകുമാരൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകൻ മൈക്കിൾ സീലാൻഡിന്റെ രാജകുമാരനാവുകയായിരുന്നു. സീലാൻഡിന് ഒരു രാജ്യത്തിൻ്റേതെന്ന പോലെ അതിൻ്റേതായ ഭരണഘടന, പതാക, ദേശീയ ഗാനം, പാസ്‌പോർട്ടുകൾ സ്റ്റാമ്പുകൾ എല്ലാം ഉണ്ട്. ചെറിയ രാജ്യമാണെങ്കിൽ പോലും സീലാൻഡ് ഡിജിറ്റൽ മാറ്റങ്ങളും വളർച്ചയും ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്.

ഘടന

സീലാൻഡിൻ്റെ ഘടന വളരെ വ്യത്യസ്ഥമാണ് ഇതിൻ്റെ പ്ലാറ്റ്‌ഫോമിന് ഏകദേശം 4,000 ചതുരശ്ര അടിയാണുള്ളത്. ഒരു ഡെക്കിൽ രണ്ട് വലിയ ടവറുകൾ ബന്ധിപ്പിച്ചുകൊണ്ടാണ് സീലാൻഡ് നിർമ്മിച്ചിരിക്കുന്നത്. താമസ സൗകര്യങ്ങൾ, പവർ ജനറേറ്റർ തു‍ടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. സീലാൻഡിലെ ജനസംഖ്യയും എടുത്തു പറയേണ്ട ഒന്നാണ്. വളരെ കുറവ് ജനസംഖ്യയാണ് സീലാൻഡിൽ ഉള്ളത്. 2002-ലെ കണക്ക് അനുസരിച്ച് 27 പേർ മാത്രമാണ് സീലാൻഡിൽ ഉണ്ടായിരുന്നത്.

സമ്പദ് വ്യവസ്ഥ

സീലാൻഡിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയുന്നത് രാജ്യത്തിൻ്റെ നാണയങ്ങളും സ്റ്റാമ്പുകളും ഇഷ്യൂ ചെയ്യുന്നതിലും, വിനോദസഞ്ചാരത്തിലും, സീലാൻഡ് തീം മർചൻ്റൈസ് ചെയ്യുന്നതിലുമൊക്കെയാണ്. ഈ രാജ്യം കാണാനായി എത്തുന്നവർക്ക് മറ്റ് ഏത് രാജ്യത്തെയും പോലെ പല വേരിഫിക്കേഷനിലൂടെയും കടന്ന് പോകേണ്ടി വരും.

സ്വതന്ത്ര രാഷട്ര അംഗീകാരത്തിനായി പോരാടുന്ന ഒരു ചെറു രാജ്യത്തിൻ്റെ പോരാട്ടത്തെ പല കലാകാരന്മാരും റൊമാൻ്റിസൈസ് ചെയുകയും, മറ്റു പല എഴുത്തുകാർക്കും ചലച്ചിത്ര പ്രവർത്തകർക്കും പ്രചോദനം ആവുകയും ചെയുന്നുണ്ട്. പലപ്പോഴും പല ഡോക്യുമെൻ്ററികളുടെയും വാർത്താ ലേഖനങ്ങളുടെയും പ്രധാന വിഷയം കൂടിയാണ് ഈ ചെറു രാജ്യം. സീലാൻഡ് പ്രിൻസിപ്പാലിറ്റി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും, മിക്ക രാജ്യങ്ങളും സീലാൻഡിനെ അന്താരാഷ്ട്ര നിയമപ്രകാരം പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്നില്ല. അത്കൊണ്ട് തന്നെ ഒരു മൈക്രോനേഷനായി തുടരുകയാണ് സീലാൻഡ്. എന്നിരുന്നാലും കടലിൻ്റെ നടുക്കുള്ള ഈ കുഞ്ഞു രാജ്യത്തിന് ദീർഘകാലത്തേക്ക് നിലനിൽക്കാൻ കഴിയുമോ ഇല്ലയോ എന്നത് ഒരു ചോദ്യമായി തന്നെ തുടരുന്നു.

Content Highlights: The smallest country in the world, Sealand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us