പകുതിയിലധികം ഇതിനകം തന്നെ കടലെടുത്തതാണ്; ബാക്കി മണ്ണ് കൂടി വഖഫ് ബോർഡെടുത്താൽ മുനമ്പത്തുകാർ എന്ത് ചെയ്യും?

ആദ്യം ഫാറൂഖ് കോളേജും ഇപ്പോൾ വഖഫ് ബോർഡും തങ്ങൾ നൂറ്റാണ്ടുകളായി ജീവിച്ചുവന്നിരുന്ന മണ്ണിൽ അവകാശ വാദം ഉന്നയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് എറണാകുളം ജില്ലയിലെ തീരപ്രദേശമായ മുനമ്പത്തിലെ മനുഷ്യർ. അവരുടെ മനുഷ്യാവകാശ ഭരണാവകാശ പ്രശ്നങ്ങളിലേക്ക് ഒരു അന്വേഷണം

dot image

കേരളത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള കടൽതീരങ്ങളിൽ ഒന്നാണ് മുനമ്പം ബീച്ച്. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്ത് നീണ്ടുനിവർന്ന് നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിനാലും പെരിയാർ നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. പരിമിതമാണെങ്കിലും ഉള്ള സൗകര്യങ്ങളിൽ സമാധാനത്തോടെ ജീവിച്ചിരുന്ന, മൽസ്യബന്ധനം മുഖ്യ തൊഴിലായിട്ടുള്ള ഇവിടുത്തെ മനുഷ്യർ പക്ഷേ ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനങ്ങൾക്കുമെതിരെ തങ്ങളുടെ ഏക ഉപജീവന മാർഗമായ മൽസ്യ ബന്ധനവും മാറ്റിവെച്ച് സമരം ചെയ്യുകയാണ് ഈ അറുന്നൂറോളം കുടുംബങ്ങൾ.

പലരുടെയും വള്ളങ്ങളും തോണികളും കരയിൽ സ്ഥാപിച്ചിട്ടുള്ള മീൻ പിടിത്ത ഉപകരണങ്ങളും പ്രവർത്തനം നിലച്ചിട്ടിട്ട് മാസങ്ങളായി. ഒരു വശത്ത് ജീവനും ജീവിതം നിലനിർത്താനുള്ള പെടാപ്പാടും അതിനൊപ്പം ജനിച്ചുവളർന്ന കരയും മണ്ണും കൈവിടാതിരിക്കാനുള്ള പ്രതിരോധത്തിലുമാണവർ. അറുന്നൂറോളം കുടുംബങ്ങളുടെയും അതിലെ രണ്ടായിരത്തിന് മുകളിൽ വരുന്ന മനുഷ്യരുടെയും അവരുടെ ആവാസ വ്യവസ്ഥയെയും വരെ ബാധിക്കുന്ന പ്രശ്നമായിട്ടും മുഖ്യധാരാ കേരളം ഇത് വരെയും ഇത് കാര്യമായി ചർച്ച ചെയ്യാത്തത് എന്ത് കൊണ്ടാണ്? എറണാകുളം ജില്ലയുടെ 'പ്രാന്ത പ്രദേശം' എന്ന് പൊതുസമൂഹം മുദ്ര ചാർത്തപ്പെട്ട മുനമ്പത്തിനും അവിടുത്തെ മനുഷ്യർക്കും മലയാളി നൽകുന്ന മനുഷ്യാവകാശത്തിന്റെ വിലയാണോ അത്?. മുനമ്പത്തിന്റെയും അവിടുത്തെ മനുഷ്യരുടെ മനുഷ്യാവകാശ ഭരണാവകാശ പ്രശ്നങ്ങളിലേക്ക് ഒരു മാനുഷിക നോട്ടം.

എന്താണ് മുനമ്പം പ്രശ്നം?

മുനമ്പവും മുനമ്പത്തുക്കാരും നേരിടുന്ന പ്രശ്‌നത്തിനും അവരുടെ പ്രതിരോധങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്. വഖഫ് ബോർഡ് ഇപ്പോൾ അവകാശ വാദം ഉന്നയിച്ച ഈ ഭൂമിയിൽ സർക്കാർ രേഖയിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഒരു ക്രിയവിക്രയം നടക്കുന്നത് 1902 ലാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ ഉടസ്ഥതായിരുന്നു അന്ന് ഈ ഭൂമി. അന്ന് ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തിയ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് 404 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി തിരുവിതാംകൂർ രാജാവ് പാട്ടത്തിന് കൊടുക്കുകയുണ്ടായി. അന്നും അതിന് മുമ്പും മൽസ്യ ബന്ധനത്തിലൂടെ തന്നെ ഉപജീവനം നടത്തിയിരുന്ന പ്രദേശത്തെ മനുഷ്യർക്ക് അതിനുള്ള സ്ഥലം മാറ്റി വെച്ചായിരുന്നു പാട്ടം കരാർ.

പിന്നീട് രാജ്യം സ്വാതന്ത്രം നേടിയതോടെ പാട്ടത്തിന് പിതാവെടുത്തിരുന്ന ഈ ഭൂമി അദ്ദേഹത്തിന്റെ മകൻ സിദ്ധിഖ് സേട്ട് തന്റെ പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങി. ഈ രജിസ്റ്റർ ചെയ്ത ഭൂമികളിൽ, മൽസ്യ തൊഴിലാളികൾ നൂറ്റാണ്ടായി ജീവിച്ചുപോന്ന, തിരുവിതാംകൂർ രാജാവ് അവർക്ക് നീക്കിവെച്ച ഭൂമി കൂടിയുണ്ടായിരുന്നു. ശേഷം സിദ്ധിഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് ഈ ഭൂമി കൈമാറി. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ കീഴിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സമയം കൂടിയായിരുന്നുവത്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനോട് വലിയ അടുപ്പമുണ്ടായിരുന്ന സിദ്ധിഖ് സേട്ട് വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയും അതിൽ വെച്ചിരുന്നു. ഭാവിയിൽ ഫാറൂഖ് കോളേജ് ഇല്ലാതെയാവുകയാണെങ്കിൽ ഭൂമി അന്യാധീനപ്പെട്ടു പോവാതിരിക്കാൻ തന്റെ പിന്മുറക്കാർക്ക് നൽകണമെന്നും സേട്ട് അധിക വ്യവസ്ഥ വെച്ചു. ഈ വ്യവസ്ഥകൾ വെക്കുന്നതിന് മുമ്പും ശേഷവും പ്രാദേശിക വാസികൾ അവിടുത്തെ ഭൂമി താമസങ്ങൾക്കും മറ്റും ഉപയോഗിക്കുകയും കുടികിടപ്പവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് നികുതിയടക്കുകയും ചെയ്തിരുന്നു.

കോളേജോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ തുടങ്ങുന്നതിൽ ഫാറൂഖ് മാനേജ്‌മെന്റ് ഉടനൊരു നീക്കം നടത്താത്തത് കൊണ്ട് തന്നെ ആ ഒരു സാഹചര്യം വർഷങ്ങളോളം അങ്ങനെ തന്നെ തുടർന്നു. എന്നാൽ കാലങ്ങൾക്ക് ശേഷം ഫാറൂഖ് മാനേജ്‌മെന്റും തദ്ദേശ വാസികളുമായി ഭൂമിയുടെ വിനിയോഗത്തിൽ അസ്വാരസ്യങ്ങളുണ്ടായി. ഫാറൂഖ് കോളേജ് ഭൂമി തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയതെന്ന് വാദിച്ചപ്പോൾ തങ്ങളുടെ മുൻ തലമുറ ഒന്നര നൂറ്റാണ്ടോളം ജീവിച്ച മണ്ണാണെന്ന് മുനമ്പത്തുക്കാരും വാദിച്ചു. തർക്കങ്ങൾ വർഷങ്ങളോളം

അങ്ങനെ തന്നെ തുടർന്നു.

ഒന്നര നൂറ്റാണ്ട് തങ്ങൾ ജീവിച്ച മണ്ണ് മുനമ്പത്തുകാർ ഇരട്ടി വിലകൊടുത്ത് വാങ്ങി

തർക്കം കോടതിയിലെത്തിയതോടെ മുൻതൂക്കം ഫാറൂഖ് മാനേജ്‌മെന്റിനായി. നിത്യവൃത്തിക്കായി കടലിൽ പോയിരുന്ന സാധാരണ മൽസ്യ തൊഴിലാളികൾക്ക് കോടതി കൂടി കയറിയിറങ്ങാൻ വയ്യായിരുന്നു. അങ്ങനെ ഗത്യന്തരമില്ലാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി ഫാറൂഖ് മാനേജ്‌മെന്റ്റ് പറഞ്ഞ തുകയ്ക്ക് മുനമ്പത്തുക്കാർ ഈ ഭൂമി വാങ്ങി. അന്ന് സമീപ പ്രദേശങ്ങളിലെല്ലാം 100 രൂപയിൽ കുറവായിരുന്ന ഭൂമി അവർ 250 രൂപയോളം കൊടുത്താണ് വാങ്ങിയത്. മൽസ്യ ബന്ധനം മാത്രം തൊഴിലായിട്ടുള്ള മനുഷ്യർ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയാൽ ഉപജീവനത്തിന് എന്ത് ചെയ്യും എന്ന ആശങ്കയിൽ നിന്ന് കൂടിയാണ് അന്നം തന്നെയായ കടൽക്കര തന്നെ വലിയ വില കൊടുത്ത് അവർ വാങ്ങിയത്. അങ്ങനെ ഫാറൂഖ് മാനേജ്‌മെന്റ് ഒപ്പിട്ട ആധാരങ്ങൾ ഇവർക്ക് നൽകി.

ഇത്തവണ അവകാശ വാദം വഖഫ് ബോർഡ് വക

1993 ലാണ് ഫാറൂഖ് മാനേജ്‌മെന്റ് അവസാന ആധാര കൈമാറ്റവും നടത്തിയത്. ശേഷം മൂന്ന് പതിറ്റാണ്ടോളം ഇവർ സമാധാനത്തോടെ ജീവിച്ചു. കടൽ വറുതിക്കിടയിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും അടിസ്ഥാന സാഹചര്യവും കെട്ടിപൊക്കി. കടൽ ശോഷണത്തിൽ ഇവരുടെ ഭൂമി നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. അതിനിടയിൽ 2022 ലാണ് അടുത്ത വെല്ലുവിളി വരുന്നത്. 2022 ജനുവരിൽ ഒരു പ്രദേശവാസി കരമടയ്ക്കാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഒരു പദ്ധതിയുടെ കഥയറിയുന്നത്. മറ്റൊരാൾ കൂടി ഭൂമിയിൽ അവകാശമുന്നയിച്ചിട്ടുണ്ടെന്നും അതിനാൽ കരമടയ്ക്കാൻ പറ്റില്ലെന്നും പറഞ്ഞ് തഹസിൽദാർ അന്ന് പ്രദേശവാസിയെ തിരിച്ചയച്ചു. 2019 ൽ ഭൂമിയിൽ അവകാശ വാദമുന്നയിച്ച് രഹസ്യമായി വഖഫ് ബോർഡ് നടത്തിയ നീക്കമായിരുന്നുവത്. ശേഷം നടന്ന അന്നാട്ടുകാരുടെ ചെറുത്തുനില്പിനും കോടതി ഇടപെടലിനും ഒടുവിൽ അറുന്നൂറ് കുടുംബങ്ങൾക്കും കരമടയ്ക്കാൻ അനുമതി നൽകി. എന്നാൽ അനുമതി നൽകിയതിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ കാണുകയും സ്റ്റേ വാങ്ങുകയും ചെയ്തു. അതോടെ മുനമ്പത്തുകാർ വീണ്ടും പ്രതിസന്ധിയിലായി.

ഭൂമിയിലെ അവകാശത്തിൽ കോടതിയും സംശയം ഉന്നയിച്ചതോടെ ഇന്നാട്ടുകാർക്ക് ഭൂമിയിലുള്ള 90 ശതമാനം അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ക്രിയവിക്രയം നടത്താനോ ലോൺ എടുക്കാനോ ഈട് വെക്കാനോ പണയം വെക്കാനോ കഴിയാതെയായി. അതിസാധാരണക്കാരുടെ ജീവിതവും വിദ്യാഭ്യാസവും ജീവിത നിലവാരവുമെല്ലാം കുത്തനെ താഴേക്ക് പോയി. നിലവിൽ കോടതിയുടെ അടിയന്തര ഇടപെടലിൽ പ്രതീക്ഷയോടെ കാത്ത് നിൽക്കുയാണ് ഈ മനുഷ്യർ.

വഖഫ് ബോർഡിന്റെ വാദം, മൽസ്യ തൊഴിലാളികളുടെ അവകാശം

1950 ൽ സിദ്ധിഖ് സേട്ട് തനിക്ക് പരമ്പരാഗത സ്വത്തായി കിട്ടിയ ഭൂമി ഫാറൂഖ് മാനേജ്‌മെന്റിന് കൊടുത്തപ്പോൾ വ്യവസ്ഥയ്ക്കൊപ്പം ചേർത്ത 'വഖഫ്' എന്ന പദം ഉപയോഗിച്ചാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. എന്നാൽ തങ്ങൾ നൂറ്റാണ്ടായി ജീവിച്ചുപോന്ന ഭൂമി , പിന്നീട് ഫാറൂഖ് മാനേജ്‌മെന്റിൽ നിന്നും ഇരട്ടി വില കൊടുത്ത് വരെ വാങ്ങിയിട്ടും പിന്നെയും മറ്റൊരു അവകാശി എങ്ങനെ എത്തുന്നു എന്നതാണ് മൽസ്യ തൊഴിലാളികളുടെ ചോദ്യം. വഖഫ് ഭൂമി എങ്ങനെയാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് ഇവർക്ക് വിൽപ്പന നടത്തിയത് എന്ന ചോദ്യവും ഇതിന് മുന്നിലുണ്ട്. വഖഫ് നിയമപ്രകാരം ലഭിച്ച ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകുന്നത് നിയമലംഘനമാണെന്നിരിക്കെ ഭൂമി 'വഖഫ് ' ആണെങ്കിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് ചെയ്തത് ഗുരുതര തെറ്റ് കൂടിയാണ്. അങ്ങനെയെങ്കിൽ ആ തെറ്റിന് പാവം ഞങ്ങളെന്തിന് അനുഭവിക്കുന്നു എന്നവർ ചോദിക്കുന്നു. 'വഖഫ് ബോർഡ് ' നിയമ പ്രകാരം വഖഫ് ചെയ്ത ഭൂമി മൂന്ന് വർഷത്തിനുള്ളിൽ തരം മാറ്റണമെന്ന് നിയമുണ്ട്. ഇവിടെ വഖഫ് ബോർഡ് അവകാശപ്പെടുന്ന പ്രകാരം 1950 ലെ കൈമാറ്റ കരാറിൽ 'വഖഫ്' എന്ന പദം ഉണ്ടെങ്കിൽ തന്നെ അതുമായി വാദ മുന്നയിച്ചു വരാൻ എന്താണ് ഇത്രയും കാലം വൈകിയത് എന്ന ചോദ്യവും കോടതിക്ക് മുന്നിൽ മുനമ്പത്തുക്കാർ മുന്നോട്ടുവെക്കുന്നു.

വേണ്ടത് നീതിയിലും അവകാശത്തിലുമുള്ള അവസാന തീർപ്പ്

നൂറ്റാണ്ടുകളായി ഇതേ മണ്ണിൽ ജീവിച്ചുപോരുന്ന മുനമ്പത്തുക്കാർക്ക് വേണ്ടത് നീതിയിലും അവകാശത്തിലുമുള്ള അവസാന തീർപ്പാണ്. ആദ്യം 1950 ൽ തിരുവിതാംകൂർ രാജാവ് പാട്ടത്തിനായി ഭൂമി മറ്റൊരാൾക്ക് നൽകിയപ്പോഴും ശേഷം ഫാറൂഖ് മാനേജ്‌മെന്റ് ഭൂമിയിൽ അവകാശം ചോദിച്ചപ്പോൾ ഇരട്ടി വില കൊടുത്ത് പൂർവ്വികരുടെ മണ്ണ് നിലനിർത്തി പോന്ന അവർക്ക് ഇനി ഒരു വിലപേശൽ കൂടി നേരിടാനാവില്ല. അതേ ഭൂമിയിൽ ജീവിക്കേണ്ടത് നീതി എന്നതിനപ്പുറം അവരുടെ ഭരണാവകാശവും മനുഷ്യാവകാശവുമാണ്.

വ്യത്യസ്ത മതവിഭാഗത്തിലും ജാതിയിലും പെടുന്നവർ ജീവിക്കുന്ന ഒരിടം എന്നിരിക്കെ ഒരു 'പ്രത്യക വിഭാഗത്തിന്റെ നിയമം' ഒരു സമൂഹത്തെ മുഴുവൻ ഉപദ്രവിക്കുന്നു എന്ന നിലയിൽ സമൂഹത്തിൽ സ്പർദ്ധ ഉണർത്താനുള്ള ശ്രമവും ഇപ്പോൾ നടക്കുന്നുണ്ട്. 'വഖഫ് ബോർഡ്' മായി ബന്ധപ്പെട്ട് ഈയിടെ നടന്ന വിവാദങ്ങളും ചർച്ചയുമായി ഇതിനെ കൂട്ടിക്കലർത്താതെ ഭേദഗതികൾ ആവശ്യമെങ്കിൽ അത് വരുത്തി തന്നെ മുന്നോട്ട് പോയി മുനമ്പത്തിലെ മനുഷ്യരുടെ മനുഷ്യാവകാശങ്ങളും ഭരണാവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണം. ഈ വിഷയത്തിലുള്ള ഒരേ നീതിയും അതുതന്നെയാണ്.

Content Highlights: Munambam Waqf land issue; Waqf board, Farook college

dot image
To advertise here,contact us
dot image