കടം വാങ്ങി തുടങ്ങിയ സംരംഭം സാമ്രാജ്യമായ കഥ, ഇന്ത്യയിലെത്തിയപ്പോള്‍ വിവാദവും; അറിയാം ലേയ്‌സിന്റെ ചരിത്രം

ലേയ്‌സിന്റെ കൈയിലാണ് ഇന്ത്യന്‍ പൊട്ടറ്റോ ചിപ്‌സ് വിപണിയുടെ 50 ശതമാനവും

സ്നേഹ ബെന്നി
1 min read|08 Nov 2024, 02:49 pm
dot image

പാക്കറ്റ് ഫുഡ് കഴിക്കുന്നത് അപകടമാണെന്ന് പറയുമ്പോഴും പ്രായഭേദമന്യേ ആളുകള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് ലേയ്‌സ്. വലിയ വില കൊടുക്കാതെ നമുക്കിഷ്ടമുള്ള രുചിയില്‍ പൊട്ടറ്റോ ചിപ്‌സ് കഴിക്കാം എന്നതാണ് ലെയ്‌സിനെ അത്രയേറെ ജനപ്രിയമാക്കുന്നത്. ഇന്ന് ലോകം കീഴടക്കുന്ന പൊട്ടറ്റോ ചിപ്‌സിന്റെ സാമ്രാജ്യം വളര്‍ത്തിയെടുത്തത് ഹെര്‍മല്‍ ലേ എന്ന ഒരു സാധാരണ മനുഷ്യന്റെ ബുദ്ധിയാണ്.

1909ല്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് എന്ന സ്ഥലത്താണ് ഹെര്‍മെന്‍ ലേ ജനിക്കുന്നത്. ചെറുപ്പം മുതലേ ലേക്ക് ബിസിനസിനോടായിരുന്നു താല്പര്യം. വീടിനടുത്തുള്ള ബേസ്‌ബോള്‍ ഗ്രൗണ്ടിനടുത്ത് ചെറിയ മേശയിട്ട് സോഫ്റ്റ് ഡ്രിങ്ക് വിറ്റ് തുടങ്ങിയതാണ് ലേയുടെ കച്ചവടം. വളര്‍ന്നപ്പോള്‍ ബിരുദ പഠനം ഉപേക്ഷിച്ച് ആ പയ്യന്‍ ഒരു ബിസിനസ് കമ്പനിയില്‍ ജോലിക്ക് കയറി. എന്നാല്‍ 1929 മുതല്‍ 1939 വരെ അമേരിക്കയെ പിടിച്ച് കുലുക്കിയ ഗ്രേറ്റ് ഡിപ്രഷന്‍ സമയത്ത് ലേക്ക് തന്റെ ജോലി നഷ്ടമായി. എന്നാല്‍ അതു കൊണ്ടൊന്നും ലേ പരാജയപ്പെട്ടില്ല. അന്വേഷണങ്ങല്‍ക്കൊടുവില്‍ ബാരറ്റ് ഫുഡ് പ്രൊഡക്റ്റ്‌സ് കമ്പനിയില്‍ സെയില്‍സ്മാന്‍ ആയി ജോലി കിട്ടി. വാഹനവുമായി സഞ്ചരിച്ച് ചിപ്‌സ് വില്‍ക്കുകയായിരുന്നു ജോലി. അതില്‍ ഹെര്‍മന്‍ ലേ വളരെ പെട്ടെന്ന് മുന്നേറി.

ചിപ്‌സിന്റെ മാര്‍ക്കറ്റ് പഠിച്ച ലേ 1932ല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങി. എച്ച്ഡബ്ല്യുലേ ആന്റ് കമ്പനി എന്നപേരില്‍ തുടങ്ങിയ ചിപ്‌സ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി നല്ല ബിസിനസ് നടത്തി. ഡിസ്ട്രിബ്യൂഷന്റെ വേണ്ടി ചിപ്‌സ് എടുത്തിരുന്നത് ബാരറ്റ് കമ്പനിയില്‍ നിന്ന് തന്നെ ആയിരുന്നു. പക്ഷേ ആറുവര്‍ഷത്തിനു ശേഷം വീണ്ടുമൊരു പ്രതിസന്ധി ലേയെ തേടിയെത്തി. ബാരറ്റ് കമ്പനി ഉടമ അന്തരിച്ചു. ഇതോടെ കമ്പനി വില്‍ക്കാന്‍ കമ്പനി ഉടമയുടെ കുടുംബം തീരുമാനിച്ചു. ആ കമ്പനി വാങ്ങുകയല്ലാതെ ലേക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ ആയി. അങ്ങനെ ബാരറ്റ് ഫുഡ് പ്രൊഡക്റ്റ്‌സ് എച്ച് ഡബ്ല്യു ലേ എന്ന പേരില്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി. ലേയ്‌സ് എന്ന പേരില്‍ ചിപ്‌സ് വില്‍പ്പന ആരംഭിച്ചു.

അന്നത്തെ കാലത്ത് പേപ്പര്‍ ബാഗുകളില്‍ ആയിരുന്നു ചിപ്‌സ് വിറ്റിരുന്നത്. ഇത് ചിപ്‌സ് പെട്ടെന്ന് തണുത്തുപോകാനും കേടാകാനുമൊക്കെ കാരണമാകുവായിരുന്നു. ലേ അതിനൊരു പരിഹാരം കണ്ടു. ഗ്ലാസിന്‍ എന്ന പേപ്പര്‍ കൊണ്ട് കവറുണ്ടാക്കുക. ഒപ്പം ചിപ്‌സ് വില്‍പ്പന വ്യാപകമാക്കാന്‍ കുറഞ്ഞ വിലയില്‍ ചെറിയ പാക്കറ്റുകളില്‍ ചിപ്‌സ് വിറ്റു തുടങ്ങി. ഈ പരിഷ്‌കരണങ്ങള്‍ ചിപ്‌സ് വില്‍പ്പനയെ കാര്യമായിട്ട് തന്നെ വളര്‍ത്തി. ലേയ്‌സ് അമേരിക്കയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. പക്ഷേ ആ സമയത്താണ് രണ്ടാം ലോക മഹായുദ്ധം വരുന്നത്. അവശ്യ സാധനങ്ങളുടെ നിര്‍മാണമൊഴികെ ബാക്കിയെല്ലാം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അത് ലേയുടെ കമ്പനിക്ക് തിരിച്ചടിയായി. നിര്‍മാണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ പൊട്ടറ്റോ ചിപ്‌സും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ പെട്ടു. അങ്ങനെ വീണ്ടും വില്‍പ്പന വിജയകരമായി നടന്നു.


യുദ്ധം അവസാനിച്ചപ്പോഴേക്കും ലേയുടെ കമ്പനി അമേരിക്കയിലെ രണ്ടാമത്തെ ഫുഡ് കമ്പനിയായി മാറിയിരുന്നു. അന്ന് ഒന്നാംസ്ഥാനത്ത് ഫ്രിറ്റോസ് ആയിരുന്നു. 1961ല്‍ ഫ്രിറ്റോസും ലേയ്‌സു കൈകോര്‍ത്തു ഫ്രിറ്റോലേ എന്ന കമ്പനി രൂപീകൃതമായി.

1962ല്‍ ലേയുടെ ഉരുളക്കിഴങ്ങ് ചിപ്‌സ് ആദ്യമായി അതിര്‍ത്തി കടന്നു. മറ്റു രാജ്യങ്ങളിലും ലേയ്‌സ് ഹിറ്റായി. 1965ല്‍ ലേയ്‌സ് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കുന്ന പെപ്‌സി കോള കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. പെപ്‌സികോ എന്ന ബ്രാന്‍ഡ് നെയിമില്‍ പ്രൊഡക്റ്റുകള്‍ ഇറക്കി തുടങ്ങി.

1995ലാണ് ലേയ്‌സ് ഇന്ത്യയിലെത്തുന്നത്. ഈ ലേയ്‌സിന്റെ കൈയിലാണ് ഇന്ത്യന്‍ പൊട്ടറ്റോ ചിപ്‌സ് വിപണിയുടെ 50 ശതമാനവും. വെറും 5 വര്‍ഷത്തിനുള്ളിലാണ് ലേയ്‌സ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ചിപ്‌സ് കമ്പനിയായി മാറിയത്. 200ലധികം രാജ്യങ്ങളില്‍ ഇന്ന് ലേയ്‌സ് കിട്ടുന്നുണ്ട്. അതും ആ രാജ്യങ്ങളിലെ പ്രത്യേക രുചികളില്‍. 2021ലെ കണക്കുപ്രകാരം ലോകത്തിലെ പൊട്ടറ്റോ ചിപ്‌സ് മാര്‍ക്കറ്റിന്റെ 41 ശതമാനവും ലേയ്‌സിന്റെ കൈയിലാണ്.

ഇന്ത്യയിലെ കര്‍ഷകരും പെപ്‌സിക്കോയും തമ്മിലുള്ള ഉരുളക്കിഴങ്ങ് പ്രക്ഷോഭം

ലെയ്‌സ് ചിപ്‌സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിന്റെ പേറ്റന്റ് ആര്‍ക്കെന്ന കാര്യത്തില്‍ ഒരു നീണ്ട നിയമപ്പോരാട്ടം കര്‍ഷകരും ഇന്ത്യയിലെ പെപ്‌സികോ കമ്പനിയും തമ്മില്‍ നടക്കുന്നുണ്ട്. നിലവിലെ വിധി അനുസരിച്ച് ഉരുളക്കിഴങ്ങ് ഇനത്തിന്റെ ഉടമസ്ഥാവകാശത്തിനായി പെപ്‌സിക്കോ നടത്തിയ റജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ജസ്റ്റീസ് യശ്വന്ത് വര്‍മ്മ, ജസ്റ്റീസ് ധര്‍മ്മേഷ് ശര്‍മ്മ എന്നിവരടങ്ങിയ ബഞ്ചാണ് 2023 ജൂലൈ 5 ലെ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് മാറ്റിവച്ചത്. ഇതോടെ ലെയ്‌സിലെ ഉരുളക്കിഴങ്ങിന്റെ പേറ്റന്റിനുള്ള അവകാശവാദം തുടരാന്‍ പെപ്‌സിക്കു കഴിയും.

2019ലാണ് കര്‍ഷകരും പെപ്‌സിക്കോ കമ്പനിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിക്കുന്നത്. എഫ്എല്‍ 2027 എന്നയിനത്തില്‍പ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്സികോ അവകാശപ്പെട്ടത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കര്‍ഷകരെ പ്രതി ചേര്‍ത്ത് പെപ്സികോ കേസ് രജിസ്റ്റര്‍ ചെയ്തു. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് കര്‍ഷകര്‍ 4.02 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. കമ്പനി നടപടിക്കെതിരെ കര്‍ഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താല്‍ക്കാലികമായി തടയുകയായിരുന്നു.

എഫ്എല്‍ 2027 ഉരുളക്കിഴങ്ങിന്റെ ഉടമസ്ഥര്‍ തങ്ങളാണെന്നും നിയമത്തിന് കീഴില്‍ അത് രജിസ്റ്റര്‍ ചെയ്ത ഇനമാണെന്നും പെപ്സികോ അതോറിറ്റിക്ക് മുമ്പില്‍ വാദിച്ചു. എന്നാല്‍ ഇതിന്റെ ഡോക്യുമെന്റേഷനെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്, കര്‍ഷകര്‍ ഇതു കൊണ്ട് ഒരാപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നായിരുന്നു. ഈ വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയന്‍സ് ഫോര്‍ സസ്റ്റയ്നബ്ള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ കണ്‍വീനര്‍ കവിത കുരുഗന്തി വാദിച്ചു. ഇത് അതോറിറ്റി ചെയര്‍പേഴ്സണ്‍ കെവി പ്രഭു അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് പെപ്‌സികോ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷന്‍ ബഞ്ചാകട്ടെ അതോറിറ്റിയുടെയും, സിംഗിള്‍ ജഡ്ജിന്റെയും വിധികള്‍ മാറ്റിവയ്ക്കുകയും പേറ്റന്റ് റജിസ്‌ട്രേഷന്‍ പുതുക്കാനായി കമ്പനി നല്‍കിയ അപേക്ഷ നിയമപ്രകാരം തീര്‍പ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഉരുളക്കിഴങ്ങിന്റെ വിത്തിനത്തിനുമേല്‍ കമ്പനിക്ക് പേറ്റന്റ് അവകാശപ്പെടാനാവില്ലായെന്ന വാദം കോടതി തള്ളി.



CONTENT HIGHLIGHTS: history of lays

dot image
To advertise here,contact us
dot image