സിവിൽ കലാപം കൊളംബിയയെ പിടിച്ചുലച്ച 1992-99 കാലഘട്ടം. പട്ടാളക്കാരും പൊലീസുദ്യോഗസ്ഥരും പ്രദേശത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന കാലം. അന്ന് കൊളംബിയയിൽ സാധാരണക്കാരായ നിരവധി പേർക്ക് വീടും ജോലിയും നഷ്ടമായി. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ തെരുവുകളിൽ ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞുനടന്നു.
അക്കാലത്ത് വീടുകൾ നഷ്ടപ്പെട്ട് തെരുവിലലയുന്നവരെ 'ഡിസ്‌പോസബിൾസ്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഡിസ്‌പോസബിൾ എന്ന് മുദ്രകുത്തപ്പെട്ടവരെ കാണാതായാലും അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. അറിഞ്ഞാലും ഗൗനിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശരി. കലാപങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് കൊളംബിയയിൽ നിന്ന് കുട്ടികളെ കാണാതായി. കാണാതാകപ്പെട്ടവരിൽ ഭൂരിഭാഗവും ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളായിരുന്നു. അന്വേഷിച്ച് വരാൻ ആരുമില്ലാത്തത് കൊണ്ടായിരിക്കാം, ആ മിസ്സിങ് കേസുകളൊന്നും പൊലീസ് കാര്യമായി എടുത്തതേയില്ല.
പല സ്ഥലത്തുനിന്നും പലപ്പോഴായും കൈകാലുകളില്ലാത്ത, ഉടൽ മാത്രമുള്ള, ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ആൺകുട്ടികളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി..ഇതോടെയാണ് കലാപത്തേക്കാൾ ഭീകരമായ മറ്റൊന്ന് കൊളംബിയയിൽ നടക്കുന്നുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നത്. അപ്പോഴേക്കും വർഷം ഏഴ് പിന്നിട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും 36 ആൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത കൊളംബിയയിലാകെ തീ പോലെ പടർന്നു.
യാതൊരു ദയയുമില്ലാതെ ഏഴ് വർഷത്തിനിടെ അയാൾ ക്രൂരമായി കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത 400ഓളം കുട്ടികളെയാണ്. വിലങ്ങിട്ട് പൊലീസ് വാഹനത്തിലേക്ക് നടക്കുന്ന അയാളെ നോക്കി കുട്ടികൾ അലറിവിളിച്ചു, 'ലാ ബേസ്തിയ', 'രാക്ഷസൻ'.
തെരുവിൽ വിശന്ന് അലയുന്ന കുട്ടികളായിരുന്നു അയാളുടെ ലക്ഷ്യം. അവർക്ക് മുന്നിലേക്ക് വൈദികനായും, കച്ചവടക്കാരനായും, സഹായിയായും, വൃദ്ധനായും അയാളെത്തും. മിഠായിയും ഭക്ഷണവും ജോലിയും നൽകാമെന്ന് പറഞ്ഞ് കുട്ടികളുടെ വിശ്വാസം അയാൾ സ്വന്തമാക്കും. പിന്നാലെ ഇവരെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. പിടിക്കപ്പെടുമ്പോൾ രാക്ഷസനെന്ന് വിളിക്കപ്പെട്ടിരുന്ന ആ മനുഷ്യന് പ്രായം 42. കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത് 136 കുട്ടികളെ. കൊളംബിയയെ ഒരു കാലത്ത് പിടിച്ചുലച്ച സീരിയൽ കില്ലർ, ലൂയിസ് ആൽഫ്രദോ ഗരാവിറ്റോ കുബെലോസ്.
1957 കൊളംബിയയിലെ ഗിനോവ എന്ന ഗ്രാമത്തിൽ മാനുവേൽ അന്റോണിയോ ഗരാവിറ്റ - റോസ ദിയോസ് കുഐസ് ദമ്പതികളുടെ മൂത്തമകനായായിരുന്നു ലൂയിസ് ഗരാവിറ്റോയുടെ ജനനം. നരകതുല്യമായിരുന്നു ലൂയിസിന്റെ കുട്ടിക്കാലം. മദ്യപാനിയായിരുന്നു അച്ഛൻ. അമ്മ ലൈംഗികതൊഴിലാളി. ഏഴ് സഹോദരങ്ങൾക്കൊപ്പം ഗിനോവയിലായിരുന്നു ലൂയിസിന്റെ താമസം. അച്ഛൻ മാനുവേലിന് ലൈംഗിക വൈകൃതമുണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് ലൂയിസ് വെളിപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട അച്ഛനാൽ പലപ്പോഴും ലൂയിസ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. അന്യപുരുഷന്മാരുമായി അമ്മ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കാണാൻ അച്ഛൻ ലൂയിസിനെ നിർബന്ധിക്കുമായിരുന്നു. അമ്മ റോസയെ മാനുവേൽ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. അമ്മയെ സംരക്ഷിക്കാനെത്തിയതിന്റെ പേരിൽ തന്നെ കസേരയിൽ കെട്ടിയിട്ട് മാനുവേൽ മർദ്ദിച്ചതായും ലൂയിസ് പറയുന്നുണ്ട്. ആഭ്യന്തര കലാപം ശക്തി പ്രാപിച്ചതോടെ ലൂയിസിന് കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് മാറിത്താമസിക്കേണ്ടി വന്നു.
അവിടെയായിരുന്നു ലൂയിസിന്റെ സ്‌കൂൾ വിദ്യാഭ്യാസം. കാഴ്ചപരിമിതിയുണ്ടായിരുന്ന ലൂയിസ് അക്കാലത്ത് കണ്ണടകൾ ധരിക്കുമായിരുന്നു. കണ്ണടയെ ചൊല്ലി സഹപാഠികൾ കളിയാക്കിയതായും തന്നോടൊപ്പം കളിക്കാൻ മടിയുള്ളവർ പോലുമുണ്ടായിരുന്നുവെന്നും ലൂയിസ് പറയുന്നുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ലൂയിസ്. പാഠങ്ങൾ പഠിക്കാത്തതിന് തന്നെ ശകാരിക്കുന്ന അധ്യാപകർ ആരും, തന്നെ കളിയാക്കുന്നവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല എന്നത് ലൂയിസിനെ വല്ലാതെ അലട്ടി.
ലൂയിസ് അഞ്ചാം ക്ലാസിലെത്തി. ഒരു വൈകുന്നേരം സ്‌കൂളിലേക്ക് ധൃതിയിലെത്തിയ മാനുവേൽ തന്റെ മകനെ ഇനി സ്‌കൂളിലേക്ക് അയക്കില്ലെന്ന് പറഞ്ഞു, കുട്ടിയുടെ കൈപിടിച്ചുവലിച്ച് വീട്ടിലേക്ക് നടന്നു. കുടുംബം ദാരിദ്രത്തിലാണെന്നും പണം കണ്ടെത്താൻ ലൂയിസ് ജോലിക്ക് പോകണമെന്നുമായിരുന്നു മാനുവേലിന്റെ ആവശ്യം.
കൂട്ടുകാരുമായി കൂട്ടുകൂടാൻ സാധിക്കില്ലെന്ന തിരിച്ചറിവ് അവനെ വല്ലാതെ അലട്ടി. ലൂയിസിന് പന്ത്രണ്ട് വയസായി. അന്ന് അച്ഛന്റെ സുഹൃത്തായ അയൽവാസി ലൂയിസിനെ ലൈംഗികമായി പീഡിപ്പിച്ചു. ഒരുവട്ടമല്ല, പലപ്പോഴായി, പലവട്ടം. മെഴുകുതിരി ഉപയോഗിച്ച് ലൂയിസിന്റെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുന്നതും ശരീരത്തിൽ കടിക്കുന്നതും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുന്നതുമെല്ലാം അയാൾക്ക് ഹരമായിരുന്നു. അച്ഛനോട് പറഞ്ഞാലും വിശ്വസിക്കില്ലെന്നും തനിക്കൊപ്പം നിൽക്കില്ലെന്നും ഉറപ്പുണ്ടായിരുന്ന ലൂയിസ് സംഭവം ആരോടും പറഞ്ഞില്ല. ക്രമേണ സ്വയംഭോഗം ചെയ്യുന്നതിൽ പോലും ലൂയിസിന് താത്പര്യമില്ലാതായി. കുട്ടിക്കാലത്തെ മാനസികാഘാതം അവനെ കൗമാരത്തിലും വേട്ടയാടി. സ്വയംഭോഗത്തിലുള്ള താത്പര്യക്കുറവ് പതിയെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ള താത്പര്യമായി മാറി. സഹോദരിമാരോടും സഹോദരന്മാരോടുമൊക്കെ തനിക്കൊപ്പം നഗ്നമായി കിടക്കാൻ അവൻ പലപ്പോഴും ആവശ്യപ്പെട്ടു. അനുസരിക്കാത്തവരുടെ വസ്ത്രങ്ങൾ ലൂയിസ് ഗരാവിറ്റോ ഉറക്കത്തിനിടെ വലിച്ചുകീറി.
മറ്റുള്ളവരോട് മിതമായി ഇടപെട്ടിരുന്ന ലൂയിസിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നത് ഈ കാലയളവിലാണ്. ആറ് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ലൂയിസിനെ അയൽവാസികൾ ചേർന്ന് പിടികൂടിയിരുന്നു. ഈ സമയത്ത് പതിനാലുകാരനായ തന്നെ അയൽവാസികളിലൊരാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ലൂയിസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ലൂയിസിനെ ഹെട്രോസെക്ഷ്വലായ പല പോൺ വീഡിയോകളും ഇയാൾ കാണിച്ചിരുന്നു. എന്നാൽ അത് തന്നെ ഉത്തേജിപ്പിച്ചില്ലെന്നും അരോചകമായി തോന്നിയെന്നുമായിരുന്നു ലൂയിസിന്റെ പ്രതികരണം. 15-ാം വയസിൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ലൂയിസ് ശ്രമിച്ചെങ്കിലും പലരും ഒഴിവാക്കി.
ഒരിക്കൽ റോസ, മകൻ ആറ് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു. ഭയപ്പെട്ട അവർ കുട്ടിയെ രക്ഷപ്പെടുത്തി ലൂയിസിനെ വീട്ടിൽ നിന്നും പുറത്താക്കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം അവൻ തിരികെ വീട്ടിലേക്കെത്തി. തൊട്ടടുത്ത വർഷം ബോഗറ്റയിലെ റെയിൽ വേ സ്‌റ്റേഷനിൽ വെച്ച് ആറ് വയസുകാരനായ കുട്ടിയെ പീഡിപ്പിക്കാൻ ലൂയിസ് ശ്രമിച്ചു. ഭയപ്പെട്ട് അലറിക്കരഞ്ഞ കുട്ടിയുടെ ശബ്ദം കേട്ടെത്തിയ പൊലീസ് ലൂയിസിനെ അറസ്റ്റ് ചെയ്തു നീക്കി. താൻ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചില്ലെന്ന് പൊലീസുകാരോട് ലൂയിസ് ആവർത്തിച്ച് പറഞ്ഞു. ചെയ്ത തെറ്റിന് കയ്യിൽ ഒരു അടി കൊടുത്ത് അന്ന് പൊലീസ് അവനെ വെറുതെവിട്ടു. മാനുവേലിന്റെ ഉള്ളിൽ മകനെ കുറിച്ച് ആശങ്കകൾ ഉണ്ടായതും അവിടെ നിന്നാണ്. മകൻ തെറ്റ് ചെയ്തതിനല്ല, മറിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതായിരുന്നു അയാളെ അലട്ടിയത്. ഇതിനെ ചൊല്ലി മാനുവേലും ലൂയിസും തമ്മിലുള്ള വഴക്കും പതിവായി. പതിനാറാം വയസിൽ ഒടുവിൽ ലൂയിസിനെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
തനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായാണ് ലൂയിസ് പുറത്താക്കലിനെ കണക്കാക്കിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ലൂയിസ് തെരുവുകളിൽ അന്തിയുറങ്ങി. ഇക്കാലയളവിൽ ചെറിയ ജോലികൾ ചെയ്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു അവൻ ജീവിച്ചത്. ക്രമേണ അക്കൗണ്ട്‌സ് വിഭാഗത്തിൽ ലൂയിസിന് തരക്കേടില്ലാത്ത ജോലി ലഭിച്ചു. ഇതിനിടെ മാർക്കറ്റിങ് പഠനത്തിനും ലൂയിസ് സമയം കണ്ടെത്തിയിരുന്നു. എന്നാൽ ലൂയിസിന്റെ പുതിയ ജീവിതത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. സഹപ്രവർത്തകരിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ ലൂയിസിനെ വീണ്ടും പഴയ രാക്ഷസനാക്കി മാറ്റി.
ജോലി നഷ്ടപ്പെട്ട ലൂയിസ് തെരുവുകളിൽ വ്യാപാരം നടത്തി. ഇക്കാലയളവിൽ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ ലൂയിസ് ശ്രമിച്ചിരുന്നുവെങ്കിലും അവയെല്ലാം സുഹൃത്തെന്ന ബന്ധത്തിനപ്പുറത്തേക്ക് കൊണ്ടുപോകാൻ ലൂയിസിന് സാധിച്ചില്ല.
തെരുവിലലയുന്ന കുട്ടികളെ ലൈംഗിക ഉത്പന്നങ്ങളാക്കി മാത്രം വിൽക്കുന്ന വലെൻസിയയിലെ ചുവന്ന തെരുവുകളിലെ സ്ഥിരം സന്ദർശകനായിരുന്നു ലൂയിസ്. 1980കളിലാണ് ക്ലൗഡിയ എന്ന യുവതിയുമായി ലൂയിസ് പ്രണയത്തിലാകുന്നത്. താൻ ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിച്ച ചില നിമിഷങ്ങൾ ക്ലൗഡിയക്കൊപ്പമായിരുന്നുവെന്ന് ലൂയിസ് പറയുന്നുണ്ട്. എന്നാൽ ലൂയിസിന്‌റെ ലൈംഗിക ആസക്തിയെ തൃപ്തിപ്പെടുത്താൻ സാധിക്കാതിരുന്നതോടെ പതിയെ ആ ബന്ധവും ഇല്ലാതായി. ദിവസങ്ങൾ കഴിയുന്തോറും കുട്ടികളെ പീഡിപ്പിക്കുന്നത് ലൂയിസിന്‌റെ ലൈംഗിക ആസക്തിയെ സഹായിക്കാതെയായി. ഇതോടെ കുട്ടികളെ മർദിക്കുന്നതായി ലൂയിസിന്‌റെ വിനോദം. കുട്ടികളെ ആക്രമിക്കാൻ ലൂയിസ് ഉപയോഗിച്ചിരുന്നത് കയറുകളും മെഴുകുതിരികളും ബ്ലേഡുകളുമായിരുന്നു, തന്‌റെ കുട്ടിക്കാലത്തിന്‌റെ പുനരാവിഷ്‌ക്കരണം പോലെ. കൊലപ്പെടുത്തുന്ന ഓരോ കുട്ടിയുടെ പേരും വിവരങ്ങളും ലൂയിസ് നീല നിറത്തിലുള്ള തന്‌റെ പുസ്‌കത്തിൽ കുറിച്ചുവെയ്ക്കുമായിരുന്നു. സാത്താൻ സേവയിലും ആസ്ട്രൽ പ്രൊജക്ഷനിലും ലൂയിസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. നിരവധി മനുഷ്യരെ നിഷ്‌കരുണം കൊന്നുതള്ളിയ അഡോൾഫ് ഹിറ്റ്‌ലറായിരുന്നു ലൂയിസിന്‌റെ ആരാധനാപുരുഷൻ.
വർഷം 1992, ഒക്ടോബർ 4, തെരുവിലൂടെ അലഞ്ഞ ലൂയിസ് ജുവാൻ കാർലോസ് എന്ന പതിമൂന്നുകാരനെ കണ്ടുമുട്ടി. നിറഞ്ഞ ചിരിയുള്ള, കറപുരണ്ട വസ്ത്രങ്ങൾ ധരിച്ച, അനാഥനായ ഒരു കുട്ടി. ലൂയിസിന്‌റെ ഉള്ളിലെ രാക്ഷസൻ ഉദിക്കുന്നത് അവിടെ നിന്നാണ്. റാഞ്ചിയെടുക്കാൻ ഇരയെ കാത്തുവെച്ച കഴുകനെ പോലെ ലൂയിസ് ജുവാനെ പിന്തുടർന്നു. കൊലപ്പെടുത്താൻ ആവശ്യമായ കയറും മാംസം മുറിക്കുന്ന കത്തിയും വാങ്ങി. സമയം ഉചിതമായപ്പോൾ ലൂയിസ് ജുവാനടുത്തെത്തി. തനിക്കൊപ്പം ജോലിക്ക് വരികയാണെങ്കിൽ 500 മുതൽ 1000 പെസോസ് വരെ നൽകാമെന്ന് അയാൾ ജുവാനോട് പറഞ്ഞു. പട്ടിണി മൂലം കഷ്ടപ്പെട്ടിരുന്ന ജുവാന് ആ വലിയ തുകയ്ക്കും കഴിക്കാൻ പോകുന്ന ഭക്ഷണത്തിനപ്പുറത്തേക്കും ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അനുസരണയോടെ ജുവാൻ ലൂയിസിനെ പിന്തുടർന്നു. ആ നടത്തം ചെന്നവസാനിച്ചത് ആളൊഴിഞ്ഞ പ്രദേശത്തെ മരങ്ങൾക്കിടയിലെ ഒരു റെയിൽപാളത്തിലായിരുന്നു.
ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെടുക്കുമ്പോൾ ജുവാന്‌റെ പല്ലുകൾ പിഴുതെടുക്കപ്പെട്ടിരുന്നു. ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. കഴുത്തിലും സ്വകാര്യഭാഗങ്ങളിലും ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകൾ. ആറ് ദിവസങ്ങൾക്ക് ശേഷം യാൻ അലക്‌സാണ്ടർ എന്ന 12 വയസുകാരൻ ലൂയിസിന്‌റെ കരങ്ങളാൽ കൊലചെയ്യപ്പെട്ടു. കൊലപ്പെടുത്തുന്നതിലെ ഹരം അയാളെ വീണ്ടും വീണ്ടും കൊല ചെയ്യാൻ പ്രേരിപ്പിച്ചു. ഏതാണ്ട് ഇതേ പ്രായത്തിൽപ്പെടുന്ന, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുട്ടികളെ നിശ്ചിത ഇടവേളകളിൽ ലൂയിസ് കൊന്നുതള്ളി.
വെളുത്ത നിറമുള്ള, ലൈറ്റ് നിറത്തിലെ കൃഷ്മണിയുള്ള, മൃദുലമായ ചർമ്മമുള്ള കുട്ടികളോടായിരുന്നു ലൂയിസിന് താത്പര്യം. കുട്ടികളിലെ വിശ്വാസം വീണ്ടെടുക്കാൻ വൈദികനായും, കർഷകനായും, അധ്യാപകനായും ലൂയിസ് വേഷമിട്ടു. തനിക്ക് ഇഷ്ടപ്പെടുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ലൂയിസ് അവര്‍ക്കൊപ്പം നടക്കും. കിലോമീറ്ററുകൾ ദൂരെയുള്ള തന്‌റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുമ്പോഴേക്കും അവരുടെ പേരും മറ്റ് വിവരങ്ങളും അയാൾ ചോദിച്ചറിയും. നടന്ന് ക്ഷീണിച്ച കുട്ടികൾക്ക് തന്നെ എതിർക്കാനുള്ള ശേഷിയുണ്ടാകില്ല എന്നതായിരുന്നു ലൂയിസിന്‌റെ കണക്കുകൂട്ടൽ.
ലക്ഷ്യസ്ഥാനത്തെത്തിയാൽ ലൂയിസ് കുട്ടികളെ കയറുപയോഗിച്ച് കെട്ടിയിടും. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കും. കുട്ടികളെ സാത്താൻ സേവയ്ക്കായാണ് കൊലപ്പെടുത്തിയിരുന്നതെന്നും സാത്താന് താൻ നൽകിയ വാഗ്ദാനമാണ് കുട്ടികളുടെ രക്തമെന്നും ലൂയിസ് പറഞ്ഞതായും പിൽക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപെങ്ങും കേട്ടിട്ടില്ലാത്ത വിധം ഭീകരമായായിരുന്നു ലൂയിസ് കുട്ടികളെ കൊന്നുതള്ളിയത്. കണ്ടെടുത്ത മൃതദേഹങ്ങൾക്കൊന്നും പല്ലുകളുണ്ടായിരുന്നില്ല. ശരീരത്തിൽ നൂറിലധികം മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജീവനുള്ളപ്പോൾ തന്നെ കുട്ടികളുടെ പുറത്തും കാലിനടിയിലും സ്‌ക്രൂഡ്രൈവർ കൊണ്ട് ശക്തിയായി അടിക്കും. ശേഷം മെഴുകുതിരിയോ ലൈറ്ററോ ഉപയോഗിച്ച് ദേഹത്ത് പൊള്ളലേൽപ്പിക്കും. കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മൂർച്ഛയേറിയ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു മറ്റൊരു ക്രൂരത. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ സ്വകാര്യഭാഗങ്ങൾ മുറിച്ചെടുക്കുമായിരുന്നുവന്നും ലൂയിസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഒരാളെ കെട്ടിയിട്ട് ആക്രമിക്കുമ്പോൾ കാഴ്ചക്കാരായും അടുത്ത ഇരയായും ലൂയിസ് മറ്റേതെങ്കിലും കുട്ടികളെയും തയ്യാറാക്കി നിർത്തുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷികളായ മറ്റ് ചിലരേയും ഇയാൾ കൊലപ്പെടുത്തിയതായാണ് വിവരം.
പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരേക്കാൾ ബുദ്ധിമാനായതുകൊണ്ടല്ല ലൂയിസ് ഗരാവിറ്റോ വർഷങ്ങളോളം കൊലപാതകങ്ങൾ നടത്തിയത്; ലൂയിസ് മുതലെടുത്തത് ദാരിദ്രവും അഴിമതിയുമായിരുന്നു. കൊളംബിയയുടെ പല ഭാഗങ്ങളിൽ നിന്നും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പൊലീസ് കാര്യമായ നടപടികളൊന്നും അന്ന് സ്വീകരിച്ചില്ല. അഞ്ച് വർഷങ്ങൾക്ക് ശേഷം 1997ൽ, കൂട്ടമായി സംസ്‌കരിക്കപ്പെട്ട നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ മാത്രമാണ് പൊലീസ് ഇടപെടൽ തുടങ്ങുന്നത്. 41 മൃതദേഹാവശിഷ്ടങ്ങളാണ് അന്ന് പൊലീസ് കണ്ടെത്തിയത്. അതിൽ പലരേയും ഇന്നും തിരിച്ചറിയാനായിട്ടില്ല. സംഭവത്തിന് പിന്നിൽ സാത്താൻ സേവയിലെ വിശ്വാസികളാകാമെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാകാമെന്നുമായിരുന്നു പൊലീസിന്‌റെ നിഗമനം.
ഫെബ്രുവരി 6ന് പമീരയ്ക്ക് സമീപമുള്ള കരിമ്പ് തോട്ടത്തിൽ നിന്നും രണ്ട് കുട്ടികളുടെ നഗ്നമായ ശരീരം കണ്ടെത്തി. തൊട്ടടുത്ത ദിവസം മീറ്ററുകൾക്ക് അകലെ മൂന്നാമനേയും. സാമന രീതിയിലായിരുന്നു മൂന്ന് കുട്ടികളുടെയും ശരീരത്തിൽ നിന്നും കണ്ടെത്തിയ മുറിവുകൾ. മദ്യപിച്ച് ലക്കുകെട്ട ലൂയിസ് അന്ന് അർധനഗ്നനായായിരുന്നു ക്രൈം സീനിൽ നിന്ന് മടങ്ങിയത്. ധരിച്ചിരുന്ന വസ്ത്രവും, ഷൂസും, പണവും ഒപ്പം കാമുകി എഴുതിയ കത്തും ഉപേക്ഷിച്ചായിരുന്നു ആ മടക്കം. വർഷങ്ങൾ നീണ്ട ക്രൂരകൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതും അവിടെ നിന്നായിരുന്നു. കത്തിലുണ്ടായിരുന്ന സ്ത്രീയുടെ അഡ്രസിലേക്കായിരുന്നു പൊലീസ് ആദ്യമെത്തിയത്. കത്ത് കണ്ട സ്ത്രീ അത് താനെഴുതിയതാണെന്ന് സമ്മതിച്ചു. മുൻ കാമുകനായ ലൂയിസ് ഗരാവിറ്റോയ്ക്ക് എഴുതിയ കത്തായിരുന്നു അതെന്നും യുവതി പറഞ്ഞതോടെ പൊലീസിന്‌റെ അന്വേഷണം അയാളിലേക്കെത്തി. കുട്ടികളുടെ മൃതദേഹത്തിനടുത്തുനിന്നും കത്ത് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്ന് വ്യക്തമായ സ്ത്രീ, ലൂയിസ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. തിരിച്ചു പോകാനിറങ്ങിയ പൊലീസുകാർക്ക് മുൻപിലേക്ക് ലൂയിസിന്‌റെ പെട്ടി ആ സ്ത്രീ നീട്ടി. പെട്ടിക്കുള്ളിൽ ലൂയിസ് കൊലപ്പെടുത്തിയ കുട്ടികളുടെ ഫോട്ടോകളും, പേരു വിവരങ്ങളടങ്ങിയ പുസ്തകങ്ങളുമുണ്ടായിരുന്നു. ഇതോടെ കൊലപാതകങ്ങൾക്ക് പിന്നിൽ ലൂയിസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പല രീതിയിൽ പല പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ലൂയിസിനെ കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചില്ല.
1999 ഏപ്രിൽ 22ന് അവിചാരിതമായി പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ പിടികൂടിയിട്ടുണ്ട് എന്നായിരുന്നു മറുതലയ്ക്കൽ നിന്നുള്ള വിവരം. പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സ്റ്റേഷനിലെത്തിച്ചു. പേര് ചോദിച്ച പൊലീസ് ആദ്യമൊന്ന് ഞെട്ടി. ലഭിച്ച വിവരങ്ങളും രേഖകളും വെച്ച് പേര് ഒരിക്കൽ കൂടി ഉറപ്പുവരുത്തി. അതെ, തങ്ങൾക്ക് മുന്നിലിരിക്കുന്നതാണ് ലൂയിസ് ഗരാവിറ്റോ അഥവാ കുട്ടികളെ നിഷ്‌ക്കരുണം കൊന്നുതള്ളുന്ന രാക്ഷസൻ. പൊലീസ് കണ്ടെടുത്ത പുസ്തകങ്ങളിൽ കുട്ടികളെ കൊലപ്പെടുത്തുന്നതിൽ തനിക്കുള്ള മടുപ്പും അയാൾ കുറിച്ചുവെച്ചിരുന്നു. എതിർക്കാൻ ശേഷിയില്ലാത്ത കുട്ടികളെ കൊലപ്പെടുത്തുന്നതിലെ ഹരം ചോർന്നുപോയ ലൂയിസിന്, മുതിർന്ന മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന് പ്രത്യേക പദ്ധതിയുമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ ആദ്യം താൻ തെറ്റുകാരനല്ലെന്ന് വാദിക്കാനായിരുന്നു ലൂയിസ് ശ്രമിച്ചത്. എന്നാൽ ഓരോ കുറ്റകൃത്യങ്ങളെ കുറിച്ചും പൊലീസ് വിവരിച്ചതോടെ പൊലീസുകാർക്ക് മുമ്പിൽ ലൂയിസ് പൊട്ടിക്കരഞ്ഞു. താൻ ചെയ്ത തെറ്റുകൾക്ക് മാപ്പപേക്ഷിച്ചു. അന്വേഷണങ്ങളും പരിശോധനകളും പൂർത്തിയാക്കിയ പൊലീസിന് പ്രതി ആരെന്നത് വ്യക്തമായിരുന്നു. രക്ഷപ്പെടാൻ മറ്റ് വഴികളില്ലെന്ന് മനസിലാക്കിയ ലൂയിസ് 140 കുട്ടികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. കൊളംബിയയുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ശിക്ഷയാണ് ലൂയിസിന് അധികാരികൾ നൽകിയത്. 1853 വർഷത്തെ കഠിനതടവ്. കൊളംബിയയിൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷയില്ലാത്തതിനാൽ തന്നെ ലൂയിസിന് നൽകിയ ശിക്ഷ പ്രാബല്യത്തിലാക്കുക അധികാരികളെ സംബന്ധിച്ച് പ്രയാസമായിരുന്നു. ഇതോടെ 400ഓളം കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ലൂയിസിന്‌റെ ശിക്ഷ 40 വർഷത്തിലേക്ക് ഒതുങ്ങി. പിന്നീട് 60 വർഷം കഠിന തടവിലേക്ക് ശിക്ഷ ഉയർത്തി. എന്നാൽ താൻ കൊലപ്പെടുത്തി മറവു ചെയ്ത കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാൻ സഹായിച്ചതിനാൽ, ഈ ശിക്ഷാ കാലാവധി 22 വർഷത്തിലേക്കൊതുങ്ങി. ജാമ്യമില്ലാതെ ശിക്ഷാകാലാവധി പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്ത് 2023-24 ഓടെ ലൂയിസിന് ജയിലിൽ നിന്നും പുറത്തിറങ്ങാനായേക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ, വിവാഹം കഴിക്കണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ലൂയിസ് പറഞ്ഞിരുന്നു. വൈദികനാകണമെന്നും രാഷ്ട്രീയത്തിലേക്കിറങ്ങി ആക്രമിക്കപ്പെട്ട കുട്ടികൾക്കൊപ്പം പ്രവർത്തിക്കണമെന്നും അയാൾ കൂട്ടിച്ചേർത്തിരുന്നു.
കണ്ണിന് ക്യാൻസർ ബാധിച്ച് ആയിരുന്നു ലൂയിസിന്‌റെ മരണം. സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ചികിത്സകൾ നടക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു. ശിക്ഷ തുടരുന്നതിനിടെ, പുറം ലോകം കാണാതെയായിരുന്നു അയാളുടെ മരണം. ജയിലിലിരിക്കെ പല രാത്രികളിലും തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്നും കൊല്ലപ്പെട്ട കുട്ടികളുടെ മുഖമാണ് മനസിലെന്നും ലൂയിസ് പറഞ്ഞതായി പൊലീസുകാർ വ്യക്തമാക്കുന്നുണ്ട്. താൻ കൊലപ്പെടുത്തിയവരുടെ പേരുകളെഴുതിയ പുസ്തകത്തിൽ ലൂയിസ് ഓരോരുത്തർക്കും ഓരോ വരികൾ മാറ്റിവെച്ചിരുന്നു. ഞാനവരെ കൊന്നു, എന്നോട് ക്ഷമിക്കണം എന്ന ലൂയിസിന്‌റെ ഏറ്റുപറച്ചിൽ കൊളംബിയയിൽ ഇന്നും മുഴങ്ങുന്നുണ്ട്. കൊല്ലപ്പെട്ടെന്ന് വിധിക്കപ്പെട്ട കുട്ടികളുടെ കണക്കിന് പുറമെ ഇതുവരെ കണ്ടെത്താനാകാത്ത നിരവധി കുട്ടികളും കൊളംബിയയിലുണ്ട്. അവരേയും ലൂയിസ് കൊലപ്പെടുത്തിയിട്ടുണ്ടാകുമോ? താൻ കൊലപ്പെടുത്തിയത് എത്ര പേരെയാണെന്ന് ഈ ലോകത്ത് ആകെയറിയുന്നത് ലൂയിസിന് മാത്രമാണ്.