ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിരുന്നു ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്ര. ആ തിരിച്ചടി മറികടന്നുവെന്ന് മാത്രമല്ല, ഹരിയാനക്കൊപ്പം മഹാരാഷ്ട്രയിൽ കൂടി ചരിത്ര വിജയം നേടി ദേശീയ തലത്തിലെ അപ്രമാദിത്യം ബിജെപി വീണ്ടും ഉറപ്പിക്കുകയാണ്. വടക്കൻ മഹാരാഷ്ട്രയിലും പശ്ചിമ മഹാരാഷ്ട്രയിലും വിദർഭ, മറാത്ത വാഡ മേഖലയിലുമൊക്കെ മഹായുതി സഖ്യത്തിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിൽ നിന്നും കാർഷിക മേഖലയിൽ നിന്നുമൊക്കെ വലിയ പിന്തുണയാണ് കോൺഗ്രസും മഹാവികാസ് അഖാഡി സഖ്യവും പ്രതീക്ഷിച്ചത്. പക്ഷെ, ഒരിടത്തുപോലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസ് സഖ്യത്തിന് സാധിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിന്റെ പകുതി സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. ഒപ്പം ശരത് പവാറിന്റെ എൻസിപിയെയും ഉദ്ദവ് താക്കറെയുടെ ശിവസേനയെയും ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും പരാജപ്പെടുത്തിയത് മഹാരാഷ്ട്രയിലെ മറ്റൊരു വലിയ രാഷ്ട്രീയ തീരുമാനം കൂടിയായി. പാർടി പിളർത്തിയ ഏക്‌നാഥ് ഷിൻഡെക്കും അജിത് പവാറിനും ഉള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പ് മാറുമെന്ന മഹാവികാസ് അഖാഡിയുടെ പ്രതീക്ഷകൾ ഫലിച്ചില്ല. ബിജെപിയെ സംബന്ധിച്ച് വലിയ വിജയം തന്നെയാണ് ഹരിയാന പോലെ മഹാരാഷ്ട്രയിലും ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ വലിയ ശക്തിയായി ബിജെപി വളരുന്നു എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയാണ്.
അടുത്ത തെരഞ്ഞെടുപ്പിൽ വേണമെങ്കിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി മഹാരാഷ്ട്ര പിടിക്കാനുള്ള കരുത്തിലേക്ക് ബിജെപി വളർന്നാലും ഇനി അത്ഭുതപ്പെടാനില്ല. ആർഎസ്എസ് കേന്ദ്രം സ്ഥിതി ചെയ്യുന്ന നാഗ്പ്പൂർ ഉൾപ്പെട്ട പ്രദേശമാണെങ്കിലും മഹാരാഷ്ട്ര ഒരിക്കലും ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നില്ല. കോൺഗ്രസായിരുന്നു ഒരുപാട് കാലം മഹാരാഷ്ട്ര ഭരിച്ചത്. ശരത് പവാറിന്റെ എൻസിപിക്ക് ശേഷം പിന്നീട് കോൺഗ്രസിന്റെയും എൻസിപിയുടെയും കീഴിലായി മഹാരാഷ്ട്രയിലെ ഭരണം.
ശിവസേനയെ കൂട്ടുപിടിച്ചായിരുന്നു മഹാരാഷ്ട്രയുടെ മണ്ണിലേക്ക് ബിജെപി ആദ്യമായി ചുവടുവെക്കുന്നത്. 1995ൽ ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്ര സർക്കാരിൽ ബിജെപി പങ്കാളിയായി. എന്നാൽ 1999ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകിടം മറിച്ച് കോൺഗ്രസ് വീണ്ടും മഹാരാഷ്ട്ര തിരിച്ചുപിടിച്ചു. പിന്നീട് ദീർഘനാൾ, ഏതാണ്ട് ഒന്നര പതിറ്റാണ്ടുകാലം ബിജെപിക്ക് കാത്തിരിക്കേണ്ടിവന്നു. 2014 ൽ 122 സീറ്റുകൾ നേടി മഹാരാഷ്ട്രയിൽ ഏറ്റവും വലിയ പാർടിയായി ബിജെപി വളർന്നു. അന്ന് നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് മഹാരാഷ്ട്രയിലും ബിജെപിക്ക് ഗുണം ചെയ്തു. ശിവസേനയുമായി ചേർന്ന് അഞ്ച് വർഷം ബിജെപി ഭരിച്ചു.
ചെറുപ്പക്കാരനായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. 2019ലും ബിജെപി സഖ്യം കേവല ഭൂരിപക്ഷം നേടി. 105 സീറ്റ് ബിജെപിക്ക് ലഭിച്ചു. ആ തെരഞ്ഞെടുപ്പിലും ബിജെപി തന്നെയായിരുന്നു ഏറ്റവും വലിയ പാർടി. പക്ഷെ, അഞ്ച് ദിവസമേ ആ സർക്കാർ മുന്നോട്ടുപോയുള്ളു. ഉദ്ദവ് താക്കറെ കോൺഗ്രസ് സഖ്യത്തിനൊപ്പം പോയതോടെ ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ നിലംപൊത്തി. മഹാരാഷ്ട്രയിലെ കുത്തക പാർടികളായി മാറിയ ശിവസേനയെയും എൻസിപിയെയും പിളർത്തുകയായിരുന്നു പിന്നീട് ബിജെപിയുടെ നീക്കം. ഏക്‌നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും അജിത് പവാറിനെയും പ്രഫുൽ പട്ടേലിനെയുമൊക്കെ എൻസിപിയിൽ നിന്നും മറുകണ്ടം ചാടിച്ച് ആ രണ്ടുപാർടികളെ ബിജെപി പിളർത്തി. ഉദ്ദവ് താക്കറെ സർക്കാരിനെ വലിച്ച് താഴെയിട്ടു. ഇപ്പോൾ 2024ൽ 130 ലധികം സീറ്റുകളുമായി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് വളരെ കുറച്ച് അംഗങ്ങളുടെ പന്തുണ മാത്രം മതി.
147 സീറ്റിൽ മത്സരിച്ചാണ് ഇത്രയും വലിയ നേട്ടം. ബിജെപി സഖ്യം 236 സീറ്റുകളും നേടി. മഹാരാഷ്ട്രയിലെ എല്ലാ വിഭാഗം വോട്ടുകളും ഇത്തവണ ബിജെപി സഖ്യത്തിന് അനുകൂലമായി. ഒബിസി-മറാത്ത വോട്ടുകളുടെ ഏകീകരണമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിട്ടത്. ദളിത്-ആദിവാസി-മുസ്ലിം വോട്ടുകളിൽ കോൺഗ്രസ് സഖ്യവും ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാൽ എല്ലാ വിഭാഗം വോട്ടുകളും ബിജെപിക്ക് അനുകൂലമായി പിളർന്നു. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു.
രാജ്യത്ത് യുപി കഴിഞ്ഞാൽ ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുകൾ. അതിൽ 30 സീറ്റും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം പിടിച്ചതാണ്. ദേശീയ തലത്തിൽ ബിജെപിയെ മഹാരാഷ്ട്ര പിടിച്ചുകെട്ടുക തന്നെയാണ് ചെയ്തത്. അന്ന് സംഘടനാപരമായി ഒരുപാട് പിഴവുകൾ ബിജെപിക്ക് സംഭവിച്ചിരുന്നു. അതെല്ലാം പരിഹരിച്ചായിരുന്നു ഇത്തവണത്തെ നീക്കം. തെരഞ്ഞെടുപ്പ് രംഗത്ത് ആർഎസ്എസിന്റെ വലിയ സാന്നിധ്യവും ഇത്തവണ ബിജെപിയെ തുണച്ചു. ഏതായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തളർച്ചക്ക് ശേഷം ദേശീയ തലത്തിൽ ഹരിയാനയിലെ വിജയം ബിജെപിക്ക് ഒരു ബൂസ്റ്റർ ഡോസായിരുന്നെങ്കിൽ അതിനപ്പുറത്തുള്ള ഊർജ്ജമാണ് മഹാരാഷ്ട്ര ബിജെപിക്ക് നൽകുന്നത്.
2019ൽ കശ്മീരിന്റെ 370-ാ അനുഛേദം റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ നയിച്ചത് അന്നത്തെ മുന്നൂറ് സീറ്റിന്റെ പിൻബലമായിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭുരിപക്ഷത്തിലേക്ക് എത്താൻ സാധിക്കാതിരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ഹരിയാനയിലും ഇപ്പോൾ മഹാരാഷ്ട്രയിലും വലിയ വിജയം നേടിയതിലൂടെ ആ തിരിച്ചടികൾ മറികടക്കുക കൂടിയാണ് ബിജെപി. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമൊന്നും തൽക്കാലം മറുകണ്ടം ചാടുന്നതിനെ കുറിച്ച് ഇനി ആലോചിക്കില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, യൂണിഫോം സിവിൽകോഡ്, വഖഫ് നിയമം തുടങ്ങി അവശേഷിക്കുന്ന സംഘപരിവാർ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ ഇനി ബിജെപിക്ക് സാധിക്കും. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ബിഹാർ, ദില്ലി തെരഞ്ഞെടുപ്പുകളിലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇനി ബിജെപിക്ക് ഇറങ്ങാം.
Content Highlights: The successful 'split plan' How BJP took Maharashtra?