ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് പിന്നാലെ പശ്ചിമേഷ്യ അക്ഷരാര്‍ത്ഥത്തില്‍ കത്തുകയായിരുന്നു. ഗാസയെ കൂടാതെ ലെബനന്‍, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുമുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കാരണം പശ്ചിമേഷ്യ അശാന്തിയുടെ തീരമായിരുന്നു. എന്നാല്‍ അതില്‍ ചെറുതായെങ്കിലും ആശ്വാസമാകുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും തീരുമാനത്തിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍.
14 മാസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇരുവിഭാഗവും അംഗീകരിച്ചിരിക്കുന്നത്. ഈ ആശ്വാസവാര്‍ത്തയ്ക്കിടയില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെട്ടവര്‍ ലെബനനിലേക്ക് തിരിച്ചുവരുന്ന സന്തോഷകരമായ കാഴ്ച പശ്ചിമേഷ്യയില്‍ കാണാം.
ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍
2006ലെ ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം അവസാനിപ്പിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം (1701) പ്രകാരമുള്ള രൂപരേഖയാണ് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പിന്തുടരുന്നത്. ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങണമെന്നും അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ലിറ്റാനി നദിയുടെ വടക്ക് ഭാഗത്തുനിന്ന് ഹിസ്ബുള്ള തങ്ങളുടെ സൈനിക സാന്നിധ്യവും നിരീക്ഷണവും പൂര്‍ണമായി നീക്കണമെന്നുമാണ് കരാറിലെ പ്രധാനപ്പെട്ട ആവശ്യം.
ലെബനനിലെ ഔദ്യോഗിക സൈനിക ശക്തിക്കും സുരക്ഷാ സേനയ്ക്കും മാത്രമേ ആയുധം കൈവശം വെക്കാനുള്ള അനുമതിയുള്ളൂവെന്നാണ് വെടിനിര്‍ത്തല്‍ കരാറിനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള ലെബനീസ് സര്‍ക്കാരിന്റെ ഭാഗമല്ലാത്ത, അവരുടെ ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമല്ലാത്ത ഗ്രൂപ്പാണ്. അതുകൊണ്ട് തന്നെ ഹിസ്ബുള്ള സമ്പൂര്‍ണമായും നിരായുധരാകാന്‍ സാധ്യതയില്ലെന്നും എന്നാല്‍ പൊതു സമൂഹത്തിന് മുമ്പില്‍ ആയുധം ഉപയോഗിക്കില്ലെന്നുമുള്ള നിരീക്ഷണമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നടത്തുന്നത്.
എങ്കിലും വെടിനിര്‍ത്തല്‍ ശാശ്വതമാകുമെന്ന് തന്നെയാണ് പ്രതീക്ഷ വെക്കുന്നത്. മാത്രവുമല്ല, കരാര്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി തയ്യാറായത്. മധ്യസ്ഥര്‍ മുഖാന്തരമാണ് ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് പങ്കെടുത്തത്. കരസേനയ്ക്കും കരുതല്‍ സേനയ്ക്കും വിശ്രമിക്കാനും യുദ്ധ സാമഗ്രികള്‍ പുനസ്ഥാപിക്കാനുമുള്ള അവസരമായാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിനെ സമീപിക്കുന്നത്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു ഭാഗങ്ങളിലും കനത്ത സംഘര്‍ഷമായിരുന്നു നടന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഏറെ ആശ്വാസമാണ് ഇരുരാജ്യങ്ങള്‍ക്കും നല്‍കുന്നത്. ഞായറാഴ്ച ഇസ്രയേലിലേക്ക് ഹിസ്ബുള്ള 200ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെയ്‌റൂട്ടടക്കമുള്ള പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് തീവ്രമായ വ്യോമാക്രമണമാണ് ഇസ്രയേലും നടത്തിയത്.
സെപ്റ്റംബര്‍ അവസാനത്തോടെ ഹിസ്ബുള്ളയിലെ പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്. സംഘര്‍ഷത്തിന്റെ ഭാഗമായി ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയടക്കം നിരവധി നേതാക്കളെ ഇസ്രയേല്‍ വധിക്കുകയും ചെയ്തു. നിലവില്‍ 3700 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. 126 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.
ലെബനന് ആശ്വാസം; ഗാസയ്‌ക്കോ?
ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമ്പോഴും ഗാസയുടെ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും വരുന്നില്ല. കഴിഞ്ഞ നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ ഒരാഴ്ച കൊണ്ട് തന്നെ ലംഘിക്കപ്പെട്ടതിന് ശേഷം ഇതുവരെയുള്ള വെടിനിര്‍ത്തല്‍ കരാറുകള്‍ ഗാസ-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പരാജയപ്പെടുകയായിരുന്നു. പ്രധാനമായും ഇസ്രയേലിനും ഗാസയ്ക്കും മധ്യസ്ഥരായ ഖത്തര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കില്ലെന്ന് വ്യക്തമാക്കി ദൗത്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരു കക്ഷികളും ചര്‍ച്ചയില്‍ അവരുടെ താല്‍പര്യവും ഗൗരവും പ്രകടിപ്പിച്ചാല്‍ മാത്രമേ ഇനിയൊരു ചര്‍ച്ചയ്ക്ക് പങ്കാളികളാകുകയുള്ളൂവെന്നായിരുന്നു ഖത്തറിന്റെ വാദം.
Content Highlights: About Israel-Hezbollah Ceasefire