തർക്കം തീർന്ന് നേരമില്ല, യോജിപ്പുമില്ല; ഇങ്ങനെയെങ്കിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് 'ഇന്‍ഡ്യ' ഉണ്ടാകുമോ?

പാര്‍ലമെന്റില്‍ പോലും പല കാര്യങ്ങളിലും പലവഴിക്ക് പോകുന്ന ഇന്‍ഡ്യ മുന്നണിയിലെ നേതാക്കളുടെ നിലപാട് എന്ത് സൂചനയാണ് നല്‍കുന്നത്?

dot image

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്നോ നാലോ മാസം മാത്രമാണ് ബാക്കിയുള്ളത്. ഡല്‍ഹിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ല എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തറപ്പിച്ച് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് ഒരു മുഴം മുന്നേയുള്ള ഈ നിലപാട് പ്രഖ്യാപനം എന്ത് സൂചനയാണ് നല്‍കുന്നത്? ഒരു സഖ്യത്തിന്റെ ഭാഗമായിട്ടും പാര്‍ലമെന്റില്‍ പോലും പല കാര്യങ്ങളിലും പലവഴിക്ക് പോകുന്ന ഇന്‍ഡ്യ മുന്നണിയിലെ നേതാക്കളുടെ നിലപാട് എന്ത് സൂചനയാണ് നല്‍കുന്നത്? ഇന്‍ഡ്യ മുന്നണിയുടെ ഭാവി കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണോ?

ബിജെപി വിരുദ്ധ പ്രതിപക്ഷ ചേരിയായ ഇന്‍ഡ്യ സഖ്യത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഭിന്നത രൂക്ഷമായിരുന്നുവെന്നത് പരസ്യമായ ഒരു രഹസ്യമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രകടമായതാകട്ടെ ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കങ്ങളായിരുന്നു എപ്പോഴും എല്ലായിടത്തും പ്രശ്‌നമായത്. ഒരു ഘട്ടത്തില്‍ സഖ്യം വേണ്ട എന്ന നിലപാടിലേക്കെത്തിയ സഖ്യകക്ഷികള്‍ പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിട്ടുകൊടുത്തും നേടിയെടുത്തും ഒരു വിധത്തില്‍ ഒരുമിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലുള്ള, വലിയ സ്‌കെയിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രമായിരിക്കും സഖ്യത്തിന്റെ ഭാവിയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അന്നേ വിലയിരുത്തിയാണ്. ആ നിരീക്ഷണം ശരിയായിരുന്നുവെന്നാണ് ഇപ്പോള്‍ നടക്കുന്ന ചില സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

'ഇന്‍ഡ്യ' സഖ്യനേതാക്കൾ ഒരുമിച്ച്
'ഇന്‍ഡ്യ' സഖ്യനേതാക്കൾ ഒരുമിച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പേ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍, ഇന്‍ഡ്യ സഖ്യത്തിലെ പ്രബലരായ ആംആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായിരുന്നില്ല. പൊതു തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കിട്ടിയ അംഗീകാരത്തെ ഇനി ഒറ്റയ്ക്ക് മുതലെടുക്കാമെന്ന് കരുതിയ കോണ്‍ഗ്രസിനെയും ആം ആദ്മിയെയും പക്ഷേ, കാത്തിരുന്നത് വലിയ ഒരു തോല്‍വിയായിരുന്നു. അവിടെ തുടങ്ങിയതാണ് സഖ്യത്തിലെ കല്ലുകടി.

നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍, കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം സഖ്യത്തിലെ കല്ലുകടിയുടെ ആഴം കൂട്ടി. കോണ്‍ഗ്രസ് ഇല്ലെങ്കിലും തങ്ങള്‍ സുഖമായി ജയിക്കുമായിരുന്നു എന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയും കാശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന് കുഴിമാടം ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു.

രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് ഫാറൂഖ് അബ്ദുള്ളയും

മഹാരാഷ്ട്രയിലേക്കും ജാര്‍ഖണ്ഡിലേക്കും വന്നപ്പോഴും സഖ്യത്തില്‍ തര്‍ക്കം തന്നെ തര്‍ക്കം. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പിടിവലിയില്‍, സീറ്റ് വിഭജന ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോയി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിട്ട് പോലും തര്‍ക്കങ്ങള്‍ അവസാനിച്ചില്ല. അവസാനം പഞ്ചര്‍ ഒട്ടിച്ചത് എന്നതുപോലെ മത്സരിച്ചു തോറ്റപ്പോള്‍, അവിടെയും തുടങ്ങി എല്ലായിടത്തും കണ്ട അതേ തര്‍ക്കം.

മഹാ വികാസ് അഘാടി സഖ്യനേതാക്കൾ

പ്രാദേശിക തലത്തിലെ തോല്‍വികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നത് സത്യമാണ്. ആ വിള്ളലിന്റെ ആഴം എത്രയെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ്, പ്രാഥമികമായ ഒരു ചര്‍ച്ച പോലും നടത്താതെ, ഡല്‍ഹിയില്‍ സഖ്യം ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞ കെജ്‌രിവാളിന്റെ തീരുമാനം. മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസും സമാനമായ രീതിയില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയത് കൂടി പരിശോധിച്ചാല്‍, ഭിന്നത എത്രയെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.

എല്ലാത്തിനുമപ്പുറം പാര്‍ലമെന്റില്‍ പോലും ഇന്‍ഡ്യ മുന്നണിക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല എന്നതും കൂടിയാണ് ഇപ്പോഴത്തെ തലവേദന. അദാനി വിഷയം ഉയര്‍ത്തിപ്പിടിച്ച് സഭ സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് മറ്റു സഖ്യകക്ഷികള്‍ രംഗത്തുവന്നത്. ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം അറിയിച്ചതെങ്കില്‍ ഇടതു പാര്‍ട്ടികളും എന്‍സിപി ശരത് പവാര്‍ വിഭാഗവും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളോട് നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നുപറഞ്ഞ്, കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കൂടിയായിരുന്നു ഇവരുടെ രംഗപ്രവേശം.

ഇന്ത്യയില്‍ വലതുപക്ഷത്തിന്റെ വളര്‍ച്ച തടയുക എന്ന പൊതുലക്ഷ്യമായിരുന്നു ഇന്‍ഡ്യ സഖ്യകക്ഷികളെ ഒരുമിപ്പിച്ച ഘടകം. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യമെന്ത് എന്ന് പോലും അറിയാത്ത രീതിയിലേക്കാണ് സഖ്യത്തിന്റെ പോക്ക്. എന്നാല്‍ മറുവശത്താകട്ടെ ബിജെപി തങ്ങളുടെ സാന്നിധ്യം ശക്തമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പിണക്കങ്ങളും തര്‍ക്കങ്ങളും വിവാദങ്ങളുമെല്ലാം മുന്നണിയില്‍ കളം നിറയുമ്പോള്‍, ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം ഒന്നു മാത്രമാണ്. ഇങ്ങനെയാണെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇന്‍ഡ്യ സഖ്യം ബാക്കിയുണ്ടാകുമോ?

Content Highlights: Will INDIA Alliance survive till yet another general election?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us