മതേതര രാജ്യത്തിന്റെ കറുത്ത ഏട്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഈ 32 വര്‍ഷത്തിനുള്ളില്‍ രാജ്യം കടന്നു പോയത് പല രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയാണ്. 1990കൾക്ക് ശേഷമുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ബാബറി മസ്ജിദിൻ്റെ തകർച്ച നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ 32 വർഷത്തിനിടയ്ക്ക് സംഭവിച്ചതൊന്നും ഇന്ത്യൻ മതേതരത്വത്തിൻ്റെ ഹൃദയത്തിലേറ്റ മുറിപ്പാടിനെ മായ്ച്ചിട്ടേയില്ല. പീന്നീട് ബാബരി മസ്ജിദ് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ബിജെപി നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി. സംഭവം അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം ഡിസംബർ ആറിനെങ്കിലും ചർച്ചയിലേയ്ക്ക് ഉയർന്നു വരുന്നുമ്പോഴും പരമോന്നത കോടതിയുടെ ഈ കേസിലെ തീർപ്പ് തന്നെയാണ് അന്തിമമായി കണക്കാക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ പള്ളി നിന്നയിടത്ത് സുപ്രീംകോടതി വിധി പ്രകാരം രാമക്ഷേത്രം ഉയർന്നു. എന്നാല്‍ ഇന്നും ഓര്‍മിക്കപ്പെടുന്ന ഒരു കറുത്ത ദിനമായി ബാബരി മതേതര മനസുകളില്‍ നില്‍ക്കുകയാണ്.
മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ചക്രവര്‍ത്തിയുടെ സേനാ നായകനായിരുന്ന മീര്‍ ബാഖി 1528 ലാണ് ബാബറി മസ്ജിദ് നിര്‍മിക്കുന്നത്. പള്ളി നിലകൊള്ളുന്നത് രാമജന്മഭൂമിയിലാണെന്ന വാദത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം സാമുദായിക സംഘര്‍ഷങ്ങളുടെ വിളനിലമായി മസ്ജിദ് മാറി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരാത്തതിനെ തുടര്‍ന്ന് 1858ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ബാബറി മസ്ജിദിന് ചുറ്റും മതില്‍ സ്ഥാപിച്ചു.
പിന്നീട് വളരെ ശാന്തമായി പോയിക്കൊണ്ടിരുന്ന ബാബരിയില്‍ 1949ല്‍ രാമവിഗ്രഹങ്ങള്‍ കാണപ്പെട്ടു. രാമവിഗ്രഹങ്ങള്‍ ഹിന്ദുമഹാസഭാ അംഗങ്ങള്‍ ഒളിപ്പിച്ചു കടത്തിയതാണെന്ന ആരോപണമുണ്ട്.
പിന്നാലെ മസ്ജിദ് നില്‍ക്കുന്ന സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച സര്‍ക്കാര്‍, ഗേറ്റ് താഴിട്ട് പൂട്ടി. സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപി നേതാവായ എല്‍ കെ അദ്വാനിയാണ് പ്രക്ഷോഭത്തിന്റെ നേതാവായി മുന്നില്‍ നിന്നത്.
ഇതിനെതിരെ ബാബറി കര്‍മസിമിതിയും രൂപീകരിക്കപ്പെട്ടു. 1989ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്ന് നല്‍കാന്‍ ഉത്തരവിട്ടു. തൊട്ടടുത്ത വര്‍ഷം അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും ചേര്‍ന്ന് സംഘടിപ്പിച്ച രാമരഥയാത്രയില്‍ 1,50,000 കര്‍സേവകരാണ് പങ്കെടുത്തത്. എന്നാല്‍ കടന്നു പോയ വഴികളിലെല്ലാം സംഘര്‍ഷമുണ്ടാക്കിയാണ് രാമരഥയാത്ര അവാസാനിച്ചത്.
1992 ഡിസംബര്‍ ആറിന് ബിജെപിയുടെയും വിഎച്ച്പിയുടെയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ മസ്ജിദിലെത്തിയ 1,50,000-ത്തോളം ആളുകള്‍, നിമിഷനേരം കൊണ്ട് അക്രമാസക്തരാവുകയും സുരക്ഷാ സേനയെ കീഴടക്കുകയും ചെയ്തു. ഒടുവില്‍ നിമിഷ നേരം കൊണ്ട് 400 വര്‍ഷം പഴക്കമുള്ള സ്മാരകം പൊളിക്കപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്‍കി. പള്ളി നിര്‍മിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും ഉത്തരവായി. 2020ല്‍ അവ്യക്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി കേസിലെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു.
അതേവര്‍ഷം ഫെബ്രുവരിയില്‍ 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' ട്രസ്റ്റിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രഖ്യാപനം നടത്തി. ഒടുവില്‍ ഈ വര്‍ഷം ജനുവരി 22ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും നടന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച സ്ഥലത്ത് പുതിയ പള്ളിയുടെ പണി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Content Highlights: Babri Masjid Demolition day