മൂന്ന് ദിവസം കൊണ്ട് അസദിനെപ്പോലും ഞെട്ടിച്ച വിമതശബ്ദം; ആരാണ് സിറിയയെ വിറപ്പിച്ച അബു മുഹമ്മദ് അൽ ജുലാനി

11 ദിവസം കൊണ്ട് പ്രസിഡന്റ് ബാഷർ അൽ അസദിനെപ്പോലും ഞെട്ടിച്ച് സിറിയയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു. ആരാണിവർക്ക് നേതൃത്വം നൽകിയത്?

dot image

വെറും മൂന്നേമൂന്ന് ദിവസം കൊണ്ടാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോ വിമതർ കീഴടക്കിയത്. 11 ദിവസം കൊണ്ട് പ്രസിഡന്റ് ബാഷർ അൽ അസദിനെപ്പോലും ഞെട്ടിച്ച് സിറിയയുടെ നിയന്ത്രണം അവരേറ്റെടുത്തു. ആരാണിവർക്ക് നേതൃത്വം നൽകിയത്?ഉത്തരം ഒന്നേയുള്ളു, അബു മുഹമ്മദ് അൽ ജുലാനി

സിറിയയിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കാൻ ഒരുങ്ങിയിറങ്ങിയ തീവ്ര നിലപാടുകാരനല്ല അൽ ജുലാനി. അസദിന്റെ ഭരണ വീഴ്ചകളിൽ മനമുരുകിയ ജനതയ്ക്ക് 'അസദ് രഹിത ഭരണം' സിറിയയിൽ 2016 മുതൽ വാഗ്ദാനം ചെയ്യുകയാണ് ജുലാനി. ഇന്ന് സിറിയയുടെ ഹൃദയമായ ഡാമാസ്കസിൻറെ തെരുവുകളിലുയരുന്ന ജനാരവം അൽജുലാനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് രാജ്യത്തെ 10 ശതമാനം വരുന്ന ക്രിസ്ത്യാനികളും 13 ശതമാനം വരുന്ന ഷിയ മുസ്‌ലീംകളും ഒരുപോലെ സമ്മതിക്കുന്നു.

ജുലാനിയിലെ വിമതൻറെ വളർച്ച

സൗദി അറേബ്യയിൽ പെട്രോളിയം എഞ്ചിനീയറായിരുന്നു ജുലാനിയുടെ പിതാവ് അഹ്മദ് ഹുസൈൻ അൽ ഷാര. സിറിയയിൽ വേരുകളുള്ള കുടുംബം ജുലാനിക്ക് എട്ടുവയസുള്ളപ്പോഴാണ് തിരികെ സിറിയയിലെത്തുന്നത്. 2003ലാണ് ജുലാനി ഇറഖിൽ ഭീകര സംഘടനയായ അൽഖ്വേയിദയുടെ ഭാഗമാകുന്നത്. തീവ്രവാദ ചിന്തകളിലേക്ക് ആകൃഷ്ടനായതിന് അന്നത്തെ വേൾഡ് ട്രേഡ് സെൻറർ ആക്രമണം കാരണമായി.

മൂന്നുവർഷങ്ങക്കിപ്പുറം അമേരിക്കൻ സൈന്യം ജുലാനിയെ കസ്റ്റഡിയിലെടുത്തു. അഞ്ചുവർഷം ജയിലായിരുന്ന ജുലാനി പുറത്തിറങ്ങുമ്പോൾ സിറിയയിൽ അൽ ഖ്വയിദയ്ക്ക് ഇടം കണ്ടെത്താനുള്ള ചുമതലയായിരുന്നു ലഭിച്ചത്. ഐഎസ്ഐഎസ് തലവൻ അബുബക്കർ അൽ ബഗ്ദാദിയുമായി സഹകരിച്ചായി പിന്നീട് പ്രവർത്തനം. ബാഗ്ദാദിയുടെ നിർദേശപ്രകാരം സിറിയയിലെത്തിയ ജുലാനി അൽനുസ്ര ഫ്രണ്ട് എന്ന സംഘടനയ്ക്ക് രൂപം നൽകി.

സിറിയയിൽ അസദിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ബാഗ്ദാദി ജുലാനിയുടെ സംഘടനയ്ക്ക് ആളും അർത്ഥവും നൽകി. അങ്ങനെ രാജ്യത്തെ പ്രധാന നഗരമായ ഇദ്ലിബ് വിമതരായ ജലാനിയുടെ നിയന്ത്രണങ്ങളിലായി. 2013ൽ ബാഗ്ദാദിയുമായി വഴിപിരിഞ്ഞ ജുലാനി ,സിറിയയിൽ നിന്ന് ഏതുവിധേനയും അസദിനെ കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്തി.ഇസ്ലാമിക് സ്റ്റേറ്റിന്റെ ആമിറായി ബാഗ്ദാദിയെ പിന്തുണയ്ക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് ജുലാനി ബാഗ്ദാദിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കാരണമെന്നതും ശ്രദ്ധേയമാണ്. സിറിയയിലെഅധികാരം നിലനിർത്താനാണ് ജുലാനി ഇക്കാലയളവിൽ ശ്രദ്ധിച്ചത്. ബാഗ്ദാദിയുമായി ബന്ധം പിരിഞ്ഞെങ്കിലും പേരിന്റെ വാലിനൊപ്പമുള്ള അൽഖ്വയ്ദ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ ജുലാനി സംഘടനയുടെ പേര് ജബത് അല്‍ നുസ്ര എന്നതില്‍ നിന്ന് മാറ്റി ഫത്തേ അല്‍ ഷാം എന്നാക്കിമാറ്റി. 2017ല്‍ വീണ്ടും പേര് മാറ്റി ഇന്നുള്ള ഹയത് താഹിര്‍ അല്‍ ഷാം എന്നാക്കി മാറ്റി. പുതിയ സംഘടനയ്ക്ക് അല്‍ഖ്വയ്ദയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്നുമുതല്‍ ജുലാനി പറയുന്നത്.

ജുലാനി വ്യത്യസ്തൻ

സാധാരണ വിമതരിൽ നിന്ന് വ്യത്യസ്തമായി ടെലിവിഷൻ ഇൻർവ്യൂകളിലടക്കം ജുലാനി പങ്കെടുക്കുന്നു. ഇദ്ലിബിനെ ജുലാനി സ്വന്തം രാജ്യമാക്കി മാറ്റി. മറ്റൊരു കറൻസിയും ഇവിടേക്ക് കൊണ്ടുവന്നു. ഇസ്രായേലിനെയും യുഎസിനെയും അസ്വസ്ഥരാക്കാതെയാണ് ഇക്കണ്ട കാലമത്രയും പ്രവർത്തനം. പ്രവർത്തനങ്ങളിടയ്ക്ക് പതറിയും കുതിച്ചും മുന്നോട്ടുപോയി. ഇതിനിടെ യുക്രൈൻ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന റഷ്യയും ഇസ്രയേൽ ഗാസ യുദ്ധത്തിൽ ഇറാൻറെ പതർച്ചയും ജുലാനി വിമത മുന്നേറ്റത്തിനുള്ള അവസരമാക്കി. 11 ദിവസം കൊണ്ട് വിമതരെ വീണ്ടും സംഘടിപ്പിച്ച് അസദ് ഭരണത്തെ വീഴ്ത്തി ഈ 42കാരൻ. പ്രായോഗിക വാദിയായ നേതാവ് പക്ഷേ ഇസ്ലാമിക ചട്ടക്കൂട്ടിനുള്ളിൽ നിന്നുള്ള ഭരണമായിരിക്കും കാഴ്ച വയ്ക്കുക എന്ന സൂചനയാണ് ആദ്യ പൊതുപ്രസംഗത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അസദ് നാട് വിട്ടതിന് ശേഷം പള്ളിക്ക് മുന്നിൽ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിലാകെ. ഒപ്പം വിജയം സിറയക്കാർക്ക് മൊത്തമുള്ളതാണെന്നും പറഞ്ഞുവച്ചു ജലാനി. പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കൂടി പറഞ്ഞപ്പോൾ നിറഞ്ഞ കരഘോഷവും ഉയരുന്നു.

Content Highlights: Who is syria jihadist Abu Muhammad al-Jolani



dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us