മെക് സെവന് പിന്നില്‍ ആര്? ഒരു വ്യായാമ കൂട്ടായ്മ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായതെങ്ങനെ?

ചുരുങ്ങിയ കാലത്തിനുള്ളില്‍ വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഒരു സാമൂഹ്യ വിഭാഗത്തിനിടയില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായത്

ജെയ്ഷ ടി കെ
1 min read|14 Dec 2024, 04:54 pm
dot image

മലബാറിലെ ഗ്രാമങ്ങളില്‍ ആരംഭിച്ച ഒരു വ്യായാമ പരിശീലന കൂട്ടായ്മയായ മെക് സെവൻ ഇന്ന് രാഷ്ട്രീയ കേരളത്തിലെ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും സമസ്തയുടെ നേതാക്കളുമെല്ലാം ഈ വ്യായാമ പരിശീലന കൂട്ടായ്മയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. മാധ്യങ്ങളില്‍ ഇത് ചര്‍ച്ചാ വിഷയമാകുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം വരെ ഈ വ്യായാമത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഒരു സാമൂഹ്യ വിഭാഗത്തിനിടയില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായത്. എന്താണീ മെക് സെവന്‍, ആരാണിതിന് പിന്നില്‍, പരിശോധിക്കാം.

മെക് സെവൻ കൂട്ടായ്മയുടെ വ്യായാമത്തിൽ നിന്നും

എന്താണ് മെക് സെവൻ

വിമുക്ത ഭടനും കൊണ്ടോട്ടി സ്വദേശിയുമായ പി സലാഹുദ്ദീനാണ് മെക് സെവന്‍ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ആരോഗ്യത്തിലൂടെ സന്തോഷമുള്ള ഒരു ജനതയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം. 2012 ജൂലൈയില്‍ കൊണ്ടോട്ടി തുറക്കല്‍ സ്‌കൂള്‍ മൈതാനത്തായിരുന്നു ആദ്യ പരിശീലനം. പത്ത് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ വ്യായാമ കേന്ദ്രം തുടങ്ങിയ മെക് സെവന്, നിലവില്‍ ആയിരത്തിലധികം കേന്ദ്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കേന്ദ്രങ്ങളും ഇവര്‍ക്കുണ്ട്.

പല പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും യുവാക്കളും ഉള്‍പ്പടെ ഒരു പോലെ വസ്ത്രം ധരിച്ചെത്തി വ്യായാമമുറകള്‍ ചെയ്യുന്ന ഈ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച വഴിയെന്ന നിലയ്ക്കാണ് പ്രചാരം നേടിയത്.

മള്‍ട്ടി എക്സര്‍സൈസ് അല്ലെങ്കില്‍ പല തരത്തിലുള്ള വ്യായാമങ്ങളുടെ കോംപിനേഷനാണ് മെക് സെവന്റെ രീതി. 21 മിനിറ്റുകൊണ്ട് ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകള്‍ ചെയ്യുക. യോഗ, എയറോബിക്സ്, ഫിസിയോതെറാപ്പി, മെഡിറ്റേഷന്‍, ഫേസ് മസാജ്, അക്യുപ്രഷര്‍, ഡീപ് ബ്രീത്തിങ് എന്നിവയാണ് ആ ഏഴ് കാറ്റഗറികള്‍. ഏത് പ്രായത്തിലുള്ളവര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് മെക് സെവന്‍ വ്യായാമങ്ങളുടെ പ്രത്യേകത. ആളുകള്‍ക്കിടയില്‍ വളരെ വേഗം പ്രചാരം ലഭിക്കാന്‍ കൂടി ഇത് കാരണമായി.

മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും പോപ്പുലര്‍ ഫ്രണ്ടാണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമായതോടെയാണ് ഈ വ്യായാമ കൂട്ടായ്മ വിവാദങ്ങളില്‍ ഇടം പിടിച്ചത്. വ്യായാമ കൂട്ടായ്മ മാത്രമെങ്കില്‍ എന്തിനാണ് മതപരമായ കാര്യങ്ങള്‍ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം കാന്തപുരം സമസ്ത വിഭാഗം രംഗത്തെത്തിയതോടെ മെക് സെവനെ കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നു. നവംബറില്‍ സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മെക് സെവനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും ഇതോടെ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവന്നു.

മെക് സെവൻ അംഗങ്ങൾ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ ജമാഅത്തെ ഇസ്ലാമി പലയിടത്തും കായികാഭ്യാസം സംഘടിപ്പിക്കുന്നുണ്ടെന്നായിരുന്നു പി മോഹനന്‍ പറഞ്ഞത്. വ്യായാമ കൂട്ടായ്മയെന്ന പേര് ഒരു തരത്തില്‍ മറ മാത്രമാണെന്നും മെക് സെവന്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായതായും യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

P Mohanan
പി മോഹനൻ

ഈ ആരോപണങ്ങള്‍ മറ്റൊരു തരത്തില്‍ കാന്തപുരം വിഭാഗം കൂടി ഏറ്റെടുത്തതോടെ മെക് സെവന്‍ സംശയ നിഴലിലായി. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാകാന്‍ ഉപയോഗിക്കുന്ന ടൂളാണ് മെക് സെവനെന്നാണ് ഒരു ആരോപണം. മെക് സെവന് പിന്നില്‍ ചതിയാണെന്നും വിശ്വാസികള്‍ പെട്ട് പോകരുതെന്നുമാണ് കാന്തപുരം വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പ്രതികരിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും മെക് സെവന് സമാനമായ രീതിയാണ് പ്രയോഗിച്ചതെന്ന് എവൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപണം ഉന്നയിച്ചു.

മുമ്പ് എന്‍ഡിഎഫ് കേരളത്തില്‍ വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചാണെന്നും മുഹമ്മദലി കിനാലൂര്‍ ചൂണ്ടിക്കാട്ടി. മെക് സെവനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുയുമായും നേരത്തെ പോപ്പുലര്‍ ഫ്രണ്ടുമായും ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. കൂട്ടായ്മ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്നാണ് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടത്.

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് മെക് സെവന്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സദുദ്ദേശത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവനെന്നാണ് കൂട്ടായ്മയുടെ അംബാസിഡര്‍ ബാവ അറക്കല്‍ പറഞ്ഞത്. വ്യായാമം സൗജന്യമായി നല്‍കുന്നതും വളരെ എളുപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തമാകാന്‍ സഹായിക്കുന്നതുമാണ് വേഗത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം.

സൈന്യത്തില്‍ നിന്ന് വിരമിച്ചവരും പൊലീസുകാരുമുള്‍പ്പടെ ഭാഗമായ കൂട്ടായ്മ തുറസ്സായ സ്ഥലത്ത് നടത്തുന്ന പരിശീലനം തികച്ചും സുതാര്യമാണ്, എല്ലാ മതവിഭാഗത്തിലുള്ളവരും പതിനഞ്ചോളം എംഎല്‍എമാരും മെക് സെവന്റെ ഭാഗമായുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പ്രായമായവരെ ഉള്‍പ്പെടെ കൂട്ടായ്മയുടെ ഭാഗമാക്കുമോ എന്നും മെക് സെവന്‍ ഭാരവാഹികള്‍ ചോദിക്കുന്നു. ആരോപണം ഉന്നയിച്ചവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയതായും ഇവര്‍ പറയുന്നുണ്ട്.

മെക് സെവനുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു വ്യായാമ പരിശീലനക്കൂട്ടായ്മ മലബാര്‍ രാഷ്ട്രീയത്തില്‍ എന്തുതരം വഴിത്തിരിവുകള്‍ ഉണ്ടാക്കുമെന്നതും മെക് സെവന്റെ ഭാവി എന്തായിരിക്കുമെന്നതും കാത്തിരുന്ന് കാണാം.

Content Highlights: What is Mec 7 and controversy about it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us