നെഹ്‌റു, എഡ്വിന മൗണ്ട്ബാറ്റണ് അന്നെഴുതിയത് എന്തായിരിക്കും? 80 വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയാകുന്ന കത്തുകള്‍

എഡ്വിന മൗണ്ട്ബാറ്റണ്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ നെഹ്‌റുവിന് ഒരു മരതക മോതിരം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു.

dot image

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കത്തുകള്‍ എപ്പോഴും പ്രത്യേകതയുള്ളതാണ്. നെഹ്‌റു മകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്തുകള്‍ ഇന്നും വ്യാപകമായി വായിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ നെഹ്‌റുവിന്റെ കത്ത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പക്ഷേ, അത് ഇന്ദിരയ്ക്ക് അയച്ചതല്ല, മറിച്ച് ചരിത്രപ്രധാനമായ ഒരു പറ്റം കത്തുകളാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം.

Jawahar Lal Nehru
ജവഹർ ലാൽ നെഹ്റു

എഡ്വിന മൗണ്ട്ബാറ്റണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, അരുണ ആസഫ് അലി, ജയപ്രകാശ് നാരായണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജിവന്‍ റാം, ഗോവിന്ദ് ബല്ലഭ് പന്ത് എന്നിവരുമായി നെഹ്‌റു നടത്തിയ കത്തിടപാടുകള്‍ സോണിയാ ഗാന്ധിയില്‍ നിന്നും പിഎംഎംഎല്‍ (Prime ministers museum and library) അംഗം റിസ്‌വാന്‍ കദ്രി ആവശ്യപ്പെട്ടിട്ടുണ്ട്. 1971ല്‍ നെഹ്‌റു മെമ്മോറിയല്‍ പിഎംഎംഎല്ലിന് നല്‍കിയ കത്തുകള്‍ 2008ലായിരുന്നു സോണിയാ ഗാന്ധിക്ക് കൈമാറിയത്. ഈ കത്തുകളാണ് ഗവേഷകര്‍ക്കും മറ്റും ഏറെ പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പിഎംഎംഎല്‍ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. 1971ല്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് കത്തുകള്‍ ഇന്ദിരാഗാന്ധി പിഎംഎംഎല്ലില്‍ സമര്‍പ്പിച്ചതെന്നാണ് കദ്രി കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

നെഹ്‌റുവിന്റെ കത്തുകളടങ്ങിയ 51ഓളം പെട്ടികള്‍ എടുത്തു മാറ്റിയിട്ടുണ്ടെന്നും കദ്രി പറയുന്നു. നെഹ്‌റുവിന്റെ കത്തുകളില്‍ എഡ്വിന മൗണ്ട്ബാറ്റണിന്റെ കത്തുകളെ ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ആ കത്തുകളെന്തായിരുന്നുവെന്നും ഗാന്ധി കുടുംബം എന്താണ് മറച്ചുവെക്കുന്നതെന്നുമുള്ള ചോദ്യങ്ങളാണ് ബിജെപിയില്‍ നിന്നും വരുന്നത്. 80 വര്‍ഷങ്ങള്‍ക്ക് ശേഷവും എന്തുകൊണ്ടാണ് ഈ കത്തുകള്‍ ചര്‍ച്ചയാകുന്നത്?

എന്തായിരുന്നു നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണും തമ്മിലുള്ള ബന്ധം

നിരവധി പെണ്‍സുഹൃത്തുക്കളുള്ള, അവയൊന്നും മറച്ചു വെക്കാത്ത നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. അത്തരത്തില്‍ നെഹ്‌റുവിന് നല്ലൊരു വ്യക്തിബന്ധമുണ്ടായിരുന്ന ആളായിരുന്നു എഡ്വിന മൗണ്ട്ബാറ്റണും. നെഹ്‌റുവും എഡ്വിനയും തമ്മിലുള്ള സൗഹൃദം നേരത്തെ തന്നെ വെളിപ്പെട്ടതുമാണ്.

Jawahar Lal Nehru and Edwina MountBatton
നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണും

എഡ്വിന മൗണ്ട്ബാറ്റണിന്റെ മകള്‍ പമേല ഹിക്‌സ് നേരത്തെ തന്നെ ഇരുവരുടെയും കത്തിനെക്കുറിച്ച് തന്റെ പുസ്തകമായ ഡോട്ടര്‍ ഓഫ് എംപയര്‍: ലൈഫ് ആസ് എ മൗണ്ട്ബാറ്റണ്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ അമ്മയും നെഹ്‌റുവും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്ന് ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. തന്റെ പങ്കാളിയും ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയുമായ ലോര്‍ഡ് ലൂയിസ് മൗണ്ട്ബാറ്റണുമായി 1947ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ മുതല്‍ തന്നെ നെഹ്‌റുവുമായി എഡ്വിനയ്ക്ക് സുഹൃദ്ബന്ധമുണ്ടായിരുന്നെന്നാണ് സൂചന.

നെഹ്‌റുവും എഡ്വിനയും തമ്മില്‍ പരസ്പരം നല്ല സ്‌നേഹവും ബഹുമാനവുമുണ്ടെന്നാണ് തനിക്ക് ഈ കത്ത് വായിച്ചപ്പോള്‍ തോന്നിയതെന്നാണ് മകള്‍ വ്യക്തമാക്കിയത്.'അവര്‍ അപൂര്‍വമായി മാത്രമേ തനിച്ചുണ്ടായിരുന്നുള്ളുവെന്നത് കൊണ്ട് തന്നെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. അവര്‍ക്ക് ചുറ്റുമെപ്പോഴും സ്റ്റാഫുകളും പൊലീസും മറ്റാളുകളുമുണ്ടായിരുന്നു', എന്നായിരുന്നു പുസ്തകത്തില്‍ പമേല പറഞ്ഞുവെക്കുന്നത്. ഒടുവില്‍ എഡ്വിന മൗണ്ട്ബാറ്റണ്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ നെഹ്‌റുവിന് ഒരു മരതക മോതിരം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നെഹ്‌റു അത് വാങ്ങിക്കില്ലെന്ന ഉറപ്പുണ്ടായതിനാല്‍ ആ മോതിരം എഡ്വിന ഇന്ദിരാഗാന്ധിക്ക് നല്‍കുകയായിരുന്നു.

എഡ്വിനയുടെ വിടവാങ്ങല്‍ സമയത്ത് നെഹ്‌റു നടത്തിയ പ്രസംഗവും പുസ്തകത്തില്‍ പമേല ചര്‍ച്ച ചെയ്യുന്നുണ്ട്. 'ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നതിലും അവരിലൊരാളായി നിങ്ങളെ കാണുന്നതിലും നിങ്ങള്‍ പോകുന്നതില്‍ ദുഖിക്കുകയും ചെയ്യുന്നതില്‍ അതിശയമുണ്ടോ' എന്നായിരുന്നു പ്രസംഗത്തിലെ പ്രധാന ഭാഗം.

എന്നാല്‍ ഈ കത്തുകളിലെ രഹസ്യമെന്തെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ബിജെപി നേതാക്കള്‍ എക്‌സ് പോസ്റ്റിലൂടെ നടത്തുന്നത്. ഈ രേഖകള്‍ നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായ പ്രാധാന്യം നല്‍കുന്നതാണെങ്കിലും ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നാണ് പിഎംഎംഎല്ലിന്റെ അവകാശവാദം. ഈ കത്തുകള്‍ പുറത്തുവന്നാല്‍ ഒരുപക്ഷേ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാകുന്നതായിരിക്കും.

dot image
To advertise here,contact us
dot image