പോഷ് ആക്ടിന്റെ നിയമപരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ നിര്‍ണായകമായ ഇടപെടല്‍ കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതി നടത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നുമുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. മലയാളി അഭിഭാഷക യോഗമായ എം ജി സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോഷ് ആക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. 2013ല്‍ രൂപീകരിക്കപ്പെട്ട പോഷ് ആക്ട് എന്താണെന്നും രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ അതിന് സാധ്യതയുണ്ടോയെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
എന്താണ് പോഷ് ആക്ട്?
2013ലാണ് തൊഴിലിടത്തെ ലൈംഗിക പീഡനത്തിനെതിരെയുള്ള പോഷ് ആക്ട് (POSH Act) നിലവില്‍ വരുന്നത്. തൊഴിലിടത്ത് ലൈംഗിക പീഡനപരാതി വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യങ്ങള്‍ പോഷ് ആക്ട് മുന്നോട്ട് വെക്കുന്നു. 2013ലാണ് പോഷ് നിയമം പ്രാബല്യത്തില്‍ വന്നതെങ്കിലും 1997ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായത്തിലുണ്ടായ മാര്‍ഗ നിര്‍ദേശങ്ങളാണ് പോഷ് ആക്ടിലേക്ക് നയിച്ചത്. വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍ (Vishaka guidelines) എന്നായിരുന്നു ഇത് അറിയപ്പെട്ടത്. വിശാഖ എന്ന വനിതാ സംഘടനയുള്‍പ്പെടെയുള്ള വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിധിയായിരുന്നു പശ്ചാത്തലം.
രാജസ്ഥാനിലെ സാമൂഹ്യ പ്രവര്‍ത്തകയായ ഭന്‍വാരി ദേവി കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെയായിരുന്നു വനിതാ സംഘടനകള്‍ കേസ് ഫയല്‍ ചെയ്തത്. രാജസ്ഥാനിലെ വനിതാ ശിശു വകുപ്പിലെ ഉദ്യോഗസ്ഥയായ ഭന്‍വാരി ദേവി 1992ല്‍ ഒരു വയസ് തികയാത്ത പെണ്‍കുഞ്ഞിന്റെ വിവാഹം തടഞ്ഞതിന്റെ പകയിലായിരുന്നു അവരെ കുട്ടിയുടെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഈ സംഭവത്തിലാണ് വനിതാ കൂട്ടായ്മകള്‍ കേസ് ഫയല്‍ ചെയ്യുന്നതും അഞ്ച് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 1997ല്‍ വിശാഖ ഗൈഡ്‌ലൈന്‍സ് പ്രാബല്യത്തില്‍ വരുന്നതും. വിശാഖ ഗൈഡ്‌ലൈന്‍സില്‍ നിയമപരമായി ലൈംഗിക പീഡനത്തെ നിര്‍വചിക്കുകയും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പ്രധാനമായും മൂന്ന് ചുമതലകള്‍ നല്‍കുകയും ചെയ്യുന്നു. നിരോധനം, പ്രതിരോധം, പരിഹാരം എന്നിവയാണവ. കൂടാതെ, ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരു പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന സുപ്രധാനമായ നിര്‍ദേശവും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
ഈ മാര്‍ഗനിര്‍ദേശങ്ങളെ വിശാലമാക്കുന്നതായിരുന്നു 2013ല്‍ വന്ന പോഷ് ആക്ട്. ഇതു പ്രകാരം പത്തോ അതിലധികമോ തൊഴിലാളികളുള്ള ഓരോ തൊഴിലിടത്തിലും ആഭ്യന്തര പരാതി പരിഹാര സമിതി (ഇന്റേണല്‍ കംപ്ലൈന്‍സ് കമ്മിറ്റി-ഐസിസി) രൂപീകരിക്കണമെന്ന് നിര്‍ബന്ധമാക്കി. മാത്രവുമല്ല, ലൈംഗികാതിക്രമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും പരാതിയെ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിനെ കുറിച്ച് വിശദമാക്കുകയും ചെയ്യുന്നു.
ഒരു സ്ത്രീയും ഒരു തൊഴിലിടത്തും ലൈംഗികാതിക്രമത്തിന് ഇരയാകാന്‍ പാടില്ലെന്ന് പോഷ് ആക്ട് വകുപ്പ് 3 (1) പറയുന്നു. ഇതില്‍ തൊഴിലിടം എന്നത് ഏറെ വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. സംഘടനകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാരിന് പങ്കാളിത്തമുള്ളതോ ഉടമസ്ഥതയിലുള്ളതോ ആയ സ്ഥാപനങ്ങളും സര്‍ക്കാരാല്‍ നിയന്ത്രിക്കപ്പെടുന്നതോ ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം (നേരിട്ടോ അല്ലാതെയോ) ലഭിക്കുന്നതോ ആയ പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, കായിക വേദികള്‍, വീടുകള്‍, തൊഴില്‍ സമയത്ത് തൊഴിലാളി സന്ദര്‍ശിക്കുന്ന ഇടങ്ങള്‍ തുടങ്ങിയവ തൊഴിലിടത്തില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ പോഷ് ആക്ട് പ്രായോഗികമോ?
രാഷ്ട്രീയ പാര്‍ട്ടികളില്‍ പോഷ് ആക്ട് പായോഗികമാണോയെന്നത് അവ്യക്തതയുണ്ടാക്കുന്ന ചോദ്യമാണ്. നിലവില്‍ സുപ്രീം കോടതിക്ക് മുമ്പില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നതിന് മുമ്പ് ഈയൊരു വിഷയം ചര്‍ച്ചയായി വന്നത് കേരള ഹൈക്കോടതിക്ക് മുന്നിലായിരുന്നു. 2022ല്‍ ഒരു കേസ് പരിഗണിക്കവേ രാഷ്ട്രീയ പാര്‍ട്ടികളില്‍ പോഷ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ ഐസിസി രൂപീകരിക്കേണ്ടതില്ലെന്നായിരുന്നു അന്ന് ഹൈക്കോടതി വിധിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, ടെലിവിഷന്‍, സിനിമ, മാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ ഐസിസി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ജി പരിഗണിക്കവേ, രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ തമ്മില്‍ തൊഴിലാളി-തൊഴിലുടമ ബന്ധമല്ല ഉള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാത്രവുമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വകാര്യ സംരംഭങ്ങളോ സ്ഥാപനങ്ങളോ മുതലായവ നടത്തുന്നില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഐസിസി ഉണ്ടാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ജനപ്രാതിനിധ്യ നിയമം, 1951 പ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നിയമത്തില്‍ വകുപ്പ് 29 എയില്‍ രാജ്യത്തെ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ സ്വയമൊരു രാഷ്ട്രീയ പാര്‍ട്ടിയെന്ന് വിളിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പോഷ് ആക്ട് 'തൊഴിലിട'ത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള പരിരക്ഷയായതിനാല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ പോഷ് ആക്ടിനെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്.
വ്യക്തമായ ഒരു തൊഴിലിടമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇതില്‍ ഏറ്റവും താഴെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്ന നേതാക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പോലും സാധിക്കില്ല. ഒരു പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷനോ സുപ്രീം കോടതിയോ പോഷ് ആക്ട് പ്രാബല്യത്തില്‍ വരുന്നത് അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പശ്ചാത്തലത്തില്‍ ആരാണ് തൊഴിലുടമ എന്ന് വ്യക്തമാക്കേണ്ടതായി വരും. കാരണം തൊഴിലിടത്തെ ലൈംഗിക പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് തൊഴിലുടമകളാണ് ഐസിസി രൂപീകരിക്കേണ്ടത്.
അതേസമയം പോഷ് ആക്ടില്‍ തൊഴിലിടം എന്ന ഭാഗത്ത് തൊഴില്‍ സമയത്ത് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ നിയമത്തിന്റെ പരിരക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള സാധ്യതയുമുണ്ട്. തൊഴിലിടത്തിന് മാത്രമല്ല, തൊഴിലാളി എന്ന പദത്തിനും വിപുലമായ നിര്‍വചനമാണ് പോഷ് ആക്ട് നല്‍കുന്നത്. ഇത് പ്രകാരം താല്‍ക്കാലികമായ ജോലി ചെയ്യുന്നവരും കോണ്‍ട്രാക്റ്റ് രീതിയില്‍ ജോലി ചെയ്യുന്നവരും പ്രധാന ഉടമയുടെ അറിവില്ലാതെ ജോലി ചെയ്യുന്നവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം തൊഴിലാളി എന്ന പദത്തില്‍ ഉള്‍പ്പെടും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെന്താണ്?
പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍, പ്രസിഡന്റ് ഓഫീസ്, വൈസ് പ്രസിഡന്റ് ഓഫീസ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം, നിര്‍ദേശം, നിയന്ത്രണം എന്നിവയ്ക്ക് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324ല്‍ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊള്ളുന്നത്. പ്രാതിനിധ്യ നിയമത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് നിയമങ്ങളുടെ കാര്യം കൃത്യമായി നിര്‍വചിച്ചിട്ടില്ല.
ഉദാഹരണമായി, 2013ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) വിവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന് വിധിച്ചിരുന്നു. അന്ന് മുതല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നുള്ള നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല.
അതുകൊണ്ട് തന്നെ ഈ വിഷയം എങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന ചോദ്യം. നേരത്തെ, സിഐസി ഉത്തരവ് പാലിക്കുമെന്ന് ഇസിഐ വ്യക്തമാക്കിയിരുന്നു. ബാലാവകാശ നിയമം പ്രകാരം ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുട്ടികളെ പ്രചാരണത്തിനിറക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മറ്റ് നിയമങ്ങള്‍ പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിമുഖതയില്ലെന്ന സൂചനയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളെങ്ങനെയാണ് ഐസിസിയോട് സമീപിക്കുകയെന്നാണ് നോക്കി കാണേണ്ടത്.
Content Highlights: What is Posh Act and is it practical for Political Party