സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നത് ജാതി അടിസ്ഥാനമാക്കിയല്ലെന്ന് കേന്ദ്രം;67 ശതമാനവും എസ്‌സി വിഭാഗമെന്ന് കണക്ക്

2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 377 പേര്‍ സെപ്റ്റിക്, അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടയില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

dot image

അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും ശുചീകരിക്കുന്നത് ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലെയും അഴുക്കുചാലുകളും സെപ്റ്റിക്ക് ടാങ്കുകളും ശുചീകരിക്കുന്ന തൊഴിലാളികളില്‍ നടത്തിയ ആദ്യത്തെ സര്‍വേ ഉദ്ധരിച്ചായിരുന്നു കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രാലയത്തിന്റെ വിശദീകരണം. ജാതി അധിഷ്ഠിതമല്ല, തൊഴില്‍ അധിഷ്ഠിതമായിട്ടാണ് ഇത്തരം തൊഴില്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്നായിരുന്നു വിശദീകരണം.

കോണ്‍ഗ്രസ് എംപി കുല്‍ദീപ് ഇന്ദോറയുടെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലേ. കേന്ദ്ര സര്‍ക്കാരിന്റെ നമസ്‌തേ (നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കാനിസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം) പരിപാടിയില്‍ രാജ്യത്തിന്റെ 33 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും രജിസ്റ്റര്‍ ചെയ്ത 54,574 തൊഴിലാളികളില്‍ നിന്നുമാണ് സര്‍വേ നടത്തിയത്. ഇതില്‍ 67.91 ശതമാനം (37,060) പട്ടികജാതി വിഭാഗത്തില്‍ നിന്നും 15.73 ശതമാനം (8,587) ഒബിസി വിഭാഗത്തില്‍ നിന്നും 8.31 ശതമാനം (4,536) പട്ടികവര്‍ഗത്തില്‍ നിന്നും 8.05 ശതമാനം (4,391) ജനറല്‍ വിഭാഗത്തില്‍ നിന്നുമുള്ള തൊഴിലാളികളാണ്.

ഈ കണക്കുകളില്‍ നിന്ന് തന്നെ മന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നുണ്ട്. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തില്‍ നിന്നുമാണ് 92 ശതമാനം തൊഴിലാളികളും ഉള്‍പ്പെടുന്നത്. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 377 പേര്‍ സെപ്റ്റിക്, അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടയില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നമസ്‌തേ പദ്ധതി

ശുചിത്വ തൊഴിലാളികളുടെ സുരക്ഷ, അന്തസ്, ശാക്തീകരണം എന്നിവ ഉറപ്പാക്കാന്‍ വേണ്ടിയാണ് 2023-24ല്‍ സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം, ഭവന നഗരകാര്യ മന്ത്രാലയവുമായി (MoHUA) സഹകരിച്ച് നമസ്‌തേ പദ്ധതി ആരംഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം 16,791 പിപിഇ കിറ്റുകളും 43 സുരക്ഷാകിറ്റുകളും മറ്റും ശുചീകരണ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 13,604 ഉപഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, ആളുകള്‍ നേരിട്ട് ഇത്തരം ശുചീകരണ പ്രവർത്തികള്‍ ചെയ്യുന്നത് അവസാനിച്ചുവെന്നും ഇനി പരിഹരിക്കേണ്ടത് അഴുക്കുചാലുകളും ടാങ്കുകളും അപകടകരമായ രീതിയില്‍ ശുചീകരിക്കുന്നത് തടയുന്നതാണെന്നുമാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വ്യക്തമാക്കിയത്.

ഈ സംരംഭത്തിന് കീഴില്‍ തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികളും സ്വീകരിക്കുന്നുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 503 തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മൊത്തം 13.96 കോടി രൂപ മൂലധന സബ്‌സിഡി നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍ക്കരിക്കാനും അപകടകരമായ ജോലികള്‍ കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Content Highlights: Report says 92 percentage septic cleaners in India from SC ST OBC Communities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us