യേശു പലസ്തീനിയനാണോ, എന്തുകൊണ്ട് ഇസ്രയേൽ നടി 'മേരി'യായി അഭിനയിച്ചു?; മേരി സിനിമയ്‌ക്കെതിരെ വ്യാപക വിമർശനം

ഗാസയില്‍ ഇസ്രയേല്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് ഇസ്രയേല്‍ നടിയെ മേരിയായി അഭിനയിപ്പിക്കുന്നത് വിവേക ശൂന്യമാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

dot image

നെറ്റ്ഫ്‌ളിക്‌സില്‍ പുതുതായി ഇറങ്ങിയ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള സിനിമയായ 'മേരി'യ്‌ക്കെതിരായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചര്‍ച്ച. ഓസ്‌കാര്‍ ജേതാവ് ആന്റണി ഹോപ്കിന്‍സ് അടക്കം അണിനിരന്ന മേരിയെന്ന സിനിമ ഇന്ന് വിവാദ വിഷയമായിരിക്കുകയാണ്. മേരിയുടെയും ഭര്‍ത്താവ് ജോസഫിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രധാനമായും ഇസ്രയേല്‍ അഭിനേതാക്കളാണെന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. മേരിയും ജോസഫും പുത്രനായ ജീസസും (യേശു) ബത്‌ലഹേമില്‍ ജനിച്ച ജൂതനും പലസ്തീനിയനുമാണെന്ന വര്‍ഷങ്ങളായുള്ള വാദത്തിന്റെ പിന്‍ബലത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കിടയില്‍ പുറത്ത് വന്ന സിനിമയില്‍ പലസ്തീനികളെന്ന് അവര്‍ വിശ്വസിക്കുന്ന മേരിയെയും യേശുവിനെയും മറ്റും അവതരിപ്പിക്കാന്‍ ഇസ്രയേല്‍ അഭിനേതാക്കളെ തിരഞ്ഞെടുത്തതിന്റെ അനൗചിത്യത്തെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. നോയ കോഹെനെന്ന ഇസ്രയേല്‍ നടിയാണ് മേരിയായി അഭിനയിച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് ഇസ്രയേല്‍ നടിയെ മേരിയായി അഭിനയിപ്പിക്കുന്നത് വിവേക ശൂന്യമാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. മാത്രവുമല്ല, സിനിമയില്‍ അറബ് പ്രാതിനിധ്യമില്ലാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്.

അതേസമയം പലസ്തീന്‍ അനുകൂലികള്‍ക്ക് പുറമേ പല ക്രിസ്ത്യന്‍ ഗ്രൂപ്പുകളും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോസഫുമായുള്ള മേരിയുടെ ബന്ധത്തെക്കുറിച്ച് കൃത്യതയില്ലെന്ന രീതിയില്‍ പല ക്രിസ്ത്യന്‍ ഗ്രൂപ്പുകളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മേരി സിനിമ ചിത്രീകരിക്കുന്നതിന് മുമ്പ് ഇവരാരും ബൈബിള്‍ പരിശോധിച്ചിട്ടില്ലെന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഡി ജെ കറുസോയും രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ അഭിനേതാക്കളെ തിരഞ്ഞെടുത്തത് ബോധപൂര്‍വമായ പ്രക്രിയയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആധികാരികത ഉറപ്പാക്കാന്‍ മേരിയെയും മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും ഇസ്രയേലില്‍ നിന്നുള്ള അഭിനേതാക്കള്‍ അവതരിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

യേശുവും മേരിയും പലസ്തീനികളാണോ?

പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് യേശു പലസ്തീനിയാണോ എന്നത്. യേശു ജനിച്ചത് ബത്‌ലഹേമിലാണെന്നതില്‍ തര്‍ക്കമില്ല. ബത്‌ലഹേം നിലവില്‍ പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. ജറുസലേമില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ഈ പ്രദേശം. അതുകൊണ്ട് ജിയോപൊളിറ്റിക്‌സ് പ്രകാരം യേശു പലസ്തീനിയനാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പ്രദേശമായി പലസ്തീന്‍ നിലവിലില്ലാത്ത സമയത്ത് ജൂതനായി ജനിച്ച യേശു പലസ്തീനിയന്‍ അല്ലെന്നും വാദിക്കുന്നവരുമുണ്ട്.

പുതിയ നിയമമനുസരിച്ച് 4-6 ബിസിഇയില്‍ മഹാനായ ഹെരോദിന്റെ കാലത്ത് ബത്‌ലഹേമിലാണ് യേശു ജനിക്കുന്നത്. അന്ന് റോമക്കാര്‍ക്കിടയില്‍ യഹൂദിയ എന്നറിയപ്പെട്ട സ്ഥലത്തായിരുന്നു ബത്‌ലഹേം. ഈ പ്രദേശം പിന്നീട് ജൂതന്മാരുടേതായി. പുതിയ നിയമത്തിന് പുറമേ റോമന്‍ ചരിത്രകാരനായ ടാകിറ്റസാണ് ആദ്യമായി യേശുവിനെ ജൂതനെന്ന് പരാമര്‍ശിക്കുന്നത്. ടൈബീരിയസിന്റെ ഭരണകാലം മുതല്‍ നെറോയുടെ ഭരണകാലം വരെയുള്ള എഡി 14-68 വരെയുള്ള റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന അദ്ദേഹത്തിന്റെ അന്നല്‍സ് എന്ന പുസ്തകത്തിലായിരുന്നു പരാമര്‍ശം.

നിലവില്‍ പലസ്തീനിന്റെ ഭൂമിശാസ്ത്രപരമായ സ്വത്വം നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇസ്രയേലിന്റെ രൂപീകരണം (1948) മുതല്‍ ഇങ്ങോട്ട് പലസ്തീന്റെ പല ഭാഗങ്ങളും ഇസ്രയേലിന്റെ അധീനതയിലായി കൊണ്ടികരിക്കുന്നു. അതുകൊണ്ട് ഭൂമിശാസ്ത്രപരമായി ഇത്തരം വാദങ്ങള്‍ക്ക് നിലവില്‍ പ്രസക്തിയുണ്ടോയെന്നതാണ് പല കോണുകളില്‍ നിന്നും വരുന്ന മറ്റൊരു അഭിപ്രായം.

വിവാദങ്ങളൊഴിയാതെ നെറ്റ്ഫ്‌ളിക്‌സ്

നേരത്തെ പലസ്തീന്‍ വിഷയങ്ങളുള്ള സിനിമകള്‍ കൂട്ടത്തോടെ ഒഴിവാക്കിയതിന്റെ പേരില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചര്‍ സിനിമകളും 'പലസ്തീനിയന്‍ സ്റ്റോറീസ്' എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് പിന്‍വലിച്ചത്. പലസ്തീന്‍ സിനിമകള്‍ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സിന് ഫ്രീഡം ഫോര്‍വേര്‍ഡ് എന്ന സംഘടന കത്തയക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്ഫോമിനെതിരെ നിലപാടെടുത്തിരുന്നു.

പ്രതിഷേധം ശക്തമായതോടെ മൂന്ന് വര്‍ഷത്തെ ലൈസന്‍സിംഗ് കരാറിന്റെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറില്‍ പലസ്തീനിയന്‍ സ്റ്റോറീസ് എന്ന പ്ലേ ലിസ്റ്റില്‍ സിനിമകള്‍ ആരംഭിച്ചതെന്നും ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതോടെയാണ് സംപ്രേക്ഷണം അവസാനിപ്പിച്ചതെന്നുമായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ വിശദീകരണം.

Content Highlights: Social Media criticism about Marry film as Jesus Palestine

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us