സാഹിത്യത്തിൻ്റെയും എഴുത്തിൻ്റെയും പുസ്തകങ്ങളുടെയും ലോകം സ്വന്തമായി ഇല്ലാതിരുന്ന, ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു തൻ്റെ ജനനമെന്ന് എം ടി തന്നെ ഒരിക്കൽ പറഞ്ഞ് പോയിട്ടുണ്ട്. മൂന്നോ നാലോ ദിവസങ്ങൾ വൈകി, തപാൽ വഴി ദിനപത്രങ്ങൾ എത്തിയിരുന്ന, എഴുത്തുമായും വായനയുമായും ഏറെ അടുപ്പമില്ലാതിരുന്ന ബാല്യത്തെയും എം ടി അടയാളപ്പെടുത്തുന്നുണ്ട്. അന്ന് തൃശ്ശൂരിൽ പഠിച്ചുകൊണ്ടിരുന്ന സഹോദരൻ പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നതും പലപ്പോഴും അവ ഭാഗികമായി വായിക്കാറുണ്ടായിരുന്നതും മാത്രമായിരുന്നു വായനയുമായി ഉണ്ടായിരുന്ന ബന്ധമെന്നും എംടി ഓർമ്മിച്ചിരുന്നു. ഇതല്ലാതെ സാഹിത്യത്തോട് ഒരു അടുപ്പവും ചെറുപ്പത്തിൽ ഇല്ലായിരുന്നുവെന്നതും ഡോ. സുധാ ഗോപാലകൃഷ്ണന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു എം ടി ഓർമ്മിച്ചെടുത്തത്. വായനയുടെയും എഴുത്തിൻ്റെയും ലോകത്തേയ്ക്ക് എത്തപ്പെട്ടതിൻ്റെ നാൾവഴികൾ എം ടി ആ അഭിമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്.
ഹൈസ്കൂളിൽ എത്തിയപ്പോൾ ഗൗരവമായ വായന ആരംഭിച്ച കാലത്തെയും എംടി അടയാളപ്പെടുത്തുന്നുണ്ട്. 'അക്കാലത്ത് കൈയ്യിൽ കിട്ടുന്നതെല്ലാം വായിക്കാൻ തുടങ്ങി. കഥകളും നോവലുകളുമടക്കം സ്കൂൾ ലൈബ്രറിയിലും സമീപത്തെ വീടുകളിലും ലഭിച്ചിരുന്ന പുസ്തകങ്ങളൊക്കെ ഈ നിലയിൽ വായിക്കാൻ തുടങ്ങി. വായന തുടങ്ങിയതോടെ എന്തെങ്കിലും എഴുതണമെന്ന് ആഗ്രഹം തോന്നി. വായിച്ചതുമായി യോജിക്കുന്നതല്ല എഴുത്തെന്ന് അറിയാമായിരുന്നു. പക്ഷേ, എൻ്റെ ഏകാന്തതയിൽ, എനിക്ക് എന്തോ എഴുതാൻ തോന്നി. അവ പോരാ എന്ന് തോന്നിയതിനാൽ ആരെയും കാണിക്കാതെ ഞാൻ അവ ഉപേക്ഷിച്ചു. പക്ഷേ ഞാൻ അത് തുടർന്നു കൊണ്ടിരുന്നു. പിന്നെ വലിയ എഴുത്തുകാരുടെ കൃതികൾ വായിക്കാൻ തുടങ്ങി. ആ കൃതികളോട് എനിക്ക് ഭയവും ഭക്തിയും ഇടകലർന്ന ആരാധന ഉണ്ടായിരുന്നു. കവി അക്കിത്തം അച്യുതൻ നമ്പൂതിരി എൻ്റെ സ്കൂളിനടുത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ വീട്ടിൽ പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവധിക്കാലത്ത് ഞാൻ അക്കിത്തത്തിൻ്റെ വീട്ടിൽ പോയി ആളുകൾ നിർദ്ദേശിക്കുന്ന പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുമായിരുന്നു' എന്നും എം ടി അഭിമുഖത്തിൽ ഓർമ്മിച്ചെടുക്കുന്നുണ്ട്.
എന്ത് എഴുതണം എന്നറിയില്ലായിരുന്ന തുടക്കത്തിലെ അവസ്ഥയും എം ടി അനുസ്മരിച്ചു. 'മുമ്പ്, വിദ്യാർത്ഥികൾ അവരുടെ രചനകൾ അധ്യാപകനെ കാണിക്കുമായിരുന്നു. അധ്യാപകൻ്റെ മറുപടി അനുസരിച്ച്, അവർ മുന്നോട്ട് പോകും. എന്നെ നയിക്കാൻ എനിക്ക് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് എല്ലാം ചെയ്തത്. ഞാൻ വായിച്ച മഹത്തായ കവിതകൾ എനിക്ക് എഴുത്തിൻ്റെ മാതൃകയായി. അത്ര നല്ലതല്ലെന്നു തോന്നിയപ്പോൾ എഴുത്തുകൾ പലതും ഞാൻ ഉപേക്ഷിച്ചു. ഞാൻ എൻ്റെ എഴുത്തുകൾ വലിച്ചെറിഞ്ഞു… എന്നിട്ട് വീണ്ടും എഴുതി തുടങ്ങി.'
പിന്നീട് കവിതകൾ എഴുതുന്നത് നിർത്തിയതിനെക്കുറിച്ചും എം ടി ഓർമ്മിക്കുന്നുണ്ട്. മഹാന്മാരായ കവികളുടെ എഴുത്തുമായി താരതമ്യപ്പെടുത്തുമ്പോൾ അതൊന്നും നല്ലതായി തോന്നിയില്ല എന്നതാണ് കവിത എഴുത്ത് നിർത്തിയതിൻ്റെ കാരണമായി എം ടി പറഞ്ഞത്. മഹാന്മാരായ വള്ളത്തോളും ആശാനും ഉള്ളൂരുമെല്ലാം ഹൃദയം കൊണ്ട് എഴുതിയവരായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നുവെന്നും എം ടി പറയുന്നുണ്ട്. പിന്നീട് ഒരു വർഷത്തേയ്ക്ക് പഠനത്തിന് ഇടവേള ഉണ്ടായതിനെക്കുറിച്ചും എം ടി അനുസ്മരിക്കുന്നുണ്ട്. 'സഹോദരൻ അക്കാലത്ത് കോളേജിൽ പഠിക്കുകയായിരുന്നു. രണ്ട് ആൺമക്കളെയും ഒരുമിച്ച് കോളേജിൽ വിടാനുള്ള ശേഷി അന്ന് രക്ഷാകർത്താക്കൾക്കുണ്ടായിരുന്നില്ല. അതിനാൽ ഒരു വർഷം പഠനം ഉപേക്ഷിച്ച് വീട്ടിൽ നിൽക്കേണ്ടി വന്നു. തുടക്കത്തിൽ എനിക്ക് വലിയ സങ്കടമായിരുന്നു. പിന്നീട് അതെനിക്കൊരു അനുഗ്രഹമായി തോന്നി. പെട്ടെന്ന് തന്നെ ഒഴിവ് സമയം ഞാൻ ഉപയോഗിക്കാൻ തുടങ്ങി.'
അക്കാലത്ത് അക്കിത്തത്തിൻ്റെ വീട്ടിൽ പോകുകയും കൈനിറയെ പുസ്തകവുമായി മടങ്ങുകയും ചെയ്തത് എം ടി അനുസ്മരിക്കുന്നുണ്ട്. അക്കിത്തത്തിൻ്റെ വീട്ടിലെത്തി കൈനിറയെ പുസ്തകങ്ങളുമായി വീട്ടിലെത്തുകയും വായിച്ചതിന് ശേഷം അവ മടക്കി നൽകി വീണ്ടും പുസ്തകങ്ങൾ എടുത്ത് വായിക്കുകയും ചെയ്തിരുന്ന അക്കാലത്ത് എംടിക്ക് കൂട്ടുകൂടാൻ സുഹൃത്തുക്കളില്ലായിരുന്നു. കുന്നിൻ ചെരുവിലൂടെ ഏകനായി നടക്കുകയും മനസ്സിൽ എഴുതിക്കൂട്ടുകയും ചെയ്യുന്നതായിരുന്നു അക്കാലം. എഴുതിയ കഥകൾ അയക്കാൻ പത്രങ്ങളുടെ മേൽവിലാസം പോലും അന്നറിയില്ലായിരുന്നുവെന്ന് എംടി ഓർമ്മിക്കുന്നുണ്ട്.
'ഞാനൊരു സാധാരണക്കാരനായ ഗ്രാമീണ ബാലനായിരുന്നു. എൻ്റെ എഴുത്തുകൾ ആരെങ്കിലും പ്രസിദ്ധീകരിക്കാൻ താൽപ്പര്യപ്പെടുമോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അക്കാലത്താണ് വലിയൊരു മാസികയായ ചിത്രലോകം മദ്രാസിൽ നിന്നും പുറത്തിറങ്ങുന്നെന്ന പരസ്യം കണ്ടത്. പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം അതിൽ എഴുതുന്നുണ്ടായിരുന്നു. അപ്പോൾ മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഞാൻ എഴുതാൻ തീരുമാനിച്ചു. എസ് കെ പൊറ്റക്കാടിനെ അനുകരിച്ച് ഞാൻ വി കെ തെക്കേപ്പാട്ട് എന്ന തൂലികാ നാമം സ്വീകരിച്ച് ഒരെണ്ണം എഴുതി. തെക്കെപ്പാട്ട് എന്നത് എൻ്റെ വീട്ടുപേരായിരുന്നു. പ്രസിദ്ധ എഴുത്തുകാരായിരുന്ന തകഴി ശിവശങ്കരപിള്ളയും കാരൂർ നീലകണ്ഠ പിള്ളയും അവരുടെ പേരിനൊപ്പം അവരുടെ ഗ്രാമങ്ങളുടെ പേര് ഉപയോഗിച്ചിരുന്നതും എന്നെ ആകർഷിച്ചിരുന്നു. കൂടല്ലൂർ വാസുദേവൻ നായർ എന്ന പേരിൽ രണ്ടാമതൊന്ന് കൂടി എഴുതി അയച്ചു. മൂന്നാമതൊന്ന് കൂടി എഴുതി അയച്ചിരുന്നു. ഇത്തവണ എൻ്റെ സ്വന്തം പേരിൽ എം ടി വാസുദേവൻ നായർ എന്ന പേരിലായിരുന്നു അയച്ചത്. രണ്ട് മാസത്തിന് ശേഷം തൊട്ടടുത്തുള്ള കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ എനിക്കൊരു പാഴ്സൽ വന്നു. അത് വാങ്ങാൻ ആരെയെങ്കിലും അയക്കണമെന്ന് ആവശ്യപ്പെട്ടു. അത് മാസികയായിരുന്നു. ഞാൻ അയച്ച മൂന്ന് കൃതികളും അതിൽ അച്ചടിച്ച് വന്നിട്ടുണ്ടായിരുന്നു.'
Content Highlights: M T Vasudevan Nair recalls the beginnings of reading and writing