ഇനി ലക്ഷ്യം രാജ്യസഭ? 'രാജിയാവാത്ത' രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി അൻവർ

14 വർഷം നീണ്ട ഇടതുപക്ഷ ബാന്ധമവസാനിച്ചതോടെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്നത്. 2016ൽ കോൺ​ഗ്രസിന്റെ തട്ടകമായ നിലമ്പൂർ മണ്ഡലം കൈക്കലാക്കിയതോടെ ഇടതുപക്ഷത്തിന് പി വി അൻവർ പ്രിയപ്പെട്ടവനാവുകയായിരുന്നു

ഐഷ ഫർസാന
1 min read|13 Jan 2025, 01:13 pm
dot image

നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺ​ഗ്രസിനൊപ്പമായിരിക്കും അൻവറിന്റെ മുന്നോട്ടുള്ള യാത്ര. ടിഎംസിയുമായി അടുത്തതിന് പിന്നാലെ പാർട്ടി മാറിയാൽ അയോ​ഗ്യനാക്കപ്പെട്ടേക്കുമെന്നതാണ് രാജി പ്രഖ്യാപിക്കാൻ അൻവറിനെ നിർബന്ധിതനാക്കിയത്.

കേരളത്തിൽ 10 വർഷം മുമ്പ് നടത്തിയ പാർട്ടി രൂപീകരണം പരാജയപ്പെട്ടതിന്റെ അനുഭവമുള്ളതിനാൽ അൻവറിനെ കോ-ഓഡിനേറ്ററായി നിയമിച്ചുകൊണ്ട് ജാ​ഗ്രതയോടെയുള്ള നീക്കമാണ് ടിഎംസി നടത്തുന്നത്. 2015ൽ കേരളത്തിൽ പാർട്ടി രൂപീകരണത്തിനായി മഹുവ മൊയിത്ര ഉൾപ്പെടെയുള്ള നേതാക്കൾ കൊച്ചിയിലെത്തിയിരുന്നു. മുൻ എംഎൽഎ ജോസ് കുറ്റ്യാനിയെ ആയിരുന്നു അന്ന് ടിഎംസി സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. പിന്നീട് അദ്ദേഹം രോ​ഗബാധിതനായതോടെ സാമ്പത്തിക ആരോപണങ്ങൾ ഉയരുകയും കമ്മിറ്റിയെ കേന്ദ്ര നേതൃത്വം മരവിപ്പിക്കുകയുമായിരുന്നു.

14 വർഷം നീണ്ട ഇടതുപക്ഷ ബന്ധമവസാനിപ്പിച്ചതോടെയാണ് പി വി അൻവറിന്റെ ടിഎംസി പ്രവേശം. 2016ൽ കോൺ​ഗ്രസിന്റെ തട്ടകമായ നിലമ്പൂർ മണ്ഡലത്തെ കൈക്കലാക്കിയതോടെയാണ് ഇടതുപക്ഷത്തിന് പി വി അൻവർ പ്രിയപ്പെട്ടവനായത്. അതേ ഇടതുപക്ഷത്തെ തന്നെ അതിരൂക്ഷമായി വിമർശിച്ച പി വി അൻവറിന്, 'വലതുപക്ഷത്തിന്റെ കൈയിലെ കോടാലി' എന്ന വിശേഷണമായിരുന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ നൽകിയത്. കോൺ​ഗ്രസിൽ നിന്ന് രാഷ്ട്രീയ ജീവിതം തുടങ്ങിയ അൻവർ‌ തിരികെ കോൺ​ഗ്രസിലേക്ക് തന്നെ പോകുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. അൻവറിനു മുന്നിൽ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാൽ കോൺ​ഗ്രസിലേക്കുള്ള തിരിച്ചുവരവിൽ ജില്ലയിലെ പ്രധാന നേതാക്കൾ കൂടി കയ്യൊഴിഞ്ഞതോടെയാണ് അൻവർ ടിഎംസി എന്ന പാത തെരഞ്ഞെടുത്തത്.

സിപിഐഎമ്മുമായി ഇടഞ്ഞതിന് തൊട്ടുപിന്നാലെ ഡിഎംകെ അഥവാ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരിൽ പി വി അൻവർ ഒരു പാർട്ടിയാരംഭിച്ചിരുന്നു. നിർണായകമായ ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ പി വി അൻവർ തന്റെ സ്വന്തം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇതിനിടെ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയും പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിക്കായിരുന്നു പിന്തുണ. വിജയം നേടാനായില്ലെങ്കിലും മത്സരരംഗത്ത് സജീവമായി നിൽക്കാൻ അൻവറിൻ്റെ സ്ഥാനാർത്ഥിക്ക് സാധിച്ചിരുന്നു.

അടുത്തിടെ നിലമ്പൂർ മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പി വി അൻവറിന്റെ പ്രവർത്തകർ വനം വകുപ്പ് ഓഫീസ് തല്ലിതകർത്തിരുന്നു. ഇതിന് പിന്നാലെ അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. എംഎൽഎ സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന് നീതി തേടി നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത് പി വി അൻവറിനുണ്ടാക്കിയ സ്വീകാര്യത ചെറുതല്ല. ഇതോടെയാണ് പി വി അൻവർ കോൺ​ഗ്രസിലേക്ക് എന്ന വാർത്തകൾ സജീവമായത്. പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കളും രം​ഗത്തെത്തിയിരുന്നു. ചർച്ചകളെല്ലാം ഒരു വഴിക്ക് നടക്കുന്നതിനിടെയാണ് പി വി അൻവർ സമാജ് വാദി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യസഭാ സീറ്റ് നൽകണം എന്നതായിരുന്നു പി വി അൻവറിന്റെ ആവശ്യം. ജെഡിഎസിൽനിന്ന് അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻവർ രാജ്യസഭയിലേക്കുള്ള താൽപര്യം അറിയിച്ചത്. അൻവറിന്റെ കാര്യം ജനുവരി 20ന് ചർച്ച ചെയ്യാമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് കാത്തുനിൽക്കാതെയാണ് പി വി അൻവറിന്റെ ടിഎംസി പ്രവേശം.

മുപ്പത് വർഷത്തോളം കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ പി വി അൻവറാണ് ഇടത് കോട്ടയാക്കി മാറ്റിയത്. 2016ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനോട് 11504 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു പി വി അൻവർ ജയിച്ചത്. 2021ലും പി വി അൻവർ വിജയം ആവർത്തിച്ചു. ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശിനെ 2791 വോട്ടിനാണ് അൻവർ പരാജയപ്പെടുത്തിയത്.

പി വി അൻവർ രാജിവെച്ചതോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളമാണ് ഒരുങ്ങുന്നത്. ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇപ്രകാരം പരിശോധിച്ചാൽ ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കും എന്ന് സാരം. രാജി പ്രഖ്യാപിച്ചതോടെ ഉപതിരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായി അൻവർ മത്സരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് പി വി അൻവർ. യുഡിഎഫിനുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

Content Highlight: Discussions begins on by election after Nilambur MLA PV Anvar resigns, joins TMC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us