അഴിമതിയെ തൂത്തെറിയാന്‍ ചൂലുമെടുത്തിറങ്ങി, ഒടുവില്‍ സ്വയം നേരിടേണ്ടി വന്ന അഴിമതി ആരോപണങ്ങള്‍ക്ക് ഉത്തരം പറയേണ്ട ഗതികേട്! ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സത്യപ്രതിജ്ഞയ്ക്കായി സാധാരണ ജനങ്ങളുടെ പ്രതിനിധിയാണെന്നുറക്കെ പ്രഖ്യാപിച്ച് ഔദ്യോഗിക വാഹനത്തില്‍ വരാതെ ഡല്‍ഹി മെട്രോയില്‍ സത്യപ്രതിജ്ഞാവേദിയിലെത്തിയതാണ് അരവിന്ദ് കെജ്‌രിവാളെന്ന അഴിമതി വിരുദ്ധന്‍. എന്നാല്‍ ഒരുപതിറ്റാണ്ടിനിപ്പുറം ഡല്‍ഹി മദ്യനയക്കേസിൻ്റെയും മുഖ്യമന്ത്രി വസതിയില്‍ കോടികളുടെ ആഡംബരം നടത്തിയെന്നും ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളുടെയും നടുവിലാണ് കെജ്‌രിവാള്‍ എന്നുള്ളതാണ് വിരോധാഭാസം. 'ആം ആദ്മി'ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്ത് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോട് നേരിട്ടേറ്റുമുട്ടാനിറങ്ങുമ്പോള്‍ ആദര്‍ശവും അതിനുവേണ്ടി നടത്തിയ സമരങ്ങളും മാത്രമായിരുന്നു എഎപിയുടെ കൈമുതല്‍. തലസ്ഥാനം അത്രകാലം ഭരിച്ച കോണ്‍ഗ്രസിന്റെയോ, ബിജെപിയുടെയോ ആള്‍ബലമോ, സാമ്പത്തിക പിന്‍ബലമോ എഎപിക്കുണ്ടായിരുന്നില്ല. ജനപ്രിയ വാഗ്ദാനങ്ങള്‍ മാത്രമാണ് അവര്‍ മുന്നോട്ടുവച്ചത്. പക്ഷെ പാര്‍ട്ടി സ്ഥാപിക്കപ്പെട്ട് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി. അതോടെ തങ്ങള്‍ സഞ്ചരിക്കുന്നത് ശരിയായ പാതയിലൂടെയാണെന്ന് തിരിച്ചറിഞ്ഞ എഎപി ജനങ്ങള്‍ക്ക് തിരിച്ചു നല്‍കിയത് സൗജന്യ പദ്ധതികളുടെ ഒരു നീണ്ട പട്ടികയായിരുന്നു.
ഏഴും എട്ടും മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടില്‍ പൊറുതിമുട്ടിയ ഡല്‍ഹിക്കാര്‍ക്കുവേണ്ടി പവര്‍കട്ട് ഒഴിവാക്കുക മാത്രമല്ല കുടിവെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കി പ്രഖ്യാപനം നിറവേറ്റുകയും ചെയ്തു എഎപി സർക്കാർ. ഡല്‍ഹി ബസുകളില്‍ സ്ത്രീകള്‍ക്ക് സ്വൈര്യമായി സൗജന്യമായി യാത്ര ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി പദ്ധതി തയ്യാറാക്കി സ്ത്രീവോട്ടര്‍മാരുടെ പിന്തുണയും കെജ്‌രിവാള്‍ ഉറപ്പുവരുത്തി. തിരിഞ്ഞുനോക്കുമ്പോള്‍ കെജ്‌രിവാളിന്റെ പദ്ധതികളെല്ലാം സ്ത്രീജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളായിരുന്നുവെന്ന് വ്യക്തമാകും. കുടുംബം നോക്കിനടത്തുന്ന സ്ത്രീകളാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുകയെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള സമര്‍ഥമായ നീക്കം. മോദിക്ക് വോട്ട് ചെയ്താല്‍ വീട്ടില്‍ നിന്ന് ഭക്ഷണം തരില്ലെന്ന് ഭര്‍ത്താക്കന്മാരോട് പറയണമെന്ന് കെജ്‌രിവാള്‍ സ്ത്രീ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലാണ്. തുടക്കത്തില്‍ പ്രഖ്യാപിച്ച സൗജന്യ പദ്ധതികള്‍ വര്‍ഷം ചെല്ലുന്തോറും കുറയുമെന്ന് കണക്കുകൂട്ടിയിരുന്ന എതിരാളികളെ അമ്പരിപ്പിച്ചുകൊണ്ട് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, മൊഹല്ല ക്ലിനിക്കുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ്-മെട്രോ യാത്ര, വയോജനങ്ങള്‍ക്കായുള്ള തീര്‍ഥയാത്ര, സ്ത്രീകള്‍ക്ക് പ്രതിമാസം ധനസഹായം തുടങ്ങി പദ്ധതികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.
555 കോടി ചെലവഴിച്ച് ആരംഭിച്ച് സബ്‌സിഡിയില്‍ ഒന്‍പതുമടങ്ങിന്റെ വര്‍ധനവാണ് കഴിഞ്ഞൊരു പതിറ്റാണ്ടിനിടയില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ എഴുപത് ശതമാനവും വൈദ്യുതിക്കുവേണ്ടിയായിരുന്നു. തലസ്ഥാനത്ത് 40 ലക്ഷത്തോളം പേരാണ് വൈദ്യുത ഉപഭോക്താക്കളായിട്ടുള്ളത്. ഇതില്‍ 22 ലക്ഷത്തോളം പേരും സൗജന്യ വൈദ്യുത പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 25,000 കോടി രൂപയാണ് വൈദ്യുത സബ്‌സിഡിക്കായി എഎപി സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 291.4 കോടിയായിരുന്നെങ്കില്‍ 2024-25 ആയപ്പോഴേക്കും അത് 3,600.5 കോടി ആയാണ് ഉയര്‍ന്നത്. കുടിവെള്ളത്തിന്റെ ഗുണഭോക്താക്കളായ 16-17 ലക്ഷം കുടുംബങ്ങള്‍ക്കുവേണ്ടി 4,447 കോടി രൂപ പത്തുവര്‍ഷത്തിനുള്ളില്‍ എഎപി സര്‍ക്കാര്‍ ചെലവഴിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ സൗജന്യ ബസ് യാത്രയ്ക്കായി 1910 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്.
ബജറ്റിന്റെ ഒൻപത് ശതമാനത്തിനടുത്ത് സബ്‌സിഡിക്കായി ഡൽഹി സര്‍ക്കാരിന് നീക്കിവയ്‌ക്കേണ്ടി വരുന്നുണ്ട് . ആദ്യ വര്‍ഷങ്ങളില്‍ വിജയകരമായിരുന്ന ഡല്‍ഹി മോഡല്‍ സാമ്പത്തിക ക്രയവിക്രയത്തിന് അടിത്തറ പാകിയത് റവന്യൂ സര്‍പ്ലസ് ആയിരുന്നു. 2014-15, 2017-18 സാമ്പത്തിക വര്‍ഷങ്ങളിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 14-15 വര്‍ഷത്തേക്കാള്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ടാക്‌സ് റവന്യൂവില്‍ ഉണ്ടായത്. 26,604 കോടിയില്‍ നിന്ന് 35,717 കോടിയുടെ വര്‍ധന! ഈ വര്‍ധനവിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമര്‍ഥമായി ചെലവഴിച്ചുകൊണ്ടാണ് സബ്‌സിഡികള്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും പ്രഖ്യാപിച്ചിരുന്നത്.
ഡല്‍ഹി മോഡല്‍ തകരുന്നതിന്റെ ആദ്യ സൂചന നല്‍കുന്നത് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബിജെപിയാണ്. 2024-25ല്‍ ഡല്‍ഹി റവന്യുക്കമ്മി അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ബിജെപിയാണ്. പിന്നാലെ നാഷണൽ സ്‌മോള്‍ സേവിങ്‌സ് ഫണ്ടില്‍ (എന്‍എസ്എസ്എഫ്) നിന്ന് 10,000 കോടി രൂപ കടം സഹായം ചോദിച്ചതോടെ വിവാദം അല്പം കൂടി കടുത്തു. കണക്കുകള്‍ (2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവ്) പരിശോധിക്കുകയാണെങ്കില്‍ എന്‍എസ്എസ്എഫില്‍ നിന്ന് ഡല്‍ഹി സര്‍ക്കാരെടുത്ത പണം 2,896 കോടിയില്‍ നിന്ന് 11,000 കോടിയായി ഉയര്‍ന്നിരിക്കുന്നത് കാണാം. എന്‍എസ്എസ്എഫും ജിഎസ്ടിയുമാണ് എഎപി സര്‍ക്കാരിന് നടുനിവര്‍ത്തി നില്‍ക്കാനുള്ള കെല്‍പേകുന്നത്. ജിഎസ്ടിക്ക് മുന്‍പ് എഎപി സര്‍ക്കാരിന്റെ പ്രധാനവരുമാനം വാറ്റില്‍(VAT)ല്‍ നിന്നായിരുന്നു.
തുടക്കകാലത്ത് എഎപി സര്‍ക്കാരിന് കേന്ദ്ര ധനസഹായത്തിന്റെ പിന്തുണ വേണ്ടത്ര ലഭിച്ചിരുന്നില്ലെങ്കിലും നിലവില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സഹായത്തെയും വലിയരീതിയില്‍ ആശ്രയിക്കുന്നുണ്ട്. എഎപി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കുറഞ്ഞ റവന്യൂ സര്‍പ്ലസ് രേഖപ്പെടുത്തിയത് 20-21ലായിരുന്നു. ജിഡിപിയുടെ 0.19 ശതമാനം മാത്രമായിരുന്നു അന്ന് റവന്യൂ സര്‍പ്ലസ്. എഎപി സര്‍ക്കാരിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വിമര്‍ശകര്‍ സംശയം ഉന്നയിക്കുമ്പോഴും ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും സബ്‌സിഡികളും ധനസഹായങ്ങളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് എഎപി. സ്ത്രീകള്‍ക്ക് മാസം തോറും നല്‍കിയിരുന്ന ആയിരം രൂപ 2100 ആക്കി ഉയര്‍ത്തുമെന്നാണ് പുതിയ വാഗ്ദാനം. ഒപ്പം ചേരികളിൽ കഴിയുന്നവര്‍ക്ക് വീടെന്ന ആദര്‍ശ പദ്ധതിയും എഎപി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാവുന്ന നിരവധി പദ്ധതികള്‍ എഎപി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പലതും നടപ്പാക്കിയിട്ടില്ല. യമുന നദി ശുചിത്വവല്‍ക്കരണം, നദീതട വികസന പ്രവര്‍ത്തനങ്ങള്‍, മലിനീകരണ നിയന്ത്രണം, ഗാസിപുരിലെ മാലിന്യനിക്ഷേപം, എല്ലാവര്‍ക്കും പൈപ്പിലൂടെ കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാകാതെ കിടപ്പുണ്ട്. എഎപി മുന്നോട്ടുവെക്കുന്ന സൗജന്യ വാഗ്ദാനങ്ങളെ ബിജെപി ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാം സൗജന്യമായി നല്‍കുന്നവര്‍ക്ക് വികസനം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രി മോദിയുള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ കേന്ദ്രത്തോടും തിരഞ്ഞെടുപ്പുകമ്മിഷനോടും കോടതി വിശദീകരണം ചോദിച്ചത് കഴിഞ്ഞ ഒക്ബടോറിലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന, തൊഴിലില്ലായ്മ രൂക്ഷമായ ജനസംഖ്യ ഏറെയുള്ള ഇന്ത്യയിലെ പൗരന്മാര്‍ക്ക് എന്തൊക്കെ പറഞ്ഞാലും വലിയ ആശ്വാസം തന്നെയാണ് ഇത്തരം സൗജന്യങ്ങള്‍. എന്നാല്‍ സൗജന്യത്തില്‍ സുഖംപറ്റി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരിടത്ത് ജീവിതം ജീവിച്ചുതീര്‍ക്കണമോയെന്ന് ആലോചിക്കണമെന്ന് യുവജനങ്ങള്‍ക്ക് മോദി മുന്നറിയിപ്പും നല്‍കുന്നുണ്ട്. ആം ആദ്മി വിഭാവനം ചെയ്യുന്ന പദ്ധതികളെല്ലാം നല്ലതുതന്നെ. പക്ഷെ, ഈ പദ്ധതികള്‍ക്കായി പ്രതിവര്‍ഷം എത്ര പണമാണ് എഎപി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്, ഇതിനുള്ള പണം എവിടെ നിന്നുവരും? അതിലെല്ലാമുപരി ഈ സൗജന്യത്തില്‍ എത്രകാലം വോട്ടുനേടാന്‍ സാധിക്കും?
Content Highlights: Freebies and AAP government, Kejriwal's New Campaign