മധ്യവര്‍ഗ വോട്ടുകളെ ബിജെപി പിളര്‍ത്തുമോ? ഡല്‍ഹിയില്‍ ആപ്പിന്റെ ഭാവിയെന്ത്?

എട്ടാം ശമ്പള കമ്മീഷന്‍ ബിജെപിയുടെ തുറുപ്പു ചീട്ടോ?

പി ആര്‍ സുനില്‍
1 min read|18 Jan 2025, 05:34 pm
dot image

കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും അഴിമതിയില്‍ മുങ്ങിനിന്ന കാലം. 2ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി ആരോപണങ്ങള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹ സമരം, സമരത്തിന്റെ നേതൃനിരയില്‍ അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തിയത്.

ആ സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ ഉയര്‍ന്നുവന്നത്. 15 വര്‍ഷം നീണ്ട ഷീലാ ദീക്ഷിത് സര്‍ക്കാരിനെ കെജ്‌രിവാള്‍ അട്ടിമറിച്ചു. 2013ല്‍ 28 സീറ്റ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ നേടി. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് സാധ്യതകളായിരുന്നു ആപ്പിന് മുന്നില്‍ ഉണ്ടായിരുന്നത്. ഒന്നുകില്‍ ബിജെപിക്കൊപ്പം ചേരുക. അതല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങുക. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശാന്തിഭൂഷണ്‍, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവരൊക്കെ അന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ബിജെപിക്കൊപ്പം ചേരുന്നതിനോട് ശക്തമായ എതിര്‍പ്പ് അന്ന് ആപ്പിനുള്ളില്‍ ഉയര്‍ന്നതോടെയായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങാനുള്ള തീരുമാനം എടുത്തത്.

കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി മത്സരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങി സര്‍ക്കാര്‍ രൂപീകരിച്ചത് ആപ്പിനുള്ളില്‍ വലിയ തര്‍ക്കമായതോടെ 48 ദിവസനത്തിന് ശേഷം കെജ്‌രിവാള്‍ രാജിവെച്ചു. അങ്ങനെ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോയി. 2015ല്‍ ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും തലവര മാറ്റിയെഴുതിയ ജനവിധിയായിരുന്നു 2015ലേത്. 70 നിയമസഭാ സീറ്റില്‍ 67 സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയച്ചത്. അന്ന് ഡല്‍ഹിയിലെ മധ്യവര്‍ഗത്തിന്റെ 55 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചു. ഡല്‍ഹിയില്‍ 45 ശതമാനമാണ് മധ്യവര്‍ഗം, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ചെറുകിട കച്ചവടക്കാരുമൊക്കെയായ സമൂഹം. രാഷ്ട്രീയം എവിടേക്ക് തിരിയണമെന്ന് തീരുമാനിക്കുന്നത് എവിടെയായാലും മധ്യവര്‍ഗ വോട്ടുകളാണ്. ഡല്‍ഹിയില്‍ ആ വോട്ടുകളാണ് ആം ആദ്മി പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവന്നത്.

2015 ലെയും 2020ലെയും ബിജെപിയുടെ വോട്ടുകള്‍ നോക്കുക. മധ്യവര്‍ഗത്തില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 2015ല്‍ 35 ശതമാനം. 2020ല്‍ അത് 38 ശതമാനമായി കൂടി. 2025ല്‍ മധ്യവര്‍ഗത്തിന്റെ വോട്ടുകളില്‍ എത്രത്തോളം നിലനിര്‍ത്താനാകും, എത്രത്തോളം അധികം പിടിക്കാനാകും എന്നത് ആപ്പിനെ സംബന്ധിച്ചും ബിജെപിയെ സംബന്ധിച്ചും നിര്‍ണായകമാണ്

മധ്യവര്‍ഗ വോട്ടുകളില്‍ ആപ്പിന് പിന്തുണ കുറയുന്നോ?

രാഷ്ട്രീയമായി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ പുതിയ ചരിത്രം എഴുതിയ വര്‍ഷമാണ് 2015. അന്ന് 70ല്‍ 67 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ അധികാരം പിടിച്ചപ്പോള്‍ സ്ത്രീകളുടെയും മധ്യവര്‍ഗത്തിന്റേയും ഒന്നാകെയുള്ള പിന്തുണ ആപ്പിന് ലഭിച്ചു. പക്ഷെ, 2020ലെ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ആപ്പിന് കിട്ടിയ മധ്യവര്‍ഗ വോട്ടില്‍ രണ്ട് ശതമാനത്തിന്റെ കുറവുവന്നു. സീറ്റുകള്‍ 67ല്‍ നിന്ന് 62 ആയി കുറഞ്ഞു. രണ്ടാം സര്‍ക്കാരില്‍ 70ല്‍ 62 സീറ്റ് നേടി എന്നത് വലിയ നേട്ടം തന്നെയാണ്. പക്ഷെ, 2015 ലെയും 2020ലെയും ബിജെപിയുടെ വോട്ടുകള്‍ നോക്കുക. മധ്യവര്‍ഗത്തില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 2015ല്‍ 35 ശതമാനം. 2020ല്‍ അത് 38 ശതമാനമായി കൂടി. 2025ല്‍ മധ്യവര്‍ഗത്തിന്റെ വോട്ടുകളില്‍ എത്രത്തോളം നിലനിര്‍ത്താനാകും, എത്രത്തോളം അധികം പിടിക്കാനാകും എന്നത് ആപ്പിനെ സംബന്ധിച്ചും ബിജെപിയെ സംബന്ധിച്ചും നിര്‍ണായകമാണ്.

ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് പോയ വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ പിളര്‍ത്തിയായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തുടക്കം. ഇത്തവണ അത് 2015ലെയും 2020ലെയും പോലെ നിലനിര്‍ത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയണം. മധ്യവര്‍ഗത്തിന്റെ 10 മുതല്‍ 15 ശതമാനം വോട്ടുകള്‍ മറിഞ്ഞാല്‍ ഡല്‍ഹിയുടെ രാഷ്ട്രീയം മാറും.

ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടുകളെ പിളര്‍ത്തിയത് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന അഴിമതി തന്നെയായിരുന്നു. ആ നാണയം ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന മധ്യവര്‍ഗ വോട്ടുകള്‍ പിളര്‍ത്താന്‍ ബിജെപി പ്രയോഗിക്കുകയാണ്.

അഴിമതിക്കെതിരെ പടപൊരുതി അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ സാഹചര്യം ബിജെപിയുടെ മുഖ്യപ്രചാരണ വിഷയമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയുമൊക്കെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. അങ്ങനെ ആം ആദ്മി പാര്‍ട്ടിയെ അഴിമതിയുടെ നിഴലില്‍ നിര്‍ത്തിയാണ് ഡല്‍ഹിയില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കം.

മധ്യവര്‍ഗ വോട്ടുകളില്‍ കണ്ണുവെച്ചാണ് ഇത്തവണ കോണ്‍ഗ്രസിന്റെയും നീക്കങ്ങള്‍. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കുക. പ്രധാന മത്സരം ആപ്പിനും ബിജെപിക്കും ഇടയില്‍ ആകുമ്പോള്‍ തന്നെ നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. അതിനാല്‍ തെലങ്കാന, കര്‍ണാടക മോഡല്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നല്‍കുന്നത്.

എട്ടാം ശമ്പള കമ്മീഷന്‍ ബിജെപിയുടെ തുറുപ്പു ചീട്ടോ?

തിരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുമ്പോഴാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ എടുത്തിരിക്കുന്നത്. ഡല്‍ഹി ഒരു കുടിയേറ്റ നഗരമാണ്. രാജ്യതലസ്ഥാനമായതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെയുള്ള സംസ്ഥാനം. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഡല്‍ഹിയില്‍ വോട്ട് ഉണ്ടാകും. സെന്‍ട്രല്‍ ഡല്‍ഹിയിലും സൗത്ത് ഡല്‍ഹിയിലും ഉള്ള മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നിര്‍ണായകമാണ്. എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനം അതുകൊണ്ട് തന്നെ വെറുതെയല്ല എന്ന് ചുരുക്കം.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള ആനുകൂല്യങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അതിനാല്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനം സര്‍ക്കാര്‍ വോട്ടുകളെ സ്വാധീനിക്കുമെന്ന് ബിജെപി പ്രതീക്ഷ വെക്കുന്നു. ഡല്‍ഹിയിലെ ആദ്യ സര്‍ക്കാര്‍ 1993ല്‍ ബിജെപിയുടേതായിരുന്നു. 1998ല്‍ അധികാരത്തില്‍ എത്തിയ ഷീലാ ദീക്ഷിത് 15 വര്‍ഷം ഡല്‍ഹി ഭരിച്ചു. പിന്നീട് ആം ആദ്മി പാര്‍ട്ടിയുടെ കാലം. 27 വര്‍ഷമായി ഡല്‍ഹിയില്‍ ബിജെപി പുറത്താണ്. മധ്യവര്‍ഗ വോട്ടുകള്‍ പിളര്‍ത്തി ഡല്‍ഹി പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും അതിനാല്‍ ബിജെപി പുറത്തെടുക്കുന്നു.


Content Highlights: Delhi Election 2025, What is the future of the APP in Delhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us