മൊബൈലും ക്യാമറയുമായി ഒരു കൂട്ടം ആളുകള്‍ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ സ്വകാര്യതയുടെ അതിര്‍ത്തികളെല്ലാം ലംഘിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന കാഴ്ചയാണ് ഇത്തവണ കുംഭമേളയില്‍ നാം കണ്ടത്. ഇന്‍ഡോറില്‍ നിന്ന് മാല വില്‍പനയ്ക്കായി പ്രയാഗ് രാജിലെത്തിയ ചാരക്കണ്ണുകാരിയുടെ പുറകേയായിരുന്നു വ്‌ളോഗര്‍മാരും മാധ്യമങ്ങളും. മഹാകുഭമേളയിലെ മൊണാലിസയെന്ന് അവളെ എല്ലാവരും വിശേഷിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വിടര്‍ന്ന കണ്ണുകളും മനംനിറയ്ക്കുന്ന ചിരിയും ക്യാമറയില്‍ പകര്‍ത്താന്‍ മര്യാദയുടെ സീമകള്‍ ലംഘിച്ചുകൊണ്ടായിരുന്നു മത്സരം. മുഖം മറച്ചും ഒളിച്ചും അവള്‍ നടന്നു. ഒടുവില്‍ ഗതികെട്ട് അവളെ പിതാവ് തിരികെ വീട്ടിലേക്കയച്ചു. പെണ്‍കുട്ടിയുടെ ഓരോ വീഡിയോക്കും ദശലക്ഷത്തിലേറെയായിരുന്നു കാഴ്ചക്കാര്‍. അവളെ കാണാനും വീഡിയോ എടുക്കാനും മാത്രം കുംഭമേളയ്‌ക്കെത്തിയവരും കുറവല്ല. ആദ്യമെല്ലാം കൗതുകത്തോടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്ന പെണ്‍കുട്ടി പിന്നീട് നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്ന ചോദ്യവുമായെത്തി. മൊണാലിസ മോനി ഭോന്‍സ്‌ലെയെന്നാണ് പെണ്‍കുട്ടിയുടെ പേര്. കുംഭമേളയ്ക്കിടയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ പേടിയോടെയാണ് അവള്‍ ഓര്‍ക്കുന്നത്. അനുവാദം നല്‍കാതിരുന്നിട്ടും ടെന്റിലേക്ക് ആളുകള്‍ അതിക്രമിച്ചു കയറി ഫോട്ടോ എടുക്കുകയായിരുന്നുവെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ച സഹോദരനെ അവര്‍ ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറയുന്നു. 'ഞാന്‍ വല്ലാതെ ഭയന്നുപോയി, ആരും ഇവിടെ ഉണ്ടായിരുന്നില്ല. വൈദ്യുതിയുമില്ല. ആര്‍ക്കുവേണമെങ്കിലും എന്നെ ഉപദ്രവിക്കാമായിരുന്നു. ആളുകള്‍ ബലംപ്രയോഗിച്ച് ടെന്റില്‍ പ്രവേശിക്കുകയായിരുന്നു.' അവളെ പൊതിയുന്ന ക്യാമറക്കണ്ണുകളില്‍ നിന്ന് പ്രിയപ്പെട്ടവര്‍ അവളെ പലപ്പോഴും രക്ഷിക്കുകയായിരുന്നു. ഒടുവില്‍ ഉപജീവന മാര്‍ഗം മുടങ്ങുമെന്ന സ്ഥിതിയിലെത്തിയതോടെ പെണ്‍കുട്ടിയെ പിതാവ് ഇന്‍ഡോറിലേക്ക് തിരിച്ചയച്ചു.
പച്ച നിറത്തിലുള്ള കണ്ണുകള്‍ കൊണ്ട് ലോക പ്രശസ്തയായ മറ്റൊരു പെണ്‍കുട്ടിയെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നമുക്ക് കാണാം. ഓര്‍മയില്ലേ സ്റ്റീവ് മക്കറിയുടെ ക്യാമറയില്‍ പതിഞ്ഞ ആ പച്ചക്കണ്ണുള്ള അഫ്ഗാന്‍ പെണ്‍കുട്ടിയെ. നാഷ്‌നല്‍ ജ്യോഗ്രഫിക് മാഗസിന്റെ കവര്‍ചിത്രമായിരുന്ന ശര്‍ബത് ഗുല. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം നടക്കുന്ന 1984ലാണ് ശര്‍ബത് ഗുല മക്കറിയുടെ ക്യാമറയില്‍ പതിയുന്നത്. അഫ്ഗാന്‍ അഭയാര്‍ഥികളുടെ ദൈന്യത പകര്‍ത്തുന്നതിനായി ക്യാംപുകള്‍ തോറും കയറിയിങ്ങിയ മക്കറിക്കുമുന്നില്‍ ലോകത്തോടു മുഴുവനുമുള്ള ദേഷ്യം കണ്ണില്‍ നിറച്ചുകൊണ്ടെന്ന പോലെ ശര്‍ബത് ഗുല പ്രത്യക്ഷപ്പെടുകയായിരുന്നു. അവളുടെ ശരീരത്തും മുഖത്തും വസ്ത്രങ്ങളിലും അഴുക്കുപുരണ്ടിരുന്നു. യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്നതായിരുന്നു അവളുടെ ശരീരഭാഷ. പക്ഷെ അവളുടെ പച്ചക്കണ്ണുകള്‍ തീക്ഷണമായിരുന്നു. അനുവാദം വാങ്ങി ചിത്രം പകര്‍ത്തി അത് നാഷ്‌നല്‍ ജ്യോഗ്രഫിക്കിന്റെ ഓഫിസിലേക്ക് അയയ്ക്കുമ്പോള്‍ അദ്ദേഹവും അറിഞ്ഞില്ല ആ ചിത്രം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ പോവുന്ന ഒന്നാണെന്ന്. പത്രാധിപന്മാര്‍ ചിത്രത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു. പിന്നീട് മൂന്നാം ലോകത്തിന്റെ മൊണാലിസ എന്ന് വിശേഷിപ്പിക്കപ്പെട്ട അഫ്ഗാന്‍ ഗേള്‍ അങ്ങനെ നാഷ്‌നല്‍ ജ്യോഗ്രഫിക്കിന്റെ കവറായി പ്രത്യക്ഷപ്പെട്ടു. പക്ഷെ അന്ന് ആ പെണ്‍കുട്ടിയുടെ പേരുപോലും മക്കറിക്ക് അറിയുമായിരുന്നില്ല.
പെണ്‍കുട്ടിയുടെ ചിത്രം ലോകശ്രദ്ധ നേടുകയും പ്രശംസയും നിരൂപണവും യുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളുമായി പരിണമിക്കുകയും ചെയ്തതോടെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കണ്ടെത്താന്‍ നാഷ്‌നല്‍ ജ്യോഗ്രഫിക് സംഘം നേരിട്ടിറങ്ങി. മക്കറിയും ആ സംഘത്തില്‍ ഒരാളായിരുന്നു. ആ അന്വേഷണത്തിലാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അഫ്ഗാനിസ്ഥാനിലെ ടോറബോറയില്‍ താമസിക്കുന്ന ശര്‍ബത്തിനെ കണ്ടെത്തുന്നത്. മക്കറിക്ക് മുന്‍പോ ശേഷമോ മറ്റൊരാളും അവളുടെ ഫോട്ടോ എടുക്കാതിരുന്നതുകൊണ്ട് ആ ഓര്‍മകള്‍ അവളിലുണ്ടായിരുന്നു. പക്ഷെ താന്‍ സെന്‍സേഷണലായതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം വ്യാജരേഖകളുടെ സഹായത്തോടെ പാകിസ്താനില്‍ അഭയം തേടിയതിനെ തുടര്‍ന്ന് അറസ്റ്റിലായപ്പോഴാണ് ഏറ്റവും ഒടുവില്‍ ശര്‍ബത് വാര്‍ത്തകളില്‍ നിറഞ്ഞത്. അവള്‍ക്കെതിരെ പാകിസ്താന്‍ നടപടികളെടുത്തെങ്കിലും ലോകം മുഴുവന്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അവര്‍ പിന്‍വാങ്ങി. പിന്നീട് അവരെ പാകിസ്താനില്‍ തന്നെ കഴിയാന്‍ രാജ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ആ ഔദാര്യം അവര്‍ നിരസിച്ചു. തടവില്‍ നിന്ന് മോചിതയായ ഉടന്‍ അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. രാജ്യം മുഴുവന്‍ ചര്‍ച്ചയായതിന്റെ കൂടെ പശ്ചാത്തലത്തില്‍ വന്‍വരവേല്‍പാണ് അഫ്ഗാന്‍ ശര്‍ബത്തിന് ഒരുക്കിയത്. ലോകം മുഴുവന്‍ അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രതിനിധിയായാണ് ശര്‍ബത്തിനെ കണക്കാക്കി പോരുന്നത്.
Content Highlights: Eyes that catch the attention of world, the Two Monalisas Afghan Girl’ From 1985 and Maha Kumbhamela Monalisa