റിലീസിന് ഇനിയുമുണ്ട് രണ്ട് മാസത്തോളം സമയം എന്നിട്ടും എമ്പുരാൻ എന്ന ചിത്രവുമായുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളികൾ കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടായിരുന്നു 2019 ൽ ലൂസിഫർ എന്ന ചിത്രം വെള്ളിത്തിരയിൽ എത്തിയത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം സമാനതകൾ ഇല്ലാത്ത വിജയം മാത്രമല്ല സ്വന്തമാക്കിയിരുന്നത്. ചിത്രത്തിലെ ഒരോ രംഗങ്ങൾക്കും സംഭവങ്ങൾക്കും എഴുത്തുകാരൻ നൽകിയ ഡീറ്റേയ്ലിങും ആരാധകർ ഏറ്റെടുത്തിരുന്നു. സീക്രട്ട് സൊസൈറ്റി, ഡ്രഗ് ഫണ്ടിങ്, ഇല്യൂമിനാറ്റി തുടങ്ങി വിവിധ വിഷയങ്ങൾ ചിത്രത്തിന് പിന്നാലെ ചർച്ചയായിരുന്നു.
എമ്പുരാൻ ടീസർ എത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. 2 മിനിറ്റും 22 സെക്കന്റും മാത്രമുള്ള ടീസറിനകത്ത് ഉള്ള ഡീറ്റേയ്ലിങ് പോലും ആരാധകർക്ക് ആവേശമുണ്ടാക്കുന്നത്. ടീസറിന്റെ തുടക്കത്തിൽ കാണിക്കുന്ന ഗോസ്റ്റ് സിറ്റിയും, സുരക്ഷ ഉദ്യോഗസ്ഥയുടെ ഡയലോഗുമാണ് ഇത്തരത്തിൽ ചർച്ചയാവുന്നത്. ടീസറിൽ ഗോസ്റ്റ് സിറ്റിയെ കുറിച്ചും കബുഗ കാർട്ടൽസിനെ കുറിച്ചും പരാമർശങ്ങൾ ഉണ്ട്. ഇത് രണ്ടും എന്താണെന്ന ചർച്ചയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇറാഖിലെ ഖരാഖോഷ് സിറ്റിയെയാണ് ടീസറിൽ പരാമർശിക്കുന്നത്. വടക്കൻ ഇറാഖിലെ ഈ നഗരം ഏറെ കുപ്രസിദ്ധമാണ്. തുർക്കി ഭാഷയിൽ കറുത്ത പക്ഷി എന്നാണ് ഖരാഖോഷ് എന്ന വാക്കിന്റെ അർത്ഥം. മൊസൂൾ നഗരത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ ദൂരെയാണ് ഈ നഗരം. നിലവിൽ മുപ്പത്തി അയ്യായിരത്തേളം ആളുകൾ മാത്രമാണ് ഈ നഗരത്തിൽ താമസിക്കുന്നത്. ഇറാഖിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായിരുന്നു ഇത്. എന്നാൽ 2014 ൽ ഐഎസ് ഐഎസിന്റെ കടന്നുകയറ്റം ഉണ്ടായതോടെ ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കുർദിസ്ഥാൻ മേഖലയിലേക്ക് പലായനം ചെയ്തു. 2016 വരെ ഈ നഗരം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു.
അറബികളിൽ നിന്നും കുർദുകളിൽ നിന്നും വംശീയമായി വ്യത്യസ്തരായിരുന്നു ഈ നഗരത്തിലെ അസീറിയൻ വംശജർ. ഖരാക്കോഷ് ഭാഷയായിരുന്നു പ്രധാനമായും പ്രദേശത്ത് സംസാരിച്ചിരുന്നത്. എന്നാൽ പ്രാദേശിക ജനത കൂടുതലായും അരാമിക് ഭാഷയിലാണ് സംസാരിക്കുന്നത്.2016 ഒക്ടോബർ മുതൽ, നഗരം നിനവേ പ്ലെയിൻ പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നിയന്ത്രണത്തിലാണ്. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്ന അസീറിയൻ വംശജരെ കുർദുകൾ പതിമുന്നാം നൂറ്റാണ്ടിൽ ആക്രമിച്ചിരുന്നു. പിന്നീട് 18 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നാദിർ ഷായുടെ നേതൃത്വത്തിൽ പേർഷ്യക്കാർ മൊസൂൾ പ്രദേശം ആക്രമിക്കുകയും ബഗ്ദിദയിലെ ഭൂരിഭാഗം നിവാസികളും ഗവർണറുടെ കൽപ്പനകൾക്കനുസൃതമായി എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുമായി മൊസൂളിലേക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. പ്രദേശത്തെ ക്രിസ്ത്യൻ വംശജർ ഈ കടന്നുകയറ്റത്തെ പ്രതിരോധിക്കുകയും മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, പേർഷ്യക്കാർ മൊസൂളിന്റെ ഗവർണർ ഹസൻ പാഷ അൽ ജലീലിയുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും 1743-ൽ ഹസൻ പാഷ അൽ ജലീൽ പ്രദേശത്ത് നിന്ന് പിൻവാങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ധീരതയ്ക്ക് പ്രതിഫലമായി, ജലീലി ഗവർണർ മൊസൂൾ മേഖലയിലെ പള്ളികൾക്ക് പുനഃസ്ഥാപിക്കാൻ അനുമതി നൽകി.
2014 ജൂലൈ ആദ്യം ഐഎസ് സൈന്യം നഗരം പിടിച്ചടക്കാൻ ശ്രമിച്ചു. കുർദിഷ് പെഷ്മെർഗയും അസീറിയൻ ഖരാഖോഷ് സംരക്ഷണ സമിതിയും അതിനെ പ്രതിരോധിച്ചു, അതേസമയം മുതിർന്നവരും സ്ത്രീകളും കുട്ടികളും അയൽപട്ടണങ്ങളിലേക്ക് പലായനം ചെയ്തു, പിന്നീട് ഐഎസ് ഈ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പലപ്പോഴായി യുദ്ധങ്ങളും ആക്രമണങ്ങളും നടന്ന ഈ നഗരം ഒരു പ്രേതനഗരമായി മാറുകയായിരുന്നു.
എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ ഇറാഖിലെയും മറ്റും യുദ്ധം മൂലം തകർന്ന നഗരങ്ങളുടെ റീ കൺസ്ട്രഷൻ ഏറ്റെടുത്ത സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ച് പരാമർശം ഉണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറെഷി അബ്റാമിന് ഇറാഖിലെ ഖരാഖോഷ് നഗരവുമായി ബന്ധമുണ്ടെന്നാണ് ആരാധക തിയറി.
ഇനി ഇതേ ടീസറിൽ പരാമർശിക്കുന്ന കബുഗ കാർട്ടൽസ് ഉണ്ട്. കബുഗ കാർട്ടൽസും ഖുറെഷി - അബ്റാം നെക്സസും ഇവിടെയുണ്ട് എന്ന് സുരക്ഷാ ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ്. ഇതിൽ പരാമർശിക്കുന്ന കബുഗ കുപ്രസിദ്ധ കോടീശ്വരൻ ഫെലിസിയൻ കബുഗയായിരിക്കാമെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ലൂസിഫർ സിനിമ ആരംഭിക്കുമ്പോൾ കാണിക്കുന്ന പത്ര കട്ടിങുകളിൽ ഖുറെഷി അബ്റാം ലോകത്തിലെ വിവിധ സിൻഡിക്കേറ്റുകളെ നേരിടുന്നതായി സൂചനകൾ നൽകുന്നുണ്ട്. റുവാണ്ടൻ വ്യവസായിയായ ഫെലിസിയൻ കബുഗ നിലവിൽ IRMCT (ഇന്റർനാഷണൽ റെസിഡ്യൂവൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രിബ്യൂണൽ) യുടെ കസ്റ്റഡിയിലാണ്. റുവാണ്ടൻ സ്വേച്ഛാധിപതി ജുവനാൽ ഹബ്യാരിമാനയുടെ ഹുട്ടു നാഷണലിസ്റ്റ് എംആർഎൻഡി പാർട്ടിയുമായി ചേർന്ന് രാജ്യത്ത് ടുട്സി ന്യൂനപക്ഷത്തെ വംശഹത്യ ചെയ്യുന്നതിന് ഫണ്ടിങ് നടത്തിയെന്ന ആരോപണമാണ് കബുഗ ഗ്യാങിനെതിരെ നിലനിൽക്കുന്നത്. , ടുട്സി ന്യൂനപക്ഷത്തെ കൊല്ലാൻ വാദിച്ച കംഗുര മാഗസിൻ, RTLM റേഡിയോ സ്റ്റേഷൻ എന്നിവയ്ക്ക് ഫണ്ടിങ് നടത്തിയതും കബുഗയായിരുന്നു.
2000 മുതൽ ഒളിവ് ജീവിതം നയിക്കുന്ന കബുഗ 2020 ൽ 87 -ാം വയസിലാണ് പിടിയിലാവുന്നത്. എന്നാൽ ഡിമെൻഷ്യ കാരണം 2023-ൽ വിചാരണ നേരിടാൻ യോഗ്യനല്ലെന്ന് ട്രിബ്യൂണൽ പ്രഖ്യാപിച്ചിരുന്നു. ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടും കബുഗയുടെ പേര് ഉയർന്നുവരുന്നുണ്ട്.
നേരത്തെ എമ്പുരാനിലെ പോസ്റ്ററുകളിൽ ഒന്ന് പുറത്തുവന്നപ്പോൾ അതിൽ പുറം തിരിഞ്ഞ് നിൽക്കുന്നത് ആരാണെന്ന ചർച്ചകൾ ഉയർന്നിരുന്നു. ലോകപ്രശ്സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്റാം ഖുറെഷിയുടെ എതിരാളിയായി എത്തുകയെന്നാണ് പോസ്റ്ററിന് പിന്നാലെ ഉയർന്ന ആരാധക തിയറി.
തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ഈ ചിഹ്നമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത് ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിഗൂഢ ക്രൈം സിൻഡിക്കേറ്റാണ് യക്കൂസ ഗ്യാങ്. ഗാക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും ഈ സംഘം അറിയപ്പെടുന്നുണ്ട്. 17 -ാം നൂറ്റാണ്ടിലാണ് യാക്കുസ സംഘം സ്ഥാപിതമായതെന്നാണ് വിശ്വാസം. ഇന്ന് ലോകത്ത് നിലനിൽക്കുന്നവയിൽ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളിൽ ഒന്നാണ് യാക്കുസ. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, നിയമ വിരുദ്ധ ചൂതാട്ടം, ലൈംഗിക തൊഴിൽ, കള്ളക്കടത്ത്, മയക്കുമരുന്ന് എന്നിവയാണ് യാക്കുസ സംഘത്തിന്റെ പ്രധാന വരുമാന മേഖലകൾ.
Content Highlights: Prithviraj - Murali Gopi Brilliance ? What is that ghost city and Kabuga gang in the Empuraan teaser