ഖുറെഷി അബ്‌റാം നേരിടുന്നത് യാക്കൂസ ഗ്യാങിനെയോ ?; ചുവന്ന ഡ്രാഗൺ ധരിക്കുന്ന യാക്കൂസ എന്താണ് ?

അബ്‌റാം ഖുറെഷി യാക്കൂസ ഗ്യാങിൽ അംഗമായിരിക്കുമോയെന്ന ചർച്ചയും ഉയരുന്നുണ്ട്. നവംബര്‍ ഒന്നിന് പുറത്തിറങ്ങിയ പോസ്റ്റർ തന്നെയാണ് ഇതിനുള്ള കാരണം

dot image

മോഹൻലാൽ നായകനാവുന്ന എമ്പുരാന്റെ പുതിയ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണ് പുറകിൽ ചുവന്ന ഡ്രാഗൺ ചിഹ്നം ധരിച്ച് തിരിഞ്ഞു നിൽക്കുന്നത് ആരാണെന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറെഷി അബ്‌റാമിന്റെ വില്ലനായിരിക്കും ഇതെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. തിരിഞ്ഞു നിൽക്കുന്ന താരം ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരായിരിക്കും എമ്പുരാനിൽ ഖുറെഷി ഗ്യാങിന് എതിരായി എത്തുകയെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്‌റാം ഖുറെഷിയുടെ എതിരാളിയായി എത്തുകയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ലൂസിഫർ സിനിമ ആരംഭിക്കുമ്പോൾ കാണിക്കുന്ന പത്ര കട്ടിങുകളിൽ ഖുറെഷി അബ്‌റാം ലോകത്തിലെ വിവിധ സിന്‍ഡിക്കേറ്റുകളെ നേരിടുന്നതായി സൂചനകൾ നൽകുന്നുണ്ട്. എന്താണ് ഈ യാക്കൂസ ഗ്യാങ് എന്ന് നോക്കാം.

എമ്പുരാന്‍റെ പുതിയ പോസ്റ്റര്‍

ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിഗൂഢ ക്രൈം സിൻഡിക്കേറ്റാണ് യക്കൂസ ഗ്യാങ്. ഗാക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും ഈ സംഘം അറിയപ്പെടുന്നുണ്ട്. 17 -ാം നൂറ്റാണ്ടിലാണ് യാക്കുസ സംഘം സ്ഥാപിതമായതെന്നാണ് വിശ്വാസം. ഇന്ന് ലോകത്ത് നിലനിൽക്കുന്നവയിൽ ഏറ്റവും വലിയ കുറ്റകൃത്യസംഘടനകളിൽ ഒന്നാണ് യാക്കുസ. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, നിയമ വിരുദ്ധ ചൂതാട്ടം, ലൈംഗിക തൊഴിൽ, കള്ളക്കടത്ത്, മയക്കുമരുന്ന് എന്നിവയാണ് യാക്കുസ സംഘത്തിന്റെ പ്രധാന വരുമാന മേഖലകൾ.

1963-ൽ യാക്കൂസ അംഗങ്ങളുടെയും അർദ്ധ അംഗങ്ങളുടെയും എണ്ണം 184,100 ആയിരുന്നു. എന്നാൽ നിലവിൽ യാക്കൂസയിൽ 10,400 അംഗങ്ങളും 10,000 അർദ്ധ അംഗങ്ങളും മാത്രമേ ഉള്ളുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവതലമുറയിൽപ്പെട്ടവർ സംഘടനയിൽ ചേരാൻ താൽപ്പര്യം കാണിക്കാത്തതിനാലാണ് അംഗങ്ങളുടെ എണ്ണം കുറയുന്നത്. നിലവിൽ യാക്കൂസയിൽ ഉള്ളവരുടെ ശരാശരി പ്രായം 54.2 വയസാണ്. പരമ്പരാഗത ജാപ്പനീസ് കാർഡ് ഗെയിമായ ഒയ്ച്ചോ-കാബുവിൽ നിന്നാണ് യാക്കൂസ എന്ന പേര് ഉത്ഭവിച്ചത്.

Yakuza Symbol


അബ്‌റാം ഖുറെഷി യാക്കൂസെ ഗ്യാങ് തലവനോ ?

എമ്പുരാൻ സിനിമയുടെ പോസ്റ്റർ പുറത്തുവരുമ്പോൾ അബ്‌റാം ഖുറെഷി എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ എതിരാളിയായിട്ടായിരിക്കും യാക്കൂസ ഗ്യാങ് വരികയെന്നാണ് കണക്കുകൂട്ടലുകളെങ്കിലും അബ്‌റാം ഖുറെഷി യാക്കൂസ ഗ്യാങിൽ അംഗമായിരിക്കുമോയെന്ന ചർച്ചയും ഉയരുന്നുണ്ട്. നവംബര്‍ ഒന്നിന് പുറത്തിറങ്ങിയ പോസ്റ്റർ തന്നെയാണ് ഇതിനുള്ള കാരണം. യാക്കൂസെ ഗ്യാങിലെ ഗോഡ്‍ഫാദർ കറുത്ത കർട്ടന് പുറകിലാണ് നിൽക്കുക. ഇയാള്‍ 'കുറോമാകു' എന്ന പേരിലാണ് അറിയപ്പെടുക. ഇത്തരത്തിൽ ഉള്ള ഒരു കർട്ടനും അതിനു പുറകിൽ നിൽക്കുന്ന മോഹൻലാലിനെയും പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്.

'കായി' അഥവാ അസോസിയേഷൻ എന്നാണ് യാക്കൂസ അംഗങ്ങളെ കണക്കാക്കുന്നത്. പിതാവ് - ദത്തുപുത്രൻ ആശയമാണ് യാക്കൂസയുടെ ഏറ്റവും അടിസ്ഥാനം. പരമ്പരാഗത ജാപ്പനീസ് സമ്പ്രദായത്തിന്റെ ഭാഗമായ ഒയാബുൻ-കോബൺ ഘടനയാണ് യാക്കൂസിലുമുള്ളത്. വളർത്തു രക്ഷിതാവ് എന്നാണ് ഒയാബൂൺ എന്ന വാക്കിന് അർത്ഥം. വളർത്തുകുട്ടി എന്നതാണ് കോബുന്റെ അർത്ഥം. യാക്കൂസിൽ അംഗമാവുന്ന വ്യക്തി തന്റെ എല്ലാ കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചാണ് സംഘടനയ്‌ക്കൊപ്പം ചേരുന്നത്.

സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കാനും പ്രതിരോധിക്കാനും ഉണ്ടാക്കിയ ഒരു ഘടനയായും ചരിത്രത്തിൽ യാക്കൂസിനെ കാണാം. പിന്നീട് കാലക്രമേണ അവ മോശം അവസ്ഥയിലേക്ക് പോവുകയായിരുന്നു.

ലൂസിഫറിൽ സ്റ്റീഫൻ പതിനെട്ട് വർഷത്തോളം നാടുവിട്ട് താമസിക്കുന്നുണ്ട്. അനാഥനായ സ്റ്റീഫനെ ഏതെങ്കിലും യാക്കൂസ് അംഗം മകനായി സ്വീകരിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ പ്രധാനമായും മൂന്ന് യാക്കൂസ് കുടുംബങ്ങളാണ് ഉള്ളത്. ഇവയിൽ നിന്ന് വേർപെട്ട് മറ്റ് മൂന്ന് യാക്കൂസകൾ കൂടിയുണ്ട്.

Mohanlal In Lucifer Movie
ലൂസിഫര്‍ സിനിമയില്‍ നിന്നൊരു രംഗം

2023 ലെ കണക്കനുസരിച്ച്, യമാഗുച്ചി-ഗുമി , കോബെ യമാഗുച്ചി-ഗുമി, കിസുന-കൈ, ഇകെഡ-ഗുമി, സുമിയോഷി-കൈ, ഇനഗാവ-കൈ എന്നിവയാണ് ആറ് യാക്കൂസകൾ. ഈ ആറ് സംഘടനകൾക്ക് ആകെ 7,700 പ്രധാന അംഗങ്ങളും 6,800 അർദ്ധ-അംഗങ്ങളുമായി ആകെ 14,500 അംഗ സംഖ്യയാണുള്ളത്. ആതായത് ജപ്പാനിലുള്ള ആകെ 20,400 യാക്കൂസ അംഗങ്ങളുടെയും 71.1 ശതമാനം പേരും ഈ ആറ് സംഘടനകളിൽ നിന്നാണ്.

യമാഗുച്ചി-ഗുമി, സുമിയോഷി-കായി, ഇനഗാവ-കായി എന്നിവയാണ് ഈ യാക്കൂസയിലെ പ്രധാനപ്പെട്ട കുടുംബങ്ങൾ. ജപ്പാനിലെ ഏറ്റവും വലിയ യാക്കൂസ കുടുംബമാണ് യമാഗുച്ചി-ഗുമി. 'എല്ലാ ഗോഡ്‍ഫാദർമാരുടെയും ഗോഡ്‍ഫാദർ' ആയ കസുവോ താവോക്ക ആയിരുന്നു യമാഗുച്ചി-ഗുമിയുടെ ഏറ്റവും പ്രധാനപ്പെട്ട തലവൻ. ജപ്പാന് പുറമെ വിവിധ ഏഷ്യൻ രാജ്യങ്ങൾ, അമേരിക്ക തുടങ്ങിയ ഇടങ്ങളിലൊക്കെ യാക്കൂസകൾ പ്രവർത്തിക്കുന്നുണ്ട്.

Content Highlights: Mohanlal Empuraan Special Qureshi Abram Faces Yakuza Gang? and What is the yakuza

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us