കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് പുതിയ ബജറ്റ്. രാജ്യത്തിന്റെ 89-ാം ബജറ്റ് സമ്മേളനമാണ് ജനുവരി 31 ന് ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ അതും റെക്കോർഡ് ആയി മാറുകയാണ്. ഇടക്കാല ബജറ്റ് അടക്കം തുടർച്ചയായി 8 തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനകാര്യമന്ത്രിയാണ് നിർമല. ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനെ നോക്കി കാണുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ മധ്യവർഗ വോട്ടുകളിൽ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഈ ചോർന്ന വോട്ടുകളെ തിരികെ എത്തിക്കാനുള്ള തരത്തിൽ മധ്യവർഗത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കുന്ന തരത്തിലായിരിക്കും പുതിയ ബജറ്റ് എന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ ഡൽഹി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതും ബജറ്റിനെ സ്വാധീനിച്ചേക്കാം. എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും ബജറ്റ് എന്നും സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വർഷത്തിൽ രാജ്യം ഏറ്റവും വലിയ പുരോഗതി നേടുന്ന തരത്തിൽ വിഭാവനം ചെയ്തതാണ് പുതിയ ബജറ്റ് എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. Innovation, Inclusion & Investment ഇതായിരിക്കും പുതിയ ബജറ്റിൽ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ബജറ്റിലെ പ്രതീക്ഷകളും സാധ്യതകളും
നികുതിയും ജിഎസ്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ രൂക്ഷമായി മോദി സർക്കാരും നിർമല സീതാരാമനും നേരിടുന്നുണ്ട്. വർധിച്ചുവരുന്ന നികുതി കുടുംബ ബജറ്റിന്റെ താളം തന്നെ തെറ്റിക്കുന്നുണ്ട്. സാധാരണക്കാരെയും മധ്യവർഗവിഭാഗത്തിനെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റ് ആയതിനാൽ തന്നെ വലിയ തോതിൽ നികുതി ഇളവ് ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. നികുതി അടയ്ക്കേണ്ട വരുമാനത്തിന്റെ പരിധി പത്ത് ലക്ഷം രൂപവരെ ആക്കിയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ വരുമാനത്തിന്റെ 30 ശതമാനം നികുതിയായി നൽകേണ്ട വിഭാഗത്തിന്റെ വരുമാന പരിധി 20 ലക്ഷമാക്കി നിശ്ചയിക്കാനും സാധ്യതയുണ്ട്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന ബജറ്റ് ആയിരിക്കും പുതിയ ബജറ്റ് എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തൊഴിൽ, ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലെ ഉൽപ്പന്നങ്ങൾക്ക് നികുതി കുറയ്ക്കാനും പ്രോഡക്റ്റുകളുടെ കയറ്റുമതിക്കും നിർമാണത്തിനും കൂടുതൽ ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
പ്രതിരോധം, റെയിൽവേ എന്നിവയ്ക്കും ബജറ്റിൽ കാര്യമായ നീക്കിയിരിപ്പ് ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 8 ശതമാനത്തോളം അധികം തുക പ്രതിരോധത്തിന് നീക്കി വെച്ചേക്കും. കഴിഞ്ഞ തവണത്തെ ബജറ്റിൽ 5.3 ശതമാനമായിരുന്നു റെയിൽവേയ്ക്കായി നീക്കിവെച്ചിരുന്നത്. ഇതിലും മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ 800 ബില്യൺ ബജറ്റിൽ 20 ദശലക്ഷം വീടുകൾ നിർമിക്കാനാണ് കേന്ദ്ര പദ്ധതി. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിന് കൂടുതൽ തുക അനുവദിക്കാനും സാധ്യതയുണ്ട്.
ടെലികോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകൾക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിച്ചേക്കും. സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ സാധ്യതകൾ മുൻ നിർത്തിയായിരിക്കും ടെലികോം മേഖലയിലേക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക. ഇവകൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ കൂടുതൽ ഗവേഷണങ്ങൾക്കും ബജറ്റിൽ വിഹിതം ഉണ്ടാവും.
സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവയിൽ ഈ ബജറ്റിൽ വർദ്ധനവുണ്ടാവാൻ സാധ്യതയുണ്ട്. മുൻ ബജറ്റിൽ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിനെത്തുടർന്ന്, സ്വർണ്ണ ഇറക്കുമതി കുതിച്ചുയർന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്, വർദ്ധിച്ചുവരുന്ന ഇറക്കുമതി തടയുന്നതിനായി 2025 ബജറ്റിൽ സ്വർണ്ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയർത്താനാണ് സാധ്യത. നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നതിന് മൂലധനം നേട്ട നികുതി കുറയ്ക്കാനും സാധ്യതയുണ്ട്.
പ്രതീക്ഷകളോടെ കേരളവും
കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റിൽ കേരളവും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ പ്രയാസപ്പെടുന്ന കേരളം 24000 കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ നാല് ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യത കേരളത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. വയനാട് ദുരന്തത്തിന് ശേഷം നടക്കുന്ന ബജറ്റ് ആയതിനാൽ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായുള്ള സാമ്പത്തിക പാക്കേജ് ഈ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
കേരളത്തിന്റെ കടമെടുക്കൽ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് 3.5% ആയി ഉയർത്തണമെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖലയിലേക്കും കേരളം സഹായം പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക മേഖലയിലേക്കായി 2025-26 ലെ കേന്ദ്ര ബജറ്റിൽ കേരളം 4,500 കോടിയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലിനും കൊപ്രയ്ക്കും താങ്ങുവില വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും കേരളം പ്രത്യേക സഹായം പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ തുറമുഖത്തിനായി നൽകിയിരിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് 817.80 കോടി രൂപ പ്രത്യേക ഗ്രാൻറായി കണക്കാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഇവ കൂടാതെ എയിംസ്, സിൽവർ ലൈൻ പദ്ധതികൾക്കും ബജറ്റിൽ വിഹിതമുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
Content Highlights: Delhi Elections May Reflect, Changes in Taxes?; Expectations and prospects in the budget