മറ്റുള്ളവര്‍ പണം ചെലവഴിക്കുന്നതില്‍ അസ്വസ്ഥര്‍, സ്‌നേഹം പങ്കുവയ്ക്കാനും മടി; പിശുക്കന്റെ മനഃശാസ്ത്രം

പിശുക്ക് ചികിത്സിക്കുന്നതിന്നായി ഒരു മാജിക്ക് ട്രീറ്റ്മെൻറ് രീതിയൊന്നും ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല, പ്രായം കൂടിയവരിൽ പിശുക്ക് ചികിൽസിച്ചു മാറ്റിയെടുക്കുക ശ്രമകരമാണ്.

dot image

പിശുക്കന്മാരെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. എല്ലാം കണക്കാക്കി മാത്രം ചെലവഴിക്കുന്നവരും, പണം ചെലവാക്കാൻ മടിക്കുന്നവരും സമൂഹത്തിൽ ധാരാളമുണ്ട്. എന്നാൽ ഇത് അമിതമാകുന്നത് ആ വ്യക്തിക്കും കൂടെ ജീവിക്കുന്നവർക്കും കുടുംബത്തിനും ജീവിതം ദുസ്സഹമാക്കുകയും കുടുംബത്തിലെ ഓരോ അംഗങ്ങളെയും അത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പിശുക്കന്മാരുടെ സ്വഭാവം വെറും സാമ്പത്തിക രംഗത്തേത് മാത്രമല്ല; മറിച്ച് ഇത് അവരുടെ ജീവിതത്തിന്റെ ഓരോ കോണിലും വേരുകൾ പടർത്തുകയും പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് എന്നു നാം അറിയേണ്ടതുണ്ട്.

പിശുക്കനുമായോ, സ്വാഭാവികമായി ആവശ്യത്തിന്പണം ചെലവഴിക്കാൻ വിസമ്മതിക്കുന്നവനുമായോ കൂടെ ജീവിക്കുന്നതോ ദീർഘകാലം ദൃഢമായ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതോ വളരെ ബുദ്ധിമുട്ടാണ്. ഒരു ഭർത്താവ് തന്റെ ഭാര്യയെ വീണുടഞ്ഞ ഒരു കപ്പിനോ പാത്രങ്ങൾക്കോ തകരാറിലായ വീട്ടുപകരണങ്ങൾക്കോ കൂടുതൽ കുറ്റപ്പെടുത്തുകയോ അതിന്റെ പിഴ നൽകാൻ നിർബന്ധിക്കുകയോ ചെയ്യുക, ഒരു വ്യക്തി തന്റെ വീട്ടിലുള്ളവർ മാംസ പദാർത്ഥങ്ങളോ ഫലങ്ങളോ മറ്റോ കഴിക്കുന്നതിനു പ്രത്യേകം എണ്ണുകയോ, കണക്ക് നോക്കുകയോ ചെയ്യുന്നെങ്കിൽ, തന്റെ ആശ്രിതർക്ക് നിത്യജീവിതത്തിന് ആവശ്യമായ കാര്യങ്ങൾക്ക് ആവശ്യത്തിന് പണമുണ്ടായിട്ടും ചെലവാക്കാൻ വളരെയധികം വിമുഖത കാണിക്കുക തുടങ്ങിയ സ്വഭാവങ്ങൾ എല്ലാം തന്നെ കടുത്ത പിശുക്കിന്റെ ലക്ഷണങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

പിശുക്കൻ ഒരുപക്ഷേ ഒരു രോഗിയാണ്, "പിശുക്കൻമാരുടെ സ്വഭാവം മനുഷ്യന്റെ എല്ലാ നല്ല സങ്കൽപങ്ങളും നശിപ്പിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ". കാരണം പിശുക്ക് സ്വഭാവം സമൂഹത്തിനിടയിൽ മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാക്കുകയും കുടുംബത്തിൻറെയടക്കം സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ ഇത്തരം ദുസ്വഭാവത്തെകുറിച്ച് നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്.

പണം ചെലവഴിക്കുന്നതിന് പിന്നിലെ രഹസ്യം
മനുഷ്യർ പണം ചെലവഴിക്കുന്നതിന് പിന്നിലും ശാസ്ത്രീയമായ ഒരു കാരണം ഒളിഞ്ഞിരിക്കുന്നുണ്ട്. മസ്തിഷ്കത്തിലെ ഡോപാമിൻ എന്ന രാസവസ്തുവാണിത് , പുതിയ വസ്തുക്കൾ വാങ്ങുമ്പോഴോ സേവനങ്ങൾ ആസ്വദിക്കുമ്പോഴോ നമുക്ക് ഒരു ഉദ്ദീപനം തോന്നാറുണ്ട്. ഇത് ഡോപ്പാമിൻ എന്ന ഹാപ്പി ഹോർമോൺ മസ്തിഷ്കത്തിൽ റിലീസ് ആകുന്നതുകൊണ്ടാണ്. ഇതാണ് നമ്മെ വീണ്ടും വീണ്ടും ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, സീറോട്ടോണിൻ എന്ന 'സന്തോഷത്തിന്റെ രാസവസ്തു' നമ്മുടെ മനസ്സിനെ സന്തുലിതമാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാനും സഹായിക്കുന്നുണ്ട്.

സീറോട്ടോണിന്റെ അളവ് കുറയുമ്പോൾ, നമ്മൾ സന്തോഷം തേടുന്നതിൽ പരാജയപ്പെടുകയും അതുകൊണ്ട് ചെലവഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുകയോ ചെലവഴിക്കുന്നതിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാനോ ഇടയാക്കും. സീറോട്ടോണിൻ കുറവ് മൂലം ആശങ്കയും ഉത്കണ്ഠയും വർദ്ധിക്കുന്നത് പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വികാരങ്ങളെ ബാധിക്കുകയും അമിതമായി ചെലവഴിക്കാനോ സമ്പാദിക്കാനോ പ്രേരിപ്പിക്കുകയും ചെയ്യാം.

പിശുക്കൻമാരുടെ വ്യക്തിജീവിതം
പിശുക്കൻമാർക്ക് പണം ചെലവഴിക്കാൻ മടിയാണ്, തൻറെ കയ്യിലെ പണം നഷ്ടമാകുമോ എന്നതാകും അവർ അനുഭവിക്കുന്ന ഏറ്റവും വലിയ ആശങ്ക. പണം സ്വരൂപിച്ചു വെക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. എന്നാൽ ഈ സ്വഭാവം ജീവിതത്തിലെ സന്തോഷവും അനുഭവങ്ങളും നഷ്ടപ്പെടുത്തുന്നു എന്ന് മാത്രമല്ല ഇത് അവരെ യഥാർത്ഥ ജീവിതത്തിൽ നിന്ന് അകറ്റുന്നു എന്നവർ അറിയുന്നേയില്ല. പണം ചിലവാക്കുന്നത് ഭയന്ന് അവർക്ക് പലതും ആസ്വദിക്കാനോ ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളിൽ പങ്കാളികളാവാനോ താത്പര്യം കാണിക്കാതെ പോകുന്നതുകൊണ്ടാണിത്, ഇത് ഹാപ്പി ഹോര്മോണുകളായ ന്യൂറോ ട്രാൻസ്മിറ്ററുകൾ ലഭിക്കുന്നതിനുള്ള അവരുടെ അവസരങ്ങൾ നഷ്ടമാകുകയും തന്മൂലം ചെറുതും സമാന്യവുമായ സന്തോഷങ്ങളും നഷ്ടപ്പെടുമ്പോൾ, അവരുടെ മനസ്സിൽ ഒരു ശൂന്യത നിറയുന്നു. ഈ ശൂന്യത ഒറ്റപ്പെടലിനും സന്തോഷമില്ലായ്മക്കും വീണ്ടും കാരണമാകുകയും, അവരുടെ ജീവിതത്തെ തളർത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ജീവിതത്തിന്റെ ചാരുതയിൽ ഏർപ്പെടാൻ കഴിയാതെ സ്വന്തം കുറവുകളിൽ കുടുങ്ങി നിൽക്കുന്നവരാണ് ഈ പിശുക്കന്മാർ എന്നർത്ഥം.

പിശുക്കൻമാരുടെ ബന്ധങ്ങൾ
പിശുക്കൻമാരോടൊപ്പമുള്ള വ്യക്തി ബന്ധങ്ങൾ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പിശുക്കൻമാരെ കൊണ്ട് സ്നേഹ സൗഹൃദ ബന്ധങ്ങൾ കൂടുതൽ കാലം തുടരുക വളരെ ബുദ്ധിമുട്ടാണ്. ഇവർ സ്വാർത്ഥതയുടെ പ്രതീകങ്ങളായതുകൊണ്ടാണിത്. അവരുടെ പിശുക്കും സ്വാർത്ഥതയും മറ്റുള്ളവരിൽ വളരേ അസ്വസ്ഥതയും വെറുപ്പും നിരാശയും സൃഷ്ടിക്കുന്നു എന്നുള്ളതാണ് ഇതിനു പ്രധാന കാരണം. പിശുക്കൻമാർക്ക് പങ്കിടാനോ മറ്റുള്ളവരുടെ സുഖ-ദു:ഖങ്ങളിൽ പങ്കാളികളാകാനോ താത്പര്യമില്ലാത്തതിനാൽ, അവരിൽ നിന്ന് വികാരപരമായ അകലം എപ്പോഴും പങ്കാളിക്ക് അനുഭവപ്പെട്ടേക്കാം. "ഇവരെ ഞാൻ വിശ്വസിക്കണോ?" എന്ന ചോദ്യവും തെറ്റിദ്ധാരണകളും ആശങ്കകളും എപ്പോഴും അവരിലുണ്ടാകും. പ്രണയ സ്നേഹ സൗഹൃദങ്ങൾ എല്ലാം തന്നെ പിശുക്കൻമാരുടെ വെറും സ്വാർത്ഥ സമീപനങ്ങൾ മൂലം പലപ്പോഴും തകരാറിലാകുന്നു. ആവശ്യങ്ങൾക്കുപോലും പണം ചിലവഴിക്കാനുളള ഇവരുടെ മടിയോടൊപ്പം തന്നെ വേണ്ട രീതിയിൽ വികാരങ്ങൾ പങ്കിടാൻ കഴിയാത്തതും ഡീപ് റിലേഷൻഷനുകൾ നിർമ്മിക്കാൻ ഇവർക്ക് തടസ്സമാകുന്നു, ഈ കാരണങ്ങൾകൊണ്ടൊക്കെത്തന്നെ ഇവർ സ്വയം മറ്റുള്ളവരെ അകറ്റുകയും, അന്തിമമായി അവർ സ്വയം ഒറ്റപ്പെട്ടവരായി മാറുകയും ചെയ്യുന്നു എന്നുള്ളതാണ്. സ്നേഹം പണത്തിനപ്പുറത്തുള്ളതാണ് എന്നാൽ പിശുക്കൻമാർക്ക് ഇത് മനസ്സിലാവുന്നില്ല എന്നതാണ് യാഥാർഥ്യം. അവർ സ്നേഹത്തെയും പണത്തെ പോലെ കണക്കാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഒരാളെ പരിഗണിക്കുന്നതിനുപോലും പണം മാനദണ്ഡമാക്കുന്നവരാണിക്കൂട്ടർ.

പിശുക്കൻമാർക്ക് അവർ മറ്റുള്ളവരാൽ താൻ "ഉപയോഗിക്കപ്പെടുന്നു" എന്ന ചിന്ത എപ്പോഴുമുണ്ടാകും. മറ്റുള്ളവർക്ക് പരിഗണന നൽകാനും സമഗ്രമായ സ്നേഹം നൽകാനും മറ്റുള്ളവരുടെ സുഖദു:ഖങ്ങളിൽ പങ്കാളികളാവാനും മടിയുണ്ടാകും. ഒരാളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന പിശുക്കൻമാരുടെ മനോഭാവംകൊണ്ട് പലപ്പോഴും അവരുടെ സൗഹൃദങ്ങൾ ക്ഷയിക്കുന്നു. മറ്റുള്ളവർ പിശുക്കനെ ഒരിക്കലും പൂർണ്ണമായി വിശ്വസിക്കുകയോ കൂടെ കൂട്ടുകയോ ചെയ്യില്ല. ഒരു രൂപ ചിലവഴിക്കുന്നതിനു മുൻപ് ആയിരം തവണ ചിന്തിക്കുന്ന ഇത്തരം വ്യക്തികളെ ആർക്കാണ് വിശ്വസിക്കാനും കൂടെ കൂട്ടാനും സാധിക്കുക? മറ്റുള്ളവർ പതിയെ പിൻവലിഞ്ഞുകൊണ്ട് അവരെ വിട്ടുകളഞേക്കാം. അതുകൊണ്ടുതന്നെ പിശുക്കന്റെ ലോകം വളരെ ഇരുണ്ടതും അവർ എപ്പോഴും തനിച്ചുമായേക്കാം.

പിശുക്കന്‍റെ ഭയം
പിശുക്കൻമാരുടെ മനസ്സ് സാധാരണയായി അരക്ഷിതബോധം കൊണ്ട് നിറഞ്ഞിരിക്കും. അവരുടെ ഭയം വെറും പണം നഷ്ടമാകുന്നതിൽ മാത്ര മായിരിക്കില്ല, ജീവിതം തന്നെ തകരും എന്ന വലിയ ഭയത്തോടെയാണ് അവരിൽ പലരും ജീവിക്കുന്നത്. ഈ സ്ഥിരമായ ആശങ്ക കാരണം പിശുക്കൻമാർക്ക് ദു:ഖവും വിഷാദവും ഒരു സ്ഥിരസാന്നിധ്യമായി മാറുന്നു എന്നുള്ളതാണ്. പലരിലും ഈ ഭയം ഒബ്സെസിവ്-കമ്പൾസിവ് ഡിസ്‌ഓർഡർ (OCD) പോലുള്ള പല മാനസിക പ്രശ്നങ്ങൾക്കും വരേ വഴിവച്ചേക്കാം. ചെലവുകളെ അമിതമായി നിയന്ത്രിക്കാൻ തുടങ്ങുന്ന ഈ സ്വഭാവം പിന്നീട് അവരുടെ മനസ്സിനെയും ജീവിതത്തിനെയും വല്ലാതെ നിയന്ത്രിക്കാൻ തുടങ്ങുകയും, ഇളവും സന്തോഷവും അവരിൽ നിന്ന് പൂർണ്ണമായും അകലുകയും ചെയ്യും. സ്വതന്ത്രമായി ചെലവഴിക്കുന്നവരെ പരിഹസിക്കുന്നവരും അവരെ വിവേകമില്ലാത്തവരായി കണക്കാക്കുന്നവരുമാണ് ഇക്കൂട്ടരിൽ പലരും. മറ്റുള്ളവർ ചെലവഴിക്കുന്നത് കാണുന്നതും ഇവരിൽ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ഇതിനു കാരണം.

പിശുക്കൻ: സ്വയം തടവറയിൽ അടയ്ക്കപ്പെട്ടവന്‍
പിശുക്കൻമാർ വെറും പണം മുടക്കാൻ മാത്രം മടിക്കുന്നവരല്ല, അവർ തൻറെ പ്രിയപെട്ടവരോട് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും വളരെയധികം പിശുക്ക് കാണിക്കുന്നവരാകാം. സ്വന്തം കുട്ടികളോട് പോലും അവരിൽ വികാരപരമായ പിശുക്കു കാണാം എന്നർത്ഥം. അവർ സ്നേഹവും കരുണയും വളരെ കുറച്ച് മാത്രമാണ് പങ്കിടുന്നത്, ഇത് ബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നു. കൂടാതെ, ഭാവിയിലെ അനിശ്ചിതത്വങ്ങൾക്കും അപകടങ്ങൾക്കും ഭയന്നുകൊണ്ട്, അവർ ഇന്നത്തെ ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടുത്തുന്നു. ഈ ഭയങ്ങൾ അവരുടെ മനസിനെ ഒരു തടവറയാക്കി മാറ്റുകയും, സന്തോഷവും സമാധാനവും ഇല്ലാതാക്കുകയും ചെയ്യുന്നു. പിശുക്കിന്‍റെ ചങ്ങലകൾ തകർത്ത് ജീവിക്കുക എന്നത് മാത്രമാണ് അവർക്കുള്ള മോചനം.

പിശുക്കൻമാരോടൊപ്പം ജീവിക്കുക ശ്രമകരം
പിശുക്കൻമാരോടൊപ്പം ജീവിക്കുന്ന അനുഭവം പങ്കാളിക്കും കുട്ടികൾക്കും ആശ്രിതർക്കും വലിയ മാനസിക ഭാരം ആയി മാറാം. സ്നേഹവും കരുതലും പോരായ്മയാകുന്നതിനാൽ, അവർ വിഷാദം, നിരാശ, അല്ലെങ്കിൽ മാനസിക തകർച്ച അനുഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പിശുക്കൻമാരുടെ സ്വാർത്ഥതയും പങ്കിടാനുള്ള മടിയും, കുടുംബാംഗങ്ങളിൽ നിരാകരിക്കപ്പെടുന്ന വികാരവും ഒഴിവാക്കപ്പെടുന്നു എന്ന തോന്നലും ഉണ്ടാക്കും. കുട്ടികൾക്ക് ഇത് ആത്മവിശ്വാസം കുറയുന്നതിന്നും മറ്റുള്ളവരോടുള്ള അവരുടെ ബന്ധങ്ങൾ തകരുന്നതിന വരെ കാരണമാകാം.ഒരു പിശുക്കനോടൊപ്പം ജീവിക്കുന്ന പങ്കാളിക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വേദന ചെറുതല്ല. എല്ലാ ചെലവിനെയും വലിയ പ്രശ്നമാക്കി മാറ്റുന്ന വ്യക്തിയോടൊപ്പം ജീവിക്കുക അത്ര എളുപ്പമല്ല. ഒരു നേരത്തെ ഹോട്ടൽ ഭക്ഷണത്തിനോ, ഒരു ചെറിയ സമ്മാനത്തിനോ ഒരു കപ്പ് കാപ്പിക്കോ പോലും അനുമതി വാങ്ങേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.

പിശുക്കൻ തങ്ങളുടെ പങ്കാളിയെ നിരന്തരം സംശയത്തിലാഴ്ത്തുന്നു. "നീ എങ്ങനെയാണ് പണം ചെലവഴിക്കുന്നത്?" "ഇതിനെന്തിനാണ് ഇത്ര പണം കളയുന്നത്?" എന്നിങ്ങനെയുള്ള നെഗറ്റീവ് വാക്കുകൾ പങ്കാളിയുടെ മനോബലത്തെ തകർക്കും എന്നുമാത്രമല്ല പങ്കാളിക്ക് അപമാനം, നിരാശ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടുത്തുന്നു. പണം ചെലവഴിക്കാൻ മടിക്കുന്നവർക്ക് സ്നേഹവും ചെലവഴിക്കാൻ കഴിയില്ല എന്നതൊരു വസ്തുതയാണ്. അവർ നല്കുന്നതെന്തും അതെ അളവിൽ തിരിച്ചു ലഭിക്കണമെന്ന് ശഠിക്കുന്നവരാണ് ഇവരിൽ പലരും. തന്റെ കയ്യിൽ പണമുള്ളതുകൊണ്ട് തനിക്കാരെയും പേടിക്കേണ്ട എന്ന് ചിന്തിക്കുന്നവരും ഇവർക്കിടയിൽ കുറവല്ല. ഇവരുടെ ഇത്തരം പിശുക്കൻ മനോഭാവവും അതിനെത്തുടർന്നുള്ള നിരന്തര കുറ്റപ്പെടുത്തലുകളും പങ്കാളിയിൽ വളരെയധികം വിരക്തിയുണ്ടാക്കുന്നു എന്ന് മാത്രമല്ല ഈ അവസ്ഥകൾ പങ്കാളിയുടെ മാനസിക യാതനക്കും സുഖകരമായ കുടുംബ ജീവിതം നയിക്കുന്നതിനും പ്രയാസം സൃഷ്ടിക്കുന്നു.

വിലമതിക്കപെടാത്ത കുട്ടികൾ
ഒരു പിശുക്കൻ മാതാവിൻറെയോ പിതാവിന്റെയോ കുട്ടികൾ ഏറ്റവും വലിയ മാനസിക പ്രഹരങ്ങൾ അനുഭവിക്കുന്നവരാണ്. ഒരു ബർത്ഡേ സമ്മാനം കിട്ടാൻ വിചാരിച്ച കുട്ടിക്ക് പലപ്പോഴും കിട്ടുന്നത് കടുത്ത നിരാശയായിരിക്കാം. സ്കൂൾ പഠനത്തിനും അടിയന്തിര ആവശ്യങ്ങൾക്കും പോലും അവർ മതിയായ പണം നൽകാതെ മിനക്കെടുത്തുന്ന അവസ്ഥയുമുണ്ടാകാം. ഇവരുടെ കുട്ടികൾ ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കുന്നത് അവരുടെ സ്വപ്നങ്ങളുടെ മേലായിരിക്കാം. ഒരു വിദ്യാഭ്യാസ കോഴ്‌സിനോ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റിനോ, നല്ല വസ്ത്രങ്ങൾക്കോ പോലും പണം നൽകാൻ മടിക്കുന്ന രക്ഷിതാവിൻറെ ഇത്തരം കടുംതിരിവുകൾ കുട്ടിയിൽ ദീർഘകാല വിഷാദം, ബഹിഷ്കരണ ബോധം, മാനസിക അസ്വസ്ഥത എന്നിവ സൃഷ്ടിക്കും. ഒരിക്കലും തങ്ങൾ മതിയായി വിലമതിക്കപ്പെടുന്നില്ല എന്ന തോന്നലും അവരിലുണ്ടാക്കുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുകയും ഇത് അവരുടെ വ്യക്തിത്വവികാസത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം.

മിതവ്യയികളും പിശുക്കും
മിതവ്യയത്തെ പലപ്പോഴും അവരുടെ സാമ്പത്തിക അച്ചടക്കത്തെ പിശുക്ക് ആയി തെറ്റിധരിക്കാറുണ്ട്. പക്ഷേ, എല്ലാ മിതവ്യയികളും പിശുക്കന്മാരാണെന്നു പറയാനാവില്ല. പണം ചെലവഴിക്കുന്നതിൽ വളരെ ജാഗ്രത പുലർത്തുന്ന ഒരു വ്യക്തിയെ പിശുക്കനായി തെറ്റിദ്ധരിക്കാം. എന്നാൽ, അവർ വെറും പണം മാത്രം സ്വപ്നം കാണുന്നവരാണെന്നു കരുതരുത്. പലപ്പോഴും അവർ ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷയെക്കുറിച്ചോ, പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നവരായിരിക്കും. പക്ഷേ, പലർക്കും ഈ വ്യത്യാസം മനസ്സിലാകാൻ കഴിയാതെ പോകാറുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മൂലം, മിതവ്യയികൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകാനുള്ള സാധ്യത കൂടുതലാണ്.

പിശുക്കും - തലച്ചോറിലെ ഹാപ്പി ഹോർമോണുകളും
സീറോട്ടോണിൻ നമ്മുടെ മാനസികാരോഗ്യത്തിലും സാമ്പത്തിക തീരുമാനങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ അളവ് കുറയുന്നത് പിശുക്ക് പോലുള്ള വിവിധ പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ, സീറോട്ടോണിൻ അളവ് നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മസ്തിഷ്കത്തിൽ ആവശ്യത്തിന് ഹാപ്പിഹോര്മോണുകൾ ഉല്പാദിപ്പിക്കുന്നതിനായി സെറോടോണിന് അടങ്ങിയ ഭക്ഷണങ്ങൾ ബോധപൂര്‍വം കഴിക്കുന്നത് ഇത്തരം സ്വഭാവങ്ങളടക്കം നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുവാൻ ഉപകരിക്കും, ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക, ( ഡാർക്ക് ചോക്ലേറ്റ്, മുട്ട ചിക്സ്ൻ, ടർക്കി, നട്സ് ETC ) വ്യായാമം ചെയ്യുക, ധ്യാനം ചെയ്യുക തുടങ്ങിയ ശീലങ്ങൾ സീറോട്ടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

പിശുക്കിൽ നിന്ന് മോചനം
പിശുക്ക് ചികിത്സിക്കുന്നതിന്നായി ഒരു മാജിക്ക് ട്രീറ്റ്മെൻറ് രീതിയൊന്നും ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല, പ്രായം കൂടിയവരിൽ പിശുക്ക് ചികിൽസിച്ചു മാറ്റിയെടുക്കുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ, പിശുക്കിന്റെ ലക്ഷണങ്ങൾ ആദ്യകാലത്ത് തന്നെ കുട്ടികളിൽ തിരിച്ചറിയുകയും, കുട്ടികളിലെ പങ്കിടലുകളും കൊടുകലുകളും പരമാവധി വളർതികൊണ്ടുവരാൻ രക്ഷിതാക്കൾ തന്നെ ശ്രദ്ധിക്കുന്നത് വളരെ ഫലപ്രദമാണ്. “സിഗ്മണ്ട് ഫ്രോയിഡ്ൻറെ സൈക്കോ അനലിറ്റിക്കൽ തിയറി അനുസരിച്ച്, പിശുക്കിന്റെ പ്രശ്നം ബാല്യകാല വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ തുടങ്ങുന്നു എന്നുള്ളതാണ്, പ്രത്യേകിച്ച് അനൽ ഘട്ടത്തിൽ (ANAL STAGE). അതുകൊണ്ടുതന്നെ ഈഘട്ടത്തിൽ കുട്ടികൾക്ക് ടോയ്ലറ്റ് പരിശീലനവും ശുദ്ധീകരണ പരിശീലനവും നൽകുന്നത് വളരെ നിർണായകമാണ്”.

പിശുക്കിൽ നിന്ന് സ്വയം മോചനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യമായി ഒരു ഉറച്ച തീരുമാനം ആവശ്യമാണ്. ആസ്വദിച്ചു ഇടപഴകി ജീവിക്കുക എന്ന ആഗ്രഹത്തോടെയാണ് മാറ്റത്തിന് തുടക്കം കുറിക്കേണ്ടത്. പിശുക്കിന്റെ മറവിൽ മറഞ്ഞുപോവുന്ന സന്തോഷങ്ങളും അനുഭവങ്ങളും തിരിച്ചുപിടിക്കാൻ വ്യക്തി തയ്യാറാകണം. ഉദാരതയും പങ്കിടലും ജീവിതത്തെ സമ്പന്നമാക്കും എന്ന കാര്യത്തിൽ തിരിച്ചറിവ് നേടണം. തെറാപ്പി വഴി, ഒരു വ്യക്തിക്ക് അവരിൽ പിശുക്കിനെയുണ്ടാക്കുന്ന പരിമിതമായ വിശ്വാസങ്ങൾ തിരിച്ചറിഞ്ഞ് അവയെ നേരിടാൻ സാധിക്കും, ഇത് പണവുമായുള്ള അവരുടെ സമീപനവും ബന്ധവും മാറ്റിയെടുക്കാനിടയാക്കും. തെറാപ്പി അവരുടെ പെരുമാറ്റത്തിന് പിന്നിൽ ഉള്ള ആഴത്തിലുള്ള മാനസിക പ്രേരണകൾ മനസ്സിലാക്കാനും, പ്രതിരോധചിന്തകൾ മാറ്റിയെടുക്കാനും സഹായിക്കുന്നു. ആത്മവിശ്വാസം വർധിപ്പിക്കുകയും, മാനസിക സമ്മർദ്ദം കുറ്റബോധം പോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും പുതിയ കോപ്പിങ് മെക്കാനിസങ്ങൾ പഠിക്കാനും ഇത് സഹായിക്കും. നല്ല കൗൺസലിംഗ് ഇതിനു ഒരു പരിധി വരെ സഹായകരമാകാം, കാരണം ഇത് പിശുക്കൻമാരുടെ അരക്ഷിത ബോധവും ഭയങ്ങളും മനസിലാക്കാൻ സഹായിക്കുകയും അവരെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാനുപകരികുകയും ചെയ്യും.
ചെറിയ ചെറിയ മാറ്റങ്ങൾകൊണ്ട് വലിയ ജീവിതപരിഷ്കാരങ്ങൾ നേടാനാവും. "ചെലവാക്കുക, പങ്കിടുക, അനുഭവിക്കുക." പിശുക്കിന്റെ ചങ്ങലകളിൽ നിന്ന് സ്വയം പുറത്തുകടന്നാൽ ജീവിതം നിറഞ്ഞതായും മനോഹരമായും അനുഭവപ്പെടും, തീർച്ച.

ലേഖകന്‍ പ്രൊഫഷണൽ സോഷ്യൽ വർക്കറും ചൈൽഡ് അഡോളസെന്‍ഡ് & റിലേഷൻഷിപ് കൗൺസിലറുമാണ്.

Content Highlights: The psychology behind being stingy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us