
ആലപ്പുഴ ചാരുമ്മൂട്ടില്‍ ഒന്‍പതുവയസുകാരനായ സാവന്‍ പേവിഷ ബാധയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. കുട്ടിക്ക് ശരിയായ ചികിത്സ ലഭിക്കാത്തതായിരുന്നു സ്ഥിതി ഗുരുതരമാക്കിയത്. രണ്ട് മാസം മുന്‍പാണ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയുടെ ദേഹത്തേത്ത് നായ ചാടി വീണത്. അന്ന് അതത്ര കാര്യമാക്കിയില്ല, പരിക്ക് ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തന്നെ വാക്സിനും എടുത്തില്ല. തുടര്‍ച്ചയായ പനി ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ രണ്ടാഴ്ച മുന്‍പ് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. വൈകാതെ കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
പേവിഷ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് ശരിയായ ചികിത്സ നല്‍കുക എന്നത്. ഒരു വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏകദേശം ഇരുപതിനായിരം റാബിസ് മരണങ്ങളാണ്. ഇത് ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ ഏകദേശം 36% ആണ്. 100% കുത്തിവെപ്പിലൂടെ ഒഴിവാക്കാവുന്ന മരണങ്ങളാണിവ എന്ന് ഓര്‍ക്കണം.
ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബിസ് വൈറസ് ആണ് രോഗത്തിന്റെ കാരണക്കാരന്‍. മനുഷ്യനില്‍ അസുഖം വരുന്നത് രോഗാണുക്കള്‍ ഉള്ള മൃഗങ്ങളുടെ തുപ്പല്‍ വഴി ആകാം. കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോളോ രോഗം പകരാം. അസുഖം ബാധിക്കുന്നത് തലച്ചോറിനെ ആണ്. മുറിവില്‍ നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്പോള്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ പിന്നെ അസുഖം ചികില്‍സിച്ചു ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകെ അങ്ങനെ രക്ഷപ്പെട്ടിട്ടുള്ളത് ചുരുക്കം ചിലര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു.
നായകളാണ് പ്രധാന വില്ലന്‍, 90 ശതമാനം ആളുകള്‍ക്കും അസുഖം പകരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്തന്. പൂച്ച ഉള്‍പ്പടെയുള്ള മറ്റ് വളര്‍ത്തു മൃഗങ്ങള്‍, വന്യ ജീവികള്‍ ഒക്കെ അസുഖം പരത്താന്‍ കഴിവുള്ളവരാണ്. വീട്ടിലെ എലി, അണ്ണാന്‍ തുടങ്ങിയ Rodents സാധാരണ പ്രശ്നക്കാരല്ല. ചിലതരം വവ്വാലുകളും (Bats) അസുഖം പരത്താറുണ്ട്.
വീട്ടിലെ പൊന്നോമനകളായ വളര്‍ത്തു മൃഗങ്ങളായാലും കടിച്ചാല്‍ പ്രശ്നമാണ്. വീണ്ടും കടി ഏല്‍ക്കാതെ നോക്കണം, പറ്റുമെങ്കില്‍ മൃഗത്തെ എവിടെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യണം. ശരിയായ ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ 10-15 മിനിറ്റ് കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ടാപ്പ് വെള്ളം ഉപയോഗിച്ചാല്‍ മതിയാകും. സോപ്പോ മറ്റ് ഡിറ്റര്‍ജെന്റുകളോ ഉപയോഗിക്കാം. വന്യ മൃഗങ്ങളുടെ കടിയും നഖം കൊണ്ടോ മറ്റോ ഉണ്ടാവുന്ന മുറിവുകളും, പ്രതിരോധ മരുന്നും മറ്റു ചികിത്സയും നല്‍കാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.
കാറ്റഗറി 1: No exposure- മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് കാറ്റഗറി ഒന്ന് എന്ന് തിരിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട.
കാറ്റഗറി 2: Minor exposure- തൊലിപ്പുറത്ത് മാന്തുകയോ, രക്തം വരാത്ത ചെറിയ പോറലുകളുണ്ടാക്കുകയോ ചെയ്യുന്നത് രണ്ടാമത്തെ കാറ്റഗറിയിലാണ് വരുന്നത്. ആ ഭാഗം നേരത്തെ സൂചിപ്പിച്ചതുപോലെ കഴുകുക, ഇവയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് അത്യാവശ്യവുമാണ്.
കാറ്റഗറി 3: Severe exposure- മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയവയാണ് മൂന്നാമത്തെ കാറ്റഗറിയില്‍ വരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍, മുറിവ് മുന്‍പറഞ്ഞതു പോലെ വൃത്തിയായി കഴുകുക, മുറിവില്‍ എടുക്കുന്ന Anti rabies immunoglobulin-ഉം ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികില്‍സിക്കാന്‍. എന്നാല്‍ കരണ്ടു തിന്നുന്ന സസ്തനികള്‍ ആയ എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല. മുറിവ് വൃത്തിയായി കഴുകി മരുന്നു ഇട്ടാല്‍ മാത്രം മതിയാകും.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നതാണ്. കൈയില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും. മുറിവില്‍ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിന്റെ പ്രധാന ലക്ഷ്യം. എത്രയും നേരത്തെ തന്നെ കഴുകുന്നതാണ് നല്ലത്.
മുറിവില്‍ മുളകുപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങി വീട്ടില്‍ ഉള്ള എല്ലാസാധനങ്ങളും പുരട്ടുന്ന ശീലം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. അങ്ങനെ ചെയ്യുന്നുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നുമില്ലെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പിന്നെ ചിലപ്പോള്‍ മുറിവ് പഴുക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും മുറിവുകള്‍ അങ്ങനെ കണ്ടാല്‍ വെള്ളമൊഴിച്ചു നല്ലതുപോലെ കഴുകി അത് മുറിവില്‍ നിന്ന് കളയണം. കാറ്റഗറി 3 മുറിവുകള്‍ക്കു ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കണം. മുറിവ് കരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ടെറ്റനസ് പ്രതിരോധ മരുന്ന് എടുത്തിട്ടില്ലാത്തവര്‍ക്ക് അത് നല്‍കേണ്ടതാണ്.
സ്ഥിരം കേള്‍ക്കുന്ന ഒരു സംശയണ്. വീട്ടിലെ നായയാണ്, പുറത്തുപോകാറില്ല, 10 ദിവസം നോക്കിയാല്‍പ്പോരേ എന്ന്? എന്നാല്‍ ശ്രദ്ധിക്കുക… ഇത്തരം സന്ദര്‍ഭങ്ങളിലും കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഭാഗ്യപരീക്ഷണം നമ്മുടെ ജീവിതം വെച്ച് നടത്തേണ്ടല്ലോ! കുത്തിവെപ്പ് തുടങ്ങിയതിനു ശേഷം, 10 ദിവസം ആയിട്ടും നായയ്ക്ക് ഒന്നും സംഭവിച്ചില്ല എങ്കില്‍ കുത്തിവെപ്പ് Pre exposure prophylaxis ആയി മാറ്റാവുന്നതാണ്. ഇനി ആരെങ്കിലും പട്ടിയെ കൊല്ലുകയോ, പട്ടിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം തോന്നുകയോ ചെയ്താല്‍ മുഴുവന്‍ കുത്തിവെപ്പും എടുക്കണം. പട്ടിയുടെയും പൂച്ചയുടെയും കാര്യത്തില്‍ മാത്രമേ ഈ ഒബ്സര്‍വേഷന്‍ പറയാറുള്ളൂ. മറ്റേത് മൃഗത്തിനും സാധാരണപോലെ കുത്തിവെപ്പുകള്‍ ആദ്യദിവസം തൊട്ടുതന്നെ എടുക്കണം.
പേവിഷബാധ എത്രമാത്രം ഭീകരമായ അസുഖമാണെന്ന് ഇതിനോടകം മനസിലായി കാണുമല്ലോ. പേവിഷബാധ അസാധാരണ രോഗാവസ്ഥയായി കണക്കാക്കി രോഗികള്‍ക്ക് അന്തസായി മരിക്കാന്‍ അവസരമൊരുക്കണമെന്ന ഹര്‍ജി രണ്ടാഴ്ചയ്ക്കകം പരിഗണിക്കാന്‍ ഇരിക്കുകയാണ് സുപ്രീംകോടതി. പേവിഷബാധ അത്ര ഭീകരമാണ്. കരുതിയിരിക്കുക. കരുതലോടെ പ്രതിരോധിക്കുക.
Content Highlights: Be careful of rabies, take precautions