![search icon](https://www.reporterlive.com/assets/images/icons/search.png)
ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത മൂല്യത്തിലേക്ക് സ്വർണവില കുതിച്ചു ഉയരുന്നു. ലോക വ്യാപാര ഭൂപടത്തിലെ നിർണായക അടയാളപ്പെടുത്തൽ. രണ്ടാം വരവിലെ ട്രംപിന്റെ സാമ്പത്തിക നയങ്ങളും, വ്യാപാര നയങ്ങളും വഴിയൊരുക്കുക അമേരിക്കയുടെ തകർച്ചയിലേക്കോ. ആഗോള വ്യാപാര യുദ്ധത്തിന് പോലും വഴി വെച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്കോ ട്രംപിന്റെ ഈ നയം മാറ്റം ?.
ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിൽ കുറവ് വരുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത് ട്രംപിന്റെ രണ്ടാം വരവും തുടർന്നുള്ള തീരുമാനങ്ങളുമാണ്. ട്രംപിന്റെ സാമ്പത്തിക നടപടികൾ വ്യാപാര യുദ്ധത്തിന് കളമൊരുക്കുമെന്ന ആശങ്കകളാണ് വിപണിയിൽ കാര്യമായി പ്രതിഫലിച്ചത്. ട്രംപിന്റെ തീവ്ര നിലപാടുകളും പ്രെെഡ് അമേരിക്ക എന്ന മുദ്രാവാക്യത്തിന്റെ ഭീകരമായ പ്രയോഗവത്കരണവും ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കും ?.ട്രംപ് കൽപ്പിച്ചതും ചെെന ഇച്ഛിച്ചതും ഒന്നുതന്നെയോ?.
യു.എസ് വ്യാപാര നയങ്ങളിൽ വലിയ മാറ്റങ്ങളാണ് ട്രംപ് നടപ്പിലാക്കുന്നത്. 2025 ഫെബ്രുവരി 1 ന്, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചരക്കുകൾക്ക് 25%വും ചൈനീസ് ഇറക്കുമതിക്ക് 10% വും നികുതി ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനുള്ള നടപടി എന്ന നിലയ്ക്കാണ് ഈ താരിഫ് വർധനയെ ട്രംപ് ന്യായീകരിക്കുന്നത്. എന്നാൽ ആഗോള വ്യാപാരത്തെയും സാമ്പത്തിക സ്ഥിരതയെയും താരിഫ് വർധന തടസ്സപ്പെടുത്തും എന്നതാണ് ട്രംപിന്റെ ഈ നയങ്ങളെ എതിർക്കുന്നവരുടെ ആശങ്ക. അമേരിക്കയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവ വർധിക്കുന്നതോടെ പല സാധനങ്ങളുടേയും വില വർധിക്കും. അതായത് ഈ താരിഫുകൾ യുഎസ് ഉപഭോക്താക്കളുടെ ചിലവ് വർധിപ്പിക്കുമെന്ന് ചുരുക്കം. സമീപ ഭാവിയിൽതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയുടെ സമ്പത് വ്യവസ്തയിൽ പ്രതിഫലിച്ചുതുടങ്ങും. അങ്ങനെ വന്നാൽ പ്രെെഡ് അമേരിക്ക എന്ന വെെകാരിക മുദ്രാവാക്യത്തിന്റെ മാത്രം ബലത്തിൽ ട്രംപിന് അമേരിക്കൻ ജനതയെ ഭരിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. കേവലം വെെകാരികത ഉണർത്തികൊണ്ട് മാത്രം എത്രകാലം ഒരു ജനതയെ ഒപ്പം നിർത്താനാകും ?.
ട്രംപിന്റെ ഈ നടപടികൾ അമേരിക്കയേയും മറ്റ് രാജ്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം. പ്രത്യേകിച്ചും അമേരിക്കയേയും ചെെനയേയും ഇതെങ്ങനെ ബാധിക്കാനാണ് സാധ്യത. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോക രാജ്യങ്ങളുമായി അമേരിക്കയും ചെെനയും പുലർത്തുന്ന വ്യാപാര ബന്ധത്തെയാണ് താഴെക്കാണുന്ന ഭൂപടം കാണിക്കുന്നത്. അതായത് 2001ൽ ചെെന WORLD TRADE ORGANISATION ൽ അംഗത്വമെടുക്കുന്നതിന് മുൻപുള്ള ഇരു രാജ്യങ്ങളുടേയും ലോക വ്യാപാര ബന്ധത്തെയാണ് ഭൂപടത്തിൽ കാണുന്നത്. ലോകത്താകെ എത്ര വിപുലമായി പരന്നുകിടക്കുന്നതാണ് അന്ന് അമേരിക്കയുടെ വ്യാപാര ബന്ധമെന്ന് ഇതിൽ നിന്ന് നമുക്ക് വ്യക്തമാകും. ലോക വ്യാപാരത്തിന്റ 80 % ശതമാനവും അന്ന് കെെയ്യടക്കി വച്ചിരുന്നത് അമേരിക്കയായിരുന്നു.
എന്നാൽ 2001ൽ ചെെന WORLD TRADE ORGANISATION ൽ അംഗമാകുന്നതോടെ നേരത്തെ നമ്മൾ കണ്ട ഭൂപടത്തിന് മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇന്ന് ആ ഭൂപടം നോക്കിയാൽ ഒരു ചെങ്കടലാണ്. 190 രാജ്യങ്ങളിൽ 128 രാജ്യങ്ങളിലും വ്യാപാരം നടത്തുന്ന രാജ്യം ഇന്ന് ചെെനയാണ്. അതായത് ലോക വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ന് ചെെന കെെയ്യടക്കികഴിഞ്ഞു. അതിൽ തന്നെ 90 രാജ്യങ്ങളിൽ അമേരിക്കയെക്കാൾ രണ്ട് മടങ്ങാണ് ചെെന വ്യാപാരം നടത്തുന്നത്.
ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അമേരിക്കയുമായി നല്ല വ്യാപാര ബന്ധം നേരത്തെ പുലർത്തിയിരുന്ന കാനഡയെപ്പോലും ട്രംപ് ദയാരഹിതമായി കടന്നാക്രമിക്കുന്നത്. ഈ നിലപാട് അമേരിക്കയ്ക്ക് ലോക വ്യാപാര മേഖലയിൽ തിരിച്ചടി നൽകുമോയെന്നാണ് ഇനി അറിയേണ്ടത്. യുഎസുമായുള്ള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന കാനഡയും മെക്സിക്കോയും, വ്യാപാര തർക്കങ്ങൾ രൂക്ഷമായാൽ മാന്ദ്യം നേരിടേണ്ടിവരും. അങ്ങനെവന്നാൽ അവർ പുതിയ വ്യാപാരപങ്കാളിയെ കണ്ടെത്താൻ സാധ്യതയേറും. തീരുവകൂട്ടി നയം പ്രഖ്യാപിച്ച ട്രംപിന്റെ അമേരിക്കയോട് ഗുഡ്ബെെ പറഞ്ഞ് കാനഡയുൾപ്പെടെയുള്ള രാജ്യങ്ങൾ ചെെനയുമായി കെെകോർക്കാൻ നിർബന്ധിതരാകുന്നതോടെ അമേരിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടാനിരിക്കുന്നത്. ചുരുക്കിപറഞ്ഞാൽ
ലോക സാമ്പത്തികശക്തിയാകാൻ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന ചെെനയ്ക്ക് ലോക വ്യാപാരമേഖലയിൽ കൂടുതൽ സാധ്യതകൾ തുറന്നിടുകയാണ് ട്രംപ്.
ഇപ്പോൾ ചുമത്തിയ താരിഫുകൾ അടുത്ത വർഷം യുഎസ് ജിഡിപി വളർച്ച 0.36 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, പണപ്പെരുപ്പം 0.4% വർധിക്കും. ഇതിനകം തന്നെ വെല്ലുവിളികൾ നേരിടുന്ന യു.എസ്. ഉൽപ്പാദന മേഖല, തൊഴിൽ നഷ്‌ടവും ഫാക്ടറി അടച്ചുപൂട്ടലും മൂലം കൂടുതൽ പിന്നോട്ടടിക്കാണ് സാധ്യത. ഇപ്പോൾ തന്നെ ട്രംപിന്റെ നടപടികൾക്കെതിരെ അതേ നാണയത്തിൽ വ്യാപാര പങ്കാളികളിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടായിതുടങ്ങി. കാനഡ, മെക്‌സിക്കോ, ചൈന എന്നിവയെല്ലാം അവരുടെ ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചു. മെക്‌സിക്കോയും യു.എസ് ചരക്കുകൾക്ക് താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്, അതേസമയം യുഎസിനെതിരെ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
യുഎസ് താരിഫുകളും അതിൻ്റെ വ്യാപാര പങ്കാളികളിൽ നിന്നുള്ള പ്രതികാര നടപടികളും നയിക്കുന്ന നിലവിലെ വ്യാപാര യുദ്ധം ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്. ട്രംപിന്റെ വ്യാപാരനയം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽതന്നെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിതുടങ്ങി. അവിടങ്ങളിൽ ചെെനയ്ക്ക് കടന്നുകയറാനായാൽ പിന്നെ അമേരിക്കയ്ക്ക് മേലെ മറ്റൊരു സാമ്പത്തിക ശക്തിയായുള്ള ചെെനയുടെ ഉദയമായിരിക്കും അത്.
Content highlight- Trump's trade policies spark global economic uncertainty