![search icon](https://www.reporterlive.com/assets/images/icons/search.png)
രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 74 ശതമാനത്തിന്റെ വർധനവെന്നാണ് റിപ്പോര്‍ട്ട്. ഇനിയും വ്യക്തമാക്കിയാൽ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച 2024ല്‍ രാജ്യം കേട്ടത് 1165 വിദ്വേഷ പ്രസംഗങ്ങള്‍. 2023ല്‍ ഇത് 668 ആയിരുന്നു. വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയവരില്‍ മുന്‍നിരയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമുണ്ട്. ഓര്‍മയില്ലേ, മുസ്ലീങ്ങളെ കൂടുതല്‍ കുട്ടികളുള്ള നുഴഞ്ഞുകയറ്റക്കാരെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്? ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗം നടത്തിയത് ബിജെപിയും ഘടകക്ഷികളുമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പേര് വിദ്വേഷ പ്രാസംഗികരുടെ പട്ടികയില്‍ വരുന്നതില്‍ അത്ഭുതമില്ല.
ഇനി കണക്കുകളിലേക്ക് വരാം. നടന്ന 1165 പ്രസംഗങ്ങളില്‍ 931 എണ്ണവും ബിജെപി നേരിട്ടോ, ബിജെപി ഭരിക്കുന്ന അല്ലെങ്കില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നിട്ടുള്ളത്. അതില്‍ 340 ഉം നടത്തിയത് ബിജെപി നേതാക്കളാണ്. നേതാക്കളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്, 86 എണ്ണം. തൊട്ടുപിറകേ 67 പ്രസംഗങ്ങള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും 58 പ്രസംഗങ്ങള്‍ നടത്തി അമിത് ഷായുമുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത് 2024 മാര്‍ച്ച് 16നും ജൂണ്‍ ഒന്നിനും ഇടയിലാണ്. അതായത് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയം. അതുതന്നെയാണ് വിദ്വേഷ പ്രസംഗത്തില്‍ വര്‍ധനവുണ്ടാകാനുള്ള കാരണമെന്നുകൂടി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, മത ഘോഷയാത്രകളും പ്രതിഷേധ പ്രകടനങ്ങളുമെല്ലാം വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.
മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് പരസ്യമായി ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. അതില്‍ 98.5 ശതമാനവും മുസ്ലീങ്ങള്‍ക്കെതിരായിരുന്നു. ബിജെപി ഇറക്കിയ ഒരു സോഷ്യല്‍മീഡിയാ പോസ്റ്റിനെതിരെ നടപടിയെടുത്തത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ടാണ്. മുസ്ലീങ്ങളുടെ സ്വത്തും മതകേന്ദ്രങ്ങളും പിടിച്ചെടുക്കാനും വീടുള്‍പ്പെടയുള്ളവ അടിച്ചുതകര്‍ക്കാനുമെല്ലാം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രസംഗങ്ങള്‍. വര്‍ഗീയ ധ്രുവീകരണം തന്നെയാണ് വോട്ടുനേടുന്നതിനുള്ള മാര്‍ഗമായി ബിജെപി കാണുന്നത്.
ഈ റിപ്പോർട്ട് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടിയുള്ള വിദേശശക്തികളുടെ ശ്രമമാണെന്നാണ് ബിജെപിയുടെ മറുപടി. ഇന്ത്യാവിരുദ്ധ ശക്തികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇതെന്നാണ് ബിജെപി ദേശീയ വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ പ്രതികരിച്ചത്. ഇന്ത്യക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദ്വേഷ പ്രസംഗത്തിലുണ്ടായ 74 ശതമാനത്തിന്റെ വര്‍ധന ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി എത്രത്തോളം അപകടത്തിലാണെന്ന സൂചനയാണ് പരോക്ഷമായി നല്‍കുന്നത്.
Content Highlights: India Hate Lab report report shows rising hate speeches in India