കുളംകലക്കി ഒടുവില്‍ പുറത്തായി, പി സി ചാക്കോയുടെ ഭാവിയെന്ത്?

ഒരു രാഷ്ട്രീയകാലയളവില്‍ നേടേണ്ടതെല്ലാം നേടിയിട്ടും എങ്ങും കാലുറയ്ക്കാതെയാണ് പി സി ചാക്കോ എന്ന നേതാവിന്റെ പടിയിറക്കം

dot image

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരിക്കെ, 2021 ലെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ട് ഇറങ്ങിപ്പോകുന്നു. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുന്നു. ഒടുവില്‍ അവിടെയും തര്‍ക്കങ്ങളും വിഭാഗീയതയും. നാല് വര്‍ഷത്തിനുള്ളില്‍ അവിടെ നിന്നും രാജിവെച്ച് പുറത്തേക്ക്… ഒരു രാഷ്ട്രീയകാലയളവില്‍ നേടേണ്ടതെല്ലാം നേടിയിട്ടും എങ്ങും കാലുറയ്ക്കാതെയാണ് പി സി ചാക്കോ എന്ന നേതാവിന്റെ പടിയിറക്കം. എന്‍സിപിയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ ഒടുവില്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ചാക്കോയുടെ രാഷ്ട്രീയഭാവി ഇനി എന്താകുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

2021 മാര്‍ച്ചിലാണ് ഈ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നാരോപിച്ച് പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോന്നത്. അതിന് മുന്‍പുള്ള പി സി ചാക്കോ ആരായിരുന്നു എന്നത് കൂടി നോക്കാം. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്, 1973 മുതല്‍ 1975 വരെ ദേശീയ ജനറല്‍ സെക്രട്ടറി, 1975 മുതല്‍ 1979 വരെ കെപിസിസിയുടെ ജനറല്‍ സെക്രട്ടറി. പിന്നീട് കോണ്‍ഗ്രസിലെ വിഭാഗീയ കാലത്ത് ആന്റണിക്കൊപ്പം നിന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചു.

മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ജയിച്ചതോടെ മന്ത്രിയാകാനുള്ള ഭാഗ്യവും ചാക്കോയ്ക്കുണ്ടായി. 1980-1981 ലെ ഇ കെ. നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു പിസി ചാക്കോ. പിന്നീട് തിരിച്ച് കോണ്‍ഗ്രസില്‍ തന്നെയെത്തിയ ചാക്കോ, 1991, 1996, 1998, 2009 എന്നീ വര്‍ഷങ്ങളിലെല്ലാം ലോക്‌സഭയിലെത്തി. ചുരുക്കത്തില്‍ മന്ത്രിസ്ഥാനത്ത് കാര്യമായി ഇരിപ്പിടം കിട്ടിയില്ല എന്നതൊഴിച്ചാല്‍, പാര്‍ട്ടിയുടെ പരിഗണനകള്‍ ആവോളം ലഭിച്ച വ്യക്തിയായിരുന്നു പി സി ചാക്കോ.

കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയപ്പോഴും ഒരു മന്ത്രിക്കുപ്പായം പി സി ചാക്കോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തോമസ് കെ തോമസ് തര്‍ക്കത്തില്‍ ഒരു 'റഫറി' ആയി നില്‍കാനായിരുന്നു ചാക്കോ ആദ്യം തീരുമാനിച്ചത്. തുടക്കത്തില്‍, ശശീന്ദ്രനൊപ്പം, പിന്നീട് തോമസ് കെ തോമസിനൊപ്പം എന്ന കണക്കെ ചാക്കോ മലക്കം മറിഞ്ഞു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടും മന്ത്രിസ്ഥാനം വിട്ടൊഴിയാന്‍ ശശീന്ദ്രനോ മാറ്റം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ നെഞ്ചത്തുനോക്കി സംസാരിക്കാനറിയാമെന്ന തരത്തില്‍ പിണറായിയെ വിമര്‍ശിച്ചുള്ള എന്‍സിപി നേതൃയോഗത്തിലെ പിസി ചാക്കോയുടെ സംഭാഷണം കൂടി പുറത്തുവന്നതോടെ ചാക്കോ കൂടുതല്‍ നിരായുധനായി. തനിക്ക് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി സി ചാക്കോയ്ക്കു കഴിയില്ലെന്നായതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് കെ തോമസും തിരിച്ചറിഞ്ഞു. അങ്ങനെ എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഒന്നിച്ചതോടെ പി സി ചാക്കോയ്ക്ക് നില്‍ക്കക്കള്ളി ഇല്ലാതെയായി.

രാഷ്ട്രീയം നിലനില്പിന്റേതാണ്, മറുകണ്ടം ചാടലുകളുടേതും കൂടിയാണ് എന്നത് പൊതുവായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഗ്രൂപ്പിസത്തിന്റെ പേരില്‍ പുറത്തിറങ്ങിവന്ന, എന്‍സിപിയിലും വിഭാഗീയതയുടെ പേരില്‍ ഇറങ്ങിപ്പോരേണ്ടിവന്ന ചാക്കോയുടെ രാഷ്ട്രീയഭാവി ഇനി എന്തെന്ന ചോദ്യചിഹ്നമാണ് ബാക്കിയുള്ളത്.

Content Highlights: Where is PC Chackos political career heading to?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us