![search icon](https://www.reporterlive.com/assets/images/icons/search.png)
'ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു..എന്നോട് ക്ഷമിക്കണം..
എന്റെ പരാമര്‍ശം ഉചിതമായിരുന്നില്ല. ഞാന്‍ പറഞ്ഞതില്‍ തമാശയുണ്ടായിരുന്നില്ല. അല്ലെങ്കിലും കോമഡി എനിക്ക് പറഞ്ഞിട്ടുള്ളതല്ല. ഞാനിവിടെ മാപ്പപേക്ഷിക്കാന്‍ വേണ്ടി മാത്രമാണ് വന്നത്. ഇങ്ങനെയാണോ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ഞാനാഗ്രഹിക്കുന്നതെന്ന് പലരും ചോദിച്ചു. അല്ല ഒരിക്കലും അല്ല. എനിക്ക് തെറ്റുപറ്റി. പല പ്രായത്തിലുള്ളവര്‍ അത് കാണുന്നതാണ്. അതിന്റെ ഉത്തരവാദിത്തം ഞാന്‍ നിസാരമായി കാണുന്നില്ല. ഈ പ്ലാറ്റ്‌ഫോം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച വലിയ പാഠം അതാണ്. ഏറ്റവുമൊടുവില്‍ എനിക്ക് പറയാനുള്ളത് സോറി എന്നുമാത്രമാണ്. ഒരു മനുഷ്യനായി പരിഗണിച്ച് എനിക്ക് നിങ്ങള്‍ മാപ്പുനല്‍കുമെന്നാണ് ഞാന്‍ കരുതുന്നത്. ' ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയ്ക്കിടെ നടത്തിയ വിവാദപരാമര്‍ശത്തിന് യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് മാപ്പുപറഞ്ഞു. പക്ഷെ മാപ്പുനല്‍കാന്‍ രണ്‍വീറിന്റെ ആരാധകരടക്കമുള്ള പൊതുസമൂഹം തയ്യാറായില്ല. ഒരിക്കല്‍ വാനോളമുയര്‍ത്തിയവര്‍ തന്നെ രണ്‍വീറിനെ കയ്യൊഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ ജനപ്രിയ യുട്യൂബര്‍ക്ക് നഷ്ടപ്പെട്ടത് 2 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ്.
അതിരുകടന്ന 'ഡാര്‍ക്ക് ഹ്യൂമര്‍'
ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക*** നിത്യവും നോക്കിനില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നന്നേക്കുമായി അത് അവസാനിപ്പിക്കുമോ എന്നായിരുന്നു രണ്‍വീര്‍ ഷോയ്ക്കിടയില്‍ നടത്തിയ പരാമര്‍ശം. വീഡിയോ വൈറലായതോടെ രാഷ്ട്രീയ-സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായെത്തി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇതിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം വരുന്ന പ്രേക്ഷകരും യുവാക്കളായ ഇത്തരം ഷോകള്‍ ചെറുപ്പക്കാരെ സ്വാധീനിക്കുന്നതിനെ കുറിച്ച് അവര്‍ ആശങ്കപ്പെട്ടു. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അശ്വിനി വൈഷ്ണവിനും കത്തെഴുതി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയും വിഷലിപ്തമാക്കുകയും ചെയ്യുന്ന സമീപനമാണ് ഷോയുടേതെന്നാണ് അവരും ചൂണ്ടിക്കാണിച്ചത്.
ഷോയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് ആദ്യ എപ്പിസോഡുകളിലെ ചില ഭാഗങ്ങള്‍ വൈറലാകുന്നത്. അതിലൊന്ന് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് പറയുന്ന കേരള സ്വദേശിനിയെ ജഡ്ജിങ് പാനല്‍ പരിഹസിക്കുന്നതായിരുന്നു. രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും വോട്ടുചെയ്യാറില്ലെന്നും പെണ്‍കുട്ടി പറഞ്ഞതോടെ 'കേരള സാര്‍..100% സാക്ഷരത സാാാര്‍..' എന്നു പരിഹസിച്ചതിനെ വൈകാരികമായി കണ്ട മലയാളി സോഷ്യല്‍മീഡിയ ഉപയോക്താക്കളും കുറവല്ല. ഉത്തരേന്ത്യക്കാര്‍ക്ക് ദക്ഷിണേന്ത്യക്കാരോട് സ്ഥിരമായുള്ള പുച്ഛമാണ് ആ പ്രതികരണത്തിനെന്ന് വ്യാഖാനിക്കപ്പെടുകയും ചേരിതിരിഞ്ഞുള്ള പ്രതികാര റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തു.
നടപടിയുമായി സൈബര്‍ പൊലീസ്
സൈബര്‍ പൊലീസ് ഷോക്കെതിരെ നടപടിയെടുത്തു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് അനുസരിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഷോയുടെ 18 എപ്പിസോഡുകളും യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. നേരത്തേയുള്ള എപ്പിസോഡുകളും അശ്ലീല പദപ്രയോഗങ്ങളും ഭാഷയും ഉപയോഗിച്ചിട്ടുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. എന്തായാലും ഷോയുടെ എല്ലാ എപ്പിസോഡുകളും റെയ്‌ന യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. സംഭവിച്ചത് തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലും വലിയ കാര്യമാണെന്നും ഷോയുടെ എല്ലാ എപ്പിസേഡുകളും നീക്കം ചെയ്യുകയുമാണെന്നും റെയ്‌ന വിശദീകരണവും നല്‍കി. ആളുകള്‍ക്ക് ചിരിക്ക് വകയൊരുക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും എന്ത് അന്വേഷണത്തോടും നടപടികളോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാണ് രണ്‍വീര്‍?
2014ലാണ് ബീര്‍ ബൈസെപ്‌സ് എന്ന പേരില്‍ രണ്‍വീര്‍ യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഫിറ്റ്‌നസ് ആയിരുന്നു തുടക്കകാലത്ത് ഇതില്‍ കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് ആരോഗ്യം, ആത്മീയത, സെല്‍ഫ് ഇംപ്രൂവ്‌മെന്റ് എന്നിവയും യുട്യൂബ് ചാനലിന്റെ പ്രധാന കണ്ടന്റുകളായി. 7 ചാനലുകളിലായി 12 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് രണ്‍വീറിന് ഉണ്ടായിരുന്നത്. നിലവില്‍ 60 കോടിയുടെ ആസ്തിയുള്ള രണ്‍വീറിന്റെ യുട്യൂബില്‍ നിന്നുള്ള മാസവരുമാനം 35 ലക്ഷം രൂപയായിരുന്നു. ധീരുഭായ് അംബാനി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ രണ്‍വീര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജീനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന യൂട്യൂബര്‍മാരിലൊരാളാണ് രണ്‍വീര്‍.
ആവശ്യമുണ്ടോ ഇങ്ങനെയൊരു ഷോ?
ഒരു ആവശ്യവുമില്ലാത്ത റിയാലിറ്റി ഷോ എന്ന ടാഗ് ലൈനോടുകൂടി 2024 ജൂണ്‍ 14നാണ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ യുട്യൂബില്‍ സംപ്രേഷണം ചെയ്തുതുടങ്ങുന്നത്. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യുട്യൂബറും ചെസ് കളിക്കാരനുമായ സമയ് റെയ്‌നയാണ് ഷോ ഹോസ്റ്റ് ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മത്സരാര്‍ഥികള്‍ക്ക് കഴിവു പ്രദര്‍ശിപ്പിക്കാന്‍ 90 സെക്കന്‍ഡുകള്‍ നല്‍കും. ജഡ്ജജസിന്റെ മുന്നില്‍ പാട്ടോ, നൃത്തമോ, മാജികോ, കോമഡിയോ നിങ്ങളുടെ കഴിവ് എന്തുതന്നെയായാലും അത് പ്രദര്‍ശിപ്പിക്കാന്‍ 90 സെക്കന്‍ഡുകള്‍... പെര്‍ഫോമന്‍സിന് മുന്‍പായി ഓരോ മത്സരാര്‍ഥിയും തങ്ങളെ സ്വയം വിലയിരുത്തണം. ജഡ്ജസിന്റെ വിലയിരുത്തലും മത്സരാര്‍ഥിയുടെ വിലയിരുത്തലും മാച്ച് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യും. റാപ്പര്‍ റഫ്താര്‍, രാഖി സാവന്ത്, ഉര്‍ഫി ജാവേദ് തുടങ്ങി വിവാദതാരങ്ങളാണ് പലപ്പോഴും ജഡ്ജിങ് പാനലിലെ മുഖ്യാതിഥിയായി എത്താറുള്ളത്. ജഡ്ജസും മത്സരാര്‍ഥികളും തമ്മില്‍ കൊണ്ടും കൊടുത്തും മുന്നേറുന്ന റോസ്റ്റിങ്ങും ഡാര്‍ക്ക് ഹ്യൂമറും വേണ്ടുവോളമുള്ള അല്പം മുതിര്‍ന്ന തലമുറയ്ക്ക് ഒട്ടുമേ ദഹിക്കാത്ത റിയാലിറ്റി ഷോ. എംടിവിയിലെ റോഡീസും സ്പ്ലിറ്റ്‌സ്വില്ലയും കണ്ടുശീലിച്ച 90 കിഡ്‌സിനുപോലും അത്രപെട്ടന്ന് ദഹിക്കാത്ത തമാശകളാണ് പലപ്പോഴും ജഡ്ജസിന്റെ വായില്‍ നിന്ന് വരികയെങ്കിലും അധികം വൈകാതെ സമയ് റെയ്‌നയുടെ ഷോയെ 'ജെന്‍സി' ഏറ്റെടുത്തു. 20-40 മില്യണ്‍ കാഴ്ചക്കാരാണ് പലപ്പോഴും റിയാലിറ്റി ഷോയ്ക്ക് ഉണ്ടായിരുന്നത്. പലപ്പോഴും മാറി മാറി വരുന്ന ജഡ്ജിങ് പാനലും ഷോയുടെ പ്രത്യേകതയായിരുന്നു.
'ഈ പ്ലാറ്റ്‌ഫോം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കണം. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് അതാണ്. കൂടുതല്‍ മികച്ച വ്യക്തിയാകുമെന്ന് ഞാന്‍ വാക്കുനല്‍കുന്നു.' മാപ്പപേക്ഷയ്‌ക്കൊടുവില്‍ രണ്‍വീര്‍ പറഞ്ഞത് ഇങ്ങനെയാണ്. പുരോഗമനാത്മകമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ ഡാര്‍ക്ക് ഹ്യൂമറും വെട്ടിത്തുറന്ന വിമര്‍ശനവും സഭ്യതയും തമ്മിലുള്ള അതിര്‍വരമ്പുകളെ ഒന്നുകൂടി നിര്‍വചിക്കുകയാണ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയും അതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും.
Content Highlights: What is India's Got Latent and who is Ranveer Allahbadia